Saturday 25 June 2016

22.
ആഴം    26 -6 -2016
-----------------------------------
ഡോ.കെ.ജി. ബാലകൃഷ്ണൻ
Amazon.com  Author
Topmost All Time poetry.com
------------------------------------------------

പഞ്ചമം പാടുവതാരെ-
ന്നകക്കാമ്പിൽ-
പ്പഞ്ചമിത്തിങ്ക-
ളുദിച്ചുവല്ലോ!

പഞ്ചമവേദ-
പ്പൊരുളിൻ സ്വരാക്ഷരം
ചിന്തയിലാരഭി
മീട്ടിയല്ലോ!

മന്ദസമീരണൻ
ചെമ്പകപ്പൂക്കളിൽ
ചന്ദനഗന്ധ-
മുഴിഞ്ഞുവല്ലോ!

യക്ഷന്റെസന്ദേശവാഹകൻ
മേഘമോ
ലക്ഷ്യം തിരയുന്നെൻ
ചിത്തഭൂവിൽ!

കവിയുടെയുള്ളിലെ
യില്ലിമുളങ്കാട്ടിൽ
കവിയുന്നു കവിതത-
ന്നളകനന്ദ!

അളകാപുരിയിലെ
ശ്രീഗിരിനന്ദിനി
കളകളം പാടുന്നു
കൂട്ടിനായി!

പാട്ടും പതവുമായ്
പാതിരാ ചെന്നപ്പോൾ
കൂട്ടുകാർകൂട്ട-
മുറക്കമായി!

പാട്ടിൻ രസത്തിൽ
ക്കുറിഞ്ഞിയും കൂട്ടരും
കൂർക്കം വലിച്ചു
മദിച്ചുറങ്ങി.

ഏഴു നിലയുള്ള നാകം
വിരചിച്ചു
ചേതന മാത്ര-
മുണർന്നിരുന്നു.

മാമുനി നാരായ-
ത്തുമ്പിനാൽ ബോധമെ-
ന്നോലയിലക്ഷരം
കോറിയിട്ടു!

സാരസ്വതമായി
ലക്ഷ്മീകടാക്ഷമായ്
ഗൗരീവിലാസമായ്
പൂത്തിറങ്ങി!

നന്ദനോദ്യാനം
യമുനാപുളിനത്തിൽ
വൃന്ദാവനമെന്നു
ചന്തമാർന്നു!

നന്ദകുമാരനും
വൃന്ദകുമാരിയും
സന്തതം കേളീ-
വിലോലരായി
തുള്ളിക്കളിക്കുന്നു;
നുള്ളിനോവിക്കുന്നു
ഉള്ളിന്റെയുള്ളിലെ
തുള്ളിതന്നുള്ളിലും
കണ്ണിലും കാതിലു-
മുണ്ണിക്കിടാവിന്റെ
കുഞ്ഞിക്കിനാമണി-
ത്താളത്തിലും!

തൂണിൽ; തുരുമ്പിലു-
മേഴുലകത്തിലു-
മേഴുനിറച്ചാർത്തി-
നാഴത്തിലും!
-------------------------------------------
22
ആഴം 26-6-2016
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author
-----------------------------------------------




























No comments:

Post a Comment