Friday 28 October 2016


ഡോ കെ ജി ബാലകൃഷ്ണൻ
കണ്ടങ്ങത്ത്, കാട്ടൂർ
തൃശൂർ 680702

മാതൃഭൂമി
മിഷൻ മെഡിക്കൽ കോളേജ്
കോഴിക്കോട് 673001

സർ,
മാതൃഭൂമിയുടെ ഈ മഹത്തായ സംരംഭത്തിൽ ഞാനും പങ്ക് ചേരുന്നു.
25000 (ഇരുപത്തയ്യായിരം) കയുടെ ചെക്ക് അങ്ങേക്ക് സമർപ്പിക്കുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ഒരു പുത്രനെന്ന (1964 8th ബാച്ച് ) നിലയിലും മാതൃഭൂമി  ആഴ്ചപ്പതിപ്പ് വായിച്ചു  വളർന്ന ഒരു തലമുറയിലെ എഴുപത്തിരണ്ടുകാരനായ കവിയെന്ന നിലയിലും എനിക്കതിൽ അഭിമാനമുണ്ട്.

എന്റെ പഠനകാലത്തും ശേഷവും മാതൃഭൂമി എനിക്ക് തരുന്ന തന്നുപോരുന്ന  (എഴുത്തുകാരനെന്ന നിലയിൽ) പരിഗണന ഞാൻ സ്നേഹപൂർവ്വം ഓർക്കുന്നു.

നീൽ ആംസ്ട്രോങ് ചന്ദ്രനിൽ പദമൂന്നിയ ആഴ്ചയിലെ ലക്കത്തിൽ എന്റെ
"സ്വാഗതം! സ്വാഗതം!" എന്ന കവിത മുഖകവിതയായി പ്രസിദ്ധീകരിച്ചത് ഇന്നും എന്റെ എഴുത്തു വഴിയിൽ പച്ചപിടിച്ചു നില്കുന്നു.

മാതൃഭൂമിയുടെ ഈ ദൗത്യത്തിന് എല്ലാ മംഗളങ്ങളും നേരുന്നു.

സ്നേഹപൂർവ്വം,
കവി ഡോ കെ ജി ബാലകൃഷ്ണൻ
9447320801
drbalakrishnankg@gmail.com
for details please Google
dr.k.g.balakrishnan poet
-----------------------------------------------------

  

Sunday 23 October 2016

കവിതയും ശാസ്ത്രവും ഗുരുദേവനും
-----------------------------------------------------------------
പ്രൊഫ. എം.കെ.സാനു
------------------------------------------------------------------
കവിതയും ശാസ്ത്രവും വിരുദ്ധസ്വഭാവമുള്ളതാണെന്ന്
സാഹിത്യചിന്തകന്മാർ അഭിപ്രായപ്പെടുന്നു. എങ്കിലും ശാസ്ത്ര തത്വങ്ങൾക്ക്
കവിതയിൽ സ്ഥാനം കിട്ടാതിരിക്കുന്നില്ല. കാവ്യസൗന്ദര്യത്തിന്റെ ഭാഗമായി ശാസ്ത്രതത്വങ്ങൾ അലിഞ്ഞു ചേരുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.

എന്നാൽ ആവിർഭവിക്കാൻ പോകുന്ന ശാസ്ത്രസിദ്ധാന്തങ്ങൾപോലും
കവിതയിലൂടെ ആവിഷ്‌കൃതമാകുന്നു എന്നത് അസാധാരണമായ ഒരു
പ്രതിഭാസമാണ്. ആ പ്രതിഭാസമാണ് ശ്രീനാരായണഗുരുദേവന്റ കവിത
കാഴ്ച വയ്ക്കുന്നത്. ആധുനികമായ ക്വാണ്ടം സിദ്ധാന്തംവരെ തൃപ്പാദങ്ങളുടെ കവിതയിൽ സ്ഥാനം നേടിയിരിക്കുന്നു. ത്രികാലജ്ഞനായ യോഗിയും
അനുഗ്രഹീതനായ കവിയും ആ വ്യക്തിത്വത്തിൽ സമ്മേളിക്കുന്നതു- കൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നത്.

കവിയും ശാസ്ത്ര പണ്ഡിതനുമായ ഡോ .കെ.ജി.ബാലകൃഷ്ണൻ  ഈ  കാവ്യ  സ്വഭാവം പഠിക്കുന്നതിനും വിശദമാക്കുന്നതിനുമാണ് ഈ ഗ്രന്ഥത്തിൽ തുനിഞ്ഞിട്ടുള്ളത്. ഗുരുദേവകവിതയുടെ  ശാസ്ത്രീയമാനം മനസ്സിലാക്കുന്നതിന് ഈ ഗ്രന്ഥം നല്ലവണ്ണം ഉപകരിക്കുന്നു. പഠനവും ചിന്തയും പ്രതിപാദന വൈഭവവും ഒരുമിച്ചുചേരുന്ന ഈ ഗ്രന്ഥം അനുവാചകരെ വ്യത്യസ്തമായ ആസ്വാദനാനുഭൂതി നല്കി അനുഗ്രഹിക്കുമെന്നാണ് എന്റെ വിശ്വാസം.

ഡോ. കെ.ജി.ബാലകൃഷ്ണന് ആശംസകൾ നേർന്നുകൊണ്ട്,
എം. കെ. സാനു.

