Saturday 26 September 2015

കാവ്യം
----------------
---------------- 

സ്വരബിന്ദു
--------------------------   
-----------------------------------------------------------------------------------------------------------------
ഒന്ന്
-----------------------------------------------------------------------------------------------------------------
സ്വരം
------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
------------------------------------------
 നിറമെഴായ്മയുടെ നിറം-
ഈ ഇമയനക്കം.
നേരമതെന്നത് 
നേരത്തിന് നേരംപോക്ക്;
നേരമതല്ലെന്നത് നേര്-
നേര്-കാഴ്ച;
നേരിൻ
നേരക്കാഴ്ച.

നേരിൽ കാണാമെന്ന്
നേര്-
അത് നേർക്കാഴ്ച-
അറിവെന്ന്‌ ഗുരു;
ഋഷി ;
മുനിയുടെ മൌനം;
സ്വരപ്പിറവി;
നിറനിറവ്.

ഈ മുളം തണ്ടിലുണരും
പുലരി;
അതിൻ കനവായൊഴുകും
നറുനിലാവരുവി;
 പൊങ്ങിയും താണു-
മാടിയും പാടിയും
കവി.

നീലവാനിൻ
നിറവിലുണരും പൂവ്;
അയുതമിതളിൻ
മണമുതിരും
പൊരുള്;
ആയിരമീണം ചിറകി-
ലണിയും
കാവ്;
കവിനിനവ്.

ഇനിയുമിനിയും
തീരാനിര; നുര;
ഇന്നിന്നിഴ മെനയും
 പുതുമഴവിൽക്കൊടിയഴക്!

2.
ഉള്ളുയിരി-
ന്നുൾമിഴിവിൽ
തുള്ളും മൊഴി
നിറവടിവിൽ
സ്വരമൊന്നിൻ
തിരനോട്ടം;
സ്വരമേഴിൻ
മയിലാട്ടം!
-------------------------------------------------
27-9-2015
 dr.k.g.balakrishnan 9447320801
--------------------------------------------------

---------------------------------------------------------------------------------------------------------------------------

രണ്ട്

---------------------------------------------------------------------------------------------------------------------------

രാഗം
----------------------------------
ഡോ കെ ജി ബാലകൃഷ്ണൻ -
28-9-2015
-------------------------------------------

ആനന്ദഭൈരവിയാ-
മുള്ളുണർച്ച;
പുതുനിറമറിവിൻ
വിണ്‍വിടർച്ച,
അറിയാതലയുമെൻ
കണ്‍വിളർച്ച;
എന്മിഴി വടിവിൻ
മെയ്തളർച്ച!

പാടിയാടി-
യൊഴുകും
പാലൊളി പതയും
പൌർണമിപ്പുഴ;
തിരയിലുണരും
തീരാനിരയഴകിൻ
തേന്മഴ.

ആടിയാടിത്തളരും
കണ്ണാന്തളിപ്പൂനിര;
നീളെ നീളെ നിറയും
തീരാതീരാ...........
മതിൽനിര;
നീറി നീറി പ്പുകയും
പക.

ഇനിയുമായിരം
സ്വരമുതിരും
സ്വരബിന്ദു;
രാഗമാലിക കിനിയും
സ്തനസിന്ധു.

പുതുമലർമണം,
കാതിനമൃതം,
തേൻകുടം.
നിത്യകല്ല്യാണിരാഗം
മാമധുരമീ-
രൂപമെഴാ-
സ്വരൂപം.

പാടുവാനാവാ
പനിനീർമലർ
മൂളുമീ രാഗം;
മൂളാതെ മുരളാതെ
സ്വയമെഴുമീ
ദിവ്യം സുരാഗം.

തുമ്പിയും വണ്ടും
മലർമക്ഷികം താനും,
രാപ്പകൽ സാധകമാളും
മോദം, ശ്രീരാഗഗീതം 

2.
പാറിപ്പറക്കും പതംഗം;
മൂകം, സുഗന്ധം പരത്തും
നീലം, പ്രഭാപൂരപൂർണം;
വർണം, സുനന്ദനം ചിത്രം!
----------------------------------------------- 
 dr.k.g.balakrishnan-28-9-2015
Indian Poet
------------------------------------------------ 

--------------------------------------------------------------------------------------------------------------------------
മൂന്ന്
----------------------------------------------------------------------------------------------------------------
 താനം
----------------------------------------------

ഉന്മയിലുറങ്ങും
വെണ്മ,
ഒരുകുഞ്ഞുതാരകം,
മിന്നിമിന്നിയുണരും
മിന്നാമിനുങ്ങ്;
ഷഡ്ജമായും
ഋഷഭമായും
ഗാന്ധാരമായും
മധ്യമമായും
പഞ്ചമ--ധൈവത-
നിഷാദമായും
ലയംകൊള്ളും
വർണം;വിസ്മയം!
     
