Wednesday 27 May 2015

കവിത


Tuesday, 26 May 2015

പഴമൊഴി
പാഴ്മൊഴി യാകുവതെങ്ങനെ!
------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------------------

ഇത് പഴയ ചക്രവാളം;
പുതിയതെന്ന്
നിന്റെ
നിലംതൊടാ ഭോഷ്ക് .

എന്നെ
വെള്ളിയൊറ്റുറു പ്പിക
കാട്ടിക്കൊതിപ്പിച്ചത്
സ്വാതന്ത്ര്യപ്പുലരിയിൽ.

കാള നിലമുഴുതിരുന്ന
കാലം.
അന്ന് പുലരിയെന്നും
പുത്തനായിരുന്നല്ലോ!
ചുവന്ന് തുടുത്ത്
പൂഞ്ചേലയുടുത്ത്
പൊന്നണിഞ്ഞ
പുതുപെണ്ണ്‍.

പാദസരം താളമിട്ട്.

വളകിലുങ്ങുന്നത്
കുഞ്ഞിക്കാറ്റിന്റെ
കുസ്രുതിയെന്ന്
കൂട്ടുകാരിയുടെ
അടക്കം.

ഇന്ന്
കൈ
കോഴ വാങ്ങുന്ന
കാലം;
യന്ത്രം ഒച്ചവെച്ച്
കരിമ്പുക കൊണ്ട്
കാലം കലക്കും
കലികാലം;
പച്ചില കുരുക്കാക്കാലം;
ചെന്താർമലർ
വിടരാക്കാലം;
അന്തിമയങ്ങും പോലെ
സൂര്യകാന്തി കുനിയും   
പുലർകാലം.


അന്നാളിൽ.
ഓരോ പുലരിയും
പുതുപുത്തൻ,
മിഴിയിൽ ജനിയുടെ
തൂവെളിച്ചം;
മൊഴിയിൽ നേരിൻ
തേൻ നിലാവ്;
തുടുമലർ പോലെ
പൂങ്കിനാവ്.

ഇന്ന്,
മൃതിയുടെ മോന്തിയാം
പെണ്‍കിടാവ്,
വാടിക്കരിഞ്ഞുപോയ്
ചക്രവാളം.

2,
ചക്കരക്കുടത്തിൽ
കൈയിട്ടാൽ നക്കാത്ത
ചക്കനുണ്ടോ? ചക്കിയുണ്ടോ?
ചക്കരക്കുട്ടനുണ്ടോ ?
എന്ന് നീട്ടിപ്പാടി
സ്വതന്ത്രഭാരതത്തിലെ
മാന്യമഹാജനങ്ങൾക്ക്
സമാധാനിക്കാം!


ഓം ശാന്തി ശാന്തി ശാന്തി
എന്നും!























Friday 15 May 2015

Kili chilaykkunnu:

കവിത

ഡോ.കെ.ജി.ബാലകൃഷ്ണൻ
--------------------------------------------
കിളി ചിലയ്ക്കുന്നു:
ഷേക്സ്പിയർ പറഞ്ഞത്
------------------------------------------------

എന്നും
ബ്രാഹ്മമുഹൂർത്തത്തിൽ
മുറ്റത്തെ മൂവാണ്ടനിൽ
കിളി ഉണരും.
ചിലക്കും; പിന്നെയും പിന്നെയും:
"ഒരിക്കൽ വഞ്ചിച്ചവരെ
പിന്നെ
വിശ്വസിക്കരുത്."

കിളി
ചിലച്ചുകൊണ്ടെയിരിക്കും;
പിന്നെ,
നാടുണരുമ്പോൾ,
കിളി,
എങ്ങോട്ടോ പറന്നു പോകും.

ഇര തേടി ?
നേരമെന്ന നുണയുടെ
നേര് തേടി ?
ഉദയസൂര്യന്റെ
അരികിലേക്ക്‌,
അരുണിമയുടെ
മധുരം തേടി ?

പൂ വിരിയുന്നതിന്റെ
സാരം തേടി ?
ഇല കൊഴിയുനതിന്റെ
പൊരുൾ തേടി ?

കിനാവിന്റെ
നിറം തേടി ?
മണം തേടി ?

നിമിഷത്തിന്റെ
നൈർമല്യം തേടി ?
പുഴയുടെ
കാകളിയുടെ,
ഒഴുക്ക് തേടി ?

ഇളംകാറ്റിന്റെ
കുളിര് തേടി ?
ആകാശത്തിന്റെ
അറ്റം തേടി ?

അറിവ് തേടി ?

അറിവിന്റെ
മറുപുറം തേടി ?
കരളിലെ  നൊമ്പരത്തിന്റെ
ഉറവിടം തേടി ?

ആശ്വാസത്തിൻറെ
തലോടൽ തേടി ?

ജീവിതത്തിന്റെ
അതിര് തേടി ?

മഴയുടെ
ആരവം തേടി ?

മാമലയുടെ
എകരം തേടി ?

പുല്ലാംകുഴലിന്റെ
പാട്ട് തേടി ?
പാട്ടിന്റെ
ശ്രുതിയും
താളവും തേടി ?

കണ്ണുകളുടെ കറുപ്പ് തേടി ?
സത്യത്തിന്റെ വെണ്മ തേടി ?
ആനന്ദത്തിന്റെ മലർച്ചിന്ത് തേടി ?
അനുരാഗത്തിന്റെ തണൽ തേടി ?

നാളയെത്തേടി ?

കിളി ചിലക്കുന്നു :
ഷേക്സ്പിയർ പറഞ്ഞത്.
------------------------------------------------
dr.k.g.balakrishnan 9447320801
drbalakrishnankg@gmail.com
-------------------------------------------------
15-5-2015
--------------------------------------------------