Sunday 24 April 2016

3.
ധരണി
ഡോ കെ ജി ബാലകൃഷ്ണൻ 25-4-2016
amazon author(English,Malayalam)
------------------------------------------------------------

ദൃശ്യപ്രപഞ്ചത്തിൽ
ശ്വാസനിശ്വാസങ്ങൾ
വിസ്മയം തീർക്കുവതെങ്ങോ!

"ഒന്നിൻ തുടിപ്പിൽനി-
ന്നൊന്നായതൊക്കെയു-
മൊന്നിലുണർന്നും ലയിച്ചും

കാണുവാനാകാ നിരന്ത-
നിരൂപമായ്
വാണരുളീടുവതേതോ
നാദതന്മാത്രയായ്;
രാഗതരംഗമായ്;
ഭേദമെഴാ ഭേദ-
സാരമനന്യമായ്;
വ്യാപരിക്കുന്ന
മഹാവിശ്വകോശമായ്
ഭൂതങ്ങളഞ്ചു-
മനുഭൂതിയായ് സ്വർണ-
പേടകത്തിൽ സത്യ-
നിത്യമാം മൌന-
വാചാലം രമിക്കയാം!"

ചൊന്നു *മഹാമുനി;
നിസ്സംശയം ഭാവ-
ഭേദമെന്യേ; സ്വയ-
മാർജിച്ച രാഗ-
വിഭൂതിയിൽച്ചാലിച്ച
ഗാഥാവിശേഷമായ്‌
തന്നു *മഹാകവി;
കണ്ണുമുൾക്കണ്ണും
നിറയുമൊരായിരം
കല്ലോലിനികൾ തൻ
പ്രേമവിവശസല്ലാപങ്ങളായ്
ഗീതഗോവിന്ദമായ് ബാവുൾ
സംഗീതമായ്; ഭക്ത-
*മീരതന്നാത്മ-
രാഗസുഗന്ധമായ്‌;
വൃന്ദാവനത്തിലെ-
മന്ദസമീരണൻ
മന്ദമുരുവിടും
മന്ദ്രധ്വനികളായ്!

ഓരോ നിമേഷവും
പാടുന്ന മന്ത്രമായ്;
ശ്രീരാഗമൂതും
പ്രഭാപൂരമായ്; വിണ്ണി-
ലിന്നും മുഴങ്ങുന്ന
ഗീതോപദേശമായ്‌;
മാലോകർ
കാതോർക്കു-
മോങ്കാരശംഖമായ്!

*അമ്മേ, ധരിത്രി!
നീയല്ലാതെ ജീവന്
ചെമ്മേ ചുരത്തുവ-
താരുതാൻ ജീവനം!

ഈ വിശ്വകോശാന്തരങ്ങളിൽ
ജീവന്റെ
വേവും കിരണവും തേടും മനുഷ്യന്റെ
ഭാവന പോലും നിരാശതൻ നീർച്ചുഴി-
ച്ചാലിൽ നിപതിച്ചു നിത്യമാമൊന്നിന്റെ
സത്യസംവേദനമാസ്വദിക്കുന്നുവോ!
കാലങ്ങളായ്,
ശാസ്ത്രകാരനുമൽഭുതപേടക-
മൊന്നു തുറന്നു കൺകണ്ടു കുളിരണി-
ഞ്ഞിമ്പം നുകരുവാൻ കാംക്ഷിക്കയാം
 വൃഥാ!


2.
പാതി പറഞ്ഞു ഞാൻ
പിന്തിരിയട്ടെ! യെ-
ന്നാധിയുൾവെട്ടത്തി-
ലാദിയുമന്തവു-
മില്ലാപ്പൊരുളില-
ലിഞ്ഞു പൊൻതാരമായ്
വിണ്ണിൽ വിളങ്ങട്ടെ!
ഞനൊന്നുറങ്ങട്ടെ!

