Friday 11 March 2016

സ്വരബിന്ദു ഭാഗം 5
------------------------------
4.തിരുമിഴി
ഡോ കെ ജി ബാലകൃഷ്ണൻ
11-3-2016
--------------------------------------------

അരണി കടയുന്നു
ഞാൻ;
സരണി തിരയുന്നു;
നിന്നമൃത് നുണയുന്നു.
ഹേ! അഗ്നേ!

അണുവിൽ
വിസ്മയപ്പൊരുളിൽ;
ഒളിയുന്നു നീ;
അരുണനായി-
ത്തെളിയുന്നു പുലരിയിൽ;
എവിടെയോ പോയ്‌
മറയുന്നു;
സന്ധ്യയെന്നുരുവിടുന്നു;
ഞാൻ;
രാവെന്ന്
സകലരും;
പക്ഷെ;
മറയുകില്ല നീ
നിത്യൻ;നിരന്തരൻ;
ധര കറങ്ങി-
ച്ചമയ്ക്കുന്നു രാപ്പകൽ!
ഹേ! സൂര്യ!

അറിവിനറിവായി
നിറയും സുഗന്ധമേ!
അരിയ സ്വപ്നമേ!
ആനന്ദനിത്യമേ!

അറിവു നീ മാത്ര-
മെൻ ചിത്രവീണയിൽ
പ്രണവരാഗമായ്
മിഴിയുന്നു മൂകമേ!

ഹേ അഗ്നേ!

ജനിമൃതികളും
സംവേദനങ്ങളും
സ്വരനടനവിശേഷ-
വൈവിധ്യവും
പ്രകടനം നിൻ
നിരാകാരവൈഭവം;
കുളുർനിലാവിൻ
മൃദുമന്ദഹാസവും!

പകലെരിവതും
രാവാറി മാരുതൻ
മധുരരാഗങ്ങൾ
മൂളിയെന്നുൾപ്പൂവിൽ
പുതുമണം വാരി
വിതറുവതും പ്രേമ-
പാരവശ്യരാം
ഇണകൾ തൻ വീർപ്പിൽ നിൻ
കരവിരുതുകൾ
മെനയുവതും;
ചിരം
നടനമങ്ങനെ
തുടരുന്നു;
സാക്ഷി നീ!

കരളിലുൾക്കണ്ണിൽ
ജീവപ്രതീകമായ്
മുരളിയൂതുന്ന
സത്യസംവേദമായ്
പ്രകടമാകും വെളിച്ചത്തി-
നൽഭുത-
പ്രഭവമായി
നീ!
*മൂന്നാം തിരുമിഴി!


*shiva Eye.

-------------------------------------------
സ്വരബിന്ദു ഭാഗം 5
4.തിരുമിഴി
ഡോ കെ ജി ബാലകൃഷ്ണൻ
12-3-2016
--------------------------------------------


 
 
    







     

No comments:

Post a Comment