Sunday 3 April 2016

           സ്വരബിന്ദു(കാവ്യം)
----------------------------------------
 ചൂണ്ടുവിരൽ 
---------------------------- 
     ഭാരതീയകവിതയുടെയും 
ചിന്തയുടെയും ദർശനത്തിന്റെയും  
ഇരുപത്തൊന്നാം ശതകത്തിലെ 
ഇക്ഷണമാനങ്ങൾ   
സംഗീതസാന്ദ്രമായ ഭാഷയിൽ 
 ഉത്തര-ഉത്തര-ആധുനികതയോട് 
സംവദിക്കുന്ന 49 കവിതകളിൽ 
പിറവികൊണ്ട കാവ്യമത്രെ 
"സ്വരബിന്ദു". 

     പുതുമയുടെ ചേലും മണവും  ശാസ്ത്രീയതയും 
പഴമയുടെ ആഴവും നേരും നെറിയും 
ഒരേ ഒരൊന്നിൽ 
സമ്മിളിതമാകുന്ന സൌന്ദര്യലഹരി!

     49 സ്വതന്ത്രകവിതകൾ 7 കവിതകൾ വീതമുള്ള 7 ഭാഗങ്ങളിൽ വിന്യസിച്ചിരിക്കുന്നു. സപ്തസ്വരങ്ങളിൽ വിരിഞ്ഞ് എണ്ണിയാലൊടുങ്ങാതെ  രാഗങ്ങൾ സുഗന്ധം പരത്തുന്നു.
സംഗീതം ഏഴാമിന്ദ്രിയത്തിൽ സ്വരബിന്ദുരൂപിയായി കുടികൊള്ളുന്നു. കാവ്യകല ഏ ഴാമിന്ദ്രിയമാണെന്ന് വീണപൂവിന്റെ മഹാകവി ആണയിടുന്നുണ്ടല്ലോ! എല്ലാ കലകളും 
ഏഴാമിന്ദ്രിയമെന്ന ഉണ്മയിൽ,ചൈതന്യത്തിൽ പ്രഭ ചൊരിയുന്ന അലൗകികമായ ആ "അത്" തന്നെയെന്ന് എണ്ണമറ്റ പൂർവസൂരികൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടല്ലോ! ഇപ്പോഴും ഋഷിതുല്യരായ മഹാമനീഷികൾ ഈ സത്യം ഉരുവിട്ടുകൊണ്ടേയിരിക്കുന്നു.

     ഭാരതീയഋഷി യുഗങ്ങൾക്കു മുൻപേ അപൌരുഷേയമായ ഈ ജ്ഞാനം വേദമന്ത്രങ്ങളിലൂടെ തലമുറകൾക്ക് ഈടുവെപ്പായി നൽകിയിട്ടുണ്ടല്ലോ! ആധുനികപാശ്ചാത്യപൺഡിതരും ഈ "അറിവിനെ" ആശ്ലേഷിച്ചിട്ടുണ്ടല്ലോ! ആധുനികശാസ്ത്രചിന്തയും ഈ വിജ്ഞാനസമന്വയത്തെ 
സ്വാഗതം ചെയ്യുന്നു. അത് തന്നെ ഈ പൌരാണികസംസ്‌കൃതിയുടെ ഉത്തുംഗത!

സ്വരബിന്ദു എന്ന കാവ്യം 
------------------- 
    "സ്വരബിന്ദു" എന്ന ഈ കാവ്യം രചിക്കുമ്പോൾ എന്റെ മനസ്സിൽ വർഷങ്ങളായി ജ്യോതി 
പരത്തിവരുന്ന ഈ തിരിച്ചറിവ് തന്നെയാണ്  ചിന്തയ്ക്കും ചിന്താഗതിക്കും ഊർജ്ജം
പകർന്ന് തന്നിരുന്നത്.ബാല്യത്തിൽ സംസ്‌കൃതഭാഷയുമായി ചങ്ങാത്തം തുടങ്ങിയപ്പോഴെ 
ഈ ഉൾക്കാഴ്ച എന്നിൽ വേരൂന്നിയിരുന്നുവല്ലോ എന്ന് ഞാൻ അത്ഭുതം കൂറുന്നു. പിന്നീട് സയൻസും മെഡിക്കൽ സയൻസും എന്റെ ധിഷണയിൽ ഈ ആശയത്തിനു തെളിച്ചമേറ്റി.
എഴുതി എഴുതി മതിവരാഞ്ഞ് എന്നിലെ സ്വരബിന്ദുവിൽനിന്ന് "സ്വരബിന്ദു" എന്ന കാവ്യം 
മിഴി തുറന്നു.

 ഏപ്രിൽ,2016                                                                                       
- ഡോ കെ ജി ബാലകൃഷ്ണൻ 
കണ്ടങ്ങത്ത്,
കാട്ടൂർ 680702, 
കേരളം- ഇന്ത്യ.















         

  

      

                    

   

No comments:

Post a Comment