അമ്മേ! ധരണി! നിൻ
താരാട്ട് കേട്ടുകേട്ടാമോദ-
പൂർവ്വം;
സമഷ്ടിയിൽ
വ്യഷ്ടിയാ-
മീ ബിന്ദുവാഴട്ടെ!
*"വാഴട്ടെ! വാഴട്ടെ!
നിത്യസുഖം! സുഖം! "
---------------------------------------------

കുറിപ്പ്
--------------
*ഋഷി
*കവി
*ഹിന്ദി കവയിത്രി
*ശാസ്ത്രകാരൻ
*ഗുരു
--------------------------------------------------
ധരണി 25-4-2016
ഡോ കെ ജി ബാലകൃഷ്ണൻ
amazon author(English, Malayalam)
-------------------------------------------------------














  



   

Tuesday 19 April 2016

2.
തിരുവുത്സവം
--------------------------
ഡോ കെ ജി.ബാലകൃഷ്ണൻ
20-4-2016
-------------------------------------------

"ഇനിയുമെന്നുള്ളിലെ-
ത്തിരുവുൽസവത്തിനു
തിരിതെളിയിക്കുവാനായി

*ഗുരുവിന്റെ തിരുമൊഴി-
മുത്തുകൾ തൂവുന്ന
കിരണങ്ങൾ
പുലരിയായ് പൂത്തിറങ്ങും!"

പറയുന്നു
*പുതുകാലവൈഭവം;
അറിവിന്റെ
അറിവായ
തിരുവാണിയിപ്പൊഴും
കിനിയുന്നു;
കനിവായി
നിറയുന്നു ജീവിതം
പുതുമയായ് വിരിയുന്നു;
നിമിഷങ്ങൾ
പരിമളം ചൊരിയുന്നു;
നിറമേഴിൽ രാഗങ്ങൾ
മഴവില്ല് തീർക്കുന്നു;
സാരവിന്യാസമാ-
മാകാശവേദിയി-
*ലോങ്കാരനാദം
മുഴങ്ങുന്നു;
ഉർവിയുമംഭസ്സു-
മഗ്നിയും വായുവു-
മീമഹാവിശ്വവിലാസം
രചിക്കുവാൻ
കോപ്പുകൂട്ടുന്നു.

അലങ്കരിക്കുന്നു;അഴിക്കുന്നു;
പിന്നെയും മാറ്റ് വായ്ക്കുന്നു;
കിഴിക്കുന്നു;
ഗുണിക്കുന്നു;
ഹരിക്കുന്നു;
ചക്രം കറങ്ങുന്നു;
ഋഷിയോ ചിരിക്കുന്നു.

മന്ദഹസിക്കുന്നു
ചിന്താവിലീനനായ്;
എന്തോ മറന്ന പോൽ
അർദ്ധനിമീലിത-
നേത്രനായ്;
*മന്ത്രസൂത്രങ്ങളുരുക്കഴിക്കുന്നു;
ബന്ധവിഹീനനായ്
ധ്യാനനിമഗ്നനായ്
നിത്യസത്യത്തിൻ
മധുവാസ്വദിക്കുന്നു.

2.
അറിവിന്നുറവയാ-
യിപ്പൊഴുമെപ്പൊഴും
നിറയും പ്രകാശമതെന്നു
മഹാഋഷി!

മൌനസംവേദനം
ബ്രഹ്മസൂക്തം;മന്ദ്ര-
മാധുര്യമൂറുന്ന
ചിന്താതരംഗിണി;
ഗംഗയമുനസരസ്വതി
തീർക്കുന്ന
മംഗളമറിവിൻ ത്രിവേണി;

സൗഗന്ധമാം
സത്യസംവാഹകൻ
മന്ദസമീരണൻ
സ്പർശസ്വരൂപിയാം
ജീവസന്ദായകൻ;

ഇക്ഷണം 
മൌനസംഗീതമായുൾക്കാമ്പി-
ലക്ഷരധന്യമായ്;
നിത്യനിദാനമായ്!

3.
ഇനിയുമെന്നുള്ളിലെ-
ത്തിരുവുൽസവത്തിനു
തിരിതെളിയിക്കുവാനായി

ഗുരുവിന്റെ തിരുമൊഴി-
മുത്തുകൾ തൂവുന്ന
കിരണങ്ങൾ
പുലരിയായ് പൂത്തിറങ്ങും!
----------------------------------------------------
കുറിപ്പ്
*ഗുരുദർശനം
*New Age,
ഗുരുവരുൾ ചിരമെന്ന് വ്യംഗ്യം.
*പ്രതിസ്പന്ദം Big Bang സംഭവിക്കുന്നു.
*Science
---------------------------------------------------------------
തിരുവുത്സവം
ഡോ കെ ജി ബാലകൃഷ്ണൻ
20-4-16
-------------------------------------------------------------------





  



















Friday 15 April 2016

1
*കിളി ചിലക്കുന്നു പിന്നെയും

---------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ 16-4-2016
---------------------------------------------------
*പിന്നെയും പിന്നെയും
കിളി ചിലക്കുന്നു:
"ഒരായിരം കഥ
പറയുവാനുണ്ട്;
ഒരായിരം ഗാഥ
ചൊരിയുവാനുണ്ട്;
നിറയുവാനുണ്ട്."

