Thursday 29 June 2017

new book 14 ehuthakkoomparam30-6-17

new book 14/30-6-17
dr.k.g.balakrishnan
----------------------------------
എഴുതാക്കൂമ്പാരം
---------------------------------------
എഴുതാക്കവിതയുടെ
കൂമ്പാരമുള്ളിൽ;
എഴുതുവാനെളുതാ-
ഭാവ-
പ്പൊലിമയുടെ
മധുരതരമേതോ
പുതുരാഗധാരാ-
കുതുകസുവിശേഷം
തിരളുമതിഗൂഢമതി-
നേതുസ്വരമരുളും!

2.
പൊരുളതിലുണരും
പുലരിയുടെ പുത്തൻ
തിരിനിരകൾ നെയ്യു-
മിളവെയിൽ
നുണഞ്ഞു-
മിനിമയിലലിഞ്ഞും,
മനശലഭമേതോ
മദലഹരി തേടി-
യനുനിമിഷ-
മാശാവാടിയി-
ലലഞ്ഞും!

3.
ഏഴുതുവതെന്തിനെ-
ന്നെന്നകമിഴിവിലാസുരം
വിഷമയവിലാസം
ചൊരിയുവതെന്തിനോ!

വെറുതെ മധുവുണ്ടു-
മദമാടി മദമത്തനായ്
സുഖനിമിഷലാളനം
മാത്രമനുശീലനം!
ഹൃദയവ്യഥയേതുമറിയാതെ;
വൃഥാ;
പക്ഷെ!
കവിയും ഋഷിയും
മനീഷിയുമുറങ്ങാതെ-
എഴുതിയതല്ലെയീ
നാൾവഴികൾ
മുഴുവനും!

ഇനിയുമെഴുവാനെത്ര!
ഇനിയുമിക്കൂമ്പാരം;
കുമിയുമത്
നിശ്ചയം!
അതിരെവിടെ?
അതിരെവിടെ?
കല്പനാതീതമേ!
----------------------------------------
എഴുതാക്കൂമ്പാരം
30 / 6/17
dr.k.g.balakrishnan amazon Author
new book 14
---------------------------------------------











 

Saturday 24 June 2017

agrajan/ new book 13/ dr.k.g.balakrishnan 25-6-17

agrajan/ 25-6-2017/ new book 13
dr.k.g.balakrishnan
----------------------------------------
അഗ്രജം / ഡോ കെ ജി ബാലകൃഷ്ണൻ
------------------------------------------

 

agrajan new book 12 25-6-2017 dr.k.g.balakrishnan

agrajar/ 25-6-17 new book 12

agrajan new book 12/ 25-6-2017
അഗ്രജൻ
------------------------------
ഏതോ
ഗതകാലപുണ്യമായ്
ഉൾപ്പൂമധു-
മധുരമായ് കള്ളക്കണ്ണ-
നുണ്ണിക്ക്
ബലരാമനെന്നപോൽ
ഭവാൻ;
മനോമോഹനൻ;
ഹലായുധൻ!

2.
ഞങ്ങൾക്കു
വിദ്യാപീഠശൃംഗമേറുവാനഹോരാത്രം
മാർഗ്ഗദർശനമരുളിയ-
മംഗളസ്വരൂപാഖ്യനഗ്രജൻ;
സുകുമാരൻ!

3.
കവിയെൻ കാതിൽ ശക്തി-
മന്ത്രമോതിയോൻ;
ഭുവിൽ
ദ്യോവിലെയനന്തമാം
പൊരുളിൽ
കവിതയാം
സർവ്വവു-
മെന്നോടോതിത്തന്ന
കവി;
ഞാനാദ്യം
നേരിൽക്കണ്ട കവി;
രചനക്കു കലായ-
പുരസ്കാരം നേടി;
ആ ഗ്രന്ഥം
കവിയാമാനുജനു
സ്നേഹോപഹാരമാ-
യരുളിയനുഗ്രഹിച്ച-
"മഹാകവി"!

4.
അങ്ങു വെട്ടിയ വഴി-
ത്താരയിൽ
വെളിച്ചത്തി-
ലിന്നുമെൻ പദപാത-
മങ്ങോള-
മുള്ളിനുള്ളിൽത്തിങ്ങുമാ-
സൗന്ദര്യത്തേൻ
തുള്ളിതൻ
പരിമേയമെളുതാ
ലയം തേടി!