ഏഴഴകിൻ
ആനന്ദധാര;
ഋഷി
ഊതിയൂതി യുണർത്തും
കനൽ;
*അഗ്നിഗീതത്തിൽ
കവിയാവാഹിച്ച
പൊരുൾ.
ആഴമേറും
*ആഴിയെന്ന് *ഗുരു.

"ചഞ്ചല ഗതി-
 സുരസരിത"യെന്ന്
*നിരാള;
 *ഗംഗാതരംഗ"മെന്നും
*ഹിമാലയഭാവ"മെന്നും
*കവി.

ചുരുൾ നിവരുന്നത്
ചുഴി-
മൌനമായി
അലിയുന്നത്;
അതിൽ,
ഞാനാം ശിവം
താണ്ഡവമാടി,
അമേയമായി,
അവ്യയമായി.....

ആഴമറിയാക്കയത്തിൽ
ആഴമായുണർന്നുണർന്ന്,
ഭവ്യമായി;
ഭാവമായി;
സത്യമായി;
നിത്യമായി;
സൌന്ദര്യമായി........

നീയെന്ന ഞാനായി;
ഞാനെന്ന നീയായി........
താനമായി.

2.
ഏഴ് കാലങ്ങളിൽ
എകകാലത്തിൻ
നീലാഭ ജാലമായ്
വെള്ളിവെളിച്ചമായ്
തങ്കത്തിളക്കമായ്.........

കാലത്തെ വെല്ലും
നിത്യസുഗന്ധമായ്‌ !
---------------------------------------
*അഗ്നിഗീതം" (കാവ്യം)
*ആഴി = തീ(അഗ്നി )യെന്നും
 *
*ശ്രീനാരായണഗുരു
*സൂര്യകാന്തി ത്രിപാഠി "നിരാല "
(ഹിന്ദി മഹാകവി)
കവിത -"തും ഔർ മേം")
* The Waves of the Ganga"(by me)
*The Hues of the Himalaya"(by me)
-----------------------------------------------------
dr.k.g.balakrishnan 29=9=2015
------------------------------------------------------
------------------------------------------------------

നാല്
----------------------------------------------------------------------------------------------------------
പല്ലവി
------------------------------------------------

ബ്രാഹ്മമുഹൂർത്തത്തിൽ,
മുറ്റത്തെ മാങ്കൊമ്പിൽ
ആരുടെ പല്ലവി!

കിളിയുടെ? കാറ്റിൻറെ?
 അമരാവതിയിലെ
ഗാനഗന്ധർവൻറെ?

പുലരിയുടെ മഞ്ജുള-
മഞ്ജീരശിഞ്ജിതം,
 നീലനിലാവല-
യിളകും സുനന്ദനം!

തീരും തമസ്സിൻ
നിരാശ്രയ-
രോദനം?
ഏതോ കിനാവിൻ
നിരാലംബ-
ഭഞ്ജനം?

അല്ല! പ്രതീക്ഷതൻ
ഫുല്ല സങ്കീർത്തനം!

2.
പാടുകയാണ് ഞാൻ;
ഉള്ളിന്റെയുള്ളിലെ
നാദവിലാസം
പകരും ധ്വനിരസം!
പിന്നെയും പിന്നെയും;
ചിന്താമണിയുടെ
ആമന്ദ്രമധുരം
കിലുക്കമെൻ
ചോദനം!

ആദിയുമന്തവു-
മില്ലാ പ്രഭാപൂര-
രാഗവിസ്താരം,
സചേതനം;
തദ്‌ഭവം!

പല്ലവി മാത്രമാ-
ണെൻ സ്വരവ്യഞ്ജനം;
പല്ലവിമാത്ര മീ-
മാത്രയും യാത്രയും!
പുഴയുടെ പാട്ടും
ഇമയനക്കങ്ങളും
സാഗരഗീതവും
പ്രേമസംഗീതവു-
മെൻ 
പാദചലനവും!

