Thursday 28 July 2016

രാമരാജ്യം എന്ന സങ്കല്പം
----------------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
----------------------------------------------------------

 രാഘവനാണ് രാമൻ.രഘുവംശത്തിൽ പിറന്നവൻ. കൗസല്യാപുത്രന് അവന്റെ അച്ഛൻ അവന് പരമമംഗളകരമായ രാമൻ എന്ന പേര് നൽകി."രാമ: ഇത്യാഭിരാമേണ / വപുഷാ തസ്യ ചോദിത: / നാമധേയം / ഗുരുശ്ചക്രേ / ജഗത് പ്രഥമമംഗളം." എന്ന് രഘുവംശത്തിൽ കാളിദാസൻ. അഭിരാമമായ അവന്റെ ശരീരത്താൽ പ്രേരിതനായിട്ടാണത്രെ രാമന്അച്ഛൻ ഈ മംഗളനാമം നൽകിയത്!

വള്ളത്തോൾ അദ്ധ്യാത്മ രാമായണത്തെ ഇങ്ങനെ പുകഴ്ത്തുന്നു:"കാവ്യം സുഗേയം കഥ രാഘവീയം / കർത്താവ് തുഞ്ചത്തുളവായ ദിവ്യൻ / പാടുന്നതോ ഭക്തി മയസ്വരത്തിൽ/ ആനന്ദലബ്‌ധിക്കിനിയെന്തു വേണം!"
("ഒരു തോണിയാത്ര".)

ഇത്രയും ആമുഖമായിപ്പറഞ്ഞത് വാത്മീകിരാമായണം ഭാരതീയ സാഹി-
ത്യത്തിൽ ചെലുത്തിയ, ചെലുത്തിവരുന്ന സ്വാധീനം ദ്യോതിപ്പിക്കുവാൻ തന്നെയാണ്. ആദികവിയുടെ ആദികാവ്യം നിർവഹിച്ചുകൊണ്ടിരിക്കുന്ന ധർമവും അതുതന്നെയെന്നു നമുക്കറിയാം.

ഒരു പക്ഷെ സാക്ഷാൽ മഹാഭാരതത്തിലേറെ രാമായണം നമ്മെ
സ്വാധീനിച്ചുപോരുന്നു. ഭാരതത്തിന്റെ സാഹിത്യത്തെ, ശാസ്ത്രത്തെ സംസ്കാരത്തെ ജീവിതത്തിൽ , ചിന്തയിൽ , വിശ്വാസത്തിൽ, സംഭാഷണങ്ങളിൽ നിത്യവും ഈ കാവ്യത്തിലെ കഥാപാത്രങ്ങൾ   ബിംബിപ്പിക്കുന്നു.

 അന്ത്യനിമിഷങ്ങളിൽ  രാഷ്ട്രപിതാവിന്റെ ചുണ്ടുകളിൽ നിന്നുതിർന്ന "റാം റാം" ജപം ഭാരതപൗരന്റെ കർണപുടങ്ങളിൽ ഈ ക്ഷണവും മുഴങ്ങുന്നത് ആ സ്വാധീനത്തിന്  അടിവരയിടുന്നു. അന്ന് രത്‌നാ-
കരനെ വാത്മീകിയാക്കിയ "രാമ രാമ ജപം" ഇന്നും ഭാരതത്തിന്റെ ജിഹ്വാഗ്രത്തിൽ തേൻമൊഴിയായി ഉണരുന്നു.