5.
ഓർത്തുപോകുന്നു ഞാനീ
നിമിഷം വരെയെന്നെ
ച്ചേർത്തുനിർത്തിയ,
ഇന്നും
തൻവിരൽത്തുമ്പിൻ സ്നേഹ-
സ്പർശവും കരുതലുമേകിയൊന്നുമേ
പ്രതി-
ഫലമായിച്ഛിക്കാതെ;
അറിവുമാനന്ദവും മാത്രമെ-
ന്നകം പൊരുൾ നിറനിറയെ-
പ്പകർന്നുതന്നേപോരും
പുലർഞായർ; നിർമ്മല-
മിതഭാഷിയെ:
എല്ലാമെല്ലാമുള്ളിൽത്താനൊളിപ്പിക്കും
മഹാമൗനിയെ;
എളിമതൻ നേർരൂപത്തെ!

6.
എന്നെ ച്ചൂഴുമാഗ്നിവൃത്തമാം
രക്ഷാകവചത്തെ-
യൻപിനെയനുഗ്രഹ-
മൊന്നിനെയെന്നെയെന്നു-
മെന്നുമറിഞ്ഞ
എൻ പ്രിയ സുഹൃത്തിനെ;
വഴികാട്ടിയ
മാതൃകാപുരുഷനെ!

മഹാകവിയുടെ
പ്രഭാനാമധാരിയെ;
യെൻ പ്രിയജ്യേഷ്‌ഠനെ!
ഒപ്പം;
പ്രപിതാ-
പിതാക്കളെ!
--------------------------------------------
new book 12/ 25-6-2017
അഗ്രജൻ
ഡോ കെ ജി ബാലകൃഷ്ണൻ
amazon.com author
--------------------------------------------------

Tuesday 20 June 2017

new book 12/ puppulikkali(swagatham)/ dr.k.g.balakrishnan 21/6/17

new book 12/പുപ്പുലിക്കലി (സ്വഗതം)21/6/17
----------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-----------------------------------------------

നാലുംകൂട്ടി മുറുക്കിത്തുപ്പി
നാലാംനാൾ പുലിക്കളി
ഞങ്ങൾക്ക്;
തൃശ്ശിവപേരുർക്കളി;
കളി കളിച്ചു കലികേറി
പുപ്പുലിക്കലി;
കലികാലക്കലി.

2.
പുലി പുലി ചെമ്പുലി,
ആമ്പുലി പെമ്പുലി;
പുള്ളിപ്പുലി കള്ളപ്പുലി;
കള്ളിപ്പുലി;
സ്വർണ്ണപ്പുലി; വർണപ്പുലി;
മൂവർണപ്പുലി;
വർണ്ണമില്ലാ വരയൻപുലി;
ചോരപ്പുലി; പച്ചപ്പുലി;
സന്യാസിപുലി;
ഞങ്ങടെ സ്വന്തം
പുപ്പുലിക്കളി.

3.
 ശാന്തയായ്
നിറനിറയൊഴുകി
നിറമാലതീർത്ത നിള;
ഭ്രാന്തമാം മനം പോലെ;
ശ്രാന്തമാം തനു പോലെ!
ഗാന്ധാരിക്കഥ;
(ആന്ധ്യം
സ്വയം പേറിയെന്നാരോ പാടി)
സാന്ത്വനം വൃഥാ;
 ഇതു ഞങ്ങടെ കലിയുഗക്കളി;
ഇതു പണ്ടേ മുനി പാടിയ മഹാ-
ഭാരതകഥ;
അമ്മേ!
നിൻ കൊടിയടയാള-
മെന്നുമാ നേരറിവാം
പാഞ്ചജന്യമേ!
ഓങ്കാര ധ്വനി;
രമ്യമധു കിനിയും മുരളീരവം;
പേരാറിന്നോളം;
കവിയുടെ കനവി-
ലൊരേയൊരു നേരിൻ
സ്വരസുധ! സത്യം ശിവം സുന്ദരം!


