Friday 29 July 2016

ഭരതൻ
ദൃഢനിശ്ചയത്തിന്റെ
മൂർത്തീഭാവം
-------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------------

വാല്‌മീകിയുടെ ഭരതൻ
--------------------------------------------
കൈകേയീപുത്രനായ ഭരതൻ രാമായണത്തിലെ തിളക്കമാർന്ന കഥാപാത്രങ്ങളിൽ അഗ്രഗണ്യനായി നിലകൊള്ളുന്നു.

തന്റെ അഗ്രജനും ആരാധനാപാത്രവുമായ രാമന്റെ പട്ടാഭിഷേകം മുടക്കിയതിനും ആ സ്നേഹനിധിയെ പതിന്നാലുകൊല്ലത്തെ വനവാസത്തിനയച്ചതിനും
സ്വമാതാവിനെ നിഷ്ക്കരുണം ശകാരിക്കുന്ന പുത്രൻ. 

സർവോപരി സ്വപിതാവിൻറെ മൃത്യുവിന് ഹേതുവായിത്തീർന്ന ആ  നീചകൃത്യത്തിനെതിരെ പ്രതികരിക്കുവാൻ ഉറയിൽ നിന്ന് പടവാളൂരി മാതൃഹത്യയ്‌ക്കൊരുങ്ങിയ ധീരൻ. സ്ത്രീഹത്യ കൊടും പാപമെന്ന വീണ്ടുവിചാരത്തിൽ ആത്മഹത്യയ്‌ക്കൊരുമ്പെട്ട് സ്വന്തം കർത്തവ്യത്തിന്റെ പ്രേരണയാൽ പിൻവാങ്ങുന്ന നീതിമാൻ.

തനിക്ക് അന്യായമായി കരഗതമായ അയോധ്യയുടെ കിരീടം സംശയലേശമെന്യേ നിരാകരിച്ച് സിംഹാസനത്തിൽ ജ്യേഷ്ഠപാദുകങ്ങൾ ഭക്തിപൂർവ്വം  പ്രതിഷ്ഠിച്ച്‌  കാഷായവസ്‌ത്രധാരിയായി ബ്രഹ്മചര്യം അനുഷ്ഠിച്ച്‌  ശ്രീരാമചന്ദ്രമഹാരാജാവിന്റെ പ്രതിനിധിമാത്രമായി രാജ്യം ഭരിച്ച ഋഷിതുല്യൻ.

ഭാരതത്തിന്റെ ശുഭചിന്ത
-------------------
ആദികവിയുടെ പ്രകൃഷ്ടരചനയാണ് അധ്യാത്മരാമായണം. പുരുഷോത്തമനെന്ന് പുകൾ പെറ്റ ശ്രീരാമചന്ദ്രന്റെ കഥ. ഒപ്പം ത്രേതായുഗത്തിലെ മനുഷ്യന്റെ കഥയും.

ത്യാഗധനനായ ഭരതന്റെ വ്യക്‌തിത്വമാർന്ന ജീവിതം ഋഷിയുടെ നാരായം ചിത്രീകരിക്കുന്നത് അതീവ ശ്രദ്ധയോടെയത്രെ. ആ ദൃഢനിശ്ചയം കഥാഗതിയെ പാടെ മാറ്റിമറിക്കുന്നു. ആ ഭാതൃഭക്തിയുടെ ഉറപ്പിലാണ് പതിന്നാല് വർഷത്തെ വനവാസത്തിൻറെ കഥ ഋഷി പറയുന്നത്.

ഭാരതത്തിന്റെ സംസ്കാരത്തിന്റെ മാത്രം പ്രത്യേകതയാണ് മാതൃഭക്തി പിതൃഭക്തി ഭാതൃഭക്തി തുടങ്ങിയ വികാരങ്ങൾ. ഈ കാവ്യം ഭാരതത്തിലല്ലാതെ ലോകത്തെവിടെയും എഴുതപ്പെടില്ല. അഥവാ രചിക്കപ്പെട്ടാൽ കഥ മറ്റൊരു രൂപമെടുക്കുമായിരുന്നു !
ജ്യേഷ്ഠനെ വധിച്ച് രാജ്യം സ്ഥിരമായി കൈക്കലാക്കുവാനുള്ള തന്ത്രങ്ങൾ മെനയുന്നതിന്റെ കടുംചായങ്ങൾ ചാലിച്ചുതീർത്ത കഥയുടെ ആ ഭീഭത്സരൂപമാകുമായിരുന്നേനെ രാമായണത്തിന്!

