Wednesday 3 August 2016

2.
"ആവിവൻതോണി"  3-8-2016
----------------------------------
ഡോ കെ ജി ബാലകൃഷ്ണൻ 

--------------------------------------

എന്നുമെന്നും
മധുമാസമെങ്കിൽ-
പ്പിന്നെയെന്തിനായ്ക്കൺതുറക്കുന്നു
ചിത്രപേടകം; കാലമായ് വർണ്ണ-
ചിത്രലേഖം മെനയുന്നു ചേലിൽ!

നിത്യമെന്നും നിരന്തരമെന്നും
സത്യമെന്നും സമന്വയമെന്നും
കൃത്യമെന്നും കമനീയമെന്നും
ചിത്രണം; ചിരനർത്തനമെന്നും!

മാറി മാറി വരും നിമിഷത്തിൻ
നീറിൽ നിന്നുയിർക്കൊള്ളുന്ന
പുത്തൻ-
പൂനിലാത്തുള്ളി മാത്രമാണല്ലോ
നീ നിമേഷമാം നേരവൈചിത്ര്യം!

നീയുണരുന്നു നീളമാരുന്നു;
മേളമാടുന്നു ജാലമാളുന്നു;
നീയുറങ്ങുന്നു; രാവെന്നു ചൊന്നു;
മായയെന്നു മനീഷി മൊഴിഞ്ഞു.

നീളെ നീളെയണി നിരക്കുന്നു;
കാലമെന്ന് വിളിക്കുന്നു മർത്യൻ;
ഒന്നുകൂടി ചിരകാലമെന്നും;
ഒന്നനന്തം മെനയുന്നു ചെമ്മേ!

ഒന്നുമില്ല; പരിപൂർണമെന്നും;
ഒന്നുമൊന്നുമതെന്നും ധ്വനിക്കും
ശംഖനാദമതെന്നും  ശ്രവിക്കും
സംഗമാർന്നു മധുരം സ്വദിക്കും!

എങ്കിലും വേണു പിന്നെയും മൂളും
പൊൻകിനാവുകൾ രാഗം കൊരുക്കും;
മംഗളശ്രുതിയൂതും; മിടിപ്പിൻ
ഗംഗ നേരിൻ
നിരന്തരം പെയ്യും!

ഭൂമി ചക്രം കറങ്ങും മനസ്സിൻ
"ആവിവൻതോണി"യേറും; പ്രകാശം;
നിത്യസത്യമായ് സൗന്ദര്യപൂരമായ്
ചിത്രചിത്രണം- സച്ചിദാനന്ദം! 


കുറിപ്പ്

* ഗുരു

--------------------------------------------------------
dr.k.g.balakrishnan kandangath Amazon Author
ഭാരതത്തിന്റെ കവിത  (Poetry of India)
2. 11/9/2016
--------------------------------------------------------