Thursday 30 June 2016

28
ഉടുക്ക്പാട്ട്  30 -6 -2016
-------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------------
1.
പുഴയോരത്തൊരു നാട്ടു-
മാഞ്ചില്ലയിൽ കേൾക്കാം
മഴയുടെ മൊഴിയുടെ
മണികിലുക്കം.

മധുരം മലയാളം
കിളിയുടെ ചുണ്ടിലു-
മളിമൂളിത്തേനുണ്ട്
കളിയാടും കാവിലും;
പൂഞ്ചോലത്തരുണിതൻ
കാൽച്ചിലമ്പൊലിയിലും ;
തുമ്പി-
ച്ചിറകിന്നുടുക്കുപാട്ട്!

വഴിവിളക്കിൻ മിഴി-
ക്കോണിൽ തുളുമ്പുന്നു
ചേലൊത്ത കൈരളി;
മൂവന്തിയെത്തീ
കുളക്കടവിൽ!

കുളികഴിഞ്ഞമ്പലം
ചുറ്റുന്ന കാറ്റിനും
കളിചിരി; മലയാള-
ത്തേൻനിലാവിൽ!

പൂന്താനം പാടിയ
പാനപ്പദങ്ങളും
നാരായണീയത്തിൻ
വർണവായ്പ്പും

തുഞ്ചത്തെപ്പച്ച-
പ്പനംതത്തപെണ്ണിന്റെ
ചെത്തം തരും സത്യ-
നിത്യഭാവം

ഉച്ചത്തിൽപ്പാടിയ
നാട്ടുവാമൊഴിയുടെ
പച്ച ചുരത്തിയ
കാവ്യാമൃതം!


2.
അമ്മയ്‌ക്ക്‌ നേദിച്ച
പൂർവപിതാക്കളെ-
യെന്നേ മറന്നു കഴിഞ്ഞു
നമ്മൾ!

വറ്റിവരണ്ട നിളയുടെ മാറിലി-
ന്നാരുടെവാൾമുന
കേറുന്നു!
ചാരന്റെ? ചോരന്റെ?
ആരെന്നറിയാത്ത
വില്ലാളി വീരന്റെ?
കുത്തകക്കാരന്റെ?
പണ്ടകശാലകൾ
മുട്ടിൽ മുഴത്തിൽ
പണിയുവാൻ പട്ടിണി-
പ്പാവത്തിനഷ്ടിമുട്ടിക്കുന്ന
ജാലങ്ങൾ ലീലകൾ                              
നീളെപ്പയറ്റുന്ന
വമ്പൻറെ? കൊമ്പൻറെ?
കൊമ്പത്തിരിപ്പോൻറെ?


3.
*ചമ്പകൾ നിരനിരെ;
കൂട്ടക്കുരുതിയ്ക്ക്
പാത്രീഭവിക്കുവാൻ!

നാളത്തെ കേരളം
കേരങ്ങളില്ലാതെ
പൂരപ്പറമ്പായ്;
നീളമായ്
നീളുന്ന വീഥി മാത്രം!

*നീലനിലാവിൽക്കുളിച്ച
വെണ്മാടവും;
ഞാനുമെൻ
വാമവും പൊൻപണിക്കാരനും!

4.
(കാറും ബാറും നിറമാർന്ന നക്ഷത്ര-
മാളും
പല പല വേലത്തരങ്ങളും!)

അമ്മേ പൊറുക്കുക!
കൈരളീ!
*മൗനി
ഞാൻ 
ഇമ്മട്ടിലിത്തിരി
വാചാലനായതിൽ!


കുറിപ്പ്
*വയസ്സൻ കേരങ്ങൾ
*സ്വന്തം കാര്യം
*വോട്ടുകൂട്ടം

---------------------------------------------------------------
ഉടുക്ക്പാട്ട്  1- 7 - 2016
ഡോ.കെ.ജി.ബാലകൃഷ്ണൻ
---------------------------------------------------------------

























No comments:

Post a Comment