Wednesday 25 May 2016

8.
പാഞ്ചാലിയുടെ ചേല - 25- 5- 2016
-------------------------------------------------
ഡോ കെ.ജി.ബാലകൃഷ്ണൻ
-------------------------------------------------
"ഇന്നിനെത്തേടി 
എത്തുന്നു
നാളെ 
ഇന്നായുണർന്നിടാൻ;
അല്ല! 
ഇന്നായ് ലയിക്കുവാ "-
നെന്ന് ചൊല്ലുന്നു  മാമുനി! 

നീളേ നീളേ നിവർന്നീടും 
കാലം ചേല കണക്കവേ;
ആരുടെ? ആരുടെ?
തീരാച്ചുരുൾ!
പതിവ്രതയാം
ദ്രുപദതനുജതൻ ചേല;
അതിപരിശുദ്ധമാമബരം;
ഹേമം;
അതിലാണ്പോൽ;
സകലം സമസ്തം;
അഭിവ്യഞ്ജിതം;
അതിസൂക്ഷ്മം;
വ്യോമം;
സുഭഗസൌന്ദര്യം!

അപരിമേയം;
അഷ്ടദിഗന്തവുമാഴവു-
മാളാ നിരന്തരം;
നിത്യം;
ഋഷിയുടെ നാരായമുനയിലെ
സത്യം;
അദൃശ്യമാം ഭാവം;
അരൂപം വിരൂപം;
വൈഷ്ണവം; കൃഷ്ണം!'

"സാന്ദ്രാനന്ദാവബോധാത്മക-
മനുപമിതം"
അനുഭൂതി;
കാർവർണം;
അക്ഷയം;
മതിമധുരമാം രാഗം! 

ആലോചനാമൃതം 
ബാദരായണനാലാലേഖിതം;
കാവ്യം ശാസ്ത്രം മന്ത്രം;
സംഗീത ശില്പം നവം!

2.
തുടരുന്നൂ മുനിയേവം:
"ഇക്കാണ്മതെല്ലാമൊരേ-
യൊന്നിൻ നിത്യനിദർശനം;
പലനിറക്കാഴ്ച; നൂറായ് 
അശ്വത്ഥപത്രങ്ങൾ പോൽ;
ഉള്ളിന്നുള്ളിൽത്തിളങ്ങും 
സുസ്വരബിന്ദുവിൻ 
കിരണസഹസ്രം;
ഒഴുകിയൊഴുകിത്തീരാ-
ഗംഗാപ്രവാഹം!"

3.
"ആറായൊഴുകിയൊഴുകി
എഴാകുമൊന്നായി;
നീരായി നീലനിറമായി;
നീയായി;
നിത്യമായി!

ഓളമായോളമായ്;
ഓളങ്ങൾ മൂളുന്ന
നീളമായീണമായ്
മേളമായി!'

ഓതുന്നു ശാസ്ത്രവിശാരദൻ
"കണ്ടതും കാണ്മതും
കാണാ വിദൂരവും
കാണുവാനാവാതെ
കേൾപ്പതും;
കേൾക്കുവാൻ
മേലാ സ്വരങ്ങളും
തീരാനിറങ്ങളും
ഒന്നിനൊഴുക്കാണ്;
വിണ്ണാമപാരവിതാനത്തി-
ലെണ്ണിയാൽ
എണ്ണുന്ന വീരനെ-
യിണ്ണാമനാക്കുന്ന
പൊണ്ണത്തമായി-
വിലാസവിന്യാസമാം
ധന്യമേ!
ജാലമേ!
നീയെൻ പ്രഹേളികയല്ലെയോ!"
================================
--------------------------------------------
പാഞ്ചാലിയുടെ ചേല
ഡോ.കെ.ജി. ബാലകൃഷ്ണൻ
25-5-2016
Indian Poet
---------------------------------------------



  


   

    
       

  

No comments:

Post a Comment