Friday 16 October 2015

സ്വരബിന്ദു- ഭാഗം-2
---------------------------------
3. കിരണം
---------------------------------
നിറം നിറഞ്ഞൊരീ
നിറവു താനല്ലോ
സ്വരം; സുനന്ദനം
പരം; ചിരം; സ്ഥിരം!

മധുരമന്ത്രണം;
നിരാമയം; രാഗ-
സുധാരസം സോമം;
പ്രഭാനിമജ്ജിതം!

ഒരേയൊരു കരു;
സ്വരം സുസൂക്ഷ്മമാം
നിരന്തരമായി-
നിറഞ്ഞൊഴുകുന്നു!

അതിൻ നിറം സ്വര-
സുഗന്ധമായെഴും
മതിയിൽ മാധുരി
പകർന്നു പാടുന്നു!

ചിരപുരാതനം
കഥ യിതെന്നുള്ളിൽ
സ്വരാക്ഷരങ്ങളായ്-
പ്പരിണമിക്കുന്നു!

ഒരു കിരണമായ്
ഒഴുകിയെത്തുന്നു;
നറുനിലാവായി-
ത്തഴുകിയോലുന്നു!

കളകളം പാടി
കരളുണർത്തുന്നു;
പുതുമായായകം
കുളിരണിയുന്നു!

പഴമയും പാതി
കഴിഞ്ഞ പാതയും
ഒഴിഞ്ഞ പാത്രവും
നിഴലുമില്ല പോൽ!

നിറവു മാത്രമീ
നിറം സനാതനം;
സ്വരകണംനിത്യം;
ശ്രവണമാധുരം!

നവം നവം നീല-
ഗഗനമാം
അകം പൊരുൾ-
*അറിവാകും
പ്രപഞ്ചമാധവം!

ഒരു കിരണമായു-
ണർന്നിരിക്കുന്നു;
*ഒരായിരമായി
നിര നിരക്കുന്നു!

 ജലാശയങ്ങളായ്;
മരുപ്രദേശമായ്;
സരളമായ് ഘോര-
വനാന്തരങ്ങളായ്;
ഹിമാലയങ്ങളായ്;
 മഹാനദങ്ങളായ്;
സകലമായ് നാദ-
സ്വരൂപധാരയായ്!
====================== 

കുറിപ്പ്
-------------- 
*നാരായണഗുരുദേവൻ
*അനന്തം (infinite)
---------------------------------------- 
 


 

 



Wednesday 14 October 2015

സ്വരബിന്ദു : ഭാഗം-2
---------------------------------
2- പകൽ
-----------------------------------

പകൽ പോൽ സുവ്യക്തമീ-
നിറസായൂജ്യം;വാനിൽ
നിറയെ വെളിച്ചത്തിൻ
തിരുസംഗീതം ഭവ്യം!

അകലെ യേതോ കാട്ടു-
ചോല തൻ കളകളം;
സ്വഗതം; സുഗന്ധമായ്‌
മന്ദമാരുതൻ; ദൂതൻ!

പകലേ കാണാനാവൂ-
മധുരം ദിവാസ്വപ്നം;
പകലേ പകലവൻ
പകരൂ പ്രഭാപൂരം!

അറിവിന്നനന്തമാം
ആനന്ദക്കടൽ നീന്തി
വിരിവിൻ വിതാനങ്ങൾ
നുണയാൻ മിഴിക്കാവൂ!

നീലമാം നിറമായും
കാലമാം സ്വരമായും
ജാലമാം രാഗം-താനം-
പല്ലവിത്രയമായും!

വേണുവിൻ നിനദമായ്
വീണതൻ ക്വാണം ദിവ്യം;
സ്ഥാണുവിന്നമരത്വം;
പരമം പദന്യാസം!

നാളെയെത്തേടാനാവൂ;
താമരപ്പൂവിന്നാവൂ
വിടരാൻ- ഉൾപ്പൂവിനോ
നേരിനെപ്പുണരുവാൻ!

"അതുതാൻ ജ്യോതിസ്സെ"ന്ന്
ചൊന്നു പോൽ *ഗുരുദേവൻ;
അതുതാനഹസ്സെന്നെൻ
കരണം മന്ത്രിക്കുന്നു!

മധുരം മധുരമീ-
യണയാ വിളക്കെന്നും
സുഖദം ചിലമ്പൊലി-
പകലിൻ നിലാവൊളി!
----------------------------------------
* നാരായണഗുരുദേവൻ

ഡോ കെ ജി ബാലകൃഷ്ണൻ
9447320801- 14-10-2015
------------------------------------------------ 
 





   


    




