Thursday 31 March 2016

സ്വരബിന്ദു 7.
7. സ്വരബിന്ദു
------------------------------------------
ഡോ കെ.ജി.ബാലകൃഷ്ണൻ
----------------------------------------

ഏഴുലകങ്ങളുമേഴർണ്ണവങ്ങളു-
മേകസ്വരത്തിനന്തവർണ്ണങ്ങളും
ചേതോഹരം സാരധാരാവിശേഷവും
സാധർമ്മ്യമില്ലാ സുസൂക്ഷ്മസുഗന്ധവും
രാപ്പകലെന്ന മരീചികക്കാഴ്ചയു-
മാ പ്രതിഭാസ-
പ്രതിധ്വനിയല്ലയോ!

കത്തുന്നു സൂര്യൻ പ്രകാശം പരക്കുന്നു
ചിത്തത്തിൽ സത്യമുണരുന്നു;
രാപ്പകൽ
ഭൂഗോളസൃഷ്ടിയാമേതോ കിനാവിന്റെ
സാകല്യഹീനമാം
സംഭ്രാന്തിയല്ലയോ!

2.
നീറും വെയിലും
കുളിരും നിലാവും
നേരമാമില്ലാത്ത
നേരും
കാലക്കറക്കവും
സൂര്യായനങ്ങളും
നേരായ നേരിൻ
വിലാസം!

3.
ജാലം കളിക്കുന്ന
നീലക്കറുമ്പന്റെ
കോലക്കുഴലിന്റെ
മേളം!
രാഗങ്ങൾ കോടാനുകോടി
ചമയ്ക്കുന്ന
ഗോപാലബാലന്റെ
താളം!
താളത്തിനൊത്തു
മുളങ്കുഴലൂതുന്ന
മന്ദസമീരണഗാനം!
ഗാനം വിടർന്നു സുഗന്ധം
പൊഴിക്കുന്നു
പ്രേമവിവശമാം
രാധാഹൃദന്തത്തി-
ലായിരം
താമര
പീതാംബരത്തിൽ
നിറന്നോ!


4.
ചെന്താമാരക്കണ്ണനുണ്ണി തൻ ചുണ്ടിലെ
ചിന്താസുജന്യമാം ഗീതാമൃതം
സന്ദേഹമെന്യെയനുഭവിക്കുന്നു നാം
വില്ലാളിവീരനാം പാർഥനൊപ്പം!

അക്ഷരമോരോന്നുമക്ഷരം താനെന്നു
ലക്ഷണം ചാർത്തുന്ന സത്യഗീതം
വൃക്ഷങ്ങൾ പോലുമുരുവിട്ടിടുന്നുവോ
ലക്ഷങ്ങൾ ലക്ഷങ്ങളേറ്റു പാടുന്നുവോ
പക്ഷം പരത്തിപ്പറക്കുന്നുവോ പാരി-
ലിഷ്ടം പകർന്നു പൊലിക്കുന്നുവോ!
------------------------------------------------------------
സ്വരബിന്ദു 7.
7. സ്വരബിന്ദു
1-4-2016
ഡോ.കെ,ജി.ബാലകൃഷ്ണൻ
-------------------------------------------------------------      
























  

No comments:

Post a Comment