Friday 16 October 2015

സ്വരബിന്ദു- ഭാഗം-2
---------------------------------
3. കിരണം
---------------------------------
നിറം നിറഞ്ഞൊരീ
നിറവു താനല്ലോ
സ്വരം; സുനന്ദനം
പരം; ചിരം; സ്ഥിരം!

മധുരമന്ത്രണം;
നിരാമയം; രാഗ-
സുധാരസം സോമം;
പ്രഭാനിമജ്ജിതം!

ഒരേയൊരു കരു;
സ്വരം സുസൂക്ഷ്മമാം
നിരന്തരമായി-
നിറഞ്ഞൊഴുകുന്നു!

അതിൻ നിറം സ്വര-
സുഗന്ധമായെഴും
മതിയിൽ മാധുരി
പകർന്നു പാടുന്നു!

ചിരപുരാതനം
കഥ യിതെന്നുള്ളിൽ
സ്വരാക്ഷരങ്ങളായ്-
പ്പരിണമിക്കുന്നു!

ഒരു കിരണമായ്
ഒഴുകിയെത്തുന്നു;
നറുനിലാവായി-
ത്തഴുകിയോലുന്നു!

കളകളം പാടി
കരളുണർത്തുന്നു;
പുതുമായായകം
കുളിരണിയുന്നു!

പഴമയും പാതി
കഴിഞ്ഞ പാതയും
ഒഴിഞ്ഞ പാത്രവും
നിഴലുമില്ല പോൽ!

നിറവു മാത്രമീ
നിറം സനാതനം;
സ്വരകണംനിത്യം;
ശ്രവണമാധുരം!

നവം നവം നീല-
ഗഗനമാം
അകം പൊരുൾ-
*അറിവാകും
പ്രപഞ്ചമാധവം!

ഒരു കിരണമായു-
ണർന്നിരിക്കുന്നു;
*ഒരായിരമായി
നിര നിരക്കുന്നു!

 ജലാശയങ്ങളായ്;
മരുപ്രദേശമായ്;
സരളമായ് ഘോര-
വനാന്തരങ്ങളായ്;
ഹിമാലയങ്ങളായ്;
 മഹാനദങ്ങളായ്;
സകലമായ് നാദ-
സ്വരൂപധാരയായ്!
====================== 

കുറിപ്പ്
-------------- 
*നാരായണഗുരുദേവൻ
*അനന്തം (infinite)
---------------------------------------- 
 


 

 



Wednesday 14 October 2015

സ്വരബിന്ദു : ഭാഗം-2
---------------------------------
2- പകൽ
-----------------------------------

പകൽ പോൽ സുവ്യക്തമീ-
നിറസായൂജ്യം;വാനിൽ
നിറയെ വെളിച്ചത്തിൻ
തിരുസംഗീതം ഭവ്യം!

അകലെ യേതോ കാട്ടു-
ചോല തൻ കളകളം;
സ്വഗതം; സുഗന്ധമായ്‌
മന്ദമാരുതൻ; ദൂതൻ!

പകലേ കാണാനാവൂ-
മധുരം ദിവാസ്വപ്നം;
പകലേ പകലവൻ
പകരൂ പ്രഭാപൂരം!

അറിവിന്നനന്തമാം
ആനന്ദക്കടൽ നീന്തി
വിരിവിൻ വിതാനങ്ങൾ
നുണയാൻ മിഴിക്കാവൂ!

നീലമാം നിറമായും
കാലമാം സ്വരമായും
ജാലമാം രാഗം-താനം-
പല്ലവിത്രയമായും!

വേണുവിൻ നിനദമായ്
വീണതൻ ക്വാണം ദിവ്യം;
സ്ഥാണുവിന്നമരത്വം;
പരമം പദന്യാസം!

നാളെയെത്തേടാനാവൂ;
താമരപ്പൂവിന്നാവൂ
വിടരാൻ- ഉൾപ്പൂവിനോ
നേരിനെപ്പുണരുവാൻ!

"അതുതാൻ ജ്യോതിസ്സെ"ന്ന്
ചൊന്നു പോൽ *ഗുരുദേവൻ;
അതുതാനഹസ്സെന്നെൻ
കരണം മന്ത്രിക്കുന്നു!

മധുരം മധുരമീ-
യണയാ വിളക്കെന്നും
സുഖദം ചിലമ്പൊലി-
പകലിൻ നിലാവൊളി!
----------------------------------------
* നാരായണഗുരുദേവൻ

ഡോ കെ ജി ബാലകൃഷ്ണൻ
9447320801- 14-10-2015
------------------------------------------------ 
 





   


    




Tuesday 6 October 2015


പ്രശസ്ത കവി ഡോ കെ ജി ബാലകൃഷ്ണന്റെ ആഗോളതലത്തിൽ വായിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഇംഗ്ലീഷ് കാവ്യസമാഹാരം (ആമസോണ്‍ ബുക്സ് യു എസ് എ ) "ദ വൈ"(The Why) ക്ക് രണ്ടാം പതിപ്പ് ഇറങ്ങി. ലോകമെ മ്പാടും ലഭ്യമാണ്.
അഞ്ഞൂറിൽ പരം കവിതകൾ. എഴുന്നൂറിൽ പരം പേജുകൾ. പ്രസിദ്ധ നോവലിസ്റ്റ്‌ സി രാധാകൃഷ്ണന്റെ അവതാരിക. പ്രശസ്ത കവി കെ ജി ശ ങ്കരപി ള്ള യുടെ ആസ്വാദനം. കൂടാതെ ഇന്ത്യ, അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ വായനക്കാരുടെ കമന്റുകൾ.
മലയാളികൾക്കും ഭാരതീയർക്കും അഭിമാനിക്കാവുന്ന പുസ്തകം.
ഭാരതീയ ചിന്തയും ആധുനിക ശാസ്ത്രവും സന്വയിക്കപ്പെടുന്ന ഇതിവൃത്തം.മലയാളത്തിന്റെ
ഡോക്ടർ-കവിയുടെ
ജീവിതപുണ്യം.
അമ്പത് വർഷത്തെ തപസ്യയുടെ സദ്ഫലമാണിതെന്ന് കവി പറയുന്നു.
ശബ്ദഭംഗിയും ആശയവും സംഗീതവും വഴിഞ്ഞൊഴുകുന്ന നൂതന ആംഗലേയ ശൈലി.  

Friday 2 October 2015

കാവ്യം
-------------------
സ്വരബിന്ദു - ഭാഗം - 2
---------------------------------
ഒന്ന്
---------------------------------
പുലരി
----------------------------------
ആരേ വരുന്നത്!
നീരദപാളിയിൽ
നീരവമാരേ
വിളക്ക് വച്ചു!

ചാരേ 
ഒരായിരം വർണവിതാനങ്ങൾ
ആരേ
വിരചിച്ചു സാരചിത്രം!

ഈ നെയ് വിളക്കിൻ
വെളിച്ചം വിതറുന്ന
തേനൊളിയിന്നായ്‌
മിഴി തുറന്നു!

നാളെയായ് നാളയുടെ
നാളെയായ് നീളുന്നു
കാലം കവിതയാം
ജാലമായി!

ഓരോ നിമേഷവും
പൂവായുണരവേ
നേരായി നേരം 
നിര നിരന്നു!

നേരം പുലരുന്നു;
ഉള്ളം വിടരുന്നു;
നേരിനായ് നേരം
തിറ മെനഞ്ഞു.

അന്തിയോരോന്നിനും
 പുലരിയൊരെണ്ണമെ-
ന്നാരേയൊരക്ഷരം
കോറിയിട്ടു!
ഇന്നിന്റെ മാറിലും
നാളെയുടെ ചേലിലും
കണ്ണിനും  കാതിനു -
മീണമിട്ടു!

ആയിരം താമര
താരാനിരകളായ്
നീരിൽ നീരാട്ടിനായ്
തേരിറങ്ങി!

ആരിയം പാടത്ത്
കന്നിക്കതിർക്കുല
നേരിന് നേരായ-
യണി നിരന്നു!

പാരിലും വാനിലും
നീലനിലാവൊലി
കൂരിരുൾ പാടേ
തുടച്ചുനീക്കി-
തൂമലരമ്പെന്റെ
ലീലാവിലാസമായ്
ഭാതമേ! ഗീതമായ്
നീ മിഴിഞ്ഞു!

രാവ് നിരാലംബ-
മേതോ കിനാവായി
ദേവലോകത്തിൽ
വിരുന്നു പോയി!

പാടും പറവയും
വെള്ളിവെളിച്ചമായ്‌
നാടും നഗരവും
പാതിരാത്തിങ്കളും
കൂടും വെടിഞ്ഞു
പറന്നു പോയി!

നാളെയെത്തേടും
നിനവിൽ നിന്നെത്തുന്നു
നീലക്കുറിഞ്ഞിയായ്
പൂമ്പുലരി!

തേനായി മാമ്പൂവിൽ;
മാനായി മയിലായി;
പാണനാർ പാടുന്ന
പാട്ടിന്റെ ശീലായി;
പൈങ്കിളിപ്പെണ്ണിന്റെ
ചുണ്ടിന്റെ ചോപ്പായി;
കണ്ണിൻ കറുപ്പായി;
മെയ്യിൻ മിനുപ്പായി!

ഞാനായി നീയായി
നീയെന്ന ഞാനായി
ഞാനെന്ന നീയായി-
നമ്മളായി!

ഉള്ളിന്റെ യുള്ളിലെ
നീലക്കടമ്പിലെ-
ക്കണ്ണനാം 
കാർവർണ്ണനുണ്ണിയായി!

2.
രാവും പകലു-
മൊരേ ബിന്ദു
മെനയുന്ന
നിറമാലയാം
സ്വരസാന്ദ്രമീ
നിത്യത!

.പാടട്ടെ പാടട്ടെ
പാതിരാക്കാറ്റിന്റെ
പാടിപ്പതിഞ്ഞൊരി-
പ്പാട്ട് ഞാനും!
-------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
13-10-2015 - 9447320801
-------------------------------------------- 

 




 
   





 


 









  

 

Saturday 26 September 2015

കാവ്യം
----------------
---------------- 

സ്വരബിന്ദു
--------------------------   
-----------------------------------------------------------------------------------------------------------------
ഒന്ന്
-----------------------------------------------------------------------------------------------------------------
സ്വരം
------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
------------------------------------------
 നിറമെഴായ്മയുടെ നിറം-
ഈ ഇമയനക്കം.
നേരമതെന്നത് 
നേരത്തിന് നേരംപോക്ക്;
നേരമതല്ലെന്നത് നേര്-
നേര്-കാഴ്ച;
നേരിൻ
നേരക്കാഴ്ച.

