Tuesday 16 September 2014

ottakkannittunottam

ഓട്ടക്കണ്ണിട്ടുനോട്ടം - 1.
======================
ഡോ കെ ജി ബാലകൃഷ്ണൻ
==========================
  മദ്യനിരോധനം
================= 

 ഇത് കഥയല്ല കവിതയുമല്ല.ഈ എഴുപത്കാരൻ പൌരന്റെ ചില ചെറു- നോട്ടങ്ങൾ. ഒന്നുമില്ല.വെറുതെ ഒരോട്ട ക്കണ്ണിട്ടുനോട്ടം.
നോട്ടം രണ്ട് തരം. ഒളിഞ്ഞ് തെളിഞ്ഞ് ഇങ്ങനെ. എന്റേത് ഒളിഞ്ഞതാണ്.
കള്ള കൃഷ്ണൻ ആണല്ലൊ ഞാൻ. പോരാത്തതിന് കവിയാണേ! കവിഞ്ഞ്
നോക്കുന്നവനാണ് കവി.കാണുന്നവനും. ഈയിടെ നോക്കിയതും കണ്ടതും
കവിതയാക്കി.പത്രമാസികകളിൽ പ്രസിദ്ധീകരിച്ചു.പിന്നെ പുസ്തകമാക്കി.
"കുറുക്കൻ@ കുറുക്കൻ.കോം" എന്ന് പേരിട്ടു.അതിൽ കുറെ നോട്ടങ്ങൾ ഉണ്ട്.
ഒളിഞ്ഞതും തെളിഞ്ഞതും.കവിതയുടെ പട്ടികയിൽ പെട്ടവ.ഇപ്പോൾ തോന്നു ന്നു.
ഇവയെ മറ്റെന്തോ പേര് ചൊല്ലി വിളിക്കണമെന്ന്.അങ്ങനെ ഈ ഓട്ടക്കണ്ണിട്ടു- നോട്ടം. ഒന്നെന്ന് നമ്പറിട്ടത് ഇനിയും സഞ്ചിയിൽ ഉണ്ടെന്നതിന്റെ സൂചന.

ഇന്നത്തേത്:
ഇന്ന് 16-9-2014. ഇന്നലെ ശോഭാ യാത്രകൾ കണ്ടു. കൂടാതെ ജന്മാഷ്ഠമി ആഘോ- ഷിക്കുന്ന ചില പുത്തൻ കൂട്ടുകാരെയും കണ്ടു. ആവാം. ഗീതാകാരനാണല്ലോ
കൃഷ്ണൻ.തത്ത്വമസിയുടെ പ്രയോക്താവ്. നല്ലകാര്യം. ചിലർക്കൊക്കെ അല്പം എതിർപ്പുണ്ടത്രേ. അത് ശരിയല്ല.കൃഷ്ണൻ ആരുടെയും കുത്തകയല്ല.
കുത്തക:
ഇത് കുത്തകകളുടെ കാലം. ഭൂമിയും കാറ്റും വെള്ളവും എല്ലാം കുത്തകകളുടെ  സ്വന്തം. കസേര മൂട്ടിൽ ഒട്ടിപ്പിടിക്കുന്ന അതിശയം. ഇരിക്കുന്ന
മഹാമനസ്കൻ ടോയ് ലെറ്റിൽ പോകുമ്പോൾ പോലും ഒട്ടിപ്പിടിക്കുന്ന ആസനം.
 മദ്യനിരോധനം:
ഈ ഐവർകളി കാണുവാൻ നല്ല ഹരം. എനിക്ക് നാല്പത് കൊല്ലം മുന്പത്തെ  ഒരോർമ.
ഞാൻ മെഡിസിൻ കഴിഞ്ഞ് വീട്ടിൽ എത്തിയ കാലം. വീട്ടിൽ എന്റെ പാപ്പൻ
വല്ലപ്പൊഴെ ഉണ്ടാകൂ. മദ്യപാന തല്പരനാണ്. ആൾ അധ്യാപകനാണ്. പ്രഗല്ഭനായ സയൻസ് മാസ്റർ. പാനം മൂലം എന്നും പണത്തിന് മുട്ടാണ്. ഇടക്ക് എന്നോട് പണം ചോദിക്കും. പണവും വാങ്ങി ഒരു പോക്കുണ്ട്.(ആ വേഗത! ആൾ ഇന്നില്ല.) പോകുമ്പോൾ പറയും "പാപ്പൻ ഒക്കെ തിരിച്ച് തരുന്നു- ണ്ട് ".
പിന്നെയാണ് രസം. തിരിച്ചെത്തിയാൽ പാപ്പൻ മദ്യനിരോധനത്തിന്റെ വക്താവാണ്‌. പാനത്തിന്റെ ദൂഷ്യങ്ങളെ   അപഗ്രഥിച്ച് ഒരു ക്ലാസ്സ്‌.(ആൾ സയൻസ് മാഷാണല്ലോ?- ഞാൻ ഡോക്ടറും!). ഈ സർക്കാരിന് ഇതങ്ങ് നിരോധിച്ചു കൂടെ എന്നൊരു അർത്ഥവത്തായ ചോദ്യവും!
"മോനേ നീ കുടിക്കരുത് കേട്ടോ." ഉപദേശിച്ച് ആൾ പോകും ഷാപ്പിലേക്ക്!
- ഇത് കുമാരൻ മാസ്ടരുടെ കഥയല്ല- പുതിയ വർജനക്കാരുടെ കഥ.
(സുധീരന്റെ ശ്രമം വിജയിക്കട്ടെ!)
====================================== 16-9-2014
dr.k.g.balakrishnan 9447320801 ottakkannittunottam-1
drbalakrishnankg@gmail.com
=======================================




