Tuesday 5 July 2016

33.
നിറപറ 6/7/16
------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author
Book The Why? English Poems
Swarabindu Malayalam poems
International Editions. Available
worldwide
------------------------------------------

1.
കാണാനും കേൾക്കാനും
പുണരാനും നുണയാനും
മണമായ്‌ നിറപറ;
ഗുണമായ് സ്വരസുധ!

കഥയായ് കവിതയായ്
പൂത്തു പൊൻവെയിലായെ-
ന്നകതാരുണർത്തുന്ന
മധുരമധുരമാം
വ്യഥയായറിവിന്
പദദർശകമായി
പഥവും പഥികനു-
മേകമായ് നിറവിന്റെ
മികവാമനുഭവം
പകരും വെളിച്ചമായ്!


2.
പൂർണമാമതിൻ വ്യംഗ്യ-
മോർമ്മയിലുണർത്തുന്ന
വാച്യമാം നിറപറ;
നിറവിൻ നിറമാല!

നേരിന് നിറമേകും
രൂപവും പേരും മോഹ-
ധാരിയാമൊരായിരം
വേഷഭൂഷണങ്ങളും

ആദിയാമറിവിന്
അതിരുമനർത്ഥവും
മതിയിലൊതുങ്ങുന്ന
ലൗകികലഘുത്വവും

കല്പന ചമയ്ക്കുന്ന
മായതൻ നിറക്കൂട്ടും
ചാർത്തുവാൻ
പൈശാചിക-
തന്ത്രങ്ങൾ തീർപ്പോർ
നമ്മൾ!

3.
എനിക്കെൻ സ്വർണ്ണത്തേരിൽ
പാർത്ഥസാരഥിയുടെ
വെളിച്ചം വേണം; പൂർണ-
രാഗമായുണരുവാൻ;

ഒന്നിൽ നിന്നൊരേയൊന്നിൽ-
ത്തിങ്ങിടും വിലാസത്തിൻ
കണ്ണികൾ നീളും വിണ്ണിലൊന്നായി-
വിരാജിക്കും.

പിന്നെയോ സങ്കോചിക്കും
പ്രലയം; പ്രശാന്തമാം
ബിന്ദുവിന്നാവിർഭാവം;
സൃഷ്ടിതൻ പ്രാദുർഭാവം.

ആവർത്തം; കവി കാല-
ചക്രമാം നിരന്തമീ
ലീലയെന്നുദ്‌ഘോഷിച്ചു;
ഋഷിയോ സമർത്ഥിച്ചു.

4.
നിറപറയിത് താനെ-
ന്നുൾക്കളം നിറയുന്ന
നിറവിന് സ്വരമേകും
നിത്യമാം സ്വരബിന്ദു!
---------------------------------------------
33
നിറപറ
ഡോ.കെ.ജി.ബാലകൃഷ്ണൻ
Amazon.com Author
------------------------------------------------






















No comments:

Post a Comment