ഋഷി ചിരിക്കുന്നു:
*"നിറവിലെങ്ങനെ
ഒരുനിലാത്തുള്ളി
തുളി തുളിക്കുന്നു?"

"നിറപറയിതെ-
ന്നുര"; - മുനീന്ദ്രന്റെ
മൊഴി മറക്കുന്നു
കാലകാമുകൻ!

കിളി ചിലക്കുന്നു
"നിലവിളക്കിതിൻ
പ്രഭയിൽ മുങ്ങി ഞാൻ
കഥകളും കഥാ-
കഥനമാം സുധാ-
സ്വര-
വിശേഷത്തിൻ
മധുരസാരവു-
മുരുവിടട്ടെയീ
സുഖദമാരുത-
കരവലയമാം
മാതൃ-
ഭുവനസായൂജ്യ-
മനുഭവിക്കട്ടെ!"


കിളി ചിലക്കുന്നു:
"പലവയുള്ളിലെ
പരമമാമേതോ
പറയുവാനാവാ
മധുരപീയൂഷ-
*മറിവ് മാത്രമായ്
ചിരസുനന്ദന-
സ്വരമഖിലവും
പറയുകില്ലെന്ന
തപസുകൃതമായ്
 കുടിയിരിക്കുന്നു;
പാടുവാനായി-
ത്തുയിലുണർത്തുന്നു!"

2.
കിളി ചിലക്കുന്നു
ഗുരു ചിരിക്കുന്നു;
*സ്വരമൊരായിരം
*നിറമുണർത്തുന്നു!

അകലെ മാരീചൻ
കനകമാനായി
ഭുവനപുത്രിയിൽ
ഭ്രമമരീചിയായ്
ഫണമുയർത്തുന്നു;
മദശതങ്ങളിൽ
മുഴുകി മാനസം
രണസമസ്യയിൽ
പുഴകി വീഴുന്നു!

3.
*അരികിൽ മൂവാണ്ടൻ
നിറയെ മാമ്പഴം
(കിളിയെനിക്കായി-
ക്കരുതി വച്ചത്)
നിരനിരെ  സ്വപ്ന-
ധരയിൽ;

നിത്യമായ്
സത്യമെപ്പൊഴും
സ്വർണപേടക-
പ്പൊലിമയിൽ ഗോപ്യ-
മൗനമായ്,
നൂറു
നാവെഴും നാദ-
ബ്രഹ്മമായ് വാഴു-
മഴകിനാനന്ദമല്ലയോ!


4.
കിളി ചിലക്കട്ടെ!
കഥകൾ പാടട്ടെ!
*ഗുരുവിനൂതുവാ-
നൊരു വിശേഷമാ-
മറിവു മാത്രമോങ്കാര-
ശംഖം; പ്രകാശധാരയാം
ചിന്ത; സൌഗന്ധ-
പുഷ്പം;
ഉണ്മയിൽ
കവിത നെയ്യുന്ന
*നിത്യസൗഭഗം!
---------------------------------------
കുറിപ്പ്

*ആവർത്തനം,
 മോഹം, ആസക്തി
*പൂർണം, Law of conservation
of energy
*ഗുരുദർശനം
*നാദബ്രഹ്മം,
Singularity(big bang ഓർക്കുക)
*വർണപ്രപഞ്ചം,
Multiverse
*മുറ്റത്തെ മൂവാണ്ടൻ,
വർത്തമാനം
*ഋഷിപരമ്പര
*സൌന്ദര്യലഹരി
------------------------------------------------------
കിളി ചിലക്കുന്നു പിന്നെയും
16-4-2016
ഡോ കെ ജി ബാലകൃഷ്ണൻ
-----------------------------------------------------------  




























Monday 11 April 2016

*ഗുരുദർശനമെന്ന വാടാമലർ
------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
 9447320801
------------------------------------------------