കൊച്ചി, 23-1-2014
          
   

Thursday 13 October 2016


13/10/2016
---------------------- 
കിളിക്ക് 
ഹർത്താലില്ല 
------------------------------- 
ഡോ കെ ജി ബാലകൃഷ്ണൻ 
------------------------------------------ 

കിളി ചിലയ്ക്കുന്നു പിന്നെയും 
പുലരിയിൽ 
അളി മൂളി മരന്ദമുണ്ണുന്നു;
കവിതയിൽ 
കളിയാടുന്നു സുഗന്ധവാഹിയാ-
മനിലൻ;
കിളി ചിലയ്ക്കുന്നു;
കേൾപ്പിതാ 
കളകളം; പ്രേമധാരയായ്; ദൂരെ 
വേണുഗോപാലഗായനം!

കിളി
അറിഞ്ഞുവോ
ആവോ;
അറിയില്ല;
അറിയുവാനിടയില്ല;
കാരണം
കിളിയുടെ
അജണ്ടയിൽ
ഹർത്താലെന്ന
"മധുര"പദമില്ല;
കിളിയുടെ ചുണ്ടിണയി-
ളൊരുമയുടെയുണർത്തുപാ-
ട്ടീണം; പതിവുപോലെ-
യതുതുടരും മിഴിയടയുവോളം!

കിളിയിനി പറന്നുപോകു-
മെവിടെയോ;
ജീവിത-
മൊഴുകു-
മിടവഴികൾ തേടി;
തിരികെവരുമന്തിയി-
ലരുമയുടെ കാവലാ-
മിണയുമൊരുമിച്ചിര-
നുണയുവാൻ; കാതലിൻ
വിരലുകൾ തരും മധു-
വുണ്ണുവാൻ;
പുഴയുടെയൊഴുക്ക്
തുടരുന്നിതേ.

ഇവിടെ ഞാൻ
മടിപിടിച്ചിരിക്കുന്നു;
ഇന്ന് ഹർത്താലാണ്!
--------------------------------------------------
13-10-2016
-----------------------------------------------------

    









Sunday 9 October 2016

10 /10/2016
----------------------------------
*യമകണ്ടകം
----------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------------

വേഷങ്ങൾ
വേഷവിധാനങ്ങൾ തീർക്കുന്നു
രാപ്പകലെന്നിയെ
കോപ്പുകൂട്ടുന്നു;
കഥകളിയാടുന്നു;
കഥ യമകണ്ടകം.

പച്ചയിലുച്ചവെയിലാട്ടം;
സ്വച്ഛം
സച്ചിദാനന്ദസ്വരൂപം;
ശിവതാണ്ഡവം;
സർവകലാവല്ലഭം ഭാവം.

അരുവിയുടെ കളകളം;
അവിടെയണകെട്ടി-
കുളിരുണരുമുണ്മയിൽ
പകരുന്നു കാകോളം
യമകണ്ടകം.

അശുഭമുഹൂർത്തമിത്;
കലികാലം;
നിമിഷമിത് വിഷമയം;
ക്ഷിതിയുടെ ഗതി
അതിനിഗൂഡം;
മദഭരിതം
മാനവമാനസം.

 2
തീയാളുന്നു;
പടരുമത്  നിശ്ചയം;
തീഗോളമായ്;
അലയുമതന്തരീക്ഷത്തിൽ;
ധൂളിയായ്
അറിയുമെന്നാകിലും;
കാലമായ്
നിരന്തരമൊഴുകും
ചിരകാലം;
നിരർത്ഥകം നൂനം;
യമകണ്ടകം.


കുറിപ്പ്
------------------------
*ഇതൊരു ശാസ്ത്രകവിതയാകുന്നു.
അനശ്വരമായ അനന്തമായ കാലം
ചിരമത്രെ!
--------------------------------------------------------------
15, ഭാ. ഗീ ഭാഗം 2.
--------------------------------------------------------------










Friday 7 October 2016


വിശ്വാസം
----------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-----------------------------------------------------
8 - 10 - 2016
-----------------------------------------------------


നെഞ്ചിൽ കൈ വെച്ചുപറയാമോ
കാറ്റേ!
നീയെന്റെയിലകളും
പൂക്കളും തല്ലി കൊഴിക്കില്ലെന്ന്?

എന്നെ
എന്റെ വംശത്തെത്തന്നെ
കടപുഴക്കില്ലെന്ന്?

കാറ്റേ!
നീ തന്നെയല്ലേ
കൊടും കാറ്റും
ഇളം കാറ്റും?

തെക്കൻ കാറ്റും
വടക്കനും
വടക്കുപടിഞ്ഞാറനും
കിഴക്കനും?

നീ തന്നെ നിറവും
നിറഭേദവും
നിറമെഴായ്മയും?

കുളിരും മഴയും വെയിലും
വെളിച്ചവും
പൂമണവും
നീ തന്നെ.

 ചുഴലിയും പേമാരിയും;
നൊമ്പരവും.

2.
കാറ്റേ!
നീ കാലമാകുന്നു;
നീയൊഴുകുന്നു.
നീ നിറതോക്കൊഴിക്കും;
നീ പൂമാരി ചൊരിയും!

3.
എന്റെ വിവാസം
എന്നെ രക്ഷിക്കട്ടെ!
-----------------------------------------------
12
8-10-2016