  4.
കൺ‌തുറന്നു കവി;
പുലർന്നുവല്ലോ!
തെരുവു ശാന്തം വിജനം;
"ഇന്നും ഹർത്താലാണ്;
പതിവുപോലെ"
കവിപത്‌നിയുടെ
സ്വഗതം.
-----------------------------------------------
new book 12/ പുപ്പുലിക്കലി (സ്വഗതം)
dr.k.g.balakrishnan) 21-6-2071
--------------------------------------------------------














  

Saturday 10 June 2017

new book 11/ kadaleevanathile mazha/ 10-6-17

new book poem 11/10-6-17
--------------------------------------
dr.k.g.balakrishnan
---------------------------------------
കദളീവനത്തിലെ മഴ
---------------------------------------

മഴക്കാലമായെന്ന്
വടക്കേത്തൊടിയിലെ
കദളീവനം;
പച്ചപ്പരപ്പിൽ തുരുതുരെ
മഴ മഴ മാമഴ രാമഴ
നട്ടുച്ചമഴ;
നിറനിറെ മഴ;
തോരാമഴ; തീരാമഴ;
അമൃതമഴ.

2,
കഥകളിമഴ കവിതമഴ;
തായമ്പക;
പാണ്ടി പഞ്ചാരി-
യഞ്ചു കാലവും
കൊട്ടി;
കല്യാണസൗഗന്ധികവും
സ്യമന്തകവും തുള്ളി;
നളചരിതമാടി;
ഗോപിയാശാൻ നവരസസുധാ-
സൗകുമാര്യത്തികവിൽ;
മലനാടിൻ
മഹാപുണ്യം
കലാമണ്ഡലം;
മഹാകവിയുടെ കർമ്മഭൂമിയാം
"വള്ളത്തോൾ നഗർ!"

3.
അമ്മേ!
നിൻ ഭാഗധേയം;
കൈരളിയുടെ
തിരുമുൽക്കാഴ്ച;
ഭൂഗോളമാകെ-
യടിമുടി നമിക്കുമെൻ
ജന്മപുണ്യം!

4.
കദളീവനത്തിൽ
മഴയുടെ കേളി;
പടഹം; ചെണ്ടമേളം.
ചേങ്ങില; മദ്ദളം;
ചെണ്ട;
കഥകളിമിഴാവ്‌;
കലാമണ്ഡലം
ഹൈദരാലിയുടെ
പദം;
പേരാറിൻ
ഹരിതമധുരമാ-
മോർമ്മകൾ;
നടനനാട്യച്ചുവടുകൾ;
നിലാരാച്ചന്തവും കേളികൊട്ടും!

5.
രാനിറക്കാഴ്ചയിൽ
മുങ്ങി മുഴുകി
സീരിയൽപ്പൊയ്മുഖങ്ങൾ;
കടലാസുതോണിയിൽ
വിനോദയാത്ര!
ആധുനികനും
ഉത്തരാധുനികനും!
കോലാഹലം;
കാട്ടാളലീല;
അടിപിടി;
കടിപിടി;
കപടമഴ
കദളീവനത്തിൽ!
------------------------------------------
കദളീവനത്തിൽ മഴ
new book 11 10/6/17
-------------------------------------------
 























Friday 9 June 2017

new book 10 kunjan moovatan / 10/6/17

new book poem 10 /10/6/17
--------------------------------------
dr.k.g.balakrishnan
--------------------------------------
കുഞ്ഞൻ മൂവാണ്ടൻ
-----------------------------------------

കവിയുടെ  മലർത്തോപ്പിൽ
കഴിഞ്ഞ
മകരപ്പൊൻവെയിലഴകിൻ
മിഴിമിഴിവിൽ;
കനിവിൽ;
മാസ്‌മരപ്പൊലിവി-
ലുൺമയിലുണരും
മധുരമായ്
കുഞ്ഞുമൂവാണ്ടൻ
പൂത്തു!

ചോരിവാ നിറനിറെ
മാരിവില്ലൊളി തൂവി;
നേരിനു നിറമാർന്ന
പാച്ചിരി മലർച്ചുണ്ടിൽ!
കവിയോ
കനകത്തേരുരുളും
തുടിമെനയും ചിരം
കാതിലതിമൃദു-
സ്പന്ദമായുണരും
സുഖശീതളലയമാ-
മനുഭൂതിതന്നൂഞ്ഞാല-
ത്തിരയുടെ
ആലോലപെരുക്കത്തിൽ! 

