Wednesday 22 June 2016

19
അതീതം  23-6 -2016
-------------------------
ഡോ കെ ജി.ബാലകൃഷ്ണൻ
--------------------------------------------


1.
   നേരമാകുന്നു കാലം
നേരായനേരം; നേരിൻ
ആരവം മുഴക്കുന്ന
സാരമാമാറാം കാലം!
മൗനത്തിന്നതിസൗമ്യ-
ശാന്തസുന്ദരഭാവം
മനനം;
ധ്യാനാത്മകമേഴാമിന്ദ്രിയം;
ഋഷി-
കവി-
തത്ത്വചിന്തകത്രയം
കാലമായുപാസിക്കും
മന്ത്രസംഗീതധ്വനി;
അമൃതം പെയ്യും സ്വര-
ബിന്ദുവാമതിസൂക്ഷ്‌മം;
പേരെഴാ പരിപൂർണം;
സുകൃതം; മഹാമായാ-
ജാലമായ് പ്രപഞ്ചമായ്
മിഥ്യയായ് പരിണാമം!

 ആകാരം വർണം ഗന്ധ-
മാദിയാമാലേഖ്യങ്ങൾ
കാരണം തേടും കാര്യം
മാത്രമായ് നിലകൊള്ളും
നശ്വരമനിത്യമായ്
പഞ്ചഭൂതമായ് ജനി-
മൃതിചക്രമായ് കാലം!
നീയാട്ടെ കാലാതീതം!

*വിളംബം മധ്യമം ദ്രുത-
മിങ്ങനെ
സംഗീതത്തിൻ
കാലമായ് നേരം
രാഗശ്രുതിലയസാഗര-
മനന്തമായ്;
ആനന്ദത്തിരയായി
തുരീയമധുവായി!

ആറുകാലവും പാടി-
ഏഴാമിന്ദ്രിയശൃംഗം
കേറുവാൻ തപസ്യയിൽ
മുഴുകും കലാകാരൻ
അത്യതിദ്രുതപാരംഗതനായ്
സമാസമം 
നിത്യനിശ്ചലം   
ശൂന്യസത്യമാം പരിപൂർണ- 
സത്തയിൽ ലയിക്കുന്നൂ!
സത്തയായ് ഭവിക്കുന്നൂ!
മൂന്നുകാലവുമൊന്നായ്
കാലാതീതമായ് ശാന്തം
പ്രാലേയഭാവാബ്ധിയായ്;
*ആലിലക്കണ്ണൻ മാത്രം
നിത്യമാമതീതമായ്! 

2.
(അങ്ങനെ ഋഷി പണ്ടേ
മന്ത്രിച്ചു; *മഹാവാക്യം
ഗംഗതന്നലകളി-
*ലറിവായ്‌ നിറയുന്നൂ!)


കുറിപ്പ്
----------------------
*സംഗീതത്തിലെ കാലസങ്കല്പം
*Singularity(Big Bang Theory- Modern Science)
*തത്ത്വമസി
*ഭാരതീയചിന്ത 
--------------------------------------------
അതീതം 23 -6 -2016
indian poet dr.k.g.balakrishnan
Amazon.com Author
Createspace Amazon.com USA
പ്രസിദ്ധീകരിക്കുന്ന
എന്റെ "ഭാരതഗീതം" എന്ന
കാവ്യസമാഹാരത്തിൽ നിന്ന് )
----------------------------------------------

No comments:

Post a Comment