Tuesday 6 October 2015


പ്രശസ്ത കവി ഡോ കെ ജി ബാലകൃഷ്ണന്റെ ആഗോളതലത്തിൽ വായിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഇംഗ്ലീഷ് കാവ്യസമാഹാരം (ആമസോണ്‍ ബുക്സ് യു എസ് എ ) "ദ വൈ"(The Why) ക്ക് രണ്ടാം പതിപ്പ് ഇറങ്ങി. ലോകമെ മ്പാടും ലഭ്യമാണ്.
അഞ്ഞൂറിൽ പരം കവിതകൾ. എഴുന്നൂറിൽ പരം പേജുകൾ. പ്രസിദ്ധ നോവലിസ്റ്റ്‌ സി രാധാകൃഷ്ണന്റെ അവതാരിക. പ്രശസ്ത കവി കെ ജി ശ ങ്കരപി ള്ള യുടെ ആസ്വാദനം. കൂടാതെ ഇന്ത്യ, അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ വായനക്കാരുടെ കമന്റുകൾ.
മലയാളികൾക്കും ഭാരതീയർക്കും അഭിമാനിക്കാവുന്ന പുസ്തകം.
ഭാരതീയ ചിന്തയും ആധുനിക ശാസ്ത്രവും സന്വയിക്കപ്പെടുന്ന ഇതിവൃത്തം.മലയാളത്തിന്റെ
ഡോക്ടർ-കവിയുടെ
ജീവിതപുണ്യം.
അമ്പത് വർഷത്തെ തപസ്യയുടെ സദ്ഫലമാണിതെന്ന് കവി പറയുന്നു.
ശബ്ദഭംഗിയും ആശയവും സംഗീതവും വഴിഞ്ഞൊഴുകുന്ന നൂതന ആംഗലേയ ശൈലി.  

Friday 2 October 2015

കാവ്യം
-------------------
സ്വരബിന്ദു - ഭാഗം - 2
---------------------------------
ഒന്ന്
---------------------------------
പുലരി
----------------------------------
ആരേ വരുന്നത്!
നീരദപാളിയിൽ
നീരവമാരേ
വിളക്ക് വച്ചു!

ചാരേ 
ഒരായിരം വർണവിതാനങ്ങൾ
ആരേ
വിരചിച്ചു സാരചിത്രം!

ഈ നെയ് വിളക്കിൻ
വെളിച്ചം വിതറുന്ന
തേനൊളിയിന്നായ്‌
മിഴി തുറന്നു!

നാളെയായ് നാളയുടെ
നാളെയായ് നീളുന്നു
കാലം കവിതയാം
ജാലമായി!

ഓരോ നിമേഷവും
പൂവായുണരവേ
നേരായി നേരം 
നിര നിരന്നു!

നേരം പുലരുന്നു;
ഉള്ളം വിടരുന്നു;
നേരിനായ് നേരം
തിറ മെനഞ്ഞു.

അന്തിയോരോന്നിനും
 പുലരിയൊരെണ്ണമെ-
ന്നാരേയൊരക്ഷരം
കോറിയിട്ടു!
ഇന്നിന്റെ മാറിലും
നാളെയുടെ ചേലിലും
കണ്ണിനും  കാതിനു -
മീണമിട്ടു!

ആയിരം താമര
താരാനിരകളായ്
നീരിൽ നീരാട്ടിനായ്
തേരിറങ്ങി!

ആരിയം പാടത്ത്
കന്നിക്കതിർക്കുല
നേരിന് നേരായ-
യണി നിരന്നു!

പാരിലും വാനിലും
നീലനിലാവൊലി
കൂരിരുൾ പാടേ
തുടച്ചുനീക്കി-
തൂമലരമ്പെന്റെ
ലീലാവിലാസമായ്
ഭാതമേ! ഗീതമായ്
നീ മിഴിഞ്ഞു!

രാവ് നിരാലംബ-
മേതോ കിനാവായി
ദേവലോകത്തിൽ
വിരുന്നു പോയി!

പാടും പറവയും
വെള്ളിവെളിച്ചമായ്‌
നാടും നഗരവും
പാതിരാത്തിങ്കളും
കൂടും വെടിഞ്ഞു
പറന്നു പോയി!

നാളെയെത്തേടും
നിനവിൽ നിന്നെത്തുന്നു
നീലക്കുറിഞ്ഞിയായ്
പൂമ്പുലരി!

തേനായി മാമ്പൂവിൽ;
മാനായി മയിലായി;
പാണനാർ പാടുന്ന
പാട്ടിന്റെ ശീലായി;
പൈങ്കിളിപ്പെണ്ണിന്റെ
ചുണ്ടിന്റെ ചോപ്പായി;
കണ്ണിൻ കറുപ്പായി;
മെയ്യിൻ മിനുപ്പായി!

ഞാനായി നീയായി
നീയെന്ന ഞാനായി
ഞാനെന്ന നീയായി-
നമ്മളായി!

ഉള്ളിന്റെ യുള്ളിലെ
നീലക്കടമ്പിലെ-
ക്കണ്ണനാം 
കാർവർണ്ണനുണ്ണിയായി!

2.
രാവും പകലു-
മൊരേ ബിന്ദു
മെനയുന്ന
നിറമാലയാം
സ്വരസാന്ദ്രമീ
നിത്യത!

.പാടട്ടെ പാടട്ടെ
പാതിരാക്കാറ്റിന്റെ
പാടിപ്പതിഞ്ഞൊരി-
പ്പാട്ട് ഞാനും!
-------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
13-10-2015 - 9447320801
--------------------------------------------