നേരിൽ കാണാമെന്ന്
നേര്-
അത് നേർക്കാഴ്ച-
അറിവെന്ന്‌ ഗുരു;
ഋഷി ;
മുനിയുടെ മൌനം;
സ്വരപ്പിറവി;
നിറനിറവ്.

ഈ മുളം തണ്ടിലുണരും
പുലരി;
അതിൻ കനവായൊഴുകും
നറുനിലാവരുവി;
 പൊങ്ങിയും താണു-
മാടിയും പാടിയും
കവി.

നീലവാനിൻ
നിറവിലുണരും പൂവ്;
അയുതമിതളിൻ
മണമുതിരും
പൊരുള്;
ആയിരമീണം ചിറകി-
ലണിയും
കാവ്;
കവിനിനവ്.

ഇനിയുമിനിയും
തീരാനിര; നുര;
ഇന്നിന്നിഴ മെനയും
 പുതുമഴവിൽക്കൊടിയഴക്!

2.
ഉള്ളുയിരി-
ന്നുൾമിഴിവിൽ
തുള്ളും മൊഴി
നിറവടിവിൽ
സ്വരമൊന്നിൻ
തിരനോട്ടം;
സ്വരമേഴിൻ
മയിലാട്ടം!
-------------------------------------------------
27-9-2015
 dr.k.g.balakrishnan 9447320801
--------------------------------------------------

---------------------------------------------------------------------------------------------------------------------------

രണ്ട്

---------------------------------------------------------------------------------------------------------------------------

രാഗം
----------------------------------
ഡോ കെ ജി ബാലകൃഷ്ണൻ -
28-9-2015
-------------------------------------------

ആനന്ദഭൈരവിയാ-
മുള്ളുണർച്ച;
പുതുനിറമറിവിൻ
വിണ്‍വിടർച്ച,
അറിയാതലയുമെൻ
കണ്‍വിളർച്ച;
എന്മിഴി വടിവിൻ
മെയ്തളർച്ച!

പാടിയാടി-
യൊഴുകും
പാലൊളി പതയും
പൌർണമിപ്പുഴ;
തിരയിലുണരും
തീരാനിരയഴകിൻ
തേന്മഴ.

ആടിയാടിത്തളരും
കണ്ണാന്തളിപ്പൂനിര;
നീളെ നീളെ നിറയും
തീരാതീരാ...........
മതിൽനിര;
നീറി നീറി പ്പുകയും
പക.

ഇനിയുമായിരം
സ്വരമുതിരും
സ്വരബിന്ദു;
രാഗമാലിക കിനിയും
സ്തനസിന്ധു.

പുതുമലർമണം,
കാതിനമൃതം,
തേൻകുടം.
നിത്യകല്ല്യാണിരാഗം
മാമധുരമീ-
രൂപമെഴാ-
സ്വരൂപം.

പാടുവാനാവാ
പനിനീർമലർ
മൂളുമീ രാഗം;
മൂളാതെ മുരളാതെ
സ്വയമെഴുമീ
ദിവ്യം സുരാഗം.

തുമ്പിയും വണ്ടും
മലർമക്ഷികം താനും,
രാപ്പകൽ സാധകമാളും
മോദം, ശ്രീരാഗഗീതം 

2.
പാറിപ്പറക്കും പതംഗം;
മൂകം, സുഗന്ധം പരത്തും
നീലം, പ്രഭാപൂരപൂർണം;
വർണം, സുനന്ദനം ചിത്രം!
----------------------------------------------- 
 dr.k.g.balakrishnan-28-9-2015
Indian Poet
------------------------------------------------ 

--------------------------------------------------------------------------------------------------------------------------
മൂന്ന്
----------------------------------------------------------------------------------------------------------------
 താനം
----------------------------------------------

ഉന്മയിലുറങ്ങും
വെണ്മ,
ഒരുകുഞ്ഞുതാരകം,
മിന്നിമിന്നിയുണരും
മിന്നാമിനുങ്ങ്;
ഷഡ്ജമായും
ഋഷഭമായും
ഗാന്ധാരമായും
മധ്യമമായും
പഞ്ചമ--ധൈവത-
നിഷാദമായും
ലയംകൊള്ളും
വർണം;വിസ്മയം!
     
ഏഴഴകിൻ
ആനന്ദധാര;
ഋഷി
ഊതിയൂതി യുണർത്തും
കനൽ;
*അഗ്നിഗീതത്തിൽ
കവിയാവാഹിച്ച
പൊരുൾ.
ആഴമേറും
*ആഴിയെന്ന് *ഗുരു.

"ചഞ്ചല ഗതി-
 സുരസരിത"യെന്ന്
*നിരാള;
 *ഗംഗാതരംഗ"മെന്നും
*ഹിമാലയഭാവ"മെന്നും
*കവി.

ചുരുൾ നിവരുന്നത്
ചുഴി-
മൌനമായി
അലിയുന്നത്;
അതിൽ,
ഞാനാം ശിവം
താണ്ഡവമാടി,
അമേയമായി,
അവ്യയമായി.....

ആഴമറിയാക്കയത്തിൽ
ആഴമായുണർന്നുണർന്ന്,
ഭവ്യമായി;
ഭാവമായി;
സത്യമായി;
നിത്യമായി;
സൌന്ദര്യമായി........

നീയെന്ന ഞാനായി;
ഞാനെന്ന നീയായി........
താനമായി.

2.
ഏഴ് കാലങ്ങളിൽ
എകകാലത്തിൻ
നീലാഭ ജാലമായ്
വെള്ളിവെളിച്ചമായ്
തങ്കത്തിളക്കമായ്.........

കാലത്തെ വെല്ലും
നിത്യസുഗന്ധമായ്‌ !
---------------------------------------
*അഗ്നിഗീതം" (കാവ്യം)
*ആഴി = തീ(അഗ്നി )യെന്നും
 *
*ശ്രീനാരായണഗുരു
*സൂര്യകാന്തി ത്രിപാഠി "നിരാല "
(ഹിന്ദി മഹാകവി)
കവിത -"തും ഔർ മേം")
* The Waves of the Ganga"(by me)
*The Hues of the Himalaya"(by me)
-----------------------------------------------------
dr.k.g.balakrishnan 29=9=2015
------------------------------------------------------
------------------------------------------------------

നാല്
----------------------------------------------------------------------------------------------------------
പല്ലവി
------------------------------------------------

ബ്രാഹ്മമുഹൂർത്തത്തിൽ,
മുറ്റത്തെ മാങ്കൊമ്പിൽ
ആരുടെ പല്ലവി!

കിളിയുടെ? കാറ്റിൻറെ?
 അമരാവതിയിലെ
ഗാനഗന്ധർവൻറെ?

പുലരിയുടെ മഞ്ജുള-
മഞ്ജീരശിഞ്ജിതം,
 നീലനിലാവല-
യിളകും സുനന്ദനം!

തീരും തമസ്സിൻ
നിരാശ്രയ-
രോദനം?
ഏതോ കിനാവിൻ
നിരാലംബ-
ഭഞ്ജനം?

അല്ല! പ്രതീക്ഷതൻ
ഫുല്ല സങ്കീർത്തനം!

2.
പാടുകയാണ് ഞാൻ;
ഉള്ളിന്റെയുള്ളിലെ
നാദവിലാസം
പകരും ധ്വനിരസം!
പിന്നെയും പിന്നെയും;
ചിന്താമണിയുടെ
ആമന്ദ്രമധുരം
കിലുക്കമെൻ
ചോദനം!

ആദിയുമന്തവു-
മില്ലാ പ്രഭാപൂര-
രാഗവിസ്താരം,
സചേതനം;
തദ്‌ഭവം!

പല്ലവി മാത്രമാ-
ണെൻ സ്വരവ്യഞ്ജനം;
പല്ലവിമാത്ര മീ-
മാത്രയും യാത്രയും!
പുഴയുടെ പാട്ടും
ഇമയനക്കങ്ങളും
സാഗരഗീതവും
പ്രേമസംഗീതവു-
മെൻ 
പാദചലനവും!

ഇളയുടെയീണവും;
വ്യാഴവട്ടങ്ങളും!
-------------------------------------------
-------------------------------------------
അഞ്ച്
---------------------------------------------
അനുപല്ലവി
-----------------------------------------------   

   ആലപിക്കാം
നമുക്കനുപല്ലവി സഖീ!
ആചന്ദ്രതാരം
അനുനിമിഷം പ്രിയേ!
പൂവും പുതുമഴ
തൂവും പുളകവും
കാവും കവിതയും
താവും സുഗന്ധവും!
രാവും പകലും
തിരിയവേ മൂളുന്ന
നീലാംബരിയുടെ
ലീലാവിലാസവും!

സന്ധ്യമയങ്ങും
സമയമെൻ ചിന്തയിൽ
ഗന്ധസദൃശം
പരക്കും കിനാവുകൾ;
തുമ്പികളായി പ്പറക്കുന്നു;
നാളെ പൊൻ-
ചെന്താമരയായ് വിരിയുന്നു
നീളവേ!

പാടിപ്പറക്കും പതംഗമായ്
ഭൂലോകഗോളവുമായിരം
താരാപഥങ്ങളും
തേടുമെൻ മോഹമേ,
നീയനുപല്ലവി;
ചേതോഹരം;
രാഗമാധുര്യമൂറുന്ന
ഗീതം;
ഈ ജീവിതനിത്യകല്യാണം;
അമേയമനുപമം!
2.
ഭാവരൂപാദികൾ
ഇല്ലാ സ്വരൂപമേ,
നീയനുപല്ലവി മാത്രമാണെങ്കിലും;
നിന്നഴകാം മണിമന്ദിരം തന്നിലെൻ
ഉള്ളവുമുള്ളും സുമംഗളം
സത്യമേ!

നാദമേ! നാദസുഗന്ധമേ, നൈമിഷ-
ഗീതമേ, മൂകമേ, മൂകസൌന്ദര്യമേ,
നിന്നനുഗായനമാനന്ദദായകം;
നിന്നനുശീലനമെൻ
കർമമണ്ഡലം!
-----------------------------------------------------
ആറ്
----------------------------------------------------
ചരണം
-----------------------------------------

എത്ര സുന്ദരമാണീ
ഗായനം സുകുമാരം
ചിത്രചിത്രണം, സ്വര-
രാഗരാജീവം സൌമ്യം!

നാളെയെത്തേടും സത്യം
ചരണം; വാനത്തോളം
നീളുന്ന നേത്രദ്വയം.
സ്വാദനം പരിപൂർണം.

നിമിഷം നിമിഷം നീ
മെനയും പുതുരാഗം;
നിമിഷം നിമിഷം പൂ-
വിരിയും നീയായെന്നിൽ!

കനകം കായായ്ത്തീരും;
ഫലമായ് മണ്ണിൽച്ചേരും;
പിന്നെയും മുളപൊട്ടും;
നാളെയായ് നീളും
ഞാനായ്!

