Thursday 30 June 2016

28
ഉടുക്ക്പാട്ട്  30 -6 -2016
-------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------------
1.
പുഴയോരത്തൊരു നാട്ടു-
മാഞ്ചില്ലയിൽ കേൾക്കാം
മഴയുടെ മൊഴിയുടെ
മണികിലുക്കം.

മധുരം മലയാളം
കിളിയുടെ ചുണ്ടിലു-
മളിമൂളിത്തേനുണ്ട്
കളിയാടും കാവിലും;
പൂഞ്ചോലത്തരുണിതൻ
കാൽച്ചിലമ്പൊലിയിലും ;
തുമ്പി-
ച്ചിറകിന്നുടുക്കുപാട്ട്!

വഴിവിളക്കിൻ മിഴി-
ക്കോണിൽ തുളുമ്പുന്നു
ചേലൊത്ത കൈരളി;
മൂവന്തിയെത്തീ
കുളക്കടവിൽ!

കുളികഴിഞ്ഞമ്പലം
ചുറ്റുന്ന കാറ്റിനും
കളിചിരി; മലയാള-
ത്തേൻനിലാവിൽ!

പൂന്താനം പാടിയ
പാനപ്പദങ്ങളും
നാരായണീയത്തിൻ
വർണവായ്പ്പും

തുഞ്ചത്തെപ്പച്ച-
പ്പനംതത്തപെണ്ണിന്റെ
ചെത്തം തരും സത്യ-
നിത്യഭാവം

ഉച്ചത്തിൽപ്പാടിയ
നാട്ടുവാമൊഴിയുടെ
പച്ച ചുരത്തിയ
കാവ്യാമൃതം!


2.
അമ്മയ്‌ക്ക്‌ നേദിച്ച
പൂർവപിതാക്കളെ-
യെന്നേ മറന്നു കഴിഞ്ഞു
നമ്മൾ!

വറ്റിവരണ്ട നിളയുടെ മാറിലി-
ന്നാരുടെവാൾമുന
കേറുന്നു!
ചാരന്റെ? ചോരന്റെ?
ആരെന്നറിയാത്ത
വില്ലാളി വീരന്റെ?
കുത്തകക്കാരന്റെ?
പണ്ടകശാലകൾ
മുട്ടിൽ മുഴത്തിൽ
പണിയുവാൻ പട്ടിണി-
പ്പാവത്തിനഷ്ടിമുട്ടിക്കുന്ന
ജാലങ്ങൾ ലീലകൾ                              
നീളെപ്പയറ്റുന്ന
വമ്പൻറെ? കൊമ്പൻറെ?
കൊമ്പത്തിരിപ്പോൻറെ?


3.
*ചമ്പകൾ നിരനിരെ;
കൂട്ടക്കുരുതിയ്ക്ക്
പാത്രീഭവിക്കുവാൻ!

നാളത്തെ കേരളം
കേരങ്ങളില്ലാതെ
പൂരപ്പറമ്പായ്;
നീളമായ്
നീളുന്ന വീഥി മാത്രം!

*നീലനിലാവിൽക്കുളിച്ച
വെണ്മാടവും;
ഞാനുമെൻ
വാമവും പൊൻപണിക്കാരനും!

4.
(കാറും ബാറും നിറമാർന്ന നക്ഷത്ര-
മാളും
പല പല വേലത്തരങ്ങളും!)

അമ്മേ പൊറുക്കുക!
കൈരളീ!
*മൗനി
ഞാൻ 
ഇമ്മട്ടിലിത്തിരി
വാചാലനായതിൽ!


കുറിപ്പ്
*വയസ്സൻ കേരങ്ങൾ
*സ്വന്തം കാര്യം
*വോട്ടുകൂട്ടം

---------------------------------------------------------------
ഉടുക്ക്പാട്ട്  1- 7 - 2016
ഡോ.കെ.ജി.ബാലകൃഷ്ണൻ
---------------------------------------------------------------

























Wednesday 29 June 2016

27
മൺകുടം -30-6 -2016
------------------------------
ഇനിയുമെന്നിൽ നീ
നിറയുമോ താമര-
ത്തനിമയിൽ; നീല-
വർണമായുണ്മയിൽ!
ഗഗനസീമയി-
ലുയിരിടുമാനന്ദ-
ത്തിരകളിൽ പ്രേമ-
സംഗീതമൂതുവാൻ!

ഇന്നലെയുടെ താളിലെൻ
തൂലിക
മന്ദമന്ദം കുറിച്ച സ്വർണാക്ഷരം
ചന്തമാർന്നു; നിൻ വല്ലകീവാദനം
ചെമ്പനീർപുഷ്പ-
ഗന്ധം പൊഴിക്കവേ!

നിന്റെ മൺകുടം
ചിന്തും സ്വരതാള-
മന്ത്രമാം വേദ-
മവ്യയമെന്നിലെ
വേണുവിൽ രാഗധാരയായ്;
ചിന്തയിൽക്കാല-
ദേശാതിശായിയാം
കാവ്യമായ്;
നേരിനുന്മാദദായിയായ്!
നിത്യമായ്
നിത്യസത്യസൗന്ദര്യമായ്!
സ്വപ്നമായ്!

എന്നിലൂറും സുഗന്ധമായായിരം
പൊന്നിലഞ്ഞികൾ പൂത്തപോൽ;
എന്നിലെ
സ്വർണതന്ത്രികൾ മീട്ടും
വിരൽത്തുമ്പിൽ
വർണ്ണമെത്രയാം!
വർണ്ണനാതീതമേ!
-----------------------------------------------------
  മൺകുടം 27 -6 -2016
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author
Indian Poet
Author of the globally read
Amazon.com publication
THE WHY?
--------------------------------------------------------


  
 

Tuesday 28 June 2016

26
ഇമ്പം  - 29-6 - 2016
-----------------------------
ഈ വഴി തീരാവഴി-
യോരത്തെ
(ഏതോ പഥികനൊ
പക്ഷിയോ
കനി തിന്നുപേക്ഷിച്ച
പതിവിൽ നിന്നുണ്ടായ)
ഫലവൃക്ഷമാണ് ഞാൻ!