Wednesday 3 September 2014

ലോഫ്ടിൽ
എലികൾ
ചിരിക്കുന്നു
==================
ഡോ കെ ജി ബാലകൃഷ്ണൻ
==========================
തട്ടിൻ മുകളിൽ
ഒരു പെരക്കം
പിന്നെ,കിലുക്കം.
ഉത്തരത്തിൽ
ചത്തിരിക്കുന്നത്-
കിക്കിലുക്കം
കിലുകിലുക്കത്തിന് ശേഷം.
അതെ, അത്
നേരായ നേരിൻ
ഒടുക്കം-
അന്ത്യമെന്നും
അവസാനമെന്നും
പ്രളയമെന്നും ഒക്കെ.
കൂലം കുത്തി യൊഴുകുന്നത്
പ്രവാഹം;
അതെ;അതുതന്നെ-
ചതി-
പോരിന് കാരണം.
ചോരയുടെ കുത്തൊഴുക്ക്
ശകുനിയുടെ
കള്ളക്കളിയുടെ കഥ;
-മുനിയന്നെ
പറഞ്ഞത്.
-നൂറ്റൊന്ന്
ആവർത്തിച്ചത്-
(ക്ഷീരബലയെന്ന്
ആയുർവ്വേദം.)

2.
ഇറാക്കിലും
ഗാസയിലും
തേര്
ഉരുളുന്നത്;
ഇവിടെ,
ഭൂമിയുടെ
തട്ടിൻപുറത്ത്-
ഒരു പെരപെരക്കം.

3.
ഇരുളുന്നു ആകാശം-
മഴ വരാനെന്നത് മണ്ടത്തരം;
 വരാനിരിക്കുന്നത്
പേമാരി;
മഹാമാരി;
തീരാ, തോരാമഴ;
മഴമഴ;മഹാമഴ;
കോരിച്ചൊരിഞ്ഞ്;
ഊരും പാരും നിറഞ്ഞ്;
അങ്ങനെ,അങ്ങനെ;
ലോകാവസാനം.

അതെ,
എല്ലാ കഥകളും തീരുന്നത്
ഒരേപോലെ-
സകല പടഹധ്വനികളും
അടങ്ങി-
മൂകം,ശാന്തം;
തുടക്കം
ഒടുക്കം
ഒന്നായുറഞ്ഞ്.

4.
എന്റെ മുറിത്തട്ടിൽ
പെരപെരാപെരക്കം;
കിലുകിലെക്കിലുക്കം.

എലി;
നേരിനെ;
പരിഹസക്കുന്നതിൻ സ്വരം;
-അതുകേട്ട്‌ കലിതുള്ളും
കവിമനസ്സ്-
എലി പെരുകിയിട്ടുണ്ടെന്ന്
വീട്ടുകാരിയുടെ പരാതി
(- മായം ചേർക്കാത്ത
-പരിശുദ്ധ-
എലിവിഷം പോലും
കിട്ടാനില്ലാത്ത
കലികാലത്തെപ്പറ്റി
ഓർമപ്പെടുത്തൽ)
-അത് മാത്രമാണ്
ഈ പുത്തനിന്നിന്റെ
പച്ചപ്പെന്ന്
എന്റെ കമന്റ്-
എന്റെ പ്രിയതമയുടെ
+മണിയൊച്ച;
-പൊട്ടിച്ചിരി-
ലോഫ്ട്ടിൽ
എലികൾ ചിരിക്കുന്നു.
=========================
dr.k.g.balakrishnan, kattoor-680702,Thrissur.
Mob. 9447320801
drbalakrishnankg@gmail.com
==================================