ചരണം ചരണമായ്
നാളെയായ് നീളും
നീളേ!
കരണം കരണത്തിൻ
കാരണം തേടും നൂനം!

ഒന്നിൽ നിന്നൊന്നുണ്ടാകും
പിന്നെയോ നാലായേവം
വിണ്ണിലും വിഭൂതിതൻ
ഉള്ളിലും വിരാജിക്കും;
മേയമായമേയമായ്
അനവദ്യമായ്, രാഗ-
ഗേയമായഗേയമായ്‌,
ഗീതമായ് സംഗീതമായ്!

2.
ചരണം ചരണമായ്
സ്വരബിന്ദുവിൻ കാല-
ചരണം, വിഹായസ്സിൽ
വിസ്മയം രചിക്കുന്നു!


കവിയോ കവിതയിൽ,
ചിത്രമായ്‌ കലാകാരൻ,
ശില്പി ശില്പമായ്, നൃത്ത-
നൃത്യമായറുപത്തി-
നാലിലും,
ഉള്ളിന്നുള്ളാ-
മുള്ളിലും;-

മഹാവിശ്വ-
കോരകം ജൃംഭിക്കുന്നു!!
------------------------------------------------
dr.k.g.balakrishnan kandangath
9447320801
Indian poet
kavyam- swarabindu
സ്വരബിന്ദു
1-10 -2015
----------------------------------------------------  

  


 


 














 


   



   


   

  
   


        

 
  
 





Friday 7 August 2015

aa maunanimishaamsaththekkurrichu 8-8-2015


ആഗസ്റ്റ്‌ കവിതകൾ
--------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------------- 

1.  ആ മൗനനിമിഷാംശത്തെക്കുറിച്ച്
---------------------------------------------------------

മഴത്തുള്ളിയുടെ താളം
ഇന്നലെയെ മെനഞ്ഞ്.
കാർനിറപ്പൂക്കൾ നിറഞ്ഞ്
ഞാറ്റുവേലപ്പുലരിയുടെ കൂട.

പെയ്ത് പെയ്തൊഴിഞ്ഞിട്ടും
തോർച്ച കാണാതെ മനം;
നനഞ്ഞ് കുതിർന്ന് മാനം;
ഏഴുനിറമാർന്ന എൻ മൌനം.

ഈറൻചേലയിൽ വെറുങ്ങലിച്ച്,
 തീക്കായാൻ ചെങ്കതിർ തിരയും
അമ്മയുടെ ഉള്ളുരുക്കം.

നേരമായിട്ടും പുലരിയെത്താതെ
പേടിച്ചിരണ്ട് കിഴക്ക്.

പടിഞ്ഞാറോട്ടു പോകും പകലിനെ
കൂട്ടിലടയ്ക്കാൻ ഒത്താശ
ആരുടെ കൈക്കരുത്ത്?
വെളിച്ചം കുടന്നയിലൊതുക്കാൻ
കെൽപ്പാർന്നവനാര്?

വെളിച്ചമൊരിക്കലും
ഓടിയൊളിക്കില്ല ;
അത് പരക്കും;
അവിടെ, ഇവിടെ,
നേരായി നിറയും.
-------------------------------
dr.k.g.balakrishnan
9447320801
8-8-2015
-------------------------------- 

    





 
 




Friday 24 July 2015

Hrudayam- 24- 7-2015


ഹൃദയം
---------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------

ഹൃദയം മിടിക്കുന്നു
മതവും മനുഷ്യന്റെ
മദമൽസരങ്ങളും
ദുരയും ഗൗനിക്കാതെ -

ഹൃദയം സ്പന്ദിക്കുന്നു -
നിത്യമായ്; മൌനത്തിന്റെ
പ്രതലം കാലം തീർക്കും
ചുവടിൻ ശുഭതാളം!

മന്ദസുസ്മിതം തൂവി
മന്ദമാരുതൻ സ്നേഹ-
ഗന്ധമായ് നിലാപ്പട്ടിൻ
ഞൊറിയിൽപ്പടരുന്നു.

ആയിരം രാകാശശി-
ക്കാഴ്ചകൊണ്ടാനന്ദിച്ച
മായികഗഗനമായ്
മാറുന്നു മൽസങ്കല്പം.

ഹൃദയാകാശം തീർക്കും
തീർത്ഥമായ് പുതുരാഗ-
സദനം, *ബർനാർഡിന്റെ
കൈവിരൽത്തുമ്പിൻ താളം!

2.

ഇനിയും തെളിവ് തേടുന്നുവോ?
മത-വർണ-ലിംഗഭേദങ്ങൾ
തീർക്കൂം
ഇന്ദ്രജാലത്തിൻ
സത്യം
ഏകമെന്നുദ്ബോധിക്കാൻ,
അറിവാണതെന്നോർക്കാൻ,
മൂകമാണതെന്നെന്നും
അകമേ
ഉറപ്പിക്കാൻ.


* ഡോ. ക്രിസ്ത്യൻ ബർനാർഡ്
(Dr.Christiaan Barnard)
On 3 December 1967, South African doctor, Dr Christiaan (Chris) Barnard, performed the world's first human to human heart transplant at Groote Schuur Hospital, Cape Town. This extraordinary event which pushed the boundaries of science into the dawn of a new medical epoch took place inside Charles Saint Theatre at Groote Schuur Hospital. After a decade of heart surgery, Barnard and his gifted cardiothoracic team of thirty (which included his brother Marius), were well equipped to perform the nine hour long operation.
The recipient was Louis Washkansky, a fifty three year old grocer with a debilitating heart condition. Washkansky received the heart of Denise Darvall, a young woman who was run over by a car on 2 December and had been declared brain dead after suffering serious brain damage. Her father, Edward Darvall agreed to the donation of his daughter's heart and kidneys. The operation started shortly after midnight on a Saturday night and was completed the next morning just before 6 a.m. when the new heart in the chest of Louis Washkansky was electrically shocked into action. After regaining consciousness he was able to talk and on occasion, to walk but his condition deteriorated and died of pneumonia eighteen days after the heart transplant.

----------------------------------------------------------
24- 7- 2015
dr.k.g.balakrishnan- 9447320801
------------------------------------------------------------ 



  
 

  


Sunday 12 July 2015

Ente Kavitha : dr. k.g.balakrishnan/ malayalasameeksha- Interview- 12-7- 2015


എന്റെ കവിത
---------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ /

 മലയാളസമീക്ഷ

അഭിമുഖം -12-7-2015
---------------------------------------------

മലയാളസമീക്ഷ :

1)എന്താണ്‌ നേസന്റ് കവിത? 

ഡോ കെ ജി.ബാലകൃഷ്ണൻ :

"നേസന്റ്  (nascent) എന്ന ഇംഗ്ലീഷ് പദം നവീനം എന്ന സംസ്കൃത പദത്തോട് 
ബന്ധം പുലർത്തുന്നുവെന്ന് തോന്നുന്നു".  എന്റെ പ്രിയ ഗുരുനാഥനും പ്രശ സ്ത നിരൂപകനുമായ പ്രൊ. മാമ്പുഴ കുമാരൻസാർ അഭിപ്രായപ്പെടുന്നു. ഞാൻ എന്റെ ഒട്ടനവധി
 ഇംഗ്ലീഷ് കവിതകളെ Nascent Poetry എന്ന് വിശേഷിപ്പിക്കുന്നു എന്ന് 
സംഭാഷണ മദ്ധ്യേ പറ ഞ്ഞപ്പോഴാ ണ് സാറത് സൂചിപ്പിച്ചത്. 

Chemistry യിൽ  അതിന്റെ പൊരുൾ നമുക്കറിയാം. ( ഞാൻ കെമിസ്ട്രി BSc കഴിഞ്ഞാണ് Medicine   പഠി ക്കാൻ പോയത് ). 
അപ്പോൾ nascent poerty പുതുപുത്തൻ(Post-post Modern) Poetry ആണ്. 
എന്റെ ഇംഗ്ലീഷ് കവിത ആഗോളതലത്തിൽ വിലയിരുത്തപ്പെട്ടു വരുന്നതും 
 അങ്ങിനെത്തന്നെ. unique, different, interesting, novel,great, grand,cute, distinct തുടങ്ങിയ
 ഒട്ടനവധി വിശേഷണങ്ങൾ ഇതെക്കുറിച്ച് www.poetry.com ൽ വരുന്ന 
 റിവ്യൂകളിൽ കാണുന്നു . ഞാൻ പുതുതായി അവതരിപ്പിച്ച ഒരാശയമാണ് 
സത്യത്തിൽ "nascent poetry". 

ഞാൻ ഇതിനെ spontaneous ആയി കാണുന്നു. ഉള്ളിനുള്ളിൽ നിന്ന് വരുന്ന കിനിവ് 
ആണിത്.ഒരിളംകാറ്റ്. ചിലനേരം കൊടുംകാറ്റ്.
ഗംഗാപ്രവാഹമായും അനുസ്യൂതിയായും മനസ്സിൽനിന്ന് ഉയിർക്കൊള്ളുന്ന 
സ്ഫുലിംഗമായും!

Nascent Poetry എന്ന ഒരു കളക്ഷൻ തന്നെ ഉണ്ട് എന്റെതായി. Createspace Amazon ആണത്publish ചെയ്തിട്ടുള്ളത്. 
"Avyayam" എന്ന കവിത Nascent Poetryയെ  കൃത്യമായി പ്രതിനിധീകരിക്കുന്നു.
"Mom, prospect thine,
The Intuit intimate mine;
The sterling sparkling fine,
Virtuous noble colorless shine."
       (Avyayam- Nascent Poetry)

ഇവിടെ ഭാരതത്തിന്റെ "അവ്യയം" എന്ന അപരിമേയവും അതിഗഹനവുമായ അറിവിന്റെ പാലാഴി അനാവൃതമാകുന്നു.
ഋഷിയുടെ പാലാഴി മഥനമെന്ന അംബരചുംബിയായ ആശയം "Nascent" ആണ്.
"അമൃതവും" മരണമില്ലാത്ത "Concept" തന്നെ. ഋഷിയുടെ സങ്കല്പനങ്ങൾ മുഴുവൻ "Nascent Poetry" ആണ്. "Magic Realism' സത്യത്തിൽ   ഋഷി പ്രോക്തമാണല്ലോ! (പാശ്ചാത്യ മല്ലെന്നർത്ഥം.)
ചുരുക്കത്തിൽ എന്റെ കവിത വായിച്ച് അനുവാചകന് അനുഭവ- വേദ്യമാകുന്നതെന്തോ അതാണ്‌" NASCENT POETRY".