ഒരു മിഴിവരുളുന്ന
ഒരു
നോക്കുമാത്രമെ-
ന്നരുണിമ;
പുലരിയുടെ
കുളിരിലൊരു
പൂവിരൽസ്പർശം;
സുഗന്ധമായൊരു
വീർപ്പ്;
നേരമെൻ മുന്നിലെ-
പ്പാതയായ് നീളുന്നു
നീളുന്നു
നീങ്ങുന്നു;
(തോന്നലായുള്ളിൽ
നിറയുന്നുവോ!)
വെയിൽ താഴുന്നു;
അന്തിയാകുന്നു;
ഇരുൾപ്പര-
പ്പീവഴി
നേരമായ്ത്തന്നെ!
 ഒരു മിഴിവാണ്
ഞാൻ!

ഒരുപാട് കാഴ്ചകൾ
കാലിഡോസ്കോപ്പിൽ-
ത്തിരപോലെ
വന്നുപോമാവർത്തമല്ലാതെ;
ആദിമധ്യാന്തങ്ങളില്ലാതെ;
ചേതോവികാരമാം
മായാപ്രപഞ്ചമായ്!

2.
ഋഷി ചൊന്ന നേരി-
നറിവെന്നു പേരിട്ടു
കവി പാടി;
കവിതയായ്;
കലയെന്നു
പിന്നെയും
പലതായി;
നിറവതിൻ
ചിറകേറിയറുപത്തി-
നാലെന്ന് വിധിയായി!

സകലതും തപമെന്ന്‌;
ഹൃദയത്തുടിപ്പെന്ന്;
പരമമാറിവിൻ്റെ
പരമാണു പരയെന്ന്;
ചിരമതിൻ പ്രഭയെന്ന്;
സ്വരമാമതിൻ ധ്വനി
നേരായി നേരിന്
നാരായവേരായി;
നാരായണമെന്ന്
കാരണചൈതന്യ-
നാദപ്രഭാവത്തെ
യൊന്നെന്ന്;
ഒന്നിന്
വർണവിശേഷങ്ങ-
ലെണ്ണിയാൽത്തീരാതെ
തീരാതെയൊന്നായ-
തൊന്നിൽ!
അതൊന്നേ പരംപൊരുൾ!


3.
ഒന്നതിൽ ഞാനില്ല;
നീയില്ല;
ഒക്കെയും
ഒന്നെന്ന്
പാടുന്നു ഭാരതമിപ്പൊഴും!
എപ്പൊഴുമെപ്പൊഴും
പാടിയതും;
ഇനി
പാടാനിരിപ്പതും!
ഈയൊരേ *മന്ത്രമേ!
----------------------------------------

കുറിപ്പ്
ഈശാവാസ്യമിദം സർവം.
-------------------------------------------------
26
ഇമ്പം -28-6-2016
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author
indian poet
Author of Amazon.com
international publication
SWARABINDU (Malayalam p-Poems)
(2016 April)
-----------------------------------------------------
  

















25.
ഒരു സ്വപ്നഗാനം 28 -6 - 2016
-------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author
indian poet
Author of the Amazon.com publication
The Why?
---------------------------------------------

എന്റെ പാട്ടിൻ വർണ-
രാഗങ്ങളിൽ പ്രേമ-
സാഗരമേഴും
തിരയടിപ്പൂ!

തീരം-
സ്വരമേഴു-
മാരോഹണത്തിനു-
മവരോഹണത്തിനും
കർമ്മസാക്ഷ്യം!

വിണ്ണിൽ നിലാവല-
പ്പന്തലിൽ നക്ഷത്ര-
കന്യകമാരുടെ
മിന്നുകെട്ട്!

മണ്ണിൽ വസന്ത-
സുഗന്ധസുമങ്ങളാ -
ലുണ്ണിക്ക് വളതള
പൊൻപതക്കം!

എന്മണിവീണയിൽ
കന്നിനിലാവിന്റെ
കല്യാണിരാഗ-
ത്തുടുതുടിപ്പ്;
മുറ്റത്തെ മൂവാണ്ടൻ
മാവിന്റെ തുഞ്ചത്ത്
പഞ്ചമരാഗത്തിൽ
നാട്ടുപാട്ട്!

എന്റെ മനസ്സിലെ
ച്ചിന്തുകൾ പാലൊളി-
ച്ചന്ദ്രന് പായസ-
ച്ചോറു നൽകി;
കാവിയുടുത്തു മടുത്ത
കിനാവിന്
പൂനിലാപ്പട്ടു-
ടയാട തീർത്തു!

2
പാതിരാക്കാറ്റോ
മധുരക്കിനാക്കളി-
ലാദിയുമന്തവു-
മില്ലാത്തിരകളിൽ
മുത്തും പവിഴവും
സപ്തസ്വരങ്ങളു-
മൊത്ത് ചമയ്ക്കുന്ന
ചിത്രവർണ്ണങ്ങളിൽ
പുത്തൻ മഴവിൽ-
ക്കൊടിയുടെ സൗന്ദര്യ-
സൗഭഗം;
കല്യാണസൗഗന്ധികത്തിൻ
മനോരഞ്ജ-
മാന്ത്രിക-
ഗന്ധർവരാഗ-
മാധുര്യം;
സ്വദിക്കുന്നു!
-----------------------------------------------
25
ഒരു സ്വപ്നഗാനം 28-6-2016
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author
indian poet
Author of international Amazon Publication
The Why?.
-----------------------------------------------------------




















24.
പാതയോരത്തെ മരം
28- 6 -2016
ഡോ കെ.ജി.ബാലകൃഷ്ണൻ
Indian Poet
Amazon.com Author
The Author of "The Why?"
-----------------------------------------------

1.


ദൂരെ നിന്നാരോ വരുന്നുണ്ട്;
കാരണ-
മാരായുവാൻ; കഥ
നേരായറിയുവാൻ!

2.
കാലം നിലച്ചതിൻ
കാര്യം തിരക്കുവാൻ;
രാമന്റെ കാലൊച്ച
കാതിൽപ്പതിപ്പതിൻ
താളം;
മുനിപത്നി
ശാപവിമോചിത-
യാകും നിമിഷം
സമാഗതം;
കാലമോ
മൗനം വെടിഞ്ഞു
പുതിയ വെളിച്ചപ്പുലരി-
പ്പിറവി തൻ
പാഞ്ചജന്യധ്വനി-
യുൾപ്പൂവിലുൾക്കൊണ്ട
പാർത്ഥൻ കണക്കെ
ഗുഡാകേശഫൽഗുനൻ!

