Sunday 1 May 2016

4.
*മഴ! മഴ! മാമഴ!
----------------------
1-5-2016
ഡോ.കെ.ജി. ബാലകൃഷ്ണൻ
------------------------------------------

ആശാരിമൂലയിൽ
കാര് കണ്ടു;
ആശാനികേതം
മിഴി മൊഴിഞ്ഞു.

വേഴാമ്പലുള്ളിൽ-
ക്കിനാ മെനഞ്ഞു
മഴയുടെ പാട്ടി-
ന്നിഴ കടഞ്ഞു;
ഈണം പുതുക്കി-
പ്പുതുക്കി യുറങ്ങാതെ
മാനത്ത് കൺ നട്ടു
കാത്തിരുന്നു.

ആരിയമ്പാടത്ത്
വേലനടത്തുവാൻ
ശാരികപ്പക്ഷികൾ
നോമ്പുനോറ്റു.

മേളത്തിൽത്താമര-
ത്താലത്തിലായിരം
ചോളക്കതിർക്കുല
ജാലമാടും
ആനന്ദമാധുരി
കോരിക്കുടിച്ചു പൊൻ -
താരങ്ങൾ മാനത്ത്
കണ്മയങ്ങി!

പാലൊളിച്ചന്ദ്രിക
നാളെ വരാമെന്ന്
നീരസമെന്യേ
യൊഴി പറഞ്ഞു.

പുതുമഴപ്പെയ്ത്തിന്റെ
മധുരം നുണയ്ക്കുവാൻ
കൊതിയൂറി;
പോകുവാൻ
മടികാട്ടി; ശശിലേഖ

മാമരക്കൊമ്പിലും
മേട്ടിലും കാട്ടിലും
 ആരാരും
കാണാതെ
കാണാമറയത്ത്
കോലോളം ദൂരത്ത്
കാത്ത്നിന്നു!

മീനക്കൊടുംചൂടിൻ
നൊമ്പരമാറ്റുവാൻ
പൂമരക്കൊമ്പിലെ-
ക്കൂട്ടിൽ നിന്നോ,

വറ്റാതെ കണ്ണുനീരാറായ്
മയങ്ങുന്ന
വറ്റാപ്പുഴയുടെ
ചൊടിയിൽ നിന്നോ,

ഇറ്റിറ്റു ദാഹനീ-
രിഛിച്ചു രാപ്പകൽ
സ്വപ്നം കൊരുക്കും
തൊടിയിൽനിന്നോ,

ചെറ്റു തേൻ തുള്ളിയി-
ലേതോ പഴംപാട്ടി-
നിറ്റ് തുളിച്ച്
കാറ്റോടിയെത്തുന്നിതാ!

എത്ര കുഴിച്ചും പിഴിഞ്ഞുമീ
യമ്മയെ
ചിത്രവധം ചെയ്യുമെന്നിലെ
ക്രൂരത
ഇത്തിരിപോലും
കരുതാതെ-
യെത്രയും
കൃത്യമാ-
യെത്തുന്നു
തെക്കൻ മഴമുകിൽ-
അമ്മതൻ സ്നേഹമായ്
നിത്യമായ്
കാരുണ്യ-
ദീപ്തമാം സ്തന്യമായ്!
ആനന്ദബാഷ്പമായ്!

ആരോ പറഞ്ഞു:
"ഈ
കാവിന്റെ ചാരെ പ-
ണ്ടാറായിരം പറ
നെല്ലുകൊയ്യും
പാടം വിളഞ്ഞു
പൊന്നാട വിരിച്ച പോൽ
ചന്തം വിതറുകയായിരുന്നു.
പറവകൾ ദൂരത്തുനിന്നു
പറന്നു വന്നുൽസവം കൂടി-
ത്തിരിച്ചു പോകും!
പാഥേയമായിക്കതിർക്കുല
ചുണ്ടിലും,
സ്വാദേറുമോർമ്മ നാത്തുംപിലും,
നാളെയും
കാണാം നമുക്കെന്ന
മോഹമുൾപ്പൂവിലും!"

2.

കാലം കഴിഞ്ഞു നെൽപ്പാടം
നികന്നു; പൊൻ താരം മറഞ്ഞു;
,വില്ലയും ഫ്ലാറ്റും നിറഞ്ഞു;
നിലാവിനു പോലും
കടുപ്പം കവിഞ്ഞു;
നീർ പ്ലാസ്റ്റിക്ക്കുപ്പിയിൽ
പാലിലും മാമ്പഴനീരിലും
തേനിലും മേലേ-
വിലയാർന്ന
ദുർലഭവസ്തുവായ്.

3.
ആശാരി മൂലയിൽ കാര് കണ്ടു; കവി
ദേശാന്തരത്തിനിറങ്ങി പോലും!
മഴനനഞ്ഞാധിയകറ്റുവാനോ;
പുഴ കവിയുന്നത്  കാണുവാനോ!

4.
മഴയുടെ യാർപ്പും വിളിയും
വെടിക്കെട്ടും!
*മഴ! മഴ! മാമഴ!
കൂട്ടുകാരേ!
"ഇവിടെയും വെള്ളം;
അവിടെയും വെള്ളം;
എവിടെ കുടിനീര്
കൂട്ടുകാരേ!"


കുറിപ്പ്
-----------------------------
*തിരഞ്ഞെടുപ്പ്
----------------------------------


-------------------------------------------------------
















































     

No comments:

Post a Comment