എന്റെ പുതിയ പുസ്തകമായ "ദി വൈ"(THE WHY) -( CREATE SPACE AMAZON publication)  യിൽ  മുഖവുരയായി ഞാൻ എഴുതിയിട്ടുള്ള കുറിപ്പുകളിൽ കൃത്യമായി മലയാളസമീക്ഷയുടെ ഈ അതി പ്രസക്തമായ ചോദ്യത്തിന് വിശദീകരണം
നൽകാൻ ശ്രമിച്ചിട്ടുണ്ട്. കൂടാതെ അവതാരികാകാരനായ സി.രാധാകൃഷ്ണനും  ആസ്വാദന ക്കുറിപ്പെഴുതിയ കെ ജി ശ ങ്കരപിള്ളയും
ഈ ആശയത്തിന് ശക്തി പകർന്നിട്ടുണ്ട് .( ഭാരതത്തിന്റെ എഴുത്തിനെ ശാ ക്തീകരിച്ച രണ്ടു പേർക്കും എന്റെ നന്ദി ഇവിടെ പ്രകാശിപ്പിക്കട്ടെ!)

"A QUEST FROM A WRITER USING THE PAGES OF TIME TO WRITE ON THE LEAF OF A TREE TO PRODUCE WISDOM FROM THE HEART STRINGS, BLOOMING DREAMS, RAGING STORMS, AND A FLOOD OF KNOWLEDGE"
അലാന പാർക്കർ www.poetry.com ഇൽ  കുറിച്ച അഭിപ്രായവും ഇവിടെ ഞാൻ നന്ദിപൂർവ്വം ഓർക്കുന്നു.

2.
മലയാള സമീക്ഷ :
2)താങ്കളൂടെ കവിതയ്ക്ക് പരമ്പരാഗത, ക്ളാസിക് കവിതകളുമായി എന്തെങ്കിലും ബന്ധമുണ്ടോ? 
ഡോ കെജി :
തീർച്ചയായും  ഉണ്ട്. കാരണം ഇതൊരു അനുസ്യൂ തിയാണ്-. ഈ തുടർച്ച യാകാനെ ആർക്കും കഴിയൂ. പോട്ടിവീണതെന്നതും  പൊട്ടിമുളച്ചതെന്നതും
വെറും ഭോഷ്ക്കാണ്. മാനിഷാദ ഇല്ലാതെ എന്ത് കവിത?
കവിതയെ  classify  ചെയ്യുന്നത് നന്നല്ല. പഠിക്കാനും പഠിപ്പിക്കാനും ഗവേഷണത്തിനും അത് വേണം. ഒരു കവിക്ക് അത് ആവശ്യമില്ല. ഞാൻ കവിത പഠിച്ചിട്ടില്ല. അനുഭവിച്ചിട്ടെ  ഉള്ളു. എന്റെ കവിത പാഠപുസ്തകമാകണ മെന്നും മോഹിക്കുന്നില്ല. ഒരിംഗ്ലീഷ് പ്രൊഫസർ(യുകെ)  എന്നോട് www.poetry.com ഇൽ 
എന്റെ "The Waves of the Ganga"-( create space- Amazon ) -സ്വന്തം  പോസ്റ്റ്‌ graduate  കിറ്റിൽ ഉൾ പ്പെട്ടുത്താമോ  എന്ന് അനുവാദം ചോദിച്ചു..ഞാനത് follow ചെയ്‌തില്ല.  ലോകമെമമ്പാടും കിട്ടുന്ന ഒരു പുസ്തകം പഠിക്കാൻ എന്റെ അനുവാദമെന്തിന് ? 

അതായത് കവിത ആനന്ദമാണ്. സാന്ദ്രാനന്ദം. അത് അനുഭവമാണ്. അത് മറ്റൊരാൾക്ക് പകരാനാവില്ല.
അപ്പോൾ കവിത കവിത മാത്രമാണ്.
അതുകൊണ്ടാണ് യീറ്റ്സ് ചോദിച്ചത് : "How can we know the Dancer from the dance?

3.

മ.സ.:

3)താങ്കൾ ധാരളം എഴുതുന്നു. എന്താണ്‌ ഈ പ്രചോദനത്തിന്റെ ഉറവിടം? 


ഡോ കെജി.ബാലകൃഷ്ണൻ :
താരാട്ടും കുട്ടിപ്പാട്ടും കഴിഞ്ഞ് ഞാൻ ആദ്യം കേട്ട കവിത ദൈവദശകമാണ്.
പിന്നെ അമ്മുമ്മയിൽ നിന്ന് 'പണ്ടു കൊസലരാജ്യത്തിൽ" (ബാലരാമായണം - ആശാൻ ). അതിന് ശേഷം അമ്മൂമ്മ തന്നെ തന്ന സിദ്ധരൂപം, "അമരേശം " -അമരകോശം- -കൃത്യമായ സംസ്കൃത പഠനം. അച്ഛനിൽനിന്ന് ഇംഗ്ലീഷ് ഗ്രാമർ, കണക്ക്.
ഇളയച്ഛ നിൽ നിന്ന് മലയാളം. പിന്നെ കവിത (എഴുത്ത് ) വരാതിരിക്കുന്നതെങ്ങനെ? അമ്മൂമ്മയിൽ നിന്ന് എല്ലാം വാമൊഴി യായി കിട്ടി.
വേദവും വേദാന്തവും.വാല്മീകി, വ്യാസൻ, കാളിദാസൻ. ഹൈസ്കൂൾ സംസ്കൃതം വേറെ(വടക്കേടത്ത് രാമചന്ദ്രൻ മാസ്റർ (.ഹിന്ദി-.വാസുദേവൻ മാസ്റർ ) പിന്നത്തെ പടി
ക്രൈസ്റ്റ് കോളേജ് . പ്രൊ..പി.എസ്‌ വേങ്കിടെശ്വരൻ  സാർ (4 വർഷം ഇംഗ്ലീഷ് ). മാമ്പുഴ സാർ, പ്ദ്മനാഭപിള്ള സാർ(ഹിന്ദി- കബീർ ,രഹിം,സൂര്ദാസ്,തുളസി,മീര. - മെഡിക്കൽ പഠനം, എൻ വി ,   മാതൃഭൂമി ആഴ്ച പ്പതിപ്പിൽ എഴുത്ത് (1966- ) ആകാശവാണി ,  അക്കിത്തം ,  കക്കാട്, രഘവന്മാസ്റർ , ലളിതഗാനമെഴുത്ത് ,പൊറ്റെക്കാട്, എംടി , അങ്ങനെ
അങ്ങനെ കോഴിക്കോട് ഓർമ്മകൾ.
കൊല്ലത്ത് ജോലി, വർക്കല , വീണ്ടും എൻവി , കാമ്പിശ്ശേരി, വിവാഹം. ...........
യാത്രയുടെ തുടക്കം. കുടുംബം.

ഇതൊക്കെതന്നെ പ്രചോദനം.

4)താങ്കൾക്ക് കവിത മനസ്സിന്റെ നിശ്ശബ്ദതയുടെ ഉല്പ്പന്നമാണൊ?  

 അതെ. 
കാരണം. ഏറ്റവും നല്ല കവിത മൌനമാണ്. രമണ മഹർഷി തന്നെ ഓർമയിൽ.
ഏറ്റവും ഉദാത്തമായ സംവേദനം മൌനത്തിലൂടെയാണ്. മൌനം അനശ്വരമാണ്. മൌനത്തെ ആവാഹിച്ചാൽ, പ്രാപിച്ചാൽ മോക്ഷമായി. എല്ലാം ത്യജിക്കുക. അപ്പൊഴെ മൌനം സംജാതമാകൂ. അതാണ്‌ സന്ദ്രാനന്ദം. എല്ലാം വെടിയുമ്പോൾ ത്രിപുടി മുടിയും. മഹർഷിയും ഗുരുവും മൌനത്തിലൂടെ സംവദിച്ചത് ചരിത്രം. മുനിയുടെ ഭാവമാണ് മൌനം.

5.
 മ.സ.:

5)കവിതയും കാലവും തമ്മിൽ എന്തു ബന്ധമാന്‌ കാണുന്നത്? 

ഡോ .കെ..ജി :

ഈ നിമിഷം (ഇക്ഷണം This Moment) - Quantum - Modern science --   ആ അത് .ഒന്ന്  മാത്രമാണ് സത്യം എന്ന് ഋ ഷി .
-വർത്തമാനം. ഭൂതം മൃതം. ഭാവി പ്രതീക്ഷ. പക്ഷേ വർത്തമാനം ക്ഷണികമെന്ന്
ഋഷി. "The Flow of the Eternal" എന്നും "The Bliss of Being Nothing" എന്നും എന്റെ കവിതയെ പ്രശസ്ത ചിന്തകനായ എഴുത്തുകാരൻ സി രാധാകൃഷ്ണൻ വിശേഷിപ്പിച്ചിട്ടുണ്ടല്ലോ.(എന്റെ പ്രിയ ജ്യേഷ്ഠന് ആയിരം പ്രണാമം - അനുഗ്രഹം തന്നതിന് ചോരിയുന്നതിന്.)
കാലം (The Time) തന്നെയാണ് കവിതയെന്നർത്ഥം. എന്റെ കവിതയിൽ സിംഹഭാഗവും കാലത്തെ കുറിച്ച് തന്നെ.

6.

മ .സ.:.


6) കവിതയുടെ ഉള്ളിൽ മുഴങ്ങുന്ന ധ്വനി എന്താണ്‌ ?

ഡോ കെ.ജി :

"കാവ്യസ്യ ആത്മാ ധ്വനി" എന്ന് ആനന്ദവർധനൻ (ധ്വന്യാലോകം)
അനുരണനമാണ് ധ്വനി.
കവിത ഭവ്യത്തിലെക്ക് മുഴങ്ങണം. അതിന് ഭാരതീയ കവിതക്ക് കഴിഞ്ഞിട്ടുണ്ടല്ലോ! അപൗരുഷേയമായ വേദമന്ത്രം ഇപ്പൊഴും 
ധ്വനിക്കുന്നത് നാം, ലോകം സ്വദിക്കുന്നുണ്ടല്ലോ.
ഈ കഥയറിയാതെ ആട്ടം കാണുന്നു നാമെന്ന് മാത്രം.


                                              സെറ്റ്( 2.) 
7
 മ . സ.

7)താങ്കൾ ധാരാളം ഇംഗ്ലീഷ് കവിതകൾ എഴുതുന്നു. ഇത് എന്നു മുതലാണ്‌ തുടങ്ങിയത്?  

