Sunday 29 January 2017

ഇന്ന് ജനുവരി മുപ്പത്  30 -1 -2017
----------------------------------- ------------
ഡോ കെ ജി ബാലകൃഷ്ണൻ
-----------------------------------------------

ഒരു കുഞ്ഞുകാറ്റെന്റെ
കാതിലോതുന്നുവോ,
കഥയെഴാക്കഥയുടെ
കഥ!

അത്
നിറമെഴാ
നിറമാർന്ന ചോരക്കറയുടെ;
മണമെഴാ മണമിന്നു-
മുയിരിൽ-
ത്തികട്ടുന്ന;
തീരാ വ്യഥയുടെ,
ചതിയുടെ
കൃതഘ്നത!

എരിതീയ്യി-
ലെന്നെ-
യെൻ
നേരിനെ
നിരന്തരം
നുണയുടെ കരിന്തിരി
കറുകറെ കരിക്കും,
കണ്ണുനീർച്ചാൽപ്പാട്
തീർക്കുമോർമ്മകഥ!

2

ജനുവരി മുപ്പതി-
നാവത്തനം
എത്ര
എത്രയോ കണ്ടു,
(കാണുന്നു)
നാം
നിത്യം.

3.

ഭരതഭൂമിയി-
ലിന്നും മുഴങ്ങുന്ന
പാഞ്ചജന്യധ്വനി;
നിത്യസത്യത്തിൻ
പ്രഘോഷണം;
മാമുനി തെളീച്ച
കെടാവിളക്കിൻ
ദ്യുതി;
കവിയെൻ കിനാവി-
ന്നടരുകളിൽ;
സ്നേഹമന്ത്രമായ്;
ജ്വാലയായ്!

അമ്മേ!
ഇതെൻ വിധി!

4
എന്നും
മിഴിത്തുമ്പിൽ
നീർ കിനിയുമളവിൽ
നിൻ
മൃദുമൃദുകരസ്പർശ-
മരുളുമിതൾ മയം;
പൂനിലാക്കനിവായി;
ആൽമരത്തണലായി;
"ഓമനത്തിങ്കൾക്കിടാവി"-
നുറങ്ങുവാൻ
താമരത്താരാട്ടു പാട്ടായി;
നെഞ്ചിൽ വിരിഞ്ഞ
പൂമ്പട്ടുകിടക്കയാ-
യേഴുനിലയെഴും
മാളികച്ചേലായി!

5.
മൂളുന്നു പിന്നെയും
പിന്നെയും,
കാതിൽ മന്ത്രധ്വനി;
കാളുന്നു കാട്ടുതീ;
ചുടുമണൽപ്പാതകൾ;
കനലെരിയും മരു-
മേടുകൾ; കത്തുന്നു
ഖണ്ഡവം; വറ്റിവരളുന്നു;
നേരും നെറിവും
ചുരത്തും
അകിടുകൾ;
മാനസസരോവരം;
ആയിരമാണ്ടു തപമാളിലും;
ശാപ-
(പാപവു )മാറാ
നിറയൊഴിവിൻ ഭീതി
മാറാതെയെങ്ങൾ!

ഇത് വിധി.

എന്നാൽ
മാതേ!
സനാതനധർമ്മം;
ഇതെങ്ങനെ

മണ്ണിൽ -
ഭുവനേശ്വരി!
നിന്നുദരത്തിൽ നി-
ന്നുണരാതിരിക്കുവാൻ!

6.
രാപ്പകലിനിയും തിരിയും
തിര തീർക്കും;
തിരയൊഴിപ്പിന്നന്ത്യമാകും;
എന്നമ്മ തന്നുദരമിനിയും
കനിയും;
മനമിയുമലിയും!

ഋഷിജനനമിനിയും
തുടരും!  
---------------------------------------------------    
  










 









  
കാലമുറങ്ങും കാലം 29 - 1-2017
--------------------------------------------------
ഡോ കെ ജി ബാലകൃഷ്‌ണൻ
-----------------------------------------------------

ഹൃദയമിടിപ്പിൻ
സ്വരലയമല്ലോ,
സമയം.

രമണൻ-
ഇടയൻ-
പ്രണയവിലോലം
കനകമുരളികയൂതും
രാഗസുരഭിലഗീതം
കാലം!