3.
കാമാന്ധനാം ദേവ-
രാജൻ്റെ വ്യാജമാം
വേഷപ്പകർച്ചയിൽ
ക്കല്ലായ സ്‍ത്രീത്വമേ!
നീയിന്നു നീതിയ്ക്ക്
കേഴുന്നുവോ,
രാമ-
പാദപാതസ്വനം
ദൂരെയാണോ!

4.
പാതയോരത്തെ മരം
മാത്രമോ നിന-
ക്കേകുന്നു
കാലടി-
പ്പാടോളമെങ്കിലും
കനിവിൻ നിഴൽ,
തണൽ!

5.
കവയിത്രി-
യമ്മയിതാ നിന്റെ
യാതന-
യത്രയു-
മീയിരുൾച്ചാർത്തിന്റെ
ക്രൂരമർദ്ദത്തിൻ
തിമർപ്പിലും;
തൻ
ദയാവായ്‌പിൻ
പവിത്രജലധാരയാൽ
കുളിരുമാശ്വാസവും
ചൊരിയുന്നു
നന്മയായ്!

6.
മാർജ്ജാര-
ശ്രേഷ്ഠന്റെ
വല്ലകീവാദന-
മില്ലായിടത്തു-
മിരയുടെ നോവുകൾ
തേങ്ങൽ;
ആത്മാവിന്റെ
 കാളൽ; മാലോകർ
ആരുണ്ടിതിൻ വേര്
(നേര്) തിരക്കുവാൻ!

7.
ഓരോ കഥ തീർത്തു
തീർത്തുമപസർപ്പക-
രൂപം മെനഞ്ഞു
രസമാർന്നു മാലോകരും!

8.
കലികാലവൈഭവം!
വെറുതെ വെറുതെ ഞാ-
നലമുറകൂട്ടുന്നു;
ആരോവരുന്നുണ്ട്!
-------------------------------------------
24.
പാതയോരത്തെ മരം
28-6-2016
ഡോ.കെ ജി ബാലകൃഷ്ണൻ
Amazon.com Author
poet dr.k.g.balakrishnan
---------------------------------------------
























  

Sunday 26 June 2016

23

ബിന്ദു 27-6-2016
---------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ

സ്വരബിന്ദുവായ്
മിഴി ചിമ്മിയാലും
ഖരഘോഷമായ്
മൊഴിയാടിയാലും
മൃദുവായി രാമ്യ-
മുരിയാടിയാലു-
മനുനാസികം മധുര-
സ്വനധാരയിൽ രാഗ-
മനുനിമേഷം ജാല-
മരുളിയാലും
കണ്ണൻറെ കല്യാണ-
മുരളികയിലുണരുന്ന
വർണ്ണങ്ങൾ;
പൂക്കളായ്
വിരിയുന്ന പൊയ്കയിൽ
നീന്തിനീരാടും സ്വരമേഴു-
മായിര-
മീണങ്ങളായ്ത്താള-
മോളങ്ങളായ്;വേണു-
 ഗോപാലലീലാ-
വിലാസങ്ങളായ്!

 കടയുന്നു പാൽക്കടലോരോ
നിമിഷവും
മെനയുന്നു;
നേരും നുണയും
പ്രകാശവു-
മിരുളും
വസന്തവും
വർഷഹേമന്തവും
വേനൽപ്പൊരിച്ചിലും
ശിശിരവുമങ്ങനെ
ആറുകാലങ്ങളി-
ലാടുന്നു മാനസം!

പാടിയ പാട്ടിന്റെ
മാധുര്യമൂറുന്നു
ചൂടിയ പൂവിൻ
മണവുമെൻ
കൺകളിൽ;

പാടുമീശീലിൻ
രസമെന്റെ
കാതിലും
പാടാത്ത പാട്ടിൻ
മധുരമാത്മാവിലും!



2.
ഒരു ബിന്ദുവിൽ നി-
നുണരുന്നു നേരും
നുണയും;
പകലുമിരവും
നിറവും നിറമെഴാ
നിശ്ശൂന്യ-
ഭാവവും.

സ്വരവുമപസ്വരം;
സ്വരശൂന്യമാം
മൗന-
ലയധന്യതീർത്ഥം;
ശാന്തം! പരിപൂർണ-
മേകം!
------------------------------------------
23
ബിന്ദു  27-6-2016
indian poet dr.k.g.balakrishnan
Amazon.com Author
------------------------------------------

  






  

Saturday 25 June 2016

22.
ആഴം    26 -6 -2016
-----------------------------------
ഡോ.കെ.ജി. ബാലകൃഷ്ണൻ
Amazon.com  Author
Topmost All Time poetry.com
------------------------------------------------

പഞ്ചമം പാടുവതാരെ-
ന്നകക്കാമ്പിൽ-
പ്പഞ്ചമിത്തിങ്ക-
ളുദിച്ചുവല്ലോ!

പഞ്ചമവേദ-
പ്പൊരുളിൻ സ്വരാക്ഷരം
ചിന്തയിലാരഭി
മീട്ടിയല്ലോ!

മന്ദസമീരണൻ
ചെമ്പകപ്പൂക്കളിൽ
ചന്ദനഗന്ധ-
മുഴിഞ്ഞുവല്ലോ!

യക്ഷന്റെസന്ദേശവാഹകൻ
മേഘമോ
ലക്ഷ്യം തിരയുന്നെൻ
ചിത്തഭൂവിൽ!

കവിയുടെയുള്ളിലെ
യില്ലിമുളങ്കാട്ടിൽ
കവിയുന്നു കവിതത-
ന്നളകനന്ദ!

അളകാപുരിയിലെ
ശ്രീഗിരിനന്ദിനി
കളകളം പാടുന്നു
കൂട്ടിനായി!

പാട്ടും പതവുമായ്
പാതിരാ ചെന്നപ്പോൾ
കൂട്ടുകാർകൂട്ട-
മുറക്കമായി!

പാട്ടിൻ രസത്തിൽ
ക്കുറിഞ്ഞിയും കൂട്ടരും
കൂർക്കം വലിച്ചു
മദിച്ചുറങ്ങി.