2.
അറിഞ്ഞുമറിയാതെയും
പലതുമറിഞ്ഞു ഞാൻ;
പരിപൂർണതയുടെ-
യളവെഴാ
അളവിൻ അളവുകോൽ
തേടി
ഉലകമേഴും താണ്ടി!

3.
മധുരപ്പതിനേഴിൻ
മധുരമതുലമെന്നോതി
കവിപുംഗവൻ;
അതിൻ തനിമയും
തെളിമയും കിനാക്കണ്ടു;
കാണാക്കൺതുറവിലോ,
ഉൾവെളിവിലോ,
അതിൻ മായാജാലവിലാസം
തെളിയവേ,
എന്തൊരാശ്വാസം!
പ്രഭാപൂരലഹരി!

4.
ഈയേഴുനിറമാടുമൊരു
നിമിഷാംശമാമേകം-
 സ്വരകിരണമാ-
മില്ലായ്മയായ്;
ഒഴുകും;
നിറവായ്
നിലകൊള്ളും!

5.
കവിയുടെ തൊടിയിലെ
കുഞ്ഞുമൂവാണ്ടൻ പൂത്തു!
-------------------------------------------------
കുഞ്ഞൻ മൂവാണ്ടൻ
new book poem 10.
10-6-17
--------------------------------------------------

  
   










Thursday 8 June 2017

new book poem 9/ metasandesam/ 9-6-17

new book poem 9/ metasandesam  9-6-17
-----------------------------------------------
മേടസന്ദേശം  / 9-6-2017
==============================
ഡോ കെ ജി ബാലകൃഷ്ണൻ
----------------------------------------------------
വിഷു കഴിഞ്ഞു;
പുതുമഴ പെയ്തൊഴിഞ്ഞു;
മാമ്പഴമഴയൊതുങ്ങി; മഴ
കൊഴുകൊഴുത്തു;
തുടുതുടുത്തു;
തുടികൊട്ടിയാടുവാ-
നെടവമെത്തി; കവി-
ചിത്തമോ
മണിമുത്തുമാരിയിൽ
നൃത്തമാടി;
പുതുവൃത്തമാർന്നു;
മദമാർന്നു; മാമയിൽ
പുത്തനാം പീലിനീർത്തി;
കാമനകൾ പൂത്തു;
സന്ദേശകാവ്യരചനയിൽ
യക്ഷകാമുക-
നക്ഷരം പ്രതി
ദു:ഖരാഗമധുവുഴിഞ്ഞു;
ശാന്തമായ്
മനസാഗരം!പ്രകൃതി;
പിന്നെയും
ചിത്രരചനയിൽ!

2
എടവമെത്തുന്നു!
 ക്ഷിതി കുതിർക്കുന്നു
മഴയിലന്നമായ്;
മനതിൽ കാർവർണൻ
കുഴലുമായ് ജീവരാഗമൂതുന്നു!
------------------------------------------------------
മേടസന്ദേശം/ new book  poem 9
9-6-2017
---------------------------------------------------------


 




Tuesday 6 June 2017

new book poem 8 mazhachinukkam / dr.k.g.balakrishnan 7-6-17

new book poem 8. mazhachinukkam / 7-6-2017
-----------------------------------------------------------
മഴച്ചിണുക്കം
-----------------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
------------------------------------------------------------
മഴ മുറുകുവതിൻ മുന്നെ
കൂടണയുവാനാമോയെ-
ന്നഴൽ;
കൂടെ
നിഴലായി
രാപ്പകൽ
നേരത്തേരിൽ
പുരോഗമനം;
ഒരേ ദിശ;
ഒരേ താളം;
പൂർവ്വകല്പിതം
പദചലനം വേഗം;
അനുസ്യൂതം;
പുഴയൊഴുകുവതിൻ 
ശ്രുതിയളവതി രമ്യം;
കിറുകൃത്യം;
മറുമൊഴിയില്ലാ പ്രമാണം;
നിറനിറവിന്നലാതചക്രം!

2.
മഴ മുറുകാം കനക്കാം;
പ്രളയപയോധിയൊരുക്കാം;
പല പല
വേഷവിധാനപ്പൊലിവിൽ-
കഥയാട്ടം;
കളിയാട്ടം തുള്ളാം!