എപ്പോഴും ശുഭചിന്തയിൽ ഊന്നുന്നു ഭാരതീയചിന്തയെന്നർത്ഥം. ഭാരതനെന്ന കഥാപാത്രത്തെ മഹാകവി സൃഷ്ടിച്ചത് ഈയൊരു വിളംബരത്തിനുകൂടിയാണെന്ന് കരുതുവാനാണെനിക്കിഷ്ടം. ഒരുപാട് ഭാരതന്മാരുണ്ട് ഭാരതത്തിന്റെ ഇതിഹാസങ്ങളിൽ  കഥാപാത്രങ്ങളായി.
 ദുഷ്ഷന്തന്
ശകുന്തളയിലുണ്ടായ പുത്രൻ ഭരതനാണല്ലോ. ഭാരതം എന്ന് ആർഷഭൂമി അറിയപ്പെടുന്നത് തന്നെ ആ  ഭരതമഹാരാജാവ് ഭരിച്ചതുകൊണ്ടാണെന്ന് കേൾവിയുണ്ടല്ലോ! അച്ഛനായ ദുഷ്ഷന്തനും മംഗളചിന്തക്കധീനനായിട്ടാണല്ലോ സർവദമനനെ ഭരതമഹാരാജാവായി അവരോധിച്ചത്! പിതൃപുത്രബന്ധത്തിന്റെ ആഴം നമുക്കിവിടെ ദർശിക്കാം.    

ദശരഥപുത്രനായ ഭരതനെന്ന കഥാപാത്രവും ഭാരതത്തിന്റെ അറിവ്‍കാഴ്ചയുടെ ആശീർവാദമായ "ലോകാ: സമസ്താ: സുഖിനോ ഭവന്തു" എന്ന മംഗളവാഞ്ഛയ്ക്ക് തന്റെ ജീവിതത്തിലൂടെ അടിവരയിടുന്നു.

ജ്യേഷ്ഠനോട് അയോധ്യയിലേയ്ക്ക് മടങ്ങണമെന്നും രാജ്യഭരണം ഏറ്റെടുക്കണമെന്നും താണുകേണപേക്ഷിക്കാൻ ഭരതൻ പരിവാരസമേതം വനത്തിൽ എത്തിയപ്പോൾ ഭരതന്  നിരാശയാണുണ്ടായത്. എന്നിട്ടും ദൃഢചിത്തനായി മറ്റൊരുപാധിതേടുകയും ജ്യേഷ്ഠനെക്കൊണ്ട് അത് അംഗീകരിപ്പിക്കുകയും ചെയ്യുന്ന ഭരതൻ മറ്റൊരു മുൻകരുതലെടുക്കുന്നുണ്ട്. പതിന്നാലുവർഷം തികയുന്ന നിമിഷം ജ്യേഷ്ഠനെത്തിയില്ലെങ്കിൽ താൻ അഗ്നിപ്രവേശം നടത്തമെന്ന് ജ്യേഷ്ഠന് മുന്നറിയിപ്പ് സമർപ്പിച്ചിട്ടാണ് അനുജൻ മടങ്ങുന്നത്. ഇവിടെയും ഭരതനിലെ പരിണതപ്രജ്ഞനായ ഭാരതീയൻ ശുഭം തന്നെ ആഗ്രഹിക്കുന്നു; പ്രതീക്ഷിക്കുന്നു.

ഭാരതീയചിന്തയുടെ മുഖമുദ്രയായ ശുഭപ്രതീക്ഷയുടെ മഹാകാവ്യമായ രാമായണം ഭരതനെന്ന കഥാപാത്രത്തിന്റെ ആർജ്ജവത്തിന്റെ കഥകൂടിയത്രെ!

പക്ഷെ നാമൊന്നോർക്കേണ്ടതുണ്ട്. അത് ത്രേതായുഗമായിരുന്നു!
------------------------------------------------------------------------------------------------------------------                       


     





 
 
    

No comments:

Post a Comment