Tuesday 7 June 2016

13.
കഥ   8-6-2016
--------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
         ------------------------------------

കഥയുണ്ട്
കഥയുള്ള കഥയുണ്ട്
കഥയില്ലാക്കഥയുണ്ട്
വ്യഥപെറും കഥയുണ്ട്
വ്യഥ പേറും കഥയുണ്ട്;
സുഖമേറും ശുഭമോതും
കഥ;
കള്ളക്കഥയുണ്ട്!

കൊടും കടും കടങ്കഥയുണ്ട്;
കഥകഥാനായരേക്കഥയുണ്ട്;
ആട്ടക്കഥയുണ്ട്;
നാട്യക്കഥയുണ്ട്;
പ്രേതക്കഥയുന്ട്;
കുട്ടിക്കഥയുണ്ട്;
നാട്ടിൽ പാട്ടായ
പല പല കഥയുണ്ട്! 
 

2.
കിളിപാടിക്കേൾപ്പിച്ച
കൊതിയൂറും കഥയുണ്ട്;
മതിയാറും മധുരിക്കും
ഗതിയേകും കഥയുണ്ട്!

കവിതുള്ളിക്കാണിച്ച
ഛവിതൂവും കഥയുണ്ട്;
രാവെല്ലാം ശിവമാക്കി
നേദിച്ച കഥയുണ്ട്‌!

നാടോടിക്കഥയുണ്ട്
കാടോതും കഥയുണ്ട്;
വെടി ചൊല്ലും കഥയുണ്ട്;
കഥയാടും കഥയുണ്ട്!

3.
ഇനിയുമെന്നുള്ളിൽനി-
ന്നൊരുതുള്ളിചോരാതെ
കനിയായിനിലകൊള്ളും
കനിവിന്റെ കഥയുണ്ട്!

അറിവെന്ന
അറിവിന്റെ
നിറവായി നിറയുന്ന
പൊരുളിന്റെ നിറമെഴാ
നിറമാർന്ന കഥയുണ്ട്!
മലകേറി-
പ്പതിനെട്ടു പടികേറി-
യറിയുന്ന
നേരിന്റെ
ശ്രീരാഗം
വഴിയുന്ന കഥയുണ്ട്!

4.
"മാവേലിമന്നൻ
മലനാട് വാണീടും"
മധുരക്കിനാവിന്റെ
രസമൂറും കഥയുണ്ട്!

5.
അരുവിപ്പുറത്തന്നു
ഗുരുവെച്ച കല്ലിന്റെ
ശ്രുതി കേട്ടുണർന്നതാം
കാതിന്റെ കണ്ണിന്റെ;
കുമ്പിളിലിപ്പോഴും
കഞ്ഞി കുടിക്കുന്ന
കോരന്റെ;
ആറിന്റെയുള്ളിന്റെ
മനുജന്റെ കഥയുണ്ട്!

6.
ഇനിയും പറയുവാ-
നെന്നുള്ളിൽക്കഥയുണ്ട്;
ചതിയുടെ ചോരക്കറയുടെ,
തീരാപ്പകയുടെ,
രാവിനിരുളിന്റെ ചരിതങ്ങൾ
മൊഴിയുന്ന കഥയുണ്ട്!

7.
കാറ്റിൻറെ കാട്ടാറി-
ലൊഴുകുന്ന നീരിന്റെ
പാട്ടിന്റെ
തെളിവാർന്ന
കുളിരിന്റെ കഥയുണ്ട്!

8.
ഇനിയുമെൻ നാടിന്റെ
ചുടുചോര മോന്തുവാൻ
തുനിയുന്ന
ചോരന്റെ
കഥതീർക്കുവാനേതു
ഗുരുദേവനറിവിന്റെ
കരവാളുയർത്തുവാൻ
പുനർജന്മമാളുമാ
കഥ പാടുവാനെന്റെ
കവിതയ്ക്ക് നൂറ്റെട്ടുപനിഷദ്-
നാളങ്ങൾ
ശ്രുതിമീട്ടുമോ!
രാവിനിരുൾ മായുമോ! രാകാ-
ശശിയായി;
സത്യം തിരിനീട്ടുമോ! നാളെ
പുലരിച്ചുവപ്പായി-
യറിവിൻ
ചിറപ്പായി!
നിറമാർന്ന നൂറു പൂക്കാലമായി!


9.
(അതോ
"മലയപ്പുലയന്റെ മാടത്തിൻ
മുറ്റത്തെ
കുലവെട്ടാ"നാളെത്തും
നില
നീളുമോ!
അല്ല
കഥ മാറുമോ!)
-------------------------------------------------
കഥ  - 8-6-2016
---------------------------
ഡോ കെ ജി ബാലകൃഷ്ണൻ
9447320801
drbalakrishnankg@gmail.com
----------------------------------------------------


















    

No comments:

Post a Comment