ഏഴു നിലയുള്ള നാകം
വിരചിച്ചു
ചേതന മാത്ര-
മുണർന്നിരുന്നു.

മാമുനി നാരായ-
ത്തുമ്പിനാൽ ബോധമെ-
ന്നോലയിലക്ഷരം
കോറിയിട്ടു!

സാരസ്വതമായി
ലക്ഷ്മീകടാക്ഷമായ്
ഗൗരീവിലാസമായ്
പൂത്തിറങ്ങി!

നന്ദനോദ്യാനം
യമുനാപുളിനത്തിൽ
വൃന്ദാവനമെന്നു
ചന്തമാർന്നു!

നന്ദകുമാരനും
വൃന്ദകുമാരിയും
സന്തതം കേളീ-
വിലോലരായി
തുള്ളിക്കളിക്കുന്നു;
നുള്ളിനോവിക്കുന്നു
ഉള്ളിന്റെയുള്ളിലെ
തുള്ളിതന്നുള്ളിലും
കണ്ണിലും കാതിലു-
മുണ്ണിക്കിടാവിന്റെ
കുഞ്ഞിക്കിനാമണി-
ത്താളത്തിലും!

തൂണിൽ; തുരുമ്പിലു-
മേഴുലകത്തിലു-
മേഴുനിറച്ചാർത്തി-
നാഴത്തിലും!
-------------------------------------------
22
ആഴം 26-6-2016
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author
-----------------------------------------------




























Friday 24 June 2016

21
ബോധം 25-6 -2016
--------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author
Topmost Poet All time Poetry.com USA
------------------------------------------------

"കോടി ദിവാകരരൊത്തുയരും
പടി"
ഏതൊരു ജ്യോതിഃ
ചിരം നിറവാർന്ന
നിരന്തരനിത്യനിദാനവിശേഷം
താനായ്;
രൂപവുമതിരും
നാദമതഞ്ചും
കൂടാതെഴുമത്
ഞാനാം നീയായ്‌
നീയാം ഞാനായ്;
സകലവുമൊന്നിൻ
തികവതിരമ്യം;
ശാന്തം; സൂക്ഷ്മം!
ശ്രീലകമതിനക-
മറിവാം ശൂന്യത;
നിറപറ;
ഏഴാംമാളിക മുകളിൽ;
പാൽക്കടലലകളിലമരും
ചാരുത; നേരിൻ
നീലവെളിച്ചം!


ഋഷിയുടെ
ചൊടികളിലുണരും
മന്ത്രം;
സർവ്വസ്വതന്ത്രസ്വയംഭൂ;
സർവ്വചരാചരസംഗവിഹീനം;
ബോധം;
അന്തമെഴാ പദസഞ്ചയഭേദ-
സമാഹൃതഭാവം;
പ്രണവം!
---------------------------------------------------
21
ബോധം
ഡോ.കെ.ജി.ബാലകൃഷ്ണൻ
Amazon.com Author
Topmost Poet All time Poetry.com USA
25-6-2016
-------------------------------------------------------















 

Thursday 23 June 2016

20
മിഴി  -24-6-2016
---------------------------
ഡോ.കെ.ജി.ബാലകൃഷ്ണൻ
------------------------------------------


1.
പതിവായ് പ്രഭാകരൻ
വരുമീ വഴിയേതോ
വിധി നീ വിധാതാവെ-
ന്നോതിനാൻ ഗുരുവര്യൻ!

ആരുനീയാരെന്നാരാ-
യുന്നു ഞാൻ കവി; നീയാം
കാരണമൊരു സ്വര-
ബിന്ദുവിൽ സമാഹൃതം!

പാടി ഞാൻ ജയദേവ-
കവിയായ്; നിരന്തര-
മാടി ഞാൻ വൃന്ദാവന-
രാധികാപ്രണയമായ്!

ആദിമധ്യാന്തം തേടി
ശാസ്ത്രകാരനും; പാതി-
ഭൂതിയായ് നിലകൊള്ളും
ഭാവിതൻ സ്വരഭേദം!

നിമിഷം നിമിഷമായ്
നീങ്ങുന്നു നേരം, നാളെ
നിമിഷം നിമിഷമായ്
നീളുന്നു നിരന്തരം!

അതിനെപ്പരിഹസി-
ക്കുന്നുപോൽ ഭിക്ഷാംദേഹി,
അതിനെപ്പരിണയി-
ക്കുന്നുവെൻ മനുഷ്യത്വം!

ഓലയിലെഴുത്താണി
കുറിക്കും മന്ത്രാക്ഷര-
മാരുടെ കരവിരുതെന്നു
ഞാനറിയുന്നു!

പാരിടം തിരിയുന്ന
കാരണം നീയാകുന്നു
മാരിവില്ലൊളിയുടെ
സാരവും സൗന്ദര്യവും!

ഈ വഴി വരും മൂളി-
പ്പാട്ടിലും സുഗന്ധത്തിൻ
മാർകഴിമാസം തൂവും
കാറ്റിലും നിരാമയം
ഉള്ളിനുമുള്ളാം
ഉള്ളിനുള്ളിലുമൊന്നായ്
പള്ളികൊണ്ടിടും
പ്രേമം;
ഉള്ള തോന്നലായെന്നു-
മെപ്പൊഴും വാഴും രൂപ-
ഹീനമാം പ്രതിഭാസം;
ഇല്ലയെന്നാവർത്തിച്ചു
ചൊല്ലുവോർക്കുള്ളിൽ-
പ്പോലും
വെൺമയായ് കുടികൊള്ളും
ഭാവപൂർണിമയല്ലോ!

2.
അഴകായാനന്ദമായ്‌
നിറയും കവിതതൻ
തിരിയിൽ വെളിച്ചത്തിൻ
മിഴി നീ തെളിക്കുന്നൂ!
--------------------------------------------------
20
മിഴി -24- 6-2016
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author
------------------------------------------------  
 




 


  











     

Wednesday 22 June 2016

19
അതീതം  23-6 -2016
-------------------------
ഡോ കെ ജി.ബാലകൃഷ്ണൻ
--------------------------------------------


1.
   നേരമാകുന്നു കാലം
നേരായനേരം; നേരിൻ
ആരവം മുഴക്കുന്ന
സാരമാമാറാം കാലം!
മൗനത്തിന്നതിസൗമ്യ-
ശാന്തസുന്ദരഭാവം
മനനം;
ധ്യാനാത്മകമേഴാമിന്ദ്രിയം;
ഋഷി-
കവി-
തത്ത്വചിന്തകത്രയം
കാലമായുപാസിക്കും
മന്ത്രസംഗീതധ്വനി;
അമൃതം പെയ്യും സ്വര-
ബിന്ദുവാമതിസൂക്ഷ്‌മം;
പേരെഴാ പരിപൂർണം;
സുകൃതം; മഹാമായാ-
ജാലമായ് പ്രപഞ്ചമായ്
മിഥ്യയായ് പരിണാമം!

