Friday 15 April 2016

1
*കിളി ചിലക്കുന്നു പിന്നെയും

---------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ 16-4-2016
---------------------------------------------------
*പിന്നെയും പിന്നെയും
കിളി ചിലക്കുന്നു:
"ഒരായിരം കഥ
പറയുവാനുണ്ട്;
ഒരായിരം ഗാഥ
ചൊരിയുവാനുണ്ട്;
നിറയുവാനുണ്ട്."

ഋഷി ചിരിക്കുന്നു:
*"നിറവിലെങ്ങനെ
ഒരുനിലാത്തുള്ളി
തുളി തുളിക്കുന്നു?"

"നിറപറയിതെ-
ന്നുര"; - മുനീന്ദ്രന്റെ
മൊഴി മറക്കുന്നു
കാലകാമുകൻ!

കിളി ചിലക്കുന്നു
"നിലവിളക്കിതിൻ
പ്രഭയിൽ മുങ്ങി ഞാൻ
കഥകളും കഥാ-
കഥനമാം സുധാ-
സ്വര-
വിശേഷത്തിൻ
മധുരസാരവു-
മുരുവിടട്ടെയീ
സുഖദമാരുത-
കരവലയമാം
മാതൃ-
ഭുവനസായൂജ്യ-
മനുഭവിക്കട്ടെ!"


കിളി ചിലക്കുന്നു:
"പലവയുള്ളിലെ
പരമമാമേതോ
പറയുവാനാവാ
മധുരപീയൂഷ-
*മറിവ് മാത്രമായ്
ചിരസുനന്ദന-
സ്വരമഖിലവും
പറയുകില്ലെന്ന
തപസുകൃതമായ്
 കുടിയിരിക്കുന്നു;
പാടുവാനായി-
ത്തുയിലുണർത്തുന്നു!"

2.
കിളി ചിലക്കുന്നു
ഗുരു ചിരിക്കുന്നു;
*സ്വരമൊരായിരം
*നിറമുണർത്തുന്നു!

അകലെ മാരീചൻ
കനകമാനായി
ഭുവനപുത്രിയിൽ
ഭ്രമമരീചിയായ്
ഫണമുയർത്തുന്നു;
മദശതങ്ങളിൽ
മുഴുകി മാനസം
രണസമസ്യയിൽ
പുഴകി വീഴുന്നു!

3.
*അരികിൽ മൂവാണ്ടൻ
നിറയെ മാമ്പഴം
(കിളിയെനിക്കായി-
ക്കരുതി വച്ചത്)
നിരനിരെ  സ്വപ്ന-
ധരയിൽ;

നിത്യമായ്
സത്യമെപ്പൊഴും
സ്വർണപേടക-
പ്പൊലിമയിൽ ഗോപ്യ-
മൗനമായ്,
നൂറു
നാവെഴും നാദ-
ബ്രഹ്മമായ് വാഴു-
മഴകിനാനന്ദമല്ലയോ!


4.
കിളി ചിലക്കട്ടെ!
കഥകൾ പാടട്ടെ!
*ഗുരുവിനൂതുവാ-
നൊരു വിശേഷമാ-
മറിവു മാത്രമോങ്കാര-
ശംഖം; പ്രകാശധാരയാം
ചിന്ത; സൌഗന്ധ-
പുഷ്പം;
ഉണ്മയിൽ
കവിത നെയ്യുന്ന
*നിത്യസൗഭഗം!
---------------------------------------
കുറിപ്പ്

*ആവർത്തനം,
 മോഹം, ആസക്തി
*പൂർണം, Law of conservation
of energy
*ഗുരുദർശനം
*നാദബ്രഹ്മം,
Singularity(big bang ഓർക്കുക)
*വർണപ്രപഞ്ചം,
Multiverse
*മുറ്റത്തെ മൂവാണ്ടൻ,
വർത്തമാനം
*ഋഷിപരമ്പര
*സൌന്ദര്യലഹരി
------------------------------------------------------
കിളി ചിലക്കുന്നു പിന്നെയും
16-4-2016
ഡോ കെ ജി ബാലകൃഷ്ണൻ
-----------------------------------------------------------  




























No comments:

Post a Comment