Sunday 3 July 2016

31
ഞൊടിയൊഴുക്ക് -4-7-16
----------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author(Malayalam&
English)
--------------------------------------------
ഇടവേളയില്ലാ
തുടിയൊഴുക്കാം രംഗ-
പടമാണ് നേരം;
പല വർണസാരം!

ആരോ തുഴയേന്തി
നേരായി രാപ്പക-
ലെന്നിയെ
പാരായി രൂപവും
താളവും ചേലായി
ചാലേ മെനയുന്ന സാകാര-
മിഥ്യയായ് നീളുന്ന
നീളമായ് നാളെയായ്
നാളെയായ്!

അമരത്തിൽ നീയാണ്
 നീയെന്ന ഞാനാണ്
ഞാനെന്ന നീയാണ്
നാമെന്നൊരൊന്നാ-
ണനാഖ്യമാണ്!

അണിയത്ത് തുടികൊട്ടി-
പ്പാട്ടുംപതവുമായ്
മണികെട്ടിയാടും
പ്രപഞ്ചമാണ്!

ഋഷിയുടെ മന്ത്രധ്വനിയിൽ
മുഴങ്ങുന്ന
മഷിയുണങ്ങാത്ത
സ്വരാക്ഷരങ്ങൾ
നിറയെ നിറയെ നിറവിൻ
സുഗന്ധമായ്
നിറപറ തീർക്കുന്നു
വാനിടത്തിൽ!
ഇവിടവുമവിടവു-
മെവിടവുമില്ലാത്ത
ഹൃദയാന്തരാളമാ-
മനുഭവത്തിൽ!
അനുഭൂതിയായി
സിരാപടലങ്ങളിൽ-
ത്തിരതല്ലും പേശല-
മൂലകത്തിൽ!

കളകളം പെയ്യും തരംഗിണി
നീലമാം
സ്വരരാഗമായിപ്പരിണമിക്കെ
ചിറകാർന്ന് താരാഗണങ്ങളാ-
യാകാശ-
ഗംഗയായ്-
ത്തോരാ ഛവി ചൊരിഞ്ഞു!


2.
*മൂന്ന് സകാരങ്ങൾ
മൂവന്തി യായ്ച്ചമ-
ഞ്ഞോരോ നിമിഷവു-
മവതരിക്കെ,
ഓരോ  മിഴിയിലുമോരോ
നിമേഷമായ്-
ത്തീരുന്നു;
കാലം പിറക്കുന്നു;
തീരാതെ
തീരാതെ
ധാരാവിശേഷമാം
പാരായി;
പാതയാം നേരമായി!


കുറിപ്പ്
* സൃഷ്ടി സ്ഥിതി സംഹാരം
ഓരോ നിമിഷവും(moment) നിമേഷവും(wink)
സൃഷ്ടി സ്‌ഥിതി സംഹാരങ്ങൾ
നടക്കുന്നു. കാലമായ് നീളുന്നു.

-----------------------------------------------
ഞൊടിയൊഴുക്ക്
ഡോ കെ ജി ബാലകൃഷ്ണൻ
4- 7 -2016
--------------------------------------------------
























No comments:

Post a Comment