Tuesday 29 April 2014

brahmaraagam-wave-5-dr.k.g.balakrishnan-30-5-2014 posted from Darwin

waves
wave-5-dr.k.g.balakrishnan kandangath-30-4-2014 Darwin


ഇരുളിടുക്കിൽ നിന്ന് 
ബ്രഹ്മരാഗത്തിലെക്ക് 
ഉൾമിഴിയാം!
============================
ഡോ കെ ജി ബാലകൃഷ്ണൻ 
==============================

ആഗസ്റ്റ്പതിനഞ്ച്,
ഇരുളിടുക്കിലേക്കാണ് 
എന്നെ 
ആനയിക്കുന്നതെന്ന് 
അന്നറിഞ്ഞിരുന്നേയില്ല.

പുലരിപ്പിറവി 
വെളിച്ച്ത്തിലെക്കെന്ന്
ആശ്വസിച്ചു;
അല്ല,
ആഹ്ലാദിച്ചു(അത്യധികം)-
അത് 
നിത്യസത്യമെന്ന് നിനച്ച്,
അരക്കിട്ടുറപ്പിച്ച്
തുള്ളിച്ചാടി;
നാടാകെ 
മൂവർണക്കൊടി പാറി
സ്വാതന്ത്ര്യഗാഥ പാടി,
.തിമർത്തു.
(തിമർക്കുന്നു ;
നിമിഷത്തിൻറെ 
നുറുങ്ങു ചിരിയിലും)

2 .
പക്ഷെ,
കണ്തുറന്നപ്പോൾ
 അറിയുമറിവ് 
ഉള്ത്തുടിപ്പിലെക്ക്
ഇളവെയിൽത്തുള്ളി ഇറ്റിച്ച് 
നേരുണർത്തുന്നു
എന്നിൽ.

നീയാം മൗനത്തിലെ ചതി,
വാചാലത്തിലെ
അപശ്രുതി,
(ഉള്ളിരിപ്പെന്ന് 
പഴയ നാടൻ പറച്ചിൽ)
എനിക്ക് 
ഇന്ന് 
കരൾ വെളിയുന്നു.

3.
നീറ്റുഭസ്മം 
ഇടക്കിടെ,
( ലാടനെപ്പോലെ )
നിന്റെ വൈദ്യം-
(നിന്റെ പ്രബോധനം,
പ്രസ്താവന,
ഒരു നുണത്തുണ്ടം.)
കൊടും വ്യാധിക്ക്.

 4.
എനിക്ക് 
മതിയായി 
മടുത്തു;
(മനവും മനമില്ലായ്മയും
മാനമില്ലായ്മയും)

5.
സുഹൃത്തേ,
നീ 
നിന്റെ കങ്കെട്ട് 
തുടരുന്നു;
പിന്നെ,
പുതിയ പുതിയ 
കടുംകെട്ടിട്ട്,
അഴിയാക്കുരുക്ക് തീർത്ത് 
നിയമക്കയറ്കൊണ്ട്
എന്റെ 
കാഴ്ച്ചയെ 
കേൾവിയെ 
ഉള്ളുണർവിനെ
കഴുവേറ്റുന്നു.

6.
നീ 
എന്നെ 
തുരങ്കത്തിലൂടെ
ആഴക്കയത്തിലേക്ക്
കുത്തൊഴുക്കുന്നു.
പക്ഷെ, സുഹൃത്തേ,
മർദം 
കൂലം കുത്തുന്ന
അളവിൽ 
ഉരുക്ക്ഭിത്തി 
പിളരുമെന്നും 
പ്രളയത്തിൽ 
നീയും 
അമരുമെന്നും 
അറിഞ്ഞാലും!

7.
സമയമായി,
നമുക്ക്,
ഇനി,
പുതുവെളിച്ചത്തിലെക്ക് 
കണ്തുറക്കാം-
പുലരിപ്പാട്ടിന് 

ബ്രഹ്മ രാഗ മരുളാം!

wave- 4-voter pamparan

wave-4- dr.k.g.balakrishnan kandangath-Darwin-29-4-2014

വോട്ടർ
പമ്പരൻ- ഡോ കെ ജി ബാലകൃഷ്ണൻ
===================================
1.

ഞാനൊരു പമ്പരൻ
വെറുതെ തിരിയുവോൻ
ഒരു തിരിവ് തിരിയുവോൻ
ഇരുതിരിവ് തിരിയുവോൻ
മുന്തിരിവ് തിരിയുവോൻ
കടകം തിരിയുവോൻ
കടപുഴകി വീഴുവോൻ.

ഐന്തിരിവിലൊരു മിഴിവിൽ
ചെന്തീയ് പാറുവോൻ
തിരുമിഴിവിനൊരു തുടിയിൽ
ചെഞ്ചാരമാകുവോൻ.

ഒരു കനവിലൊരു തിരിയിൽ
കനലാർന്നു കത്തുവോൻ
മിഴിയിണയിൽ പുഴയൊഴുകി
മൊഴിവായുണരുവോൻ.

2.
ഞാനൊരു പമ്പരൻ
പോഴനെൻ രാപ്പേടി
പെരുകുന്നു, വാനിടം
നിറയുന്നു, വഴിയുന്നു;
ഇരുൾ പെറുമിരവായി
പാലാഴി കടയുന്നു;
ഞാനൊരു പമ്പരൻ;
വെറുതെ കറങ്ങുന്നു.

