Sunday 24 April 2016

3.
ധരണി
ഡോ കെ ജി ബാലകൃഷ്ണൻ 25-4-2016
amazon author(English,Malayalam)
------------------------------------------------------------

ദൃശ്യപ്രപഞ്ചത്തിൽ
ശ്വാസനിശ്വാസങ്ങൾ
വിസ്മയം തീർക്കുവതെങ്ങോ!

"ഒന്നിൻ തുടിപ്പിൽനി-
ന്നൊന്നായതൊക്കെയു-
മൊന്നിലുണർന്നും ലയിച്ചും

കാണുവാനാകാ നിരന്ത-
നിരൂപമായ്
വാണരുളീടുവതേതോ
നാദതന്മാത്രയായ്;
രാഗതരംഗമായ്;
ഭേദമെഴാ ഭേദ-
സാരമനന്യമായ്;
വ്യാപരിക്കുന്ന
മഹാവിശ്വകോശമായ്
ഭൂതങ്ങളഞ്ചു-
മനുഭൂതിയായ് സ്വർണ-
പേടകത്തിൽ സത്യ-
നിത്യമാം മൌന-
വാചാലം രമിക്കയാം!"

ചൊന്നു *മഹാമുനി;
നിസ്സംശയം ഭാവ-
ഭേദമെന്യേ; സ്വയ-
മാർജിച്ച രാഗ-
വിഭൂതിയിൽച്ചാലിച്ച
ഗാഥാവിശേഷമായ്‌
തന്നു *മഹാകവി;
കണ്ണുമുൾക്കണ്ണും
നിറയുമൊരായിരം
കല്ലോലിനികൾ തൻ
പ്രേമവിവശസല്ലാപങ്ങളായ്
ഗീതഗോവിന്ദമായ് ബാവുൾ
സംഗീതമായ്; ഭക്ത-
*മീരതന്നാത്മ-
രാഗസുഗന്ധമായ്‌;
വൃന്ദാവനത്തിലെ-
മന്ദസമീരണൻ
മന്ദമുരുവിടും
മന്ദ്രധ്വനികളായ്!

ഓരോ നിമേഷവും
പാടുന്ന മന്ത്രമായ്;
ശ്രീരാഗമൂതും
പ്രഭാപൂരമായ്; വിണ്ണി-
ലിന്നും മുഴങ്ങുന്ന
ഗീതോപദേശമായ്‌;
മാലോകർ
കാതോർക്കു-
മോങ്കാരശംഖമായ്!

*അമ്മേ, ധരിത്രി!
നീയല്ലാതെ ജീവന്
ചെമ്മേ ചുരത്തുവ-
താരുതാൻ ജീവനം!

ഈ വിശ്വകോശാന്തരങ്ങളിൽ
ജീവന്റെ
വേവും കിരണവും തേടും മനുഷ്യന്റെ
ഭാവന പോലും നിരാശതൻ നീർച്ചുഴി-
ച്ചാലിൽ നിപതിച്ചു നിത്യമാമൊന്നിന്റെ
സത്യസംവേദനമാസ്വദിക്കുന്നുവോ!
കാലങ്ങളായ്,
ശാസ്ത്രകാരനുമൽഭുതപേടക-
മൊന്നു തുറന്നു കൺകണ്ടു കുളിരണി-
ഞ്ഞിമ്പം നുകരുവാൻ കാംക്ഷിക്കയാം
 വൃഥാ!


2.
പാതി പറഞ്ഞു ഞാൻ
പിന്തിരിയട്ടെ! യെ-
ന്നാധിയുൾവെട്ടത്തി-
ലാദിയുമന്തവു-
മില്ലാപ്പൊരുളില-
ലിഞ്ഞു പൊൻതാരമായ്
വിണ്ണിൽ വിളങ്ങട്ടെ!
ഞനൊന്നുറങ്ങട്ടെ!

അമ്മേ! ധരണി! നിൻ
താരാട്ട് കേട്ടുകേട്ടാമോദ-
പൂർവ്വം;
സമഷ്ടിയിൽ
വ്യഷ്ടിയാ-
മീ ബിന്ദുവാഴട്ടെ!
*"വാഴട്ടെ! വാഴട്ടെ!
നിത്യസുഖം! സുഖം! "
---------------------------------------------

കുറിപ്പ്
--------------
*ഋഷി
*കവി
*ഹിന്ദി കവയിത്രി
*ശാസ്ത്രകാരൻ
*ഗുരു
--------------------------------------------------
ധരണി 25-4-2016
ഡോ കെ ജി ബാലകൃഷ്ണൻ
amazon author(English, Malayalam)
-------------------------------------------------------














  



   

No comments:

Post a Comment