3.
അറിവിനറുതിയില്ലെ-
ന്നരുളി ഗുരു;
ഗുരുവരുളതെനുരുവിടു-
ന്നനുനിമിഷം;
വെറുതെ വെറുതെയെന്നാം
മറുമൊഴിയിതുവഴി പാടി-
പ്പറന്നു നീങ്ങും
പറവയുടെ;
നിറനിറവിനുമതുതാ-
നെന്നുമാ
നിറചിരി;
മഴയുടെ മാലപ്പടക്കം!

4.
മഴ കൊഴുത്തു;
പഴയപടിതന്നെ  നേരം;
വേഗവും;
താളവും ലയവുമതേ
നിറവടിവി-
ലൊരു മിഴിവോളം;
കടുകുമണിയോളം;
പിശകുവരാതെ;
നിരന്തരം
പദചലനമിതേ
സത്യം ശിവം സുന്ദരം!
--------------------------------------------
മഴച്ചിണുക്കം / new book 8 7/6/17
---------------------------------------------






 

 



 

  



  

waves: avatharika - c. radhakrishnan

waves: avatharika - c. radhakrishnan: അവതാരിക സി.രാധാകൃഷ്ണൻ പലതരം കടലുകൾ ഉണ്ടല്ലോ.ആഴമുള്ളതും ഇല്ലാത്തതും, തിരയുള്ളതും ഇല്ലാത്തതും,നീലയും ചുവപ്പും, മഞ്ഞയായതും ആവാത്തതും. അ...

Monday 5 June 2017

avatharika - c. radhakrishnan

അവതാരിക

സി.രാധാകൃഷ്ണൻ

പലതരം കടലുകൾ ഉണ്ടല്ലോ.ആഴമുള്ളതും ഇല്ലാത്തതും,
തിരയുള്ളതും ഇല്ലാത്തതും,നീലയും ചുവപ്പും,
മഞ്ഞയായതും ആവാത്തതും.
അതുപോലെ കവിതയും പലതുണ്ട്.കടലെല്ലാം കടലായതു പോലെ
കവിതയും ആകാം. പക്ഷേ ശാന്തവും അഗാധവും ആയതാണ്
യഥാർത്ഥ സാഗരം,കവിതയും.

ഈ കവിതകൾ ശാന്തവും അഗാധവും ആകുന്നു. എന്നുവെച്ച് ഇവയിൽ
ശബ്ദമില്ല എന്നല്ല. ഉണ്ട്. പക്ഷേ ഒരു ഓങ്കാരധ്വനിയാണ്. കോലാഹലമില്ല,
ലയസംഗീതമാണ്. ഇവയിൽ ചലനം ഇല്ലെന്നല്ല. ഉണ്ട്. പ്രപഞ്ച സ്പന്ദനത്തിന്റെ
പ്രശാന്തമായ അലയിളക്കം.

ഉവ്വ്‌,അനുഭവങ്ങൾ ഇതിലേക്ക് നിപതിക്കുന്നു. പ്രാപ്യസ്‌ഥാനം അതാണല്ലോ.
അവിടെ ഓരോ അനുഭവത്തിനും അതിന്റെ തനിമയോടെ പരിലസിക്കാൻ
സൗകര്യമുണ്ടാവുന്നത് വല്ലാത്തൊരു സുഖം തന്നെ!

മലയാളകവിത ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു ഭാഷയാണ് ഇതെന്ന് പറഞ്ഞുകൂടാ. എങ്കിലും ഈ  ഇനത്തിലും താളത്തിലും തെളിമയിലും അത് മുമ്പുണ്ടായിട്ടില്ല. അതേ  സമയം ഇതൊരു പരീക്ഷണമല്ല. ഒരു വിളവെടുപ്പാണ്. കടയ്ക്കും കതിരിനും നല്ല കനം! ഇത് കേരളീയകവിത മാത്രമല്ല. ഭാതീയകവിതകൂടിയാണ്. ഇതിലൂടെ ഋഷിമാർ  നമ്മോട് സംസാരിക്കുന്നു. നമുക്ക്  വേണമെങ്കിൽ ഉറക്കം നടിച്ചു കിടക്കാം. ഉറക്കം നടിക്കുന്നവനെ ഉണർത്താൻ കഴിയില്ലെന്ന് പ്രമാണമുണ്ടെന്നു നാം കരുതുന്നു. എങ്കിൽ പക്ഷേ ഈ കവി അത് സമ്മതിച്ചു തരില്ല. ഞാൻ ഉണർത്താം എന്നുതന്നെയാണ് ഭാരതവാക്യം പോലും!

