Tuesday 19 April 2016

2.
തിരുവുത്സവം
--------------------------
ഡോ കെ ജി.ബാലകൃഷ്ണൻ
20-4-2016
-------------------------------------------

"ഇനിയുമെന്നുള്ളിലെ-
ത്തിരുവുൽസവത്തിനു
തിരിതെളിയിക്കുവാനായി

*ഗുരുവിന്റെ തിരുമൊഴി-
മുത്തുകൾ തൂവുന്ന
കിരണങ്ങൾ
പുലരിയായ് പൂത്തിറങ്ങും!"

പറയുന്നു
*പുതുകാലവൈഭവം;
അറിവിന്റെ
അറിവായ
തിരുവാണിയിപ്പൊഴും
കിനിയുന്നു;
കനിവായി
നിറയുന്നു ജീവിതം
പുതുമയായ് വിരിയുന്നു;
നിമിഷങ്ങൾ
പരിമളം ചൊരിയുന്നു;
നിറമേഴിൽ രാഗങ്ങൾ
മഴവില്ല് തീർക്കുന്നു;
സാരവിന്യാസമാ-
മാകാശവേദിയി-
*ലോങ്കാരനാദം
മുഴങ്ങുന്നു;
ഉർവിയുമംഭസ്സു-
മഗ്നിയും വായുവു-
മീമഹാവിശ്വവിലാസം
രചിക്കുവാൻ
കോപ്പുകൂട്ടുന്നു.

അലങ്കരിക്കുന്നു;അഴിക്കുന്നു;
പിന്നെയും മാറ്റ് വായ്ക്കുന്നു;
കിഴിക്കുന്നു;
ഗുണിക്കുന്നു;
ഹരിക്കുന്നു;
ചക്രം കറങ്ങുന്നു;
ഋഷിയോ ചിരിക്കുന്നു.

മന്ദഹസിക്കുന്നു
ചിന്താവിലീനനായ്;
എന്തോ മറന്ന പോൽ
അർദ്ധനിമീലിത-
നേത്രനായ്;
*മന്ത്രസൂത്രങ്ങളുരുക്കഴിക്കുന്നു;
ബന്ധവിഹീനനായ്
ധ്യാനനിമഗ്നനായ്
നിത്യസത്യത്തിൻ
മധുവാസ്വദിക്കുന്നു.

2.
അറിവിന്നുറവയാ-
യിപ്പൊഴുമെപ്പൊഴും
നിറയും പ്രകാശമതെന്നു
മഹാഋഷി!

മൌനസംവേദനം
ബ്രഹ്മസൂക്തം;മന്ദ്ര-
മാധുര്യമൂറുന്ന
ചിന്താതരംഗിണി;
ഗംഗയമുനസരസ്വതി
തീർക്കുന്ന
മംഗളമറിവിൻ ത്രിവേണി;

സൗഗന്ധമാം
സത്യസംവാഹകൻ
മന്ദസമീരണൻ
സ്പർശസ്വരൂപിയാം
ജീവസന്ദായകൻ;

ഇക്ഷണം 
മൌനസംഗീതമായുൾക്കാമ്പി-
ലക്ഷരധന്യമായ്;
നിത്യനിദാനമായ്!

3.
ഇനിയുമെന്നുള്ളിലെ-
ത്തിരുവുൽസവത്തിനു
തിരിതെളിയിക്കുവാനായി

ഗുരുവിന്റെ തിരുമൊഴി-
മുത്തുകൾ തൂവുന്ന
കിരണങ്ങൾ
പുലരിയായ് പൂത്തിറങ്ങും!
----------------------------------------------------
കുറിപ്പ്
*ഗുരുദർശനം
*New Age,
ഗുരുവരുൾ ചിരമെന്ന് വ്യംഗ്യം.
*പ്രതിസ്പന്ദം Big Bang സംഭവിക്കുന്നു.
*Science
---------------------------------------------------------------
തിരുവുത്സവം
ഡോ കെ ജി ബാലകൃഷ്ണൻ
20-4-16
-------------------------------------------------------------------





  



















No comments:

Post a Comment