Thursday 24 March 2016

സ്വരബിന്ദു ഭാഗം.2
7. മേഘം
26-3-2016
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------
പ്രണയവിരഹിയാം
*യക്ഷന്
സന്ദേശവാഹകൻ;നീ കാല-
മേചകം; *കണ്ണന് കാന്തി
പകരുവോൻ!

മഴയായി; മണ്ണിൽ
മലരായ് വിരിയുവോൻ;
കുളിരായിയുള്ളിൽ
മദമായുണരുവോൻ;
ബീജാങ്കുരമായി
ജീവരാഗം മൂളി
ഭൂവിൽ സുഗന്ധ-
മുണർത്തുവോൻ;
വേവും പകലിന്റെ
 ദാഹമകറ്റൂവോൻ;
രാവിനു മോഹം
നിറയെ നിറയ്ക്കുവോൻ!

രാമഴയായ് പെയ്ത്
പെയ്തെന്നകംപൊരുൾ
സാരസമൃദ്ധം
കവിതയുടെയുറവയാം
തീരാവെളിച്ചമാ-
യൊരു തോന്നലിൻ
പ്രേമവായ്പായ്‌;
മുനിയൂടെ
സാമവേദത്തിനിനിപ്പാ-
മൊന്നുമില്ലായ്മയായ്;
നാവിൽ ഹരിശ്രീ കുറിക്കും
കുതുകമായ്;
പുതുമയായെന്നും ലസിക്കും
ഗഗനമായ്!

ആകാശഗംഗയായ്-
ഗംഗാധരനുടെ
ചിന്തയിൽ;
ഗംഗോത്രി തന്നിൽ;
ഹിമാലയപുത്രിയായ്
വാഴും പ്രഭാവമായ്;
ഭാരതഭൂവിൽപ്പിറന്നു
*പിതാമഹനമ്മയായ്;
 ഞാനെന്ന ഭാവമില്ലാതെ
സമതലകേദാരഭൂവിൽ-
ച്ചരാചരചിത്തം കുളുർപ്പിച്ചു
രത്നാകരത്തിലലി-
ഞ്ഞലിഞ്ഞിന്നായി;
*ഇക്ഷണമായി;
നിരന്തരമായി;
ആവർത്തമായി;
സുദർശനചക്രമായ്;
കാലമായർദ്ധനാരീശ്വര-
ഭാവമായ്;
ഏകമായ്;
അൺഡവും ബീജവു-
മൊന്നായ്
സമസ്തമായ്
ഭ്രൂണമാം
മൂലകോശത്തിൻ
സുസൂക്ഷ്മനിരാകാര-
മൌനമായ്!
-------------------------------------------------
 
കുറിപ്പ്
----------------------
*മേഘസന്ദേശം (കാളിദാസൻ )
*ശ്രീമദ് ഭാഗവതം
*മഹാഭാരതം
*ഗംഗാപ്രവാഹം
(ഊർജ്ജകണപ്രവാഹം
quantum theory)
--------------------------------------------------

സ്വരബിന്ദു ഭാഗം 2
7.
മേഘം 26-3-2016
ഡോ കെ ജി ബാലകൃഷ്ണൻ
------------------------------------------------------------
 

















No comments:

Post a Comment