ഇനിയുമൊരു കഥയാ-
യുൾപ്പൊരുളിലൊളിയുന്നു;
ഒരു ചൊടിയനക്കമായ്
പകലൊളിയിലുണരുന്നു.

ഞാനൊരു പമ്പരൻ
വെറുതെ തിരിയുന്നു;
തിര വന്നു തല തല്ലി-
യൊരു നൊടിയി-
ലലിയുന്നു.
=========================
29-4-2014
=========================
വോട്ടർ  പമ്പരവിഡ്ഢിയാക്കപ്പെടു-
ന്നവനും
പമ്പരം കണക്കെ
കറക്കപ്പെടുന്നവനും ആകുന്നു.
==================================
     

Monday 28 April 2014


wave-3-dr.k.g.balakrishnan kandangath- 29-4-2014-Darwin.



wave-3- 29-4-2014

കോലം - ഡോ കെ ജി ബാലകൃഷ്ണൻ
=================================
ഓരിലക്കനവായും
പൂനിലാച്ചുരുളായും
നേരിന് കിരണമായ്
ഉണരും മൊഴിവായും
വീണയിൽ വിരൽത്തുമ്പിൻ
പ്രേമമന്ത്രണമായും
വേണുവിൽ, ചൊടിച്ചോപ്പിൻ
രാഗചുംബനമായും,
വാനനീലിമ നീട്ടും
പൊരുളിൻ സുതാര്യമാം
ഗാനമാധുരിയായു-
മുണ്മതൻ കനിവായും!
നിർന്നിമേഷമേ, നിത്യ-
സത്യമേ, നീയെന്മുന്നി-
ലുർവിയായുണരുന്നു;
ഭാതമായ് സംഭൂതമായ്!

പിന്നെയും കാലത്തേരി-
ന്നുരുളായുരുളുന്നു;
ചിന്മയം നിതാന്തമായ്
ചോദനമരുളുന്നു!

രാപ്പകലുകൾ തീർപ്പ-

തേത് മാന്ത്രികൻ താനാം?
കോപ്പ് കൂട്ടുവതാരീ
ചെന്നിറപ്പുലർവാനം?
======================
29-4-2014
======================   
  
       



Sunday 27 April 2014

wave-2. dr.k.g.balakrishnan kandangath 28-4-2014 Darwin

നോവ്‌ - ഡോ കെ ജി ബാലകൃഷ്ണൻ. 28 -4 -2014
==========================================
ഈ ഇളംകാറ്റിന്
നിറമില്ലെന്ന്
ആർക്കാണറിഞ്ഞുകൂടാത്തത്?

ഒരുപക്ഷെ,
പുലരി,
ഉണർച്ചയുടെനാളം,
ഈ തഴുകലിനു 
ഉയിരേകിയേക്കാം.

കിഴക്ക്,
മലമുകളിൽ നിന്നോ,
ഓർമയുടെ
പച്ചപ്പിൽ നിന്നോ ,
ഇന്നലെയുടെ
ഇക്കിളിയിൽ നിന്നോ,
നീ കണ്‍തുറക്കുന്നത്?

അറിയാതെ,
ഒരു മിഴിയനക്കം;
ഒരു വീർപ്പ്,
ഒരു കുഞ്ഞുകിരണത്തിന്റെ
ഉയിർപ്പ്.

തംബുരുവിനും
തോക്കിനും
തളിരിലയനക്കത്തിനും
വെവ്വേറെ
വിനാഴികപ്പകർച്ച.

സ്വരമേഴും കൂടി
ഒരുക്കും കുടമാറ്റത്തിന്
ഓരോ നേരക്കുനിപ്പും
ദൃക്ക്സാക്ഷി.

വീണ പൂവിനെപ്പറ്റി
പാടിപ്പാടി,
കൊതി തീരാതെ
കവി;
ഇക്കാണ്മതെല്ലാം
നുണയെന്ന്
ആണയിടുന്ന
സന്ന്യാസി;
അല്ല;
ഇതെല്ലാം എന്റെ
ചിറപ്പെന്നോതുന്ന
അഹങ്കാരി-
പാവം!
(അത് പഴമയെ
ഉമ്മ വയ്ക്കുന്ന
പുതുമ)

ഈ ഇളംകാറ്റിന്
നിറമുണ്ട്!
അതേതെന്ന
ഒരേ ഒരു ആംഗ്യം
ഇപ്പൊഴും
എപ്പൊഴും
എന്റെ നോവ്‌;
(പേറ്റ്നോവ്‌).
===================
28-4-2014       

wave-1.dr.kg.balakrishnan kandangath 28-4-2014 Darwin.

ഓളം :ഡോ കെ ജി ബാലകൃഷ്ണൻ  28-4-2014

സ്വപ്നമേ, നീയെൻ പ്രപഞ്ചവിപഞ്ചിയിൽ
അപ്സരയായ് രാഗവർണം പകരുമോ?
നാദലഹരിയായേഴാമറിവിലെ
മോദസുധാരസസൌമ്യം ചുരത്തുമോ?

മൌനമേ, നീയെൻ ചൊടിയി ലുണർത്തുമോ,
സൗമനസ്യത്തിൻ സ്വരലയരഞ്ജനം?
ജീവിതത്തേരിന്നുരുളുകൾ തീർക്കുന്ന
 നോവിൻ കണങ്ങളിൽ നിഴലിടും വ്യഞ്ജനം?