Tuesday 8 March 2016

സ്വരബിന്ദു ഭാഗം 4.
-----------------------------
5.നിറം
------------------------------
നിറമെഴാ രാഗ-
വിതാനമാമവ്യയ-
സ്വരസംവിധാനമെൻ
പൊരുളാം പ്രഭാമയം.

വെണ്മയതെന്ന്
ഋഷിയുടെ മന്ത്രണം;
ഉണ്മയതെന്ന്
ഗുരുവരുൾ;
ഉള്ളിലെ
നന്മയതെന്ന്
മനസ്സിന്റെ
സാന്ത്വനം;
കഥയിതിപ്പോഴും
കാകു;കടങ്കഥ!

വീണവായന;
വേണുവിൻ
ചുംബനം;
വേണുഗോപാല-
ലീലാവിലാസമാം
വിശ്വദർശനം;
സത്യസുദർശനം!

 പൂത്തുലഞ്ഞ
വനികയിലിന്നലെ
പാട്ടുകേട്ടു;
നിലാ ഞൊറിച്ചേലിലും;
ദൂരെ ദൂരെ-
യറിയായിടങ്ങളിൽ
അലയടിക്കും
നിറസുഗന്ധങ്ങളിൽ!

ഒരു സ്വരം മാത്ര-
മെന്നാത്മതന്ത്രിയിൽ
ചിരമനശ്വരം;
സംഗീതസാഗരം;
നിറമതൊന്നിൻ
നിരാമയബിന്ദുവിൽ
വിലയനം;
സകലമൊന്നിൽ
സമന്വിതം.
-------------------------------------------
5.നിറം
ഡോ കെ ജി ബാലകൃഷ്ണൻ
8-3-2016 
------------------------------------------
   



 

  


No comments:

Post a Comment