ഡോ കെ.ജി :

ഞാൻ തുടക്കത്തിൽ മലയാളത്തിൽ മാത്രമാണ് എഴുതിയിരുന്നത്.
ഇംഗ്ളീഷിൽ ചില greetings എഴുതിയിരുന്നു. ഇംഗ്ലീഷ്‌ വഴങ്ങും എന്ന് ഞാൻ അറിഞ്ഞത് 2010 ഇൽ ഗുരുവിന്റെ ദൈവദശകം വിവർത്തനം ചെയ്യാൻ തുനിഞ്ഞപ്പോഴാണ്.അഗ്നിഗീതത്തിന്റെ രചന കഴിഞ്ഞ് "ഗുരുവും ശാസ്ത്രവും " ലേഖനപരമ്പര "ഗുരുദേവൻ" മാസികയിൽ എഴുതുന്ന സമയം. 3.am ന് എഴുന്നേറ്റ് ഗുരുവിനെ ധ്യാനിച്ച് ദൈവദശകം മന്ത്രിച്ചു. 40 മിനുട്ട് കൊണ്ട് വിവർത്തനം കഴിഞ്ഞു. ബ്ലോഗിൽ പോസ്റ്റ്‌ ചെയ്തു. നല്ല feedback കിട്ടി.(പിന്നീട് ഞാൻ അത് www.poetry.com ഇൽ  പോസ്റ്റ്‌ ചെയ്തു."Ten Pearls on God"- Daivadasakam-NarayanaGuru. (Translation: dr.k.g.balakrishnan. ) നൂറു കണക്കിന് റിവ്യൂ വന്നു. (ഞാൻ കൃത്യമായി notes കൊടുത്തിരുന്നു.) 

അതിന് ശേഷമാണ് English കവിതകൾ റെഗുലർ ആയി എഴുതാൻ തുടങ്ങിയത്.
ഗുരുപ്രസാദം കൊണ്ട് മാത്രമാണ് 500+ കവിതകൾ രചിക്കാൻ കഴിഞ്ഞത് എന്ന് 
ഞാൻ വിശ്വസിക്കുന്നു. ഭാരതീയ ദർശനത്തിൻറെ ധ്വനിയാണ്  "THE WHY".- Modern Science "ആ "അറിവിന്‌ " അടിവരയിടുന്നു. വ്യാസൻ- ശ്രീശങ്കരൻ- ശ്രീനാരായണൻ- ഈ ത്രയം എനിക്ക് താങ്ങായി നിൽക്കുന്നു ഈ യജ്ഞത്തിൽ. 
 
 8.

മ.സ.

8)ഇപ്പോൾ എത്ര ഇംഗ്ളീഷ് കവിതകൾ എഴുതി?  

ഡോ കെ.ജി.ബാലകൃഷ്ണൻ :

500+ഇംഗ്ലീഷ് കവിതകൾ 

"THE WHY" ഡി സംബർ . 2014 വരെയുള്ള ഇംഗ്ലീഷ് കവിതകളുടെ -(Amazon Create Space) സമാഹാരമാണ്. ഇ പ്പോൾ Edition-2 (ഗ്ലോബൽ ) വന്നിട്ടുണ്ട്. ഇന്ത്യയിൽ ലഭ്യം.(Amazon.in)



മ. സ 

9)  മലയാളികൾ താങ്കളുടെ ഇംഗ്ളിഷ് കവിതകളോട് എങ്ങനെയാന്‌ പ്രതികരിക്കുന്നത്?



ഡോ കെ.ജി.ബാലകൃഷ്ണൻ :

നന്നായി പ്രതികരിക്കുന്നു. "THE WHY"  ഭാരതത്തിലെ പ്രകാശ നം  സി രാധാകൃഷ്ണൻ ആണ് നിർവഹിച്ചത്. വേദവിശാരദനായ വിദ്വാൻ കണ്ടങ്ങത്ത് വാസു മാസ്റ്റർ സ്വീകരിച്ചു. തൃശൂർ സര്ഗസ്വരത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽൽ നല്ല participation ഉണ്ടായി.നല്ല  press coverage ഉം കിട്ടിയിരുന്നു. ഗൾഫ് ന്യൂസ്‌ വാർത്തയും ലേഖനവും കൊടുത്തിരുന്നു.(പത്രാധിപർ ഹസ്സൻ കോയ എന്റെ പ്രിയ സുഹൃത്താണ്) കവി എളംപിലാക്കോട് എന്റെ കവിതകളുടെ വിശദമായ  പാഠനങ്ങൾ തന്നെ എഴുതി. ഈ സ്നേഹം നന്ദിയിൽ ഒതുങ്ങുന്നതെങ്ങനെ! 

10.

മ . സ :


10)വിദേശവായനക്കാരുമായുള ഇടപെടൽ ആവേശകരമാണോ?
 ഡോ കെജി :
അതെ.

11 .
 മ .സ.

11)താങ്കളുടെ ആമസോൺ അനുഭവം എങ്ങനെയാണ്‌? എത്ര പുസ്തകങ്ങൾ? വരുമാനം?  
 ഡോ .കെ.ജി ബാലകൃഷ്ണൻ :
നല്ലതാണ്. 7 +1 (Edition 2.The Why ) ഇംഗ്ലീഷ് 
മലയാളം US ഗ്ലോബൽ എഡിഷൻ - 3 .
ആകെ 11 
Kindle Edition - 8 

വരുമാനമുണ്ട്.

12..

മ സ :



12)ആസ്ട്രെലിയൻ കാവ്യാനുഭവം പ്രചോദനമായോ ? രചനകൾ?  

 ഡോ കെ ജി ബാലകൃഷ്ണൻ :

തീര്ച്ചയായും. എല്ലാ വർഷവുംBlack Inc. "Best Australian Poems" പബ്ലിഷ് ചെയ്യുന്നുണ്ട്. കൂടാതെ Aboriginal Poems ഉം പബ്ലിഷ് ചെയ്യപ്പെടുന്നു.
അവയിൽ പുതിയ ഒരു കാവ്യാനുഭവം ദർശിക്കാൻ കഴിയുന്നു. അടിച്ചമര്ത്ത ലിന്റെ കണ്ണീരാണ് aborijinal poems. 60 രാജ്യക്കാർ ഓസ്ട്രേലിയയിൽ ഉണ്ട്. 
രചനകൾ "The Australian Plant & Oher Poems"(dr.k.g.balakrishnan)   Create space Amazon പ്രസിദ്ധീകരിച്ചു. Australia യിൽ ഡാർവിൻ ലൈബ്രറിയിൽ റിലീസ് ചെയ്തു. 
തദവസരത്തിൽ ഞാൻ കാവ്യാസ്വാദകരെ അഭിസംബോധന ചെയ്തു. പുസ്തകം ലൈബ്രറി കാറ്റലോഗ് ചെയ്തിട്ടുണ്ട്. 

13 

മ സ :

13) ഒരു മലയാളിക്ക് അവന്റെ ഇത്തിരി വട്ടത്ത്നു പുറത്തു പോകുന്നതിനു തടസ്സമായി നില്ക്കുന്ന ഘടകങ്ങൾ എന്തെല്ലാമാ ണ്‌?

ഡോ കെ.ജി.ബാലകൃഷ്ണൻ :

ഭാഷ തന്നെ. ബഷീറിനെ അറിയിക്കാൻ ഒരു ആഷർ വേണ്ടി വന്നു. അമിതമായ ഭാഷാസ്നേഹവും ഇംഗ്ലീഷ് പ്രേമവും നന്നല്ല.ഓസ്ട്ട്രേലിയൻ ലൈബ്രറിയിൽ
ഒരു മലയാളം എഴുത്തുകാരന്റെയും കൃതി ഞാൻ കണ്ടില്ല. Writer's Center ലും 
 തഥൈവ. എന്നാൽ Drector Mr. Panos Couros കൂടിയാട്ടത്തെ കുറിച്ച് പറഞ്ഞു. 

പിന്നെയുള്ള കാരണങ്ങൾ ഉറക്കെപ്പറയാൻ കൊള്ളില്ല.

         സെറ്റ്(  3 )



14

മ.സ :

14) മലയാള കവിതയിൽ താങ്കൾ കാണുന്ന പ്രവണതകളെ വിലയിരുത്തിയിട്ടുണ്ടോ?

ഡോ കെ.ജി . ബാലകൃഷ്ണൻ :
ഉവ്വ്.. എന്റെ ഇളയച്ഛൻ വിദ്വാൻ കണ്ടങ്ങത്ത് വാസുമാസ്റ്റർ തികഞ്ഞ scholar ആണ്. ഇപ്പോൾ 96 വയസ്സായി. ഞങ്ങളുടെ home library യിൽ നിറയെ പുസ്തകങ്ങൾ ഉണ്ട്. അത് വായിച്ചാണ് ഞാൻ വളർന്നത്. തന്നിമിത്തം  കൃത്യമായ അവബോധമുണ്ട്. എൻ.വി  കുടുംബമായി ദീർഘകാലത്തെ അടുപ്പമുണ്ട്. (എന്റെ വിവാഹശേഷം ലളിതയും അതിൽ പങ്കു ചേർന്നു.)
വായന ഇപ്പോഴും ഉണ്ട്. - വിവാഹശേഷം" മധുവിധു അവിടെ യാകാം" എന്ന് ക്ഷണിച്ചത് മായാത്ത മധുരം. ..എന്റെ ശ്രീമതിയെ മണി (ലളിതയുടെ ഓമനപ്പേർ}
എന്ന് തന്നെ അദ്ദേഹം വിളിച്ചു. 
   
എന്റെ .writing പശ്ചാത്തലം ഓർത്തുപോകുന്നു.
മലയാളം പഠിപ്പിച്ച എം എസ നായർ മാസ്റ്റരും സംസ്കൃതം പകർന്നു തന്ന വടക്കേടത്ത് രാമചന്ദ്രൻ മാസ്റ്റരും ഇംഗ്ലീഷ് ഉറപ്പിച്ച ജോസ് മാസ്റ്റരും സയൻസ് രക്തത്തിൽ അലിയിച്ചു തന്ന എന്റെ അച്ഛനും (കണ്ടങ്ങത്ത് ഗംഗാധരൻ മാസ്റ്റർ)
എന്റെ എഴുത്തിന് തിരി കൊളുത്തി എന്ന് തന്നെ ഞാൻ അറിയുന്നു. 

15.

മലയാള സമീക്ഷ :

 15) താങ്കളുടെ വിദ്യാർത്ഥി ജീവിതകാലത്ത് കാവ്യപരമായി ഇടപെടൽ ഉണ്ടായിരുന്നോ?

