Saturday 28 May 2016

10.
കാവ്യം
---------------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ  29-5-2016
----------------------------------------------------------
     വിസ്മയങ്ങളൊളിയുമെന്നുള്ളിൽ
സ്വപ്നരാഗം വിരിയുവതെന്നാം!
ചിത്രപൌർണമി മിഴിയുമ്പൊഴാവാം
സത്യചിത്രം തെളിയുമ്പൊഴാവാം!

അലകളെവിടെയും ചലനവും; നേരി-
ന്നുലയിൽ നിമിഷമായൂതും വിശേഷം
ആ വിലാസം; മധുരമാമന്ത്രം
കവിതയായെന്നിൽ നുരയുമ്പൊഴാവാം
 സകലവും പ്രേമസംഗീതമായി
മുകുളിതം സ്ഫന്ദധാരാപ്രകാശം
"കോടി കോടി ദിവാകരരൊന്നായ്"
ഭൂതി തീർക്കുമനന്തമാനന്ദം!

ചിത്രചിത്രണമെത്രയോ ശില്പി-
കൃത്യമായ് കിറു കൃത്യമായ്
നെയ്യും
സത്യമിപ്പൊഴും നിത്യമായുള്ളിൽ
നൃത്തമാടുന്നു ചിത്രം വിചിത്രം!

ദേവനർത്തകീനൃത്തവിന്യാസം;
ഭാവമേകമരൂപം വിരൂപം;
മോഹദാഹവിഹീനസംഭൂതം;
ദേഹമാളുന്നതേ കർമ്മകാണ്ഡം!

ഈ നിമേഷനിമീലനചക്രം
കാലമാം കാകു; കാവ്യമായെന്നിൽ
രാഗധാരയാം ഗംഗാപ്രവാഹം!
നാദബ്രഹ്മം സ്വരം പാഞ്ചജന്യം!

നീലവ്യോമം പരിമാണശൂന്യം;
ജാലലീലാവിലാസവിശേഷം!
നാലുഭൂതങ്ങൾ വാഴും പ്രഭാവം;
മൂലസൂത്രം; നിരാകാരനിത്യം!

എകമീസൂത്രഭാഷ്യം പ്രപഞ്ചം;
മൂകസാക്ഷിയാം നീ പ്രഭാപൂരം!
വേണുവാദനം;കമനീയരൂപം;
മേഘവർണ്ണം;പരിപൂർണ്ണഭാവം!
----------------------------------------------------
കാവ്യം
ഡോ കെ ജി ബാലകൃഷ്ണൻ
29-5-2016
-----------------------------------------------------

      
    

 
  

No comments:

Post a Comment