Thursday 31 May 2018

yamanam - kavyam- 1-6-2018/dr.k.g.b.

യമനം - കാവ്യം -1 -6 -2018
ഒന്ന് - മേളം
-----------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
---------------------------------------------

ഒന്ന്
------------------
മേളം
-----------------------------------

1.
ഈ മിഴിവിന്നെന്നു
നിനയുമ്പോഴേയ്ക്കും
കൊഴിയുന്നു കമിഴുന്നു;
കരിയില-
ഇന്നലെ.

നാളെയുടെ
നീളപ്പെരുക്കത്തിൽ നിന്നൊരു
നാളമിടിപ്പിൻ മൃദുമിന്നലാട്ടം.

ഇന്നെന്ന പച്ചനുണയാട്ടമായി-
ഒന്നെന്നു തൊട്ടെണ്ണി-
യനന്തമായി.

മുനിക്ക്‌ നേരാംവഴി കാട്ടി;
കാവ്യകാര-
നെനിക്ക് തീരാമൊഴി-
വേദമന്ത്രസംഗീത-
ധാരാമൃതകുഭമായി-
"അനന്തമജ്ഞാതമവർണ്ണനീയം".

തേടുന്നിതേയെന്നിലെ
ശാസ്ത്രകാരൻ
പാടുന്നിതേയെന്നിലെ
പാട്ടുകാരൻ.

ആടുന്നു വേഷങ്ങൾ
നിറങ്ങൾ ജാല-
മേറുന്നു;
നിത്യം പുതുതാളമേളം.

2.
മുറ്റത്തെ മൂവാണ്ടൻ
മുറ്റെ തളിർത്തു പുതുമാരനായി
ചെറ്റു സുകുമാരഭാവത്തിൽ.

മിഴിയിലും ചൊടിയിലും
ചിങ്കാരവും പിന്നെ
മൊഴിയിലോ കുളിരാർന്ന
സുരരാഗമന്ത്രണം.

മാമ്പഴക്കാലം കഴിഞ്ഞു;
മഴയുടെ
മാദകനർത്തനം;
-കിളികളും കുളിരിൽ
ചിറകൊതുക്കി
ഇലയുടെയിത്തിരിയിത്തിരി-
ക്കരുണയിൽ.

കലപില കലപില-
യെന്തൊരാനന്ദം;
വിലപേശലില്ല.

അകമേ
നിറവായൊന്നു മാത്രം;
സ്വരമേ!
മധുരമേ!
ദിവ്യസൂത്രം.
------------------------------------------------
മേളം / 1 - 6 -2018
-------------------------------------------------