Monday 28 March 2016

സ്വരബിന്ദു 4.
7.*വീർപ്പ്
ഡോ കെ ജി ബാലകൃഷ്ണൻ
29-3-2015
-------------------------------------------
ഒരു വീർപ്പ് കൂടിയെ-
ന്നോരോ നിമേഷവും
കരുണാമയൻ
കണ്ണനൂതുമല്ലോ!

പൂനിലാവിറ്റുന്ന
 പുല്ലാങ്കുഴലിൽ നി-
ന്നായിരമാമ്പൽ
വിരിയുമല്ലോ!

മാനത്ത് കണ്ണെത്താ
ദൂരത്ത് താരങ്ങൾ
താരാട്ട് കേട്ട് കൺ-
ചിമ്മുമല്ലോ!

ആഴിതന്നാഴത്തി-
ലേഴിലംപാലകൾ
ചേലിൽ നിരനിരെ-
പ്പൂക്കുമല്ലോ!

കാഞ്ചനചെപ്പു
തുറക്കുന്ന കൊന്നകൾ
പാന്ഥനു ചാമരം
വീശുമല്ലോ!

പൂന്തണൽ തീർത്തു
പൂമെത്ത വിരിച്ചു ന-
ട്ടുച്ചതൻ വേവ്
കെടുക്കുമല്ലോ!

നീലക്കുറിഞ്ഞികൾ
പൂക്കുന്നപോലെ കൺ-
പീലികളിൽ കാവ്യ-
മിറ്റുമല്ലോ!

നാവിൽ നിരന്തരം
രാഗവസന്തങ്ങൾ
ഭൂവിന് പണ്ടം
പണിയുമല്ലോ!

പുത്തനായ് വീണ്ടും
പുതുപട്ടുടുക്കുന്നു;
മെത്ത വിരിക്കുന്നു
കാവ്യകന്യ;

പുതുമാരനെത്തുന്ന
നിമിഷമിങ്ങെത്താ-
ഞ്ഞെരിപൊരി കൊള്ളും
കരളുമായി!

ഉള്ളിലെത്തേന്മഴ
കണ്ണിലും കാതിലും
വെള്ളിവെളിച്ചം
തുളിതുളിക്കെ

പെയ്യും കുളിരിന്
പിന്നണി പാടുന്നു
മെയ്യും കിനാക്കളു-
മൊന്നുപൊലെ!

2.
 വള്ളിച്ചെടികളും
പുള്ളിപ്പശുവിന്റെ-
യിള്ളക്കിടാവും
കുളിക്കുന്നു
തെന്നലിൽ!

വേനലിൻ തീയാട്ട-
മേതും നിനയ്ക്കാതെ
ഗാനം ചുരത്തുന്നു
മന്ദസമീരണൻ!

ആടുന്നു പാടുന്നു
കോൽക്കളിത്താളങ്ങൾ
തേടുന്നു മാമര-
ക്കൂട്ടങ്ങൾ നീളവേ.

ചാരുവിലാസങ്ങ-
ളൊക്കെയുമൊക്കെയും
നേരാമൊരു വീർപ്പിലൂറും
തുടിപ്പിന്റെ
ലീലയാമൊന്നിന്റെ
ജാലപ്പെരുമക-
ളാണെ-
ന്നാണയിടുന്നു
പൊൻ താരകങ്ങൾ!


3.
ഓരോരൊ വീർപ്പിലും
ജീവരാഗം തൂവു-
മാരാമമാം വന-
മന്തരംഗം
സാരമായ് സത്യസുഗന്ധം
ചുരത്തുന്നു;
കാരണം കാര്യമായ്
രൂപമാർന്നു!

ഞാനാം ചരത്തിന്റെ
പാപങ്ങളൊക്കെയും
താനകപ്പൂവിലെ
ധ്യാനപദ് മ-
ചാരുകടാക്ഷത്താൽ
നീരാജനം ചെയ്തു
നീരസഹീനമായ്
ശുദ്ധമാക്കി;

ജീവകണങ്ങളാം
സ്ഞ്ജീവനിയുടെ
നീരും മധുരവും
നാവിലിറ്റി;

ഭൂവിനെപ്പച്ചപുതപ്പിച്ചു
ദൂരെനിന്നാകാശ-
നീലയിൽ ചാരുതയേറ്റി വിൺ-
ജാലവിലാസത്തിൽ
ജീവനുണന്നു
വിളക്ക് കൊളുത്തിയ
നാളമായ്
ഏകമായ്
ധന്യമായ്
തീർത്തു
വിചിത്രമായി!

4.
മുനി പണ്ടു പണ്ടേ
വനാന്തരാളങ്ങളിൽ
തപവും ജപവുമാ-
യറിവ് തേടി.

ഉള്ളിലേക്കുള്ളിന്റെ
യുള്ളിൽ നിന്നിറ്റിയൊരുള്ളത്
മാത്രമാമുള്ളതെന്നും
ആദിയുമന്തവുമില്ലാ
അതല്ലാതെ
ഇല്ല മറ്റൊന്നുമെന്നുള്ള സത്യം
ഉള്ളിലുറപ്പിച്ചു തന്നു;
മറ്റുള്ളത്
കള്ളമാണെന്നും
പറഞ്ഞു വയ്ച്ചു!


5.
ഭാരതമിന്നുമുണർത്തുന്ന ശീലിന്റെ
സാരമിതൊന്നേ
പരമപ്രധാനം!

നിറവിൻ  നിറവായറിവിൻ  പ്രകാശമായ്
നിറയും നിറപറ വയ്ക്കാം
*ഋഷിക്ക് ഞാൻ!
---------------------------------------------------------------------
കുറിപ്പ്
---------------
   *Respiration (Inspiration + Expiration
=life)
At birth the infant takes its first breath by crying. It gets oxygen. Its lungs are activated.
This process is repeated.
At the time of death the last breath is ended in an expiration. Thus the person is expired.
The process comes to an end.

*ഋഷി= ഗുരു
----------------------------------------------------------------------------------------------------------
സ്വരബിന്ദു ഭാഗം 4.
7. വീർപ്പ്
ഡോ കെ ജി ബാലകൃഷ്ണൻ
29-3-2016
----------------------------------------------------------------------------------
 
   


















    





  








No comments:

Post a Comment