ഭാരതത്തിന്റെ ഇതിഹാസങ്ങൾ
--------------------------------------------------------
രാമായണവും ഭാരതവും ആണല്ലോ ഭാരതത്തിന്റെ ഇതിഹാസങ്ങൾ.രണ്ടും
ഋഷിപ്രോക്തം. പാരാവാരസദൃശമായ മഹാഭാരതത്തിൽ അതിന്റെ കർത്താവായ ബാദരായണമഹർഷി രാമകഥ ചുരുക്കി പ്രതിപാദിക്കുന്നുണ്ട്.
വേദോപനിഷത്തുകളിലൂടെ പിറവികൊണ്ട ആശയസൗകുമാര്യങ്ങൾ ഇന്നും ഭാരതത്തിന്റെ ആത്മാവിൽ പൂത്തുലഞ്ഞു നിലകൊള്ളുന്നത് നമ്മുടെ പൂർവസൂരികൾ എന്നുമെന്നും അനുഷ്ടിച്ചുപോന്ന ഈ ഉരുവിടൽ പ്രക്രിയ കൊണ്ട് തന്നെ! എല്ലാം ഓരൊന്നിന്റെ മാത്രം തുടർച്ചയാണെന്ന ഋഷിയുടെ പ്രഖ്യാപനം നാം ശ്രവിച്ചത് "തത്ത്വമസി" യെന്ന ഉപനിഷദ്- സൂത്രത്തിലൂടെയാണല്ലോ. ആ മഹദ്‌വാക്യത്തിലില്ലാത്ത "അറിവുണ്ടോ"?
ആ അറിവൊന്നുമാത്രമാണ് പൂർണമെന്നും അതാണ് സാക്ഷാൽ സത്യമെന്നും നമുക്കുറപ്പിച്ചു തന്നതും ഋഷി തന്നെ. ആർഷഭൂമിയെന്ന് നമ്മുടെ മാതാവ് പുകൾ കൊണ്ടതും അതുകൊണ്ടാണെന്ന് നമുക്കറിയാം.

ആദികാവ്യത്തിന്റെ മാധുര്യം
--------------------------------------------------
രാവണനിഗ്രഹത്തിനായി മഹാവിഷ്ണു കൈക്കൊണ്ടതാണല്ലോ രാമാവതാരം. രാമനെന്ന രാജാവിന്റെ, മനുഷ്യൻറെ അയനവും ലോകചിന്തയുടെ രാമനിലേക്കുള്ള അയനവും തന്നെയാണ് രാമായണമെന്ന് നാമറിയുന്നു. അദ്ധ്യാത്മരാമായണത്തിൽ തുഞ്ചത്താചാര്യനും രാമചരിതമാനസത്തിൽ  തുളസീദാസനും നിർവഹിക്കുന്നത് ഈ  തീർത്ഥായനം തന്നെ.

ഭാരതീയഋഷി
------------------------------
മനനം ചെയ്യുന്നവനാണ് മാനവൻ. ഭാരതീയഋഷിയുടെ മനനത്തിൽ നിന്നത്രേ വേദമന്ത്രങ്ങളുണ്ടായത്. വേദിപ്പിക്കുന്നതുകൊണ്ട് (അറിവ് നൽകുന്നത് കൊണ്ട്) വേദം. എല്ലാം അറിവ് (ജ്ഞാനം ) മാത്രമാണെന്ന് ഗുരുമൊഴി. ("വേദയതി  ഇതി വേദ" മെന്ന് ഹരിദത്തൻ.)

അഞ്ചിന്ദ്രിയങ്ങളും ഒഴുകിയെത്തുന്നത് മനസ്സെന്ന ആറാം ഇന്ദ്രിയത്തിൽ. ആറാമിന്ദ്രിയത്തിന് അറിവെന്ന ഇന്ദ്രിയാതീതമായ "അത് " മിഴിവേകുന്നു. ആ മിഴിവാകട്ടെ അകവും പുറവും തിങ്ങും മഹിമാവാർന്നതത്രെ!

"തത്ത്വമസി" യെന്ന് ഉദ്‌ഘോഷിക്കുവാൻ ഋഷിക്ക് കെല്പേകിയതും അറിവിന്റെ സ്വാംശീകരണം തന്നെ.

രാമരാജ്യം
-----------------------------------
ഓരോ ഭാരതീയൻറെയും സ്വപ്നമാണ് "രാമരാജ്യം". എല്ലാ നന്മകളും നിറഞ്ഞ ഒരു ഭരണക്രമവും ജീവിതരീതിയുമാണ് "രാമരാജ്യ "മെന്ന സങ്കല്‌പം. ഋഷി രാമായണത്തിലൂടെ ആകാരമേകിയ ഈ ആശയസൗഷ്ഠവത്തിന് ഇന്നും ഏറെ പ്രസക്തിയുണ്ടെന്ന് ഇന്നത്തെ ഭാരതരാഷ്ട്രീയം (ലോകരാഷ്ട്രീയവും)  നമ്മളെ ഓർമിപ്പിച്ചുകൊണ്ടേ യിരിക്കുന്നു.
-----------------------------------------------------------------------------------------------------------------
         

    
      
   

No comments:

Post a Comment