Thursday 21 January 2016


സ്വരബിന്ദു ഭാഗം 2
ഡോ കെ ജി ബാലകൃഷ്ണൻ
---------------------------------------------------
വചനം
----------------------------------------------------

സ്വരം ഊർജമാണ്;
ആകാശത്തിൽ
നാദബ്രഹ്മമായി
നിറയുന്നത്.

ഓങ്കാരമായി
ഉണരുന്നത്.

ശംഖധ്വനിയായി
ആത്മാവിൽ
ഒളിയുന്നത്.

ഘനീഭൂതമായി
പ്രപഞ്ചമായി
തെളിയുന്നത്.

ഞാനായി
നീയായി
നമ്മളായി
ഉൾ മിഴിയുന്നത്.

ഒന്നിൽനിന്ന്
ഒരായിരം
പൂ വിരിയുന്നത്.

സൂര്യൻ കണ്ണിലും
പൂർണചന്ദ്രൻ
പൊരുളിലും
ഒളി ചൊരിയുന്നത്.

നീലയായി ചമഞ്ഞ്
നീൾമിഴിയിൽ
വെളിച്ചം പകരുന്നത്.

സ്വരബിന്ദു
സ്വപ്നത്തിൽ നിന്ന്
വിശ്വമായി
വിടരുന്നത്.

2.
മാമയിൽ
പീലി വിടർത്തുന്നു;
പൂമരം പൂത്തുലയുന്നു;
തൂ വെന്മ പടർത്തുന്നു;
പൂങ്കുയിൽ പാടുന്നു;
സത്യം പിറക്കുന്നു;
നിത്യത്തിൽ നിന്ന്
അനിത്യം
മായാപ്രപഞ്ചമായ്
കൊഞ്ഞനം കുത്തുന്നു,
------------------------------------------------
21-1-2016
വചനം
ഡോ കെ ജി ബാലകൃഷ്ണൻ
9447320801
-----------------------------------------------







  



സ്വരബിന്ദു ഭാഗം 2 
ഡോ കെ ജി ബാലകൃഷ്ണൻ 
---------------------------------------------- 
5. ആറ് 
---------------------------------------------- 
"ആറിനു പുഴയെന്നും 
ആറാമിന്ദ്രിയമെന്നും  
ആരിത്‌ സ്വരമേകി?
നേരിന് നിറം ചാർത്തി?"

ഈ വഴി മൂളിപ്പാട്ട് 
തൂവിയും  
ഇളംകുളിർ-
 ത്തെന്നലായ് മലർമണം
കവർന്നും കടന്നുപോം 
കവിഭാവന സ്വയം 
സാകൂതം മന്ത്രിക്കുന്നു!

മെനയും സമാധാനം 
പലതും പലവുരു;
തിരയും തിര; കര 
പോലെയെന്നകം വൃഥാ.

പിന്നെയുമപഗ്രഥി-
ക്കുന്നുവെൻ ധിഷണയിൽ
വന്നുപോകുന്നു;
നൂറു നൂറു
കാര്യകാരണം;
സദാ!

അങ്ങനെയവസാനം
നേരുനേരിനെയറി-
ഞ്ഞിങ്ങനെയുദിക്കുന്നു;
"മനവും പുഴയല്ലോ!"

ആദിയന്തവുമില്ലാ;
വേദിയും;
ഒഴുകുന്നൂ;
ഭൂതിയായ്
അനുസ്യൂതം
ന്ർഭയം
അഹോരാത്രം!

നിറയും ചിലനേരം,
നുരയും മദിരയായ്
നിറവിൻ നിറവായും
നീലനിർമലമായും!

പൊരുളിൻ പൊരുളായും
സ്വരമാം സ്വരമായും
സുരസംഗീതം; രാഗ-
മക്ഷരം; നിരാമയം!

പാഞ്ചഭൌതികമായും
സാന്ത്വനസ്വനമായും 
പാഞ്ചജന്യത്തിൻ മുക്തി-
ദായകധ്വനിയായും!

അറിവാമനന്തത്തി-
ലെന്മനം ലയിക്കുന്നൂ;
അറിവിന്നഗാധത്തെ
പുഴയും പുണരുന്നൂ!

ഉൾമിഴി തുറക്കുന്നൂ
കവിയോ നിർമുക്തിയിൽ
കവനം കുറിക്കുന്നൂ;
ഹൃദയം മിടിക്കുന്നു!
----------------------------------------------
സ്വരബിന്ദു ഭാഗം 2
21-1-2016
ആറ്
---------------------------------------------------
  
  
  


  

 

 

       

  

Monday 18 January 2016

സ്വരബിന്ദു ഭാഗം 2
ഡോ കെ ജി ബാലകൃഷ്ണൻ  
-----------------------------
4, ഉള്ളം 
---------------------------- 

ഉള്ളിപോലുള്ളിന്നുള്ളൂ-
പൊള്ളയാ- 
മുള്ളം വെളള-
ത്തുള്ളിയാ- 
മതിസൂക്ഷ്മ-
നിത്യസൌന്ദര്യം ചിത്രം!

കനവും കനവിലെ-
യീരേഴു പതിനാലു 
സ്വനവൈഭവങ്ങളും
രൂപചിത്രണങ്ങളും

പരയിൽ- 
ക്കിനിയുന്ന
നിത്യമാമറിവിന്റെ 
പരമം പ്രഭാപൂര-
ധാരതൻ സംഗീതവും 

അളവുമളവിന്റെ
അതിരൂം
അതിരെഴാ
അതിരിലുണരുന്ന
നിറവിസ്മയങ്ങളും 

അറിവുമെൻ പ്രേമ-
നിനവിലുന്മയായ് 
നിറയു-
മാനന്ദശ്രുതിലയങ്ങളും 

ഗഗനസീമയിൽ
പുളകമാളുന്ന
കുതുകവും
 രാഗകുസുമഗീതവും

*ആയിരം പറ
നിറഞ്ഞു തൂവിടും
നറുനിലാവും
സുഗന്ധധൂമവും

അറിവിനറിവെന്ന്
*ഗുരു നിമന്ത്റിച്ച
സകലമേകമായ്
മിഴിതുറന്നതും

അണുവിലമരുന്ന
സ്വരസമസ്യയായ്
നിറവിൽ നീലമാം
നിറവിശേഷമായ്

അലിവിലാനന്ദ-
സാന്ദ്രമൂകമായ്
നിറയുമെന്നുള്ളി-
നുള്ളിലുള്ളമായ്!
---------------
ആയിരം=അനന്തം
ഗുരു= ഋഷി
-----------------------------------
dr.k.g,balakrishnan 9447320801
Indian Poet
----------------------------------------