 ആകാരം വർണം ഗന്ധ-
മാദിയാമാലേഖ്യങ്ങൾ
കാരണം തേടും കാര്യം
മാത്രമായ് നിലകൊള്ളും
നശ്വരമനിത്യമായ്
പഞ്ചഭൂതമായ് ജനി-
മൃതിചക്രമായ് കാലം!
നീയാട്ടെ കാലാതീതം!

*വിളംബം മധ്യമം ദ്രുത-
മിങ്ങനെ
സംഗീതത്തിൻ
കാലമായ് നേരം
രാഗശ്രുതിലയസാഗര-
മനന്തമായ്;
ആനന്ദത്തിരയായി
തുരീയമധുവായി!

ആറുകാലവും പാടി-
ഏഴാമിന്ദ്രിയശൃംഗം
കേറുവാൻ തപസ്യയിൽ
മുഴുകും കലാകാരൻ
അത്യതിദ്രുതപാരംഗതനായ്
സമാസമം 
നിത്യനിശ്ചലം   
ശൂന്യസത്യമാം പരിപൂർണ- 
സത്തയിൽ ലയിക്കുന്നൂ!
സത്തയായ് ഭവിക്കുന്നൂ!
മൂന്നുകാലവുമൊന്നായ്
കാലാതീതമായ് ശാന്തം
പ്രാലേയഭാവാബ്ധിയായ്;
*ആലിലക്കണ്ണൻ മാത്രം
നിത്യമാമതീതമായ്! 

2.
(അങ്ങനെ ഋഷി പണ്ടേ
മന്ത്രിച്ചു; *മഹാവാക്യം
ഗംഗതന്നലകളി-
*ലറിവായ്‌ നിറയുന്നൂ!)


കുറിപ്പ്
----------------------
*സംഗീതത്തിലെ കാലസങ്കല്പം
*Singularity(Big Bang Theory- Modern Science)
*തത്ത്വമസി
*ഭാരതീയചിന്ത 
--------------------------------------------
അതീതം 23 -6 -2016
indian poet dr.k.g.balakrishnan
Amazon.com Author
Createspace Amazon.com USA
പ്രസിദ്ധീകരിക്കുന്ന
എന്റെ "ഭാരതഗീതം" എന്ന
കാവ്യസമാഹാരത്തിൽ നിന്ന് )
----------------------------------------------

Tuesday 21 June 2016

18
വീണ  22-6-2016
----------------------
ഡോ കെ ജി ബാലകൃഷ്ണൻ
------------------------------------------

മുപ്പത്തിമുക്കോടി
ദൈവങ്ങളുണ്ടത്രെ!
കൃത്യമായെണ്ണിയതേതൊരു
പണ്ഡിതൻ!

 കലാകാരനാട്ടെ;
കവിയാട്ടെ;
 നർത്തകൻ; ശില്പിയോ ശ്രീഗുരു-
വര്യനോ മാമുനി തന്നെയോ;
ശാസ്ത്രവിശാരദൻ; സംഗീത-
കോവിദൻ;
സത്യമാം നിത്യത്തെ
ചിത്രീകരിക്കുവാൻ
വൃത്തപ്രയാണത്തിൽ!

ഹൃത്തിൻ മിടിപ്പിലു-
മീനിമേഷത്തിലും
പുത്തൻ നിറത്തിൻ
നിറപറ; നീയാം പരിമേയ-
ശൂന്യത്തെ;
ഒന്നുമനന്തവുമൊന്നാം
പ്രകാശത്തെ-
യൊന്നെന്നുറപ്പിച്ചു
തന്നു മഹാഋഷി!

ഒന്നായതെങ്കിലുമൊന്നിൻ
വിശേഷങ്ങൾ
എണ്ണിയാൽത്തീരാതെ;
മുപ്പത്തിമുക്കോടി
("കാക്കത്തൊള്ളായിര")-
മെന്നുരചെയ്തു (കിടാങ്ങ-
ളോടെന്നപോൽ!);
പിന്നെയുറപ്പിച്ചു
"തത്ത്വമസിയെന്ന്"!
ഗംഗാതരംഗങ്ങൾ
സംഗീതമിപ്പൊഴു-
മാലപിക്കുന്നുവെ-
ന്നോതുന്നു ഭാരതം;
കാലമതേറ്റു പാടുന്നു;
സുഗന്ധമായ് മൂളുന്നു
മാരുതൻ;
ഞാനുമെൻ വീണയും!
--------------------------------------
വീണ 22 -6 -2016
indian poet dr, k.g.balakrishnan
Amazon.com Author
----------------------------------------














         

Sunday 19 June 2016

17
മൂകം  20-6-2016
---------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author
---------------------------------------------

വെണ്മലർപ്പട്ടു വിരിക്കുന്നു
വിണ്ണിൽ
പ്രഭാകരൻ;
ഉണ്മയിൽ സ്വർണത്തിളക്കം
തുളിക്കുന്നു നിത്യം.

സത്യം നിരാകാരനിർഗുണം;
വ്യക്തമവ്യക്തം
പരിണാമ-
പരിമാണമുക്തം;
പരിപൂർണജന്യം
പ്രമാണം.

ഓരോ മിടിപ്പുമൊടുക്കം
തുടക്കം;
ആരോ തിരിക്കും
സുദർശനചക്രം;
സാരം സുവ്യക്തം;
സരാംശമോ ഗുഹ്യ-
സാംഖ്യം വിശേഷം
സാക്ഷ്യം; പ്രകാശം!