ഡോ കെ.ജി.ബാലകൃഷ്ണൻ: 

 school-college lമാഗസിനുകളിൽ സജീവമായിരുന്നു. സ്കൂൾ - കോളേജ് കവി ആയിരുന്നു. മത്സരങ്ങളിൽ പങ്കെടുക്കാറില്ല. മെഡിക്കൽ വിദ്യാർഥി ആയിരുന്നപ്പോൾ (1966-) മാതൃഭൂമി ആഴ്ച പ്പത്പ്പിലും അന്വേഷണത്തിലും (editor Vayalar) ജനയുഗത്തിലും(Editor Kambisseri) (ജി ബാലകൃഷ്ണൻ എന്ന പേരിൽ ) കവിത എഴുതി. മാതൃഭൂമിയിൽ തുടർച്ചയായി. ആകാശവാണിയിൽ ലളിതഗാനം എഴുതി (സംഗീതം കെ രാഘവൻ മാസ്റ്റർ ). യുവകവിത എഴുതി അവതരിപ്പിച്ചു (Producer അക്കിത്തം ).
മാതൃഭൂമിയിൽ (ആഴ്ച പ്പ തിപ്പ് )  Neil Armstrong ചന്ദ്രനിൽ ഇറങ്ങിയ ലക്കം മുഖകവിത എന്റെ ആയിരുന്നു.(പത്രാധിപർ M.T.) -കവിത " സ്വാഗതം! സ്വാഗതം!"
High School കാലം - എം .എസ് മാസ്റ്റർ (1953-1960)- വൃത്തവും അലങ്കാരവും സന്ധിയും  ഉറപ്പിച്ചത് മാസ്റർ. തികഞ്ഞ ഗാന്ധിയൻ. വള്ളത്തോൾ ഇഷ്ടകവി.
ആശാന്റെ കരുണ ഇഷ്ടകാവ്യം. ഞാൻ മാസ്റർ അംഗീകരിച്ച സ്കൂൾ കവി .
അന്നൊരു അച്ചടി മാസിക നടത്തിയിരുന്നു ഞങൾ. പ്രധാന കവിയും കഥാകൃത്തും ഉപന്യാസകാരനും "ജി.ബി.കണ്ടങ്ങത്ത്"-ഞാൻ. ) Chief Editor T.S.RAnandan. സഹപത്രാധിപർ സാക്ഷാൽ കണ്ടങ്ങത്ത്. പി രാമചന്ദ്രൻ ഉറ്റ തോഴൻ (ഇപ്പോഴും - Rtd.Income Tax Officer). രാമചന്ദ്രൻ നന്നായി കവിത ചൊല്ലും ഈ നായരുകുട്ടി.-P.R.Nair. ). (കഥകൾ ഇനിയും ഉണ്ട്. പിന്നീട് പറയാം.)  
 
16

മ .സ .

16)  താങ്കളുടെ കവിതയ്ക്ക് പിറകിലെ തത്ത്വചിന്ത എന്താണ്‌?

ഡോ കെ.ജി.ബാലകൃഷ്ണൻ :

ഭാരതീയ ചിന്തയും ആധുനിക ശാസ്ത്രവും (Modern Science) തന്നെ. ഞാൻ എന്റെ
പ്രധാനകൃതിയായ   " അഗ്നിഗീത" (ജ്ഞാനം &ഉപാസന 2 ഭാഗങ്ങൾ) ത്തിനെഴുതിയ  മുൻ - പിൻ ലേഖനങ്ങളിൽ വിശദീകരിചിട്ടുണ്ട്. ആ ലേഖനങ്ങൾ കേരള സാഹിത്യ അക്കാദമി "സാഹിത്യലോകം" പ്രസിദ്ധീകരിച്ചു.
കൂടാതെ സാഹിത്യലോകം ടാഗോർ പതിപ്പിൽ സി.രാധാകൃഷ്ണൻ തന്റെ പ്രത്യേക ശൈലിയിൽ അഗ്നിഗീതത്തിന് "ഉത്തരാധുനിക സാമഗാനം " എന്ന  മനോഹരമായ ആസ്വാദനമെഴുതി  എന്നെ അനുഗ്രഹിച്ചു. സത്യത്തിൽ എന്റെ മലയാളകവിതകളുടെ പുനരാവിഷ്കാരമാണോ(Re-creation) "THE WHY" എന്ന് തോന്നിപ്പോവാറുണ്ട് ചിലനേരം. ഏതായാലും വിവർതനമല്ല തന്നെ.
ഒരേ ചൈതന്യം തന്നെ യാണ് എല്ലാം എന്ന് മാത്രമറിയാം.
ഇപ്പോൾ ഇത്ര മാത്രം.

 17

 മ .സ .

17) ഒരു കവി സത്തയുടെ  നിലവാരം പരിശോധിച്ച് ഒരു വിധിതീർപ്പ് തേറ്റുമ്പോഴാണ്‌ അയാളിലെ സൃഷ്ടികർത്താവിനു പക്വത വരുന്നതെന്ന് പറയുന്നതിനെപ്പ്റ്റി എന്തുപറയുന്നു?. 


17)

ഡോ കെ.ജി.ബാലകൃഷ്ണൻ : 
ആ സാന്ദ്രാനന്ദം ഞാൻ ഇപ്പോൾ അനുഭവിക്കുന്നു.








 







 .
  

Tuesday 7 July 2015


വെളിച്ചം
-------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------- 
"People from a planet without flowers would think we must be mad with joy the whole time to have such things about us."

~ Iris Murdoch

കണ്ണുള്ളവന് കാണാൻ 
(അതെ,കാണാൻ)
മുന്നിൽ 
പിന്നിൽ 
ഉള്ളിനുള്ളിൽ-
അകംപൊരുളിൽ
പൂക്കളുണ്ടാകും.

*ആകാശത്ത്
ആദിത്യനുണ്ടാകും.

കച്ച് കുച്ചടിക്കും 
ഇരുൾപ്പരപ്പിൽ
ഒരു തിരിയെരിയും 
മണ്‍ചിരാതുണ്ടാകും.

ഇരുമിഴി നിറയും 
നറുനിലാവുണ്ടാകും.

ഒരു കുഞ്ഞുതാരകം
അറിവ് കിനിയും 
മിഴിചിമ്മിത്തുറന്ന്,
പൂവിരൽ തുമ്പിനാൽ 
പൊൻനൂലിഴകളിൽ 
മൃദുവായ് 
മധുരമായ് 
ഈണമിടും
നാദവീചി,
അലസമായ്
നിൻ തിരു-
നെറ്റിത്തടത്തിലേയ്ക്കുതിരും 
അളകാവലി ലോലമായ്‌ 
തഴുകു-
മിളംകാറ്റിൻ 
കവിത-
ഒഴുകിയെത്തുന്നതിൻ
കുളിരിൽ,
അലിഞ്ഞലിഞ്ഞ്‌,
കനിവിൻ
കൂമ്പാരമുൾത്തുടിപ്പായി
ഉണർത്തും,
അഞ്ചറിവിൻ 
ഒളി തെളിയും 
വിളക്കുണ്ടാകും!

(2.)
1  നീ പറഞ്ഞു: 
വെളിച്ചമേ, നയിച്ചാലും!
2  നീ തന്നെ പറഞ്ഞു:
അത് വെളിച്ചം!
ആധുനിക-പൌരാണിക-
ശാസ്ത്രം 
അടിവരയിട്ടു:
അത് 
വെളിച്ചപ്പൊട്ടുകൾ തൻ 
തീരാധാരയുടെ
തെളിച്ചം! 
പണ്ടെ ഋഷി പറഞ്ഞു:
അത് തെളിവാണ്;
അത് വെളിവാണ്;
3 നീയാണ്. 
------------------------------------------------------   
കുറിപ്പ് -
*ആകാശം= Space, In-space(7th Sense) 
1 നീ = ക്രിസ്തുദേവൻ
2 നീ = ഗുരുദേവൻ 
 3 നീ = ഉണ്മ
-----------------------------------------------------------------------
dr.k.g.balakrishnan - 9447320801
drbalakrishnankg@gmail.com
----------------------------------------------------------------------
     


      



Wednesday 27 May 2015

കവിത


Tuesday, 26 May 2015

പഴമൊഴി
പാഴ്മൊഴി യാകുവതെങ്ങനെ!
------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------------------

ഇത് പഴയ ചക്രവാളം;
പുതിയതെന്ന്
നിന്റെ
നിലംതൊടാ ഭോഷ്ക് .

എന്നെ
വെള്ളിയൊറ്റുറു പ്പിക
കാട്ടിക്കൊതിപ്പിച്ചത്
സ്വാതന്ത്ര്യപ്പുലരിയിൽ.

കാള നിലമുഴുതിരുന്ന
കാലം.
അന്ന് പുലരിയെന്നും
പുത്തനായിരുന്നല്ലോ!
ചുവന്ന് തുടുത്ത്
പൂഞ്ചേലയുടുത്ത്
പൊന്നണിഞ്ഞ
പുതുപെണ്ണ്‍.

പാദസരം താളമിട്ട്.

വളകിലുങ്ങുന്നത്
കുഞ്ഞിക്കാറ്റിന്റെ
കുസ്രുതിയെന്ന്
കൂട്ടുകാരിയുടെ
അടക്കം.

ഇന്ന്
കൈ
കോഴ വാങ്ങുന്ന
കാലം;
യന്ത്രം ഒച്ചവെച്ച്
കരിമ്പുക കൊണ്ട്
കാലം കലക്കും
കലികാലം;
പച്ചില കുരുക്കാക്കാലം;
ചെന്താർമലർ
വിടരാക്കാലം;
അന്തിമയങ്ങും പോലെ
സൂര്യകാന്തി കുനിയും   
പുലർകാലം.


അന്നാളിൽ.
ഓരോ പുലരിയും
പുതുപുത്തൻ,
മിഴിയിൽ ജനിയുടെ
തൂവെളിച്ചം;
മൊഴിയിൽ നേരിൻ
തേൻ നിലാവ്;
തുടുമലർ പോലെ
പൂങ്കിനാവ്.

ഇന്ന്,
മൃതിയുടെ മോന്തിയാം
പെണ്‍കിടാവ്,
വാടിക്കരിഞ്ഞുപോയ്
ചക്രവാളം.

2,
ചക്കരക്കുടത്തിൽ
കൈയിട്ടാൽ നക്കാത്ത
ചക്കനുണ്ടോ? ചക്കിയുണ്ടോ?
ചക്കരക്കുട്ടനുണ്ടോ ?
എന്ന് നീട്ടിപ്പാടി
സ്വതന്ത്രഭാരതത്തിലെ
മാന്യമഹാജനങ്ങൾക്ക്
സമാധാനിക്കാം!


ഓം ശാന്തി ശാന്തി ശാന്തി
എന്നും!























Friday 15 May 2015

Kili chilaykkunnu:

കവിത

ഡോ.കെ.ജി.ബാലകൃഷ്ണൻ
--------------------------------------------
കിളി ചിലയ്ക്കുന്നു:
ഷേക്സ്പിയർ പറഞ്ഞത്
------------------------------------------------

എന്നും
ബ്രാഹ്മമുഹൂർത്തത്തിൽ
മുറ്റത്തെ മൂവാണ്ടനിൽ
കിളി ഉണരും.
ചിലക്കും; പിന്നെയും പിന്നെയും:
"ഒരിക്കൽ വഞ്ചിച്ചവരെ
പിന്നെ
വിശ്വസിക്കരുത്."