2.
ഒരു നൊടിയിട പോലു-
മിതുവരെയൊന്നു
മയങ്ങാ നേരംസ്വരൂപം ;നേരം
മിഴിയിണ മിഴിയും
പണമിടയോളം
തങ്കം താമരയിതളിൽ
വരയും ബിന്ദുവുണർത്തും
ധ്വനിയിലുറങ്ങും നേരം;
അണുവിട മുറിയാ ധാര;
വിശേഷാൽ
മധുവിധുനിമിഷം
മായാലീലകളാടും
നേരം;
ജനിമൃതിജനിമൃതി
വൃത്താകാരസ്വരൂപം
തീർക്കും നേരം;
സത്യമസത്യം
കാനൽജലഭ്രമമെന്നിൽ
വെറുതെ വെറുതെ
മായാമൃഗതൃഷ്ണ രചിക്കും
കാല മുറങ്ങാകാലം!

3.
പക്ഷെ!
ഇതു കലികാലം;
കാലമുറങ്ങും കാലം!
---------------------------------------------------
കാലമുറങ്ങും കാലം
29 -1 -2017
--------------------------------------------------
 




 


Friday 27 January 2017

*പൂവഴക് 28 /12/17
---------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------------

സത്യമേ!
നിരന്തര-
നിത്യമായുണരുന്ന
ചിത്രമേ! സൗഗന്ധിക-
പുഷ്പമേ! സനാതന-
ധർമമേ!
പ്രഭാതമേ!

നിന്തിരുമിഴിപ്പൂവിൻ
കൺതുറവിനെയല്ലോ
പന്തിരുകുലമെങ്ങ-
ളിന്ദിരാതനയന്മാർ
ചിന്തയിൽ നിറതീയിൽ
നീറ്റി പൊൻചിദാകാശ-
മന്ദിരമണിച്ചെപ്പിൽ
ശ്രുതിയായ് സൂക്ഷിക്കുന്നു!

ഇന്നലെയിന്നായ് മണി-
മന്ദിരകവാടത്തിൽ
സുന്ദരനിമിഷമെ-
ന്നുൾമിഴി തുറക്കവേ
ആയിരം കിനാവുക-
ളറിവാം വിളക്കിന്റെ
കോവിലിൽ നിറമാല
തീർപ്പതെ സാക്ഷാത്കാരം!

അറിവിന്നലയാഴി-
ത്തിരയല്ലെയോ
ഉള്ളിൽ
മിഴിയായ് മിഴിവായും
മൊഴിവായ്ത്തുടിക്കുന്നു!

പകലോൻ പോലും നേര-
ത്തീർപ്പിലെയൊരു വെറും
നിഴലാമതിൻ സാക്ഷാൽ-
പ്പൊരുളെന്നകമല്ലോ!

ഒരു പൂ വിരിയുമ്പോ-
ഴഴകേ! നീയായ്‌ നീയാ-
മറിവാണല്ലോ, തൃക്കൺ-
മിഴിവാണല്ലോ, നിറവടിവായ്,
നിറമെഴാ മണമായ്;
മൊഴിയേഴു പൊഴിയും
ചിരമൗന-
സ്വരധാര വഴിയുന്ന
പരമപ്രകാശമായ്,
നിറയുന്നതും,
പകലുമിരവുമായ്;
പിരിയാനാവാ ദിന-
മേകമായാഴം കാണാ-
നെളുതാ രാകാശശി-
പകരും
നറുനിലാപ്പൂരമായ്,
നിനവാകെ കനിവിൻ
നനവൂറും പ്രേമഗീതമായ്,
ഗീതഗോവിന്ദമൊഴുകുന്ന
മുരളീരവമായി!

2.
നിമിഷം
സൗന്ദര്യമായ്
വിരിയും;
കിനാവായി-
ക്കൊഴിയും;
പുലരിയായിനിയും
പുനർജന്മം;
കാലമേ! നമോവാകം!
ജാലമേ! പ്രവാഹമേ!
------------------------------------------------
കുറിപ്പ്

*കാല്യാണസൗഗന്ധികം
------------------------------------------



*പൂവഴക്
https://drkgbalakrishnankandangath.blogspot.com

28-1-17 
---------------------------------------------------------------------------