ഒന്നിൽത്തുടിക്കുന്നു
സർവ്വം സമസ്തം;
വർണം വിതയ്ക്കുന്നു
കർമം മുളയ്ക്കുന്നു;
നിർമാണമെന്നു
വിളിക്കുന്നു ലോകം;
കർമം ലയിക്കുന്നു
വർണത്തിൽ;
വീണ്ടു-
മൊന്നായി ഞാനായി
നീയായി നാമായി;
കാണലും കാഴ്ചയും
കാണ്മവൻ
താനുമായ്!

വർണത്തിളക്കങ്ങൾ
നിർണ്ണയാതീതമായ്;
വർണ്ണമോ
ഏകസ്വരൂപമായ്;
മൂകമായ്!
---------------------------------------
മൂകം
20-6-2016
dr.k.g.balakrishnan
Amazon Author
---------------------------------------   




   


Friday 17 June 2016

16
ഇന്ന് 19-6-16
--------------------------
ഡോ കെ ജി ബാലകൃഷ്ണൻ
----------------------------------------

പാലാഴിത്തിരത്താളം
നീലമാമാകാശത്തിൽ
കാലമായ്ക്കാലാതീത-
ജാലമായ് നിലകൊൾവൂ!

പൂർണകുംഭമാം നിത്യം
നിശ്ശൂന്യം;സ്വരം; ഭാവം
വർണ്ണരാജിതൻ പ്രഭാ-
പൂരമേ പരിശുദ്ധം!

നിമിഷം നിമിഷത്തിൻ
ആവർത്തം ചിരചക്രം;
നിമിഷം നിമിഷമാ-
യെന്നുള്ളിലുണരുന്നു.

ഒരു നിർന്നിമേഷമാ-
യുണ്മയിൽ;
തെളിമയായ്‌ കൺകളിൽ
നിലാവായിക്കിനാവിൽ;
പുളകമായ് ജീവനിൽ
സുഗന്ധമായ്‌; രുചിയായ്
നോക്കിൽ വാക്കായ്;
മന്ത്രമായ്ക്കാതിൽ;സ്വര-
ഗംഗതന്നലയായി;
അറിവിന്നാനന്ദമായ്;
നിലയാളിടാ നീല-
നിറമായ്‌;
ച്ചിദാകാശപ്പൊരുളിൽ
മുനിയുടെ മൌനമായ്-
ചുണ്ടിൽ; നിഴൽമാത്രമായ്
സമസ്യയിൽ!


2.
വരുമെന്നോതും ചില-
നേരമെൻ മിഴിയിണ;
കരുണാമയം മൃദു-
വർണസംഗീതം മൂളും!

അരികിൽപ്പീതാംബര-
ധാരിയാമഴകിന്റെ
പരിപൂർണത;
ഇളം തെന്നലിൻ
ശ്രുതിലയം!

ഗീതഗോവിന്ദം പാടി
മധുമക്ഷികം; രാഗം
കുറുകിക്കുരുവികൾ;
കവി ഞാനാത്മാരാമൻ!


വേണുവിന്നീണം കേൾക്കാം;
ദൂരെ കാർവർണൻ കണ്ണൻ
കാലിമേയ്ക്കയാം; വന-
മാലി;യാദവബാലൻ!

അല്ലായ്കിലമൃതയാം
യമുനാപുളിനത്തിൽ
കല്യാണരൂപൻ രാധാ-
രമണൻ രൂപാതീതൻ
കണ്ണിനുകാണാനാവാ
സചിദാനന്ദം; സദാ
കണ്ണിനു കണ്ണാം മണി-
വർണ്ണനാം മായക്കാരൻ
അമ്മയ്ക്ക് കാണാനായി-
ക്കന്മഷം കാട്ടിക്കള്ള-
 ക് കൃഷ്ണനായ്‌ച്ചമഞ്ഞവൻ;
മാധവൻ; ലക്ഷ്മീകാന്തൻ!


3.
ഇനിയും കഥയുണ്ട് പറയാൻ
പലതായി;
ഇനിയും നിലാവുണ്ട് പൊഴിയാൻ
കിനാവായി!

 ഉള്ളിലുണ്മയായെന്നിൽ
പള്ളികൊള്ളുന്നു;
സ്നേഹം;
ഇന്നിനെപ്പുണരുവാൻ;
നാളെയായ്പ്പടരുവാൻ!
------------------------------------------
ഇന്ന് 19-6-16
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author
---------------------------------------------































   

Thursday 16 June 2016

15
ധ്വനി
--------------------
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------
17-6-2016
-------------------------------------------
ചെന്താമരയിലും
ചെമ്പനീർപൂവിലു-
മെങ്കരൾച്ചോപ്പിലും
തിങ്കൾക്കലയിലും
ചെന്തീദളത്തിലും
മന്ദ്രമധുരമാം
മന്ദഹാസത്തിലും!

സംഗീതധാരാമൃതത്തി-
ന്നിനിപ്പിലും
ചിന്താദ്രുമത്തിൻ
ഫലത്തിലുമൊന്നായി
തിങ്ങി നിറഞ്ഞു
പരിപൂർണമാം സ്വര-
ബിന്ദുവായ് മാമുനി
ചൊല്ലിയുറപ്പിച്ച
നേരിൻ നിരാകാര-
നിർഗ്ഗുണനിത്യ-
നിരന്തരസർവമായ്!

ഊർജകണത്തിന്നൊഴുക്കായ്
പ്രഭാപൂരമംഗളരൂപിയായ്
"കോടി ദിവാകരരൊത്തുയരും പടി"
ഭൂതിചൊരിഞ്ഞതിസൂക്ഷ്മമമാം
അന്വയമുക്തം
നിരൂപനിരുക്തമായ്!

പിന്നെയും പിന്നെയുമെത്ര കവീന്ദ്രരും
ശാസ്ത്രവിശാരദർ പണ്ഡിതശ്രേഷ്ഠരും
വ്യഷ്ടി-സമഷ്ടിയെ നിർവചിച്ചൂ; സത്യ-
ചിത്രം രചിക്കുവാനുക്തിതൻ നാൾവഴി
തേടി!
ഇനിയുമാ
ചിത്രപേടക-
മെന്നുള്ളിനുള്ളിൽ;
സുന്ദരചൈതന്യ-
മെന്ന വിശേഷമായ്
സംപൂജ്യജ്ജ്യോതിയായ്
സംഗീതസാന്ദ്രമായ്
രാഗസഹസ്രമായ്!

