Tuesday 15 March 2016

സ്വരബിന്ദു ഭാഗം 6.
3. അക്ഷജം 
ഡോ കെ .ജി.ബാലകൃഷ്ണൻ 
15.3.2016 
-------------------------------------------- 

അഞ്ചിന്ദ്രിയങ്ങളു-
മെന്നിലുണർത്തുന്നു;
അക്ഷജം;സ്വപ്ന-
സദൃശ-
മറിവുകൾ.

കാണലും കേൾക്കലും 
ഗന്ധരസങ്ങളും
സ്പർശവും ചിത്തത്തി-
ലൊത്തുകൂടും സുഖം
എത്ര മധുരം; നിലാവിൽ 
ക്കുളിച്ചതാം 
ചിത്രപൌർണമി പോലെ 
യദമ്യമാം! 

"പക്ഷെ,
 കൂരിരുൾ-
ച്ചാർത്തിൽ,
കരിഞ്ഞ പൂങ്കാവ് പോൽ 
നിറമറ്റ രാവിനെ 
ശാപവാക്യങ്ങൾ
ചൊരിഞ്ഞെതിരേൽക്കു-
മെന്നുമറിയുക!"
പറയുന്നകം പൊരുൾ!

"നേരിന് നേരായ 
നേരറിവിൻ ദ്യുതി
കാണുവാനാവാത്ത 
കാലം കലികാല-
മാണെന്ന്" മുന്നേ 
പറഞ്ഞു മഹാമുനി!

ഓരോ നിമിഷവുമോരോ
ചിതയുടെ 
തീരാക്കരിമണം 
പേറുന്നു മാരുതൻ.

ചിന്തയിലേതോ 
കരിദിനത്തൂവാല;
സന്ധ്യ കനക്കുന്നു 
രാവിന്നിരുൾനിഴൽ
ഭൂവിനെച്ചൂഴുന്നു;
ഇടി മുഴങ്ങുന്നുവോ,
കാതടയുന്നുവോ,
തീരാമഴയുടെ-
യാരവം കേൾപ്പിതോ!

സർവമൊടുങ്ങും
പ്രളയമോ,ആലില-
ക്കണ്ണനാമുണ്ണിയാ-
യുണ്മ-
യുണർന്നിരിക്കുന്നുവോ!

വെണ്ണിലാ വീണ്ടും
പരക്കുന്നുവോ കണ്ണിൽ
വെള്ളിവെളിച്ചം
തുളിക്കുന്നുവോ
വിണ്ണിൽ
മാർത്താണ്ഡബിംബ-
മുദിക്കുന്നുവൊ, അഗ്നി-
യോരോ തുടിപ്പിലും
തൂവുന്നുവോ, രാഗ-
ധാരാമൃതം നാവിലിറ്റുന്നുവോ,
നിത്യ-
സത്യസുഗന്ധം
പൊഴിയുന്നുവോ,സൃഷ്ടി-
ചക്രഭ്രമണം തുടരുന്നുവോ!

 പകലുമിരവും
തിരിയുന്നിതോ,ചക്ര-
വാളം വെറുതെ
ഭ്രമമായനന്തത്തി-
നന്തമായ് വൃത്തം
ചമയ്ക്കുന്നിതോ, സ്വപ്ന-
മെന്നപോൽ നൃത്തം
ചവിട്ടുന്നിതോ, വിണ്ണിൽ
കണ്ണുമുൾക്കണ്ണുമായ്
ഉണ്ണാതുറങ്ങാതെ,
കണ്ണിമയ്ക്കാതെ *ഞാൻ
കാലങ്ങളായ്
മിഴിയാളുന്നിതോ,

തിരി
തെളിയാ വിളക്കിൻ
തരിവെളിച്ചത്തിൻ
നിഴലാട്ടമായി
നിറയുമദൃശ്യം
മനമാം വിളക്കിൻ
നിറനിറവെട്ടത്തിൽ
നിറയെ നിറയെ
സ്വദിക്കുന്നിതോ,
മൌന-
സംഗീതമാം സ്വരബിന്ദുവി-
ലെൻ ഗർവ്വമലിയുന്നിതോ,
*അറിവറിയുന്നിതോ!

*ഞാൻ = ഋഷി, കവി, ശാസ്ത്രകാരൻ (scientist)
*അറിവ് = ജ്ഞാനം, Knowledge
 --------------------------------------------------
സ്വരബിന്ദു ഭാഗം 6.
3. അക്ഷജം
ഡോ കെ.ജി.ബാലകൃഷ്ണൻ
16-3-2016
---------------------------------------------------





 












  


  


   
  

No comments:

Post a Comment