ഗുരു ദർശനത്തിന്റെ ശാസ്ത്രദീപ്തി ഉദയസൂര്യനെപ്പോലെ  അനുനിമിഷം
തെളിഞ്ഞുകൊണ്ടേയിരിക്കുന്നു ഈ ഇരുപത്തിയൊന്നാം ശതകത്തിലും!
ഏഴ് നിറങ്ങളും ഒരേഒരു കിരണത്തിന്റെ രുചിഭേദങ്ങളെന്ന് മഴവിൽക്കൊടി വിളിച്ചോതുന്നത് ഋഷി മനനം കൊണ്ട് പണ്ടേ അറിഞ്ഞിരുന്നുവെന്നത് ഭാരതത്തിന്റെ പുണ്യമാണല്ലോ.ശാസ്ത്രം അഭിനവയുഗത്തിൽ അത് ശരിവയ്ക്കുകമാത്രമാണ് ചെയ്തത്. അങ്ങനെ spectroscopy എന്ന ശാസ്ത്രശാഖ
ജനനം കൊണ്ടു. പിന്നീടത് പടർന്ന് പന്തലിച്ച്‌ കൊണ്ടേയിരിക്കുന്നു. ജനനാൽ- ത്തന്നെ മഹർഷിയായ ഗുരുവിന് മനനംകൊണ്ട് നിത്യസത്യത്തെ സ്വാംശീകരിക്കുവാനും ആ അറിവെന്ന അറിവ് ലോകത്തിന് പകർന്ന് കൊടുത്ത് ചിന്തയെ തനിത്തങ്കത്തോളം പവിത്രീകരിക്കാനും കഴിഞ്ഞതിൽ അത്ഭുതമില്ല. പൌരാണികകാലത്ത് ശ്രീവ്യാസനും പിന്നീട്‌ ശ്രീശങ്കരനും വരച്ചുവയ്ചതിന് ആധുനികതയുടെ ലാവണ്യം ചാർത്തി ശ്രീനാരായണൻ. അതുതന്നെ ഗുരുദേവൻറെ മഹത്വം.

ഒരേ സമയം മന്ത്രവും കാവ്യവും ശാസ്ത്രവുമാണ് വേദം. ഋഷിവര്യരായ  ശങ്കര-നാരായണന്മാരുടെ ഉക്തികളും ഈ ത്രിത്വമാനംകൊണ്ട്  അലംകരിക്കപ്പെട്ടിരിക്കുന്നു, 19-20 നൂറ്റാണ്ടുകളിൽ അവതരിച്ച ശ്രീനാരായണൻ തികച്ചും ആധുനികനോ ഉത്തരാധുനികൻ തന്നെയോ  ആയിത്തീർന്നതും സ്വാഭാവികം. താൻ സ്വയം തീർത്ത ചിന്തയുടെ ദ്രുതപുഷ്പകമേറി നാളെയുടെ അനന്തതയോളം പറന്നെത്തുവാൻ ഗുരുവിനായി. അതുകൊണ്ടുതന്നെ ആ ദർശനധന്യത വാടാമലരായ സ്വർഗ്ഗകുസുമമായി പരിമളം വീശുന്നു.

ഇക്ഷണം ഗുരു
--------------------------
"കരിയും വേണ്ട കരിമരുന്നും വേണ്ട" എന്ന ഗുരുവാക്യം(1910 കോഴിക്കോട് വച്ച് അനുയായികളോട് ക്ഷേത്രപ്രതിഷ്ഠയുടെ വേളയിൽ അരുളിച്ചെയ്തത്)
ഈ പരവൂർ കമ്പത്തിന്റെ പ്രകമ്പനം ഭാരതത്തെതന്നെ കൊടും സങ്കടത്തിൽ ആഴ്ത്തുമ്പോൾ പ്രസക്തമാകുന്നതും അതുകൊണ്ട് തന്നെ.
ആൾ നാശത്തിനും സ്വത്ത്‌നാശത്തിനും പരിസ്ഥിതിമലിനീകരണത്തിനും
പര്രവൂർ ദുരന്തം ഹേതുവായി. ഒരു ഭീകരാക്രമണം നടന്ന പ്രതീതി.