ഉണ്മയിലൂറുമമൃതമായ്‌  വിസ്മയം
വെണ്മയായ് വെണ്ണിലാവായി
സ്വയം സ്നേഹ-
ഗംഗാതരംഗമായ്
ഗംഗാധരനുടെ
ശൃംഗാരഭാവമായ്
ഭാരതപുത്രനെ-
ന്നംബാപ്രസാദമായ്!

എല്ലാമൊരു തുള്ളി
ഗംഗാസലിലത്തിൽ
കല്യാണരൂപമെടുക്കുമെന്നും
നിത്യനിർവാണനിമഗ്നമായ്
ചിത്തത്തിൽ
സത്യം പുലരിയായ്
വിരിയുമെന്നും
ഋഷി പാടി പണ്ടേ;
അതിൻ ധ്വനിയല്ലയോ
മതിയിൽ മുഴങ്ങുമീ
ശംഖനാദം!
-------------------------------------------------
15
ധ്വനി
ഡോ കെ ജി ബാലകൃഷ്ണൻ 17-6-2016
Amazon.com Author
----------------------------------------------------------




 





 











Friday 10 June 2016

14
ദ്യുതി
-------------------------------
ഡോ. കെ.ജി.ബാലകൃഷ്ണൻ
11/ 6/ 2016
-------------------------------------------
ഒന്നൊന്ന് തൊട്ടെണ്ണി
രണ്ടായി മൂന്നായി
നാലുമഞ്ചും പിന്നെ
കാലാതിശായിയാ -
മാറായിയങ്ങനെ
തീരാത്തിരയായി;
നൂറാർന്ന നൂറായി;
ആഴിപ്പരപ്പായി;
ആഴത്തുടിപ്പായി;
നൂറായിരം നൂറിൽ
മുങ്ങിക്കുളിച്ചു വിൺ-
ഗംഗാതരംഗങ്ങൾ
മൂളുന്ന രാഗങ്ങൾ
നീളേ പൊഴിയും
സ്മൃതി ശ്രുതി-
മന്ത്രങ്ങൾ
ഉള്ളിന്റെയുള്ളി-
ലുരുവിട്ടുറപ്പിച്ചു
ഗംഗാധാരനുടെ
ചിന്താസുഗന്ധമായ്‌
ഗംഗോത്രിയിൽ
നൂറുനൂറായിരം മന്ദ്ര-
സാരസമ്പൂർണമാം
വർണ്ണങ്ങൾ;
ഓങ്കാരശംഖനിനാദങ്ങൾ!

അമ്മേ,
അവിടുത്തെ
പൊന്നോമനകൾ ത-
ന്നുണ്മയിൽ;
എപ്പൊഴുമെപ്പൊഴു-
മൊന്നിന്നുയിർപ്പുകൾ!


2.
ആയിരം കാതമലഞ്ഞു-
തിരിഞ്ഞേതു
മായികലോകമണഞ്ഞാലു-
മീ മുലപ്പാലിന്റെ മാധുര്യ-
മോരോ നിമേഷവുമുള്ളി-
ലുണർത്തും പ്രഭാപൂരമാണ് നീ-
യംബേ!
നിരഞ്ജനേ!

3.
ഭാരതമെന്നു പുകൾ പെറ്റ ഭൂവിൽ ശ്രീ-
ഭാരതകാവ്യം രചിച്ച മഹാകവി-
വ്യാസമഹാമുനി-
പാടാക്കഥയേതുമില്ലെന്ന്
പണ്ഡിത-
രത്ഭുതം കൂറുന്നു!
ധന്യേ!
സുമംഗളേ!

4.
എല്ലാമറിവെന്നു
ചൊല്ലിയുറപ്പിച്ച
 കല്ല്യാണസത്യ-
പ്രയോക്താവ്-
ഭാരത-
ഭാഗവതങ്ങളാൽ
ഞങ്ങൾ തന്നുണ്മയി-
ലദ്വൈതസാരമാ-
മൊന്നിൻ പ്രകാശം
പരിപൂർണമാണെന്ന്
കനകാക്ഷരങ്ങൾ
കുറിച്ചാർഷഭൂവെന്ന
നിന്നഭിധാനം
സുസാർത്ഥകമാക്കവേ,
വിണ്ണിൽ വിതാനങ്ങൾ
തീർത്തിരിക്കാം മയൻ
മണ്ണിൽ സൌഗന്ധികം
പൂത്തിരിക്കാം!

5.
അന്ന് പരന്ന
ദ്യുതിയിന്നുമമ്മതൻ
വെണ്മയായെന്നിൽ 
നിറമാല തീർക്കുന്നു;
ശ്രീനൃത്തവേദിയാം
സ്വപ്നലോകത്തിലും!
ചിത്തഭൂതന്നിൽ
നിരാകാരനിത്യമാം
സത്യഭാവാങ്കുരം; 
സ്വരബിന്ദു തന്നിലും!
-------------------------------------------------------------
14   ദ്യുതി
ഡോ കെ ജി ബാലകൃഷ്ണൻ
11 - 6 -2016
 Amazon.com Author
-------------------------------------------------------------------































  

Tuesday 7 June 2016

13.
കഥ   8-6-2016
--------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
         ------------------------------------

കഥയുണ്ട്
കഥയുള്ള കഥയുണ്ട്
കഥയില്ലാക്കഥയുണ്ട്
വ്യഥപെറും കഥയുണ്ട്
വ്യഥ പേറും കഥയുണ്ട്;
സുഖമേറും ശുഭമോതും
കഥ;
കള്ളക്കഥയുണ്ട്!

കൊടും കടും കടങ്കഥയുണ്ട്;
കഥകഥാനായരേക്കഥയുണ്ട്;
ആട്ടക്കഥയുണ്ട്;
നാട്യക്കഥയുണ്ട്;
പ്രേതക്കഥയുന്ട്;
കുട്ടിക്കഥയുണ്ട്;
നാട്ടിൽ പാട്ടായ
പല പല കഥയുണ്ട്! 
 

2.
കിളിപാടിക്കേൾപ്പിച്ച
കൊതിയൂറും കഥയുണ്ട്;
മതിയാറും മധുരിക്കും
ഗതിയേകും കഥയുണ്ട്!