കിളി
ചിലച്ചുകൊണ്ടെയിരിക്കും;
പിന്നെ,
നാടുണരുമ്പോൾ,
കിളി,
എങ്ങോട്ടോ പറന്നു പോകും.

ഇര തേടി ?
നേരമെന്ന നുണയുടെ
നേര് തേടി ?
ഉദയസൂര്യന്റെ
അരികിലേക്ക്‌,
അരുണിമയുടെ
മധുരം തേടി ?

പൂ വിരിയുന്നതിന്റെ
സാരം തേടി ?
ഇല കൊഴിയുനതിന്റെ
പൊരുൾ തേടി ?

കിനാവിന്റെ
നിറം തേടി ?
മണം തേടി ?

നിമിഷത്തിന്റെ
നൈർമല്യം തേടി ?
പുഴയുടെ
കാകളിയുടെ,
ഒഴുക്ക് തേടി ?

ഇളംകാറ്റിന്റെ
കുളിര് തേടി ?
ആകാശത്തിന്റെ
അറ്റം തേടി ?

അറിവ് തേടി ?

അറിവിന്റെ
മറുപുറം തേടി ?
കരളിലെ  നൊമ്പരത്തിന്റെ
ഉറവിടം തേടി ?

ആശ്വാസത്തിൻറെ
തലോടൽ തേടി ?

ജീവിതത്തിന്റെ
അതിര് തേടി ?

മഴയുടെ
ആരവം തേടി ?

മാമലയുടെ
എകരം തേടി ?

പുല്ലാംകുഴലിന്റെ
പാട്ട് തേടി ?
പാട്ടിന്റെ
ശ്രുതിയും
താളവും തേടി ?

കണ്ണുകളുടെ കറുപ്പ് തേടി ?
സത്യത്തിന്റെ വെണ്മ തേടി ?
ആനന്ദത്തിന്റെ മലർച്ചിന്ത് തേടി ?
അനുരാഗത്തിന്റെ തണൽ തേടി ?

നാളയെത്തേടി ?

കിളി ചിലക്കുന്നു :
ഷേക്സ്പിയർ പറഞ്ഞത്.
------------------------------------------------
dr.k.g.balakrishnan 9447320801
drbalakrishnankg@gmail.com
-------------------------------------------------
15-5-2015
--------------------------------------------------





Saturday 7 March 2015

Kali,kali

പൂച്ചയും എലിയും
എലിയും പൂച്ചയും
കളി
---------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
---------------------------------------------
കെണിയൊരുക്കി
കാത്തിരിക്കുന്നു
എലിയെന്ന്
നാട്ടിലെങ്ങും
പാട്ടായി.

പൂച്ച
മ്യാം മ്യാം വെച്ച്
അനന്തപുരിയിലെ
മട്ടുപ്പാവിൽ
സാനന്ദം വിഹരിച്ച്
വരും വർഷത്തെ
സമയമേശയുടെ
നിർമിതിയിൽ.

ആശാരിപ്പണിയും
കൊല്ലപ്പണിയും
സ്വർണപ്പണിയും
വെള്ളോട്ടുപണിയും
അറിയുന്നവർ.

മാറ്റ് കുറഞ്ഞ പൊന്ന്
കള്ളോട്ടുപാത്രം
പാഴ്മരത്തേക്ക്
നുണ പെരുക്കും നാക്ക്-
നാടോടുമ്പോൾ
നടുവോടി
പണ്ടത്തെ പാത്തുമ്മാനെപ്പോലെ
പൂച്ചയെപ്പേരാക്കി;
പാപ്പുച്ചോനോട്‌
കേക്കാൻ പറഞ്ഞ്
അരക്കൊപ്പം വെള്ളത്തിലിറങ്ങി
ആരും അറിയില്ലെന്ന് നിനച്ച്;
കാര്യം സാധിച്ച്;
കൂട്ടത്തല്ലും കടിപിടിയും
നടിച്ച്.

പാട്ടായ പാട്ടൊക്കെ കേട്ട്,
കേട്ട പുത്തനീണങ്ങൾ
നുണച്ച്,
മൂഢസ്വർഗത്തിൽ
രമിച്ച്‌,
ഞാൻ,നിങ്ങൾ, നമ്മൾ.

കാലം കലിയെന്ന്
വെറുതെ വെറുതെ
ഉരുവിട്ട്,
മൂക്കത്ത് വിരൽവെച്ച്,
തെക്ക് വടക്ക് നടന്ന്
നേരം കളഞ്ഞ്/ വെളുപ്പിച്ച്
വോട്ടുകാർ.

പാടിപ്പാടി
ചെമ്പെയും
ഗന്ധർവനുമായി;
ഇളയരാജമാർ.

നാട്ടിലെങ്ങും പാട്ടായി;
കേട്ട് കേട്ട് മതിയായി.

കണ്ട പൂരം കേമം;
കാണുന്നത് ബഹുകേമം;
കാണാനിരിക്കുന്നത്
കെങ്കേമം.
____________________________________
dr.k.g.balakrishnan, 9447320801
drbalakrishnan@gmail.com
7-3-2015
------------------------------------------------------- 
  


      

Sunday 22 February 2015

ഡോ കെ ജി ബാലകൃഷ്ണന്റെ ഇംഗ്ലീഷ് കവിതകളുടെ
സമ്പൂർണ സമാഹാരം "ദി വൈ? "(ആമസോണ്‍ബുക്സ്)   സി രാധാകൃഷ്ണൻ
സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ
പ്രകാശനം ചെയ്തു.

      കവി ഡോ കെ ജി ബാലകൃഷ്ണന്റെ അന്താരാഷ്ട്രതലത്തിൽ
വായിക്കപ്പെട്ട ഇംഗ്ലീഷ്കവിതകളുടെ സമ്പൂർണ സമാഹാരം "ദി വൈ "(The Why ?) Create Space Amazon Books U S A യിൽ അച്ചടിച്ച് 2014 ഡിസംബറിൽ ആഗോള വിപണിയിൽ എത്തിച്ചു. 750 പേജിൽ പടർന്ന് കിടക്കുന്ന ഈ പുസ്തകത്തിന്റെ  ഭാരതത്തിലെ പ്രകാശനം വന്ദ്യവയോധികനും വേദ പണ്ഡിതനുമായ കണ്ടങ്ങത്ത് വാസുമാസ്റ്റർക്ക് പുസ്തകം  നൽകി പ്രസിദ്ധ എഴുത്തുകാരനും ശാസ്ത്രകാരനുമായ   സി രാധാകൃഷ്ണൻ 22-2-2015 ഞായറാ ഴ്ച ചങ്ങമ്പുഴ ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ പ്രകാശിപ്പിച്ചു.
കവിയുടെ മറ്റൊരു ഇംഗ്ലീഷ് കവിതാ സമാഹാരം "Next Moment Poetry സാഹിത്യ അക്കാദമി subeditor വി എൻ അശോകന് നല്കി സി പ്രകാശിപ്പിച്ചു.
ബാലകൃഷ്ണൻ കവിതകൾ മലയാളമായാലും ഇംഗ്ലീഷ് ആയാലും തികച്ചും വേറിട്ട്‌ നില്ക്കുന്നു വെന്നും ഭാരതീയചിന്തയും ആധുനികശാസ്ത്രവും സമന്വ യിക്കപ്പെടുന്ന മന്ത്റഗീതമാണവയെന്നും സി എടുത്തു പറഞ്ഞു. "ഉത്തരാധുനിക സാമഗാന"മെന്ന് ഈ കവിതകളെ സി വിശേഷിപ്പിക്കുന്നു.
"ദി വൈ ?"(The Why ?) യുടെ അവതാരികയും സി യുടെ തന്നെയാണ്.
പ്രശസ്തകവി കെ ജി ശങ്കരപ്പിള്ളയുടെ ആസ്വാദനക്കുറിപ്പ്‌ "THE WHY?" ക്ക്
മാറ്റേറ്റുന്നു.ഈ കവിതകളിലെ ഓരോ വാക്കും ഓരോ കടലിലേക്ക് കണ്‍തുറ ക്കുന്നുവെന്ന് കെജിഎസ് പറയുന്നു.
തൃശൂർ സർഗസ്വരത്തിന്റെ ആഭിമുഖ്യത്തിൽ കവിയുടെ സപ്തതിയും കാ വ്യരചനയുടെ അമ്പതാം വർഷവും കൊണ്ടാടിയ വേളയിൽ നടന്ന പുസ്തകപ്രകാശനം അർത്ഥഗർഭമായി.
കാവിൽ രാജ് സ്വാഗതം പറഞ്ഞു.
പാങ്ങിൽ ഭാസ്കരൻ,  ഗംഗാധരൻ ചെങ്ങാലൂർ,എൻ മൂസക്കുട്ടി, എഞ്ചി. കണ്ടങ്ങത്ത് മോഹനൻ, പ്രൊ.കെ ബി ഉണ്ണിത്താൻ, ശ്രീദേവി അമ്പലപുരം,
വി എ ത്യാഗരാജൻ ആചാര്യ എന്നിവർ ബാലകൃഷ്ണൻ കവിതകളെ വിലയിരുത്തി പ്രസംഗിച്ചു.
കവി മറുപടി പറഞ്ഞു.
ജോയ് ചിറമേൽ നന്ദി പറഞ്ഞു.

     

   

Sunday 8 February 2015

kothu,kothu.

കൊതു,കൊതു
-------------------------------
ഡോ.കെ.ജി.ബാലകൃഷ്ണൻ
----------------------------------------------

1.
ഒരു മുട്ടൻ കൊതു
കടിക്കാൻ ഒരുമ്പെട്ട്-
മൂളി മൂളി.
എന്റെ തലവട്ടം കറങ്ങി;
എന്നെ വട്ടം കറക്കി-
(വോട്ടുപിടുത്തം.)
കൊലയാളി.

ക്യൂലക്സ്?
അനോഫിലിസ്?
അതോ
ഈഡിസ് ഇജിപ്റ്റി ?
തിട്ടമില്ല;
(ഏതായാലും
ഉമ്മ വെയ്ക്കാനല്ല)

എന്തോ
മൂപ്പർ കടിച്ചില്ല;
(ഇലക്ഷൻ അടുക്കുന്നു.)

2.
കള്ളനെ(കള്ളിയെ)
നമ്പിക്കൂടാ;
ഞാൻ
പരിസരം പരിശോധിച്ചു;
പലവട്ടം.
(പാവം വോട്ടർക്ക്‌
ഗണ്മാൻ ഇല്ല.)