നമുക്കൊരു പാട്ട് ലോകത്തോട്  മുഴുവൻ പാടിക്കേൾപ്പിക്കാനുണ്ട്. അത് ഈ
യുഗത്തിന്റെ ആവശ്യമാണ്. പഠിച്ച്, പാടാനുള്ളത് പാടിത്തരികയാണ്
ഡോ.കെ.ജി. ബാലകൃഷ്ണൻ എന്ന ഈ അനുഗൃഹീതൻ.

ഞാൻ ഇതിനെ സന്തോഷത്തോടെ,
അഭിമാനത്തോടെയും,
ലോകസമക്ഷം സമർപ്പിക്കുന്നു.

സി. രാധാകൃഷ്ണൻ,
 1- 6- 2017



Sunday 4 June 2017

new book poem 7 / 5-6-17/ raamaricheththam

new book poem 7. 5/6/17/രാമാരിച്ചെത്തം
--------------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------------------------

രാമാരിച്ചെത്തം
---------------------------------------------------------

പാതി നൂറ്റാണ്ടിനപ്പുറം
പരതുമോർമ്മയുടെ
പഴമ്പുരാണം;
കഥ കേരളീയം;
അറബിക്കടലോരം;
അരങ്ങോ
ചേറ്റുവാ മണപ്പുറം.

2.
അവിടെ
നാട്ടോടുമേഞ്ഞ
 പുരാതനപൈതൃകമാം
നാലുകെട്ട്;
കർക്കിടകരാമഴ പൊടിപൂരം;
വിദുഷിയാമമ്മൂമ്മയുടെ
രാമായണം കഥ;
സുഖദമധുരമാമിളം
ചൂട്;
നടുമുറ്റം നിറഞ്ഞു
വിരിഞ്ഞു
കവിഞ്ഞു തെളിനീർമഴ;
തെക്കുപടിഞ്ഞാറൻ
നാടൻ മേളത്തഴക്കം.

3.
അവിടെമഴയിവിടെ മഴ;
രാപ്പകൽ മഴ;
അമ്പലക്കുളത്തിലും
ആല്മരച്ചോട്ടിലും
ആലുവാപുഴയിലും
തേന്മഴ മധുമഴ;
പ്രണയമഴ;
മലനാട്ടിൽ
നിറ നിറനിറയൊരുമയുടെ
പനിനീർമഴ!

4
ഓർമ്മയിലെ മഴയെവിടെ!
മലയാളമനസ്സിലെ
രാമഴച്ചെത്തമെവിടെ!
എവിടെയുമൊച്ച;
ഡെസിബെൽക്കനം
കണ്ടിക്കണക്കിൽ;
മോട്ടോർവണ്ടിപ്പെരുക്കം;
പുതുകവിതയുടെ
ഗതിയറിയാ
മലവെള്ളപ്പാച്ചിൽ;
എവിടെ മലയാളിയുടെ-
യൊരുമപ്പെരുമ?
ആതിഥ്യപ്പെരുമഴ?
നേർമഴ!
എളിമയുടെ
പൂത്തിരിമഴ!
നിറപുഞ്ചിരിമഴ?
ആനന്ദക്കണ്ണീർ മഴ!

5.
ഇന്നു ഞാനെഴുപതുകാരനാം
യുവകവി;
പാതിശതകമായ്
പരിശോധനക്കുഴൽ മൂളും
സ്വാസ്ഥ്യമസ്വാസ്ഥ്യക്കഥകേട്ട
കാതുടമ;
വ്യഥകേട്ട കരളുടമ;
പറയുവതു പേ!
പക്ഷെ; പക്ഷെ;
പറയാതിരിക്കുവതെങ്ങനെ!
(അല്ല!
പാടാതിരിക്കുവതെങ്ങനെ!
അന്നമ്മൂമ്മ പാടിത്തന്ന
നേർമൊഴി
രാമാരിച്ചെത്തം!)
------------------------------------------------
5-6-2017
രാമാരി ച്ചെത്തം
new book poem 7.
------------------------------------------------