കവിതുള്ളിക്കാണിച്ച
ഛവിതൂവും കഥയുണ്ട്;
രാവെല്ലാം ശിവമാക്കി
നേദിച്ച കഥയുണ്ട്‌!

നാടോടിക്കഥയുണ്ട്
കാടോതും കഥയുണ്ട്;
വെടി ചൊല്ലും കഥയുണ്ട്;
കഥയാടും കഥയുണ്ട്!

3.
ഇനിയുമെന്നുള്ളിൽനി-
ന്നൊരുതുള്ളിചോരാതെ
കനിയായിനിലകൊള്ളും
കനിവിന്റെ കഥയുണ്ട്!

അറിവെന്ന
അറിവിന്റെ
നിറവായി നിറയുന്ന
പൊരുളിന്റെ നിറമെഴാ
നിറമാർന്ന കഥയുണ്ട്!
മലകേറി-
പ്പതിനെട്ടു പടികേറി-
യറിയുന്ന
നേരിന്റെ
ശ്രീരാഗം
വഴിയുന്ന കഥയുണ്ട്!

4.
"മാവേലിമന്നൻ
മലനാട് വാണീടും"
മധുരക്കിനാവിന്റെ
രസമൂറും കഥയുണ്ട്!

5.
അരുവിപ്പുറത്തന്നു
ഗുരുവെച്ച കല്ലിന്റെ
ശ്രുതി കേട്ടുണർന്നതാം
കാതിന്റെ കണ്ണിന്റെ;
കുമ്പിളിലിപ്പോഴും
കഞ്ഞി കുടിക്കുന്ന
കോരന്റെ;
ആറിന്റെയുള്ളിന്റെ
മനുജന്റെ കഥയുണ്ട്!

6.
ഇനിയും പറയുവാ-
നെന്നുള്ളിൽക്കഥയുണ്ട്;
ചതിയുടെ ചോരക്കറയുടെ,
തീരാപ്പകയുടെ,
രാവിനിരുളിന്റെ ചരിതങ്ങൾ
മൊഴിയുന്ന കഥയുണ്ട്!

7.
കാറ്റിൻറെ കാട്ടാറി-
ലൊഴുകുന്ന നീരിന്റെ
പാട്ടിന്റെ
തെളിവാർന്ന
കുളിരിന്റെ കഥയുണ്ട്!

8.
ഇനിയുമെൻ നാടിന്റെ
ചുടുചോര മോന്തുവാൻ
തുനിയുന്ന
ചോരന്റെ
കഥതീർക്കുവാനേതു
ഗുരുദേവനറിവിന്റെ
കരവാളുയർത്തുവാൻ
പുനർജന്മമാളുമാ
കഥ പാടുവാനെന്റെ
കവിതയ്ക്ക് നൂറ്റെട്ടുപനിഷദ്-
നാളങ്ങൾ
ശ്രുതിമീട്ടുമോ!
രാവിനിരുൾ മായുമോ! രാകാ-
ശശിയായി;
സത്യം തിരിനീട്ടുമോ! നാളെ
പുലരിച്ചുവപ്പായി-
യറിവിൻ
ചിറപ്പായി!
നിറമാർന്ന നൂറു പൂക്കാലമായി!


9.
(അതോ
"മലയപ്പുലയന്റെ മാടത്തിൻ
മുറ്റത്തെ
കുലവെട്ടാ"നാളെത്തും
നില
നീളുമോ!
അല്ല
കഥ മാറുമോ!)
-------------------------------------------------
കഥ  - 8-6-2016
---------------------------
ഡോ കെ ജി ബാലകൃഷ്ണൻ
9447320801
drbalakrishnankg@gmail.com
----------------------------------------------------


















    

Wednesday 1 June 2016


12.
തുടർച്ച / 2-6-2016
------------------------
ഡോ കെ.ജി.ബാലകൃഷ്ണൻ
-----------------------------------------

     ഓരോ നിമേഷവുമോരോ പുതുരാഗ-
സാരം തുളിക്കുംപുലരിയായി;

മണ്ണിനും വിണ്ണിനും കണ്ണിനും കാതിനും
എണ്ണിയാൽ തീരാമലരിയായി;

ചേലാർന്ന ശീലായി കാലം ചമയ്ക്കുന്ന
നൂലായി കാഞ്ചനക്കണ്ണിയായി!

ഏതോ കിനാവിൽനിന്നൂർന്നിടും തേൻകനി-
ച്ചാറായി സാമസംഗീതമായി!

രാപ്പകെലെന്നിയെ രാപ്പകൽ തീർക്കുന്ന
കോപ്പായി; കോപ്പിന് ചായം പുരട്ടുന്ന
കാമന്ലീലാവിലാസമായി!

കാലം ചുമക്കുന്ന
ഭാരം കുറയ്ക്കുവാൻ
കാലന്ചേലാർന്ന
വേദിയായി

മധുര്യമൂറുന്ന
മന്ദ്രധ്വനിയായി
മന്ദസ്മിതമായി
നന്ദമായി

ചന്തം തികഞ്ഞ പൂ-
ച്ചെണ്ടായി
ചെണ്ടിലെ വണ്ടായി
വണ്ടിന്റെ
ചുണ്ടിന്നനക്കമാ-
മിന്നായി നാളെയുടെ
നാളമായി.



നീളുന്ന നീളമായ്
നീളാക്കുറുക്കമായ്
വേവുന്ന വേവായി;
ആളുന്ന തീയായി;
ആളാക്കനലായി;
ചീളുന്ന ചീളായി
കാളും മനസ്സായി
കാളാക്കിനാവായി
മേളച്ചിറപ്പായി;
നേരപ്പെരുക്കമാം
ധാരയായി!

2.
മാറുന്നു കാലമെന്നാകിലും മാറാതെ
പേറുന്നു പേറ്റുനോവാളുന്നു;
നീറുന്നു;
നൂറായിരം നിറമാലപ്പെരുക്കങ്ങൾ
താരാഗണങ്ങളായ് നേര് ചുരത്തുന്നു;
പാലാഴിയായിപ്പരിണമിച്ചീടുന്നു;
ലീലാവിലാസവിശേഷം
തുടരുന്നു,
------------------------------------------------
തുടർച്ച.
ഡോ കെ ജി ബാലകൃഷ്ണൻ
2-6-2016
------------------------------------------------------