Friday 10 June 2016

14
ദ്യുതി
-------------------------------
ഡോ. കെ.ജി.ബാലകൃഷ്ണൻ
11/ 6/ 2016
-------------------------------------------
ഒന്നൊന്ന് തൊട്ടെണ്ണി
രണ്ടായി മൂന്നായി
നാലുമഞ്ചും പിന്നെ
കാലാതിശായിയാ -
മാറായിയങ്ങനെ
തീരാത്തിരയായി;
നൂറാർന്ന നൂറായി;
ആഴിപ്പരപ്പായി;
ആഴത്തുടിപ്പായി;
നൂറായിരം നൂറിൽ
മുങ്ങിക്കുളിച്ചു വിൺ-
ഗംഗാതരംഗങ്ങൾ
മൂളുന്ന രാഗങ്ങൾ
നീളേ പൊഴിയും
സ്മൃതി ശ്രുതി-
മന്ത്രങ്ങൾ
ഉള്ളിന്റെയുള്ളി-
ലുരുവിട്ടുറപ്പിച്ചു
ഗംഗാധാരനുടെ
ചിന്താസുഗന്ധമായ്‌
ഗംഗോത്രിയിൽ
നൂറുനൂറായിരം മന്ദ്ര-
സാരസമ്പൂർണമാം
വർണ്ണങ്ങൾ;
ഓങ്കാരശംഖനിനാദങ്ങൾ!

അമ്മേ,
അവിടുത്തെ
പൊന്നോമനകൾ ത-
ന്നുണ്മയിൽ;
എപ്പൊഴുമെപ്പൊഴു-
മൊന്നിന്നുയിർപ്പുകൾ!


2.
ആയിരം കാതമലഞ്ഞു-
തിരിഞ്ഞേതു
മായികലോകമണഞ്ഞാലു-
മീ മുലപ്പാലിന്റെ മാധുര്യ-
മോരോ നിമേഷവുമുള്ളി-
ലുണർത്തും പ്രഭാപൂരമാണ് നീ-
യംബേ!
നിരഞ്ജനേ!

3.
ഭാരതമെന്നു പുകൾ പെറ്റ ഭൂവിൽ ശ്രീ-
ഭാരതകാവ്യം രചിച്ച മഹാകവി-
വ്യാസമഹാമുനി-
പാടാക്കഥയേതുമില്ലെന്ന്
പണ്ഡിത-
രത്ഭുതം കൂറുന്നു!
ധന്യേ!
സുമംഗളേ!

4.
എല്ലാമറിവെന്നു
ചൊല്ലിയുറപ്പിച്ച
 കല്ല്യാണസത്യ-
പ്രയോക്താവ്-
ഭാരത-
ഭാഗവതങ്ങളാൽ
ഞങ്ങൾ തന്നുണ്മയി-
ലദ്വൈതസാരമാ-
മൊന്നിൻ പ്രകാശം
പരിപൂർണമാണെന്ന്
കനകാക്ഷരങ്ങൾ
കുറിച്ചാർഷഭൂവെന്ന
നിന്നഭിധാനം
സുസാർത്ഥകമാക്കവേ,
വിണ്ണിൽ വിതാനങ്ങൾ
തീർത്തിരിക്കാം മയൻ
മണ്ണിൽ സൌഗന്ധികം
പൂത്തിരിക്കാം!

5.
അന്ന് പരന്ന
ദ്യുതിയിന്നുമമ്മതൻ
വെണ്മയായെന്നിൽ 
നിറമാല തീർക്കുന്നു;
ശ്രീനൃത്തവേദിയാം
സ്വപ്നലോകത്തിലും!
ചിത്തഭൂതന്നിൽ
നിരാകാരനിത്യമാം
സത്യഭാവാങ്കുരം; 
സ്വരബിന്ദു തന്നിലും!
-------------------------------------------------------------
14   ദ്യുതി
ഡോ കെ ജി ബാലകൃഷ്ണൻ
11 - 6 -2016
 Amazon.com Author
-------------------------------------------------------------------































  

No comments:

Post a Comment