കണ്ണുകൊണ്ട്
കാതുകൊണ്ട്
മൂക്കുകൊണ്ട്‌
കൂലങ്കഷമായി
തിരഞ്ഞു.
(തിരഞ്ഞെടുപ്പിന്
ഇതുകളിപ്പോൾ
യൂസ്‌ലെസ്)

ഇഷ്ടിയെ
(പെണ്‍കൊതുക്
അപകടകാരി-
ആധുനിക വൈദ്യശാസ്ത്രം.)
മഷിയിട്ട് നോക്കിയിട്ടും
കണ്ടുകിട്ടിയില്ല!
(പോളിട്രിക്സ് !)

3.
എവിടെ പതുങ്ങി?
ഒരു മൂളൽ?
ധ്യാനനിരതനായി  പൌരൻ!
മിഴിയും ചെവിയും കൂർപ്പിച്ച്‌.
സംശയം,
എന്റെ പെടലിയിൽ
ഒന്ന് ചുംബിച്ചോ ?
(ടെസ്റ്റ്‌ ഡോസ്)

4.
സംശയിച്ച്
സംശയം ദൂരീകരിച്ച്
പിന്നെയും സംശയിച്ച്
ഇര.

5.
അങ്ങനെ,
അവസാനം,
കൊതുക്
പണിപറ്റിച്ച്
പറന്നകന്നു.

6.
ഞാൻ
നിസ്സഹായൻ.
കടിയേറ്റിടം
തൊട്ട് തടവി
വെറുതെ,

കൊതു, കൊതു
എന്നുച്ചരിച്ച്.
----------------------------------   
dr.k.g.balakrishnan
9447320801
drbalakrishnankg@gmail.com
---------------------------------------





Saturday 24 January 2015

ഡോ കെ ജി ബാലകൃഷ്ണന്റെ സപ്തതിയും കാവ്യരചനയുടെ
അമ്പതാംവർഷവും സർഗസ്വരം ആഘോഷിക്കുന്നു.
സി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
വേദി- സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാൾ,തൃശൂർ.
തിയ്യതി,സമയം-22-2-2015 ഉച്ചതിരിഞ്ഞ് 3 മണി.
 കവിയുടെ ഇംഗ്ലീഷ് കവിതകളുടെ സമ്പൂർണ സമാഹാരം
"ദി വൈ?"(The Why?) യും (Create Space,Amazon Books)
ആറാമത്തെ സമാഹാരമായ
"നെക്സ്റ്റ് മോമെന്റ് പോയട്രി" (Next Moment Poetry)യും
ഭാരതത്തിൽ പ്രകാശനം ചെയ്യപ്പെടുന്നു.
എല്ലാവർക്കും സ്വാഗതം.
തൃശൂർ,                                            സർഗസ്വരം.
24-1-2015.                                          പാങ്ങിൽ ഭാസ്കരൻ (പ്രസിഡണ്ട്‌)
                                                            കാവിൽ രാജ് (സെക്രട്ടറി )

കാര്യക്രമം
പ്രാർത്ഥന   ശ്രീദേവി അമ്പലപുരം
സ്വാഗതം    കാവിൽ രാജ്
അധ്യക്ഷപ്രസംഗം  പാങ്ങിൽ ഭാസ്കരൻ
ഉദ്ഘാടനം,"ദി വൈ " (The Why) പ്രകാശനം -  സി രാധാകൃഷ്ണൻ 
സ്വീകരണം - ആർ ഗോപാലകൃഷ്ണൻ(സെക്രട്ടറി കേരള സാഹിത്യ അക്കാദമി)
"നെക്സ്റ്റ് മോമെന്റ്റ്‌ പോയട്രി "(Next Moment Poetry)
പ്രകാശനം - പി എൻ ഗോപീകൃഷ്ണൻ 
സ്വീകരണം - അശോകൻ വി എൻ 
പ്രതിസ്പന്ദം- 
ആശംസ:
ഗംഗാധരൻ ചെങ്ങാലൂർ
എൻ മൂസക്കുട്ടി
  എഞ്ചിനീയർ കെ കെ മോഹനൻ
പ്രൊഫ.കെ ബി ഉണ്ണിത്താൻ
ശ്രീദേവി അമ്പലപുരം
വി എ ത്യാഗരാജൻ ആചാര്യ
നന്ദി - ജോയ് ചിറമേൽ  
(ബാലകൃഷ്ണൻ കവിതകളുടെ സംഗീതാവിഷ്കാരം 
-ഡോ പിഷാരടി ചന്ദ്രൻ,(പ്രശസ്ത സംഗീതജ്ഞൻ)
അവതരിപ്പിക്കും.)  

The Why?

The Why?




Publication Date:

Number of pages: 750

ISBN-10: 1505488869

ISBN-13: 9781505488869

This book “THE WHY” is the collection of complete English poems of Dr.K.G.Balakrishnan Kandangath, Kattoor, Keralam, India 680702. Dr.Balakrishnan is a noted poet in Malayalam(a Classical Indian Language). Winner of Sargaswaram Poetry Award, Vignanavardhini Award(Bangalore), SreeNarayana Sahithyaparishath Award and Distinguished Poet Pin Award poetry.com. The poet is “TOPMOST POET ALL TIME” Poetry.com. “The Why” introduces the philosophical,scientific,poetic,cultural,artistic and psychological hues and rays of Bharatheeya Chintha (Indian Thought) to the world. The touching and scholarly forewords written by noted Indian Writer C.Radhakrishnan for “The Waves of the Ganga” and “The Hues of the Himalaya” underline this. The complimentary note by noted Indian Poet K.G. Sankara Pillai is also its testimony. Thousands of reviews appeared on the Poetry.com also do declare the same. Hope poetry lovers worldwide would deliver a hearty welcome to this splendid volume of post-post modern poetic endeavor from Bharatham, the Ancient Land

Friday 9 January 2015

vaalmeeki - 10/1/2015


വാല്മീകി
-------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
----------------------------------------------

1.
എൻറെ ഉള്ളിനുള്ളിൽ
ഒരിഴപ്പെരുക്കം;
നിർന്നിമേഷതയുടെ
ഒരീണക്കറക്കം.

2.
ഒരില നിലം പതിക്കുന്ന
നേരച്ചുരുക്കം;
ഒരു കണ്‍പീലിത്തിളക്കം ;
ഒരിഷ്ടത്തിൻറെ
മുറുമുറുക്കം.

3.
ആകാശത്തിന്റെ മറുകരനിന്ന്
ആരുടെ പൂവമ്പെയ്ത്ത് ?
പ്രേമത്തിൻറെ ഉൽസവപ്പെയ്ത്ത്?
വീരാളിപ്പട്ടുനെയ്ത്ത്?

4.
അകലെനിന്ന്
നാടൻപാട്ട് മൂളിയെത്തുന്ന
ഇളംകാറ്റിന്
അനുരാഗപ്പൊലിമയുടെ
നറുമണം;
നിനവിന്
പച്ചപ്പട്ടാടയുടെ
നാട്ടുചന്തം;
- നിലാവിനും.
മഴ വരുന്നെന്ന്
തെക്കുപടിഞ്ഞാറൻ
കുളുർകാറ്റ്.
പാട്ട് പഠിപ്പ് കഴിഞ്ഞ്
കുഞ്ഞിക്കുയിലിന്റെ
അരങ്ങേറ്റം
പുത്തിലഞ്ഞിച്ചില്ലയു്ടെ
പച്ചത്തഴപ്പിൽ.

5.
അന്തിമയങ്ങും നേരം
കൂടണയുവാൻ
പറവകളുടെ
കൂട്ടപ്പറക്കൽ.

6.
ഇവിടെ
ഞാൻ മാത്രം
ഒരു കുഞ്ഞുവീർപ്പിന്,
ഒരിറ്റ് കുടിനീരിന്,
ഒരു വറ്റ് കനിവിന്,
ഇരന്ന്.

7.
കീശ തപ്പുന്നു ഭോഷൻ;
കാലി -
ഓട്ടക്കൈകളിൽ
നിരാശയുടെ
ഇരുൾനിഴൽ -
ഒന്നുമില്ലായ്മ.

8.
ഇനിയുടെ നേരെ
ഒരിരവ് നോട്ടം;
തള്ളവിരലും
ചൂണ്ടാണി വിരലും
ഒത്തൊരുമിച്ച്,
തിടുക്കത്തിൽ,
ന്യൂനമുദ്രയായി
അവതരിച്ച്.

9.
മരണത്തിന്റെ ക്ഷണം;
അകലെ
എവിടെയോ,
കാലൻകോഴി കൂവുന്നെന്ന
നെഞ്ഞിടിപ്പ്-
പൊടുന്നനെ
നചികേതസ്സിന്റെ
ഉയിർപ്പ്.

നീയാരെന്ന് മൃത്യു;
കവിയെന്ന്
ഉള്ളുണർവിന്റെ
ഉത്തരം;
ശരവേഗമാർന്ന്.

10.
അതെ,
വാല്മീകിയുടെ
പുതുപ്പിറവി.
--------------------------------
dr.k.g.balakrishnan,
mob.9447320801
--------------------------------   



Wednesday 7 January 2015

kozhi koovum vare

കോഴി കൂവും വരെ
----------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
---------------------------------------------
മൊഴിയും
മിഴിയും
കേൾവിയും
ഒരുമിച്ച് തിരുനടനം;
കോഴി കൂവും വരെ.

2.
അന്തിച്ചോപ്പായി
അകം;
നേരംപോയ് മറയും നേരം.

3.
വാരിവിതറിയ തുടി-
ആയിരത്തൊന്ന് പറവകൾ
ആകാശനീലിമയിൽ
അലിയുന്നത്.

4.
പൂവായ പൂവൊക്കെ
കണ്‍ചിമ്മുന്നത്;
നൂറായിരം
പൂമിഴി മിന്നുന്നത്.

5.
കാലച്ചിറകൊലിയായി
കാറ്റിന്റെ
കാൽപ്പെരുമാറ്റം
കാതിൽ.

6.
ഋക്കുരുവിടുന്നത്
മാരുതനോ,
മധുപനോ,
മക്ഷികമോ?
കിളിയോ,
കവിയാമെന്നുൾവിളിയോ?

7.
ഓർമയിൽ,
പൊരുളെഴാതെ
പിറുപിറുക്കുന്നത്,
വാനിടം പിളരുമാറ്
കതിനവെടി മുഴക്കുന്നത്
മേലേക്കുന്തിക്കയറ്റിയതൊക്കെ
താഴെക്കുരുട്ടി
ആർത്ത് ചിരിക്കുവതാര്?

8.
നിലക്കാത്ത
കൂർക്കംവലി
ആരുടെ?

9.
ഈ നിറച്ചാർത്ത്
മുഴുവൻ
ഓതുവതെളുതല്ലെന്ന
മുഴുമിഴിവ്.

10.
മൊഴിയും മിഴിയും കേൾവിയും
ഒരുമിച്ച് തിരുനടനം;
കോഴി കൂവുന്നത് വരെ.
--------------------------------------------------------
dr.k.g.balakrishnan Mob: 9447320801
--------------------------------------------------------