ഇളയുടെയീണവും;
വ്യാഴവട്ടങ്ങളും!
-------------------------------------------
-------------------------------------------
അഞ്ച്
---------------------------------------------
അനുപല്ലവി
-----------------------------------------------   

   ആലപിക്കാം
നമുക്കനുപല്ലവി സഖീ!
ആചന്ദ്രതാരം
അനുനിമിഷം പ്രിയേ!
പൂവും പുതുമഴ
തൂവും പുളകവും
കാവും കവിതയും
താവും സുഗന്ധവും!
രാവും പകലും
തിരിയവേ മൂളുന്ന
നീലാംബരിയുടെ
ലീലാവിലാസവും!

സന്ധ്യമയങ്ങും
സമയമെൻ ചിന്തയിൽ
ഗന്ധസദൃശം
പരക്കും കിനാവുകൾ;
തുമ്പികളായി പ്പറക്കുന്നു;
നാളെ പൊൻ-
ചെന്താമരയായ് വിരിയുന്നു
നീളവേ!

പാടിപ്പറക്കും പതംഗമായ്
ഭൂലോകഗോളവുമായിരം
താരാപഥങ്ങളും
തേടുമെൻ മോഹമേ,
നീയനുപല്ലവി;
ചേതോഹരം;
രാഗമാധുര്യമൂറുന്ന
ഗീതം;
ഈ ജീവിതനിത്യകല്യാണം;
അമേയമനുപമം!
2.
ഭാവരൂപാദികൾ
ഇല്ലാ സ്വരൂപമേ,
നീയനുപല്ലവി മാത്രമാണെങ്കിലും;
നിന്നഴകാം മണിമന്ദിരം തന്നിലെൻ
ഉള്ളവുമുള്ളും സുമംഗളം
സത്യമേ!

നാദമേ! നാദസുഗന്ധമേ, നൈമിഷ-
ഗീതമേ, മൂകമേ, മൂകസൌന്ദര്യമേ,
നിന്നനുഗായനമാനന്ദദായകം;
നിന്നനുശീലനമെൻ
കർമമണ്ഡലം!
-----------------------------------------------------
ആറ്
----------------------------------------------------
ചരണം
-----------------------------------------

എത്ര സുന്ദരമാണീ
ഗായനം സുകുമാരം
ചിത്രചിത്രണം, സ്വര-
രാഗരാജീവം സൌമ്യം!

നാളെയെത്തേടും സത്യം
ചരണം; വാനത്തോളം
നീളുന്ന നേത്രദ്വയം.
സ്വാദനം പരിപൂർണം.

നിമിഷം നിമിഷം നീ
മെനയും പുതുരാഗം;
നിമിഷം നിമിഷം പൂ-
വിരിയും നീയായെന്നിൽ!

കനകം കായായ്ത്തീരും;
ഫലമായ് മണ്ണിൽച്ചേരും;
പിന്നെയും മുളപൊട്ടും;
നാളെയായ് നീളും
ഞാനായ്!

ചരണം ചരണമായ്
നാളെയായ് നീളും
നീളേ!
കരണം കരണത്തിൻ
കാരണം തേടും നൂനം!

ഒന്നിൽ നിന്നൊന്നുണ്ടാകും
പിന്നെയോ നാലായേവം
വിണ്ണിലും വിഭൂതിതൻ
ഉള്ളിലും വിരാജിക്കും;
മേയമായമേയമായ്
അനവദ്യമായ്, രാഗ-
ഗേയമായഗേയമായ്‌,
ഗീതമായ് സംഗീതമായ്!

2.
ചരണം ചരണമായ്
സ്വരബിന്ദുവിൻ കാല-
ചരണം, വിഹായസ്സിൽ
വിസ്മയം രചിക്കുന്നു!


കവിയോ കവിതയിൽ,
ചിത്രമായ്‌ കലാകാരൻ,
ശില്പി ശില്പമായ്, നൃത്ത-
നൃത്യമായറുപത്തി-
നാലിലും,
ഉള്ളിന്നുള്ളാ-
മുള്ളിലും;-

മഹാവിശ്വ-
കോരകം ജൃംഭിക്കുന്നു!!
------------------------------------------------
dr.k.g.balakrishnan kandangath
9447320801
Indian poet
kavyam- swarabindu
സ്വരബിന്ദു
1-10 -2015
----------------------------------------------------