Thursday 23 June 2016

20
മിഴി  -24-6-2016
---------------------------
ഡോ.കെ.ജി.ബാലകൃഷ്ണൻ
------------------------------------------


1.
പതിവായ് പ്രഭാകരൻ
വരുമീ വഴിയേതോ
വിധി നീ വിധാതാവെ-
ന്നോതിനാൻ ഗുരുവര്യൻ!

ആരുനീയാരെന്നാരാ-
യുന്നു ഞാൻ കവി; നീയാം
കാരണമൊരു സ്വര-
ബിന്ദുവിൽ സമാഹൃതം!

പാടി ഞാൻ ജയദേവ-
കവിയായ്; നിരന്തര-
മാടി ഞാൻ വൃന്ദാവന-
രാധികാപ്രണയമായ്!

ആദിമധ്യാന്തം തേടി
ശാസ്ത്രകാരനും; പാതി-
ഭൂതിയായ് നിലകൊള്ളും
ഭാവിതൻ സ്വരഭേദം!

നിമിഷം നിമിഷമായ്
നീങ്ങുന്നു നേരം, നാളെ
നിമിഷം നിമിഷമായ്
നീളുന്നു നിരന്തരം!

അതിനെപ്പരിഹസി-
ക്കുന്നുപോൽ ഭിക്ഷാംദേഹി,
അതിനെപ്പരിണയി-
ക്കുന്നുവെൻ മനുഷ്യത്വം!

ഓലയിലെഴുത്താണി
കുറിക്കും മന്ത്രാക്ഷര-
മാരുടെ കരവിരുതെന്നു
ഞാനറിയുന്നു!

പാരിടം തിരിയുന്ന
കാരണം നീയാകുന്നു
മാരിവില്ലൊളിയുടെ
സാരവും സൗന്ദര്യവും!

ഈ വഴി വരും മൂളി-
പ്പാട്ടിലും സുഗന്ധത്തിൻ
മാർകഴിമാസം തൂവും
കാറ്റിലും നിരാമയം
ഉള്ളിനുമുള്ളാം
ഉള്ളിനുള്ളിലുമൊന്നായ്
പള്ളികൊണ്ടിടും
പ്രേമം;
ഉള്ള തോന്നലായെന്നു-
മെപ്പൊഴും വാഴും രൂപ-
ഹീനമാം പ്രതിഭാസം;
ഇല്ലയെന്നാവർത്തിച്ചു
ചൊല്ലുവോർക്കുള്ളിൽ-
പ്പോലും
വെൺമയായ് കുടികൊള്ളും
ഭാവപൂർണിമയല്ലോ!

2.
അഴകായാനന്ദമായ്‌
നിറയും കവിതതൻ
തിരിയിൽ വെളിച്ചത്തിൻ
മിഴി നീ തെളിക്കുന്നൂ!
--------------------------------------------------
20
മിഴി -24- 6-2016
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author
------------------------------------------------  
 




 


  











     

No comments:

Post a Comment