ഓരോ ഗുരുവുരയും ഇപ്രകാരം ഇക്ഷണപ്രസക്തമത്രെ!
"ലോകാ സമസ്താ സുഖിനോ ഭവന്തു" എന്ന ഭാരതത്തിന്റെ പ്രസിദ്ധമായ
ഉദ്ബോധനം നാം തന്നെ പ്രവർത്തികമാക്കിയിരുന്നെങ്കിൽ!

drbalakrishnankg@gmail.com
9447320801
12-4-2016  

                   

    



Sunday 3 April 2016

           സ്വരബിന്ദു(കാവ്യം)
----------------------------------------
 ചൂണ്ടുവിരൽ 
---------------------------- 
     ഭാരതീയകവിതയുടെയും 
ചിന്തയുടെയും ദർശനത്തിന്റെയും  
ഇരുപത്തൊന്നാം ശതകത്തിലെ 
ഇക്ഷണമാനങ്ങൾ   
സംഗീതസാന്ദ്രമായ ഭാഷയിൽ 
 ഉത്തര-ഉത്തര-ആധുനികതയോട് 
സംവദിക്കുന്ന 49 കവിതകളിൽ 
പിറവികൊണ്ട കാവ്യമത്രെ 
"സ്വരബിന്ദു". 

     പുതുമയുടെ ചേലും മണവും  ശാസ്ത്രീയതയും 
പഴമയുടെ ആഴവും നേരും നെറിയും 
ഒരേ ഒരൊന്നിൽ 
സമ്മിളിതമാകുന്ന സൌന്ദര്യലഹരി!

     49 സ്വതന്ത്രകവിതകൾ 7 കവിതകൾ വീതമുള്ള 7 ഭാഗങ്ങളിൽ വിന്യസിച്ചിരിക്കുന്നു. സപ്തസ്വരങ്ങളിൽ വിരിഞ്ഞ് എണ്ണിയാലൊടുങ്ങാതെ  രാഗങ്ങൾ സുഗന്ധം പരത്തുന്നു.
സംഗീതം ഏഴാമിന്ദ്രിയത്തിൽ സ്വരബിന്ദുരൂപിയായി കുടികൊള്ളുന്നു. കാവ്യകല ഏ ഴാമിന്ദ്രിയമാണെന്ന് വീണപൂവിന്റെ മഹാകവി ആണയിടുന്നുണ്ടല്ലോ! എല്ലാ കലകളും 
ഏഴാമിന്ദ്രിയമെന്ന ഉണ്മയിൽ,ചൈതന്യത്തിൽ പ്രഭ ചൊരിയുന്ന അലൗകികമായ ആ "അത്" തന്നെയെന്ന് എണ്ണമറ്റ പൂർവസൂരികൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടല്ലോ! ഇപ്പോഴും ഋഷിതുല്യരായ മഹാമനീഷികൾ ഈ സത്യം ഉരുവിട്ടുകൊണ്ടേയിരിക്കുന്നു.

     ഭാരതീയഋഷി യുഗങ്ങൾക്കു മുൻപേ അപൌരുഷേയമായ ഈ ജ്ഞാനം വേദമന്ത്രങ്ങളിലൂടെ തലമുറകൾക്ക് ഈടുവെപ്പായി നൽകിയിട്ടുണ്ടല്ലോ! ആധുനികപാശ്ചാത്യപൺഡിതരും ഈ "അറിവിനെ" ആശ്ലേഷിച്ചിട്ടുണ്ടല്ലോ! ആധുനികശാസ്ത്രചിന്തയും ഈ വിജ്ഞാനസമന്വയത്തെ 
സ്വാഗതം ചെയ്യുന്നു. അത് തന്നെ ഈ പൌരാണികസംസ്‌കൃതിയുടെ ഉത്തുംഗത!

സ്വരബിന്ദു എന്ന കാവ്യം 
------------------- 
    "സ്വരബിന്ദു" എന്ന ഈ കാവ്യം രചിക്കുമ്പോൾ എന്റെ മനസ്സിൽ വർഷങ്ങളായി ജ്യോതി 
പരത്തിവരുന്ന ഈ തിരിച്ചറിവ് തന്നെയാണ്  ചിന്തയ്ക്കും ചിന്താഗതിക്കും ഊർജ്ജം
പകർന്ന് തന്നിരുന്നത്.ബാല്യത്തിൽ സംസ്‌കൃതഭാഷയുമായി ചങ്ങാത്തം തുടങ്ങിയപ്പോഴെ 
ഈ ഉൾക്കാഴ്ച എന്നിൽ വേരൂന്നിയിരുന്നുവല്ലോ എന്ന് ഞാൻ അത്ഭുതം കൂറുന്നു. പിന്നീട് സയൻസും മെഡിക്കൽ സയൻസും എന്റെ ധിഷണയിൽ ഈ ആശയത്തിനു തെളിച്ചമേറ്റി.
എഴുതി എഴുതി മതിവരാഞ്ഞ് എന്നിലെ സ്വരബിന്ദുവിൽനിന്ന് "സ്വരബിന്ദു" എന്ന കാവ്യം 
മിഴി തുറന്നു.

 ഏപ്രിൽ,2016                                                                                       
- ഡോ കെ ജി ബാലകൃഷ്ണൻ 
കണ്ടങ്ങത്ത്,
കാട്ടൂർ 680702, 
കേരളം- ഇന്ത്യ.















         

  

      

                    

   

Saturday 2 April 2016

dr.k.g.balakrishnan/swarabindu/kavyam/international US edition
Malayalam Poetry April 2016 

സ്വരബിന്ദു(കാവ്യം) 

ഭാരതീയകവിതയുടെയും 
ചിന്തയുടെയും ദർശനത്തിന്റെയും  
ഇരുപത്തൊന്നാം ശതകത്തിലെ 
ഇക്ഷണമാനങ്ങൾ   
സംഗീതസാന്ദ്രമായ ഭാഷയിൽ 
 ഉത്തര-ഉത്തര-ആധുനികതയോട് 
സംവദിക്കുന്ന 49 കവിതകളിൽ 
പിറവികൊണ്ട കാവ്യമത്രെ 
"സ്വരബിന്ദു". 

പുതുമയുടെ ചേലും ചൂരും ശാസ്ത്രീയതയും 
പഴമയുടെ ആഴവും നേരും നെറിയും 
ഒരേ ഒരൊന്നിൽ 
സമ്മിളിതമാകുന്ന സൌന്ദര്യലഹരി!

 "അഗ്നിഗീത"ത്തിന്റെയും 
"ദി വൈ"- 
("The Why" English Poems- Create Space Amazon Books USA 
പ്രസിദ്ധീകരണം 2015) 
 യുടെയും കവി 
ഡോ. കെ .ജി. ബാലകൃഷ്ണനിൽ നിന്ന്. 
യു എസ എ യിലെ പോയട്രി.കോം "Distinguished Poet Pin Award",
 "Topmost Poet(All time)" recognition 
എന്നീ പുരസ്കാരങ്ങൾ നല്കി ആദരിച്ചിട്ടുള്ള 
ഭാരതീയ(ഇംഗ്ലിഷ്, മലയാളം ) കവിയുടെ 
ഏറ്റവും പുതിയ കാവ്യം.

 Creative Space, Amazon Books USA പ്രസിദ്ധീകരണം.
Printed in USA./ Shipped from USA/ available worldwide.

Friday 1 April 2016

ഉൾക്കാഴ്ച
------------------------
സ്വരബിന്ദു(കാവ്യം)
-----------------------------------
ഭാഗം 1.
1.സ്വരം 1.
2.രാഗം
3.താനം
4.പല്ലവി
5.അനുപല്ലവി
6.ചരണം
7.ചലനം

ഭാഗം 2.
1.പുലരി
2.പകൽ
3.കിരണം
4.ഉള്ളം
5.ആറ്
6.വചനം
7.മേഘം

ഭാഗം 3.
1.നിറവ്‌
2.സ്വരം 2.
3.ഏഴ്
4.മഴ
5.വെയിൽ 1.
6.ഒന്ന്
7.ശ്വാസം

ഭാഗം 4.
1.മിഴിവ്
2.സാരം
3.രശ്മി
4.പ്രകാശം
5.നിറം
6.സുഗന്ധം
7.വീർപ്പ്‌

ഭാഗം 5.
1.ഭൂമി
2.ജലം
3.ജീവവായു
4.തിരുമിഴി
5.ആകാശം
6.അറിവ്
7.സാഗരം

ഭാഗം 6.
1.അക്ഷരം
2.അക്ഷം
3.അക്ഷജം
4.അഭിജ്ഞാനം
5.അഭിധാനം
6.അമരം
7.അഗ്നി

ഭാഗം 7.
1.എഴാംമാളിക
2.മാർത്താൺഡൻ
3.ഭാസ്കരൻ
4.വെയിൽ2.
5.അക്ഷയപാത്രം
6.ആത്മഗീതം
7.സ്വരബിന്ദു