Tuesday 9 February 2016




കൃഷ്ണൻ
ഭാരതീയചിന്തയിൽ
സാഹിത്യത്തിൽ
-----------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
----------------------------------------------

ഒന്ന്
----------------


കൃഷ്ണൻ തന്നെ ഗുരുദേവൻ
-------------------------------------------------
--------------------------------------------------

      ഭാരതീയചിന്തയുടെ ആകെത്തുകയാണല്ലോ  തത്ത്വമസിയെന്ന 
മഹാവാക്യം. നീയും ഞാനും ഒന്നെന്ന് ചിന്തിച്ചാൽ സ്പർദ്ധയ്ക്ക്‌ ഇടം 
എവിടെ? "അകവും പുറവും തിങ്ങും മഹിവാവെന്ന് " ഗുരു. കൃഷ്ണൻ 
ഗീതയിലൂടെ  ഉറപ്പുവരുത്തുന്നതും ഇത് തന്നെ. കൈവർത്തകന്യയുടെ
പുത്രനായ വ്യാസനായ മഹര്ഷിയാണല്ലോ കറുപ്പൻ എന്ന കൃഷ്ണന്റെ 
സ്രഷ്ടാവ്! കൂടാതെ കൃഷ്ണപദത്തിന്  സദാനന്ദനെന്ന നിരുക്താർത്ഥ- വുമുണ്ടല്ലോ!(നാരായണ ഭട്ടതിരി). ഗുരുവാകട്ടെ സാക്ഷാൽ നാരായണൻ. 
രണ്ടു പേരും വർണമില്ലാ വർഗത്തിൽ ജനിച്ചവർ. അനീതിക്കെതിരെ തേർ തെളിച്ചവർ!

പുതിയ തെളിച്ചം 
----------------------------- 
    മേലെഴുതിയ വരികൾ ഒരു പക്ഷെ പ്രഥമദൃഷ്ട്യാ അല്പം സംഭ്രമ- ജനകമായിരിക്കാം. എന്നാൽ ഈ പുതുതെളിച്ചം ഭാരതത്തിന്‌ (ലോകത്തിനും മനുഷ്യകുലത്തിനും തന്നെ) നിലനില്പിന്റെ ആധാരമായി ഭവിച്ചിരിക്കുന്നു. വർഗവെറിയും മതമൗലികചിന്തയും മാനവികതയുടെ 
ഉണ്മൂലനത്തിനുതന്നെ വിത്ത് പാകിക്കൊണ്ടിരിക്കുന്നു. കൂടുതൽ വിവരിക്കുന്നില്ല.എങ്കിലും രണ്ട് വാക്കുകൂടി.
 
    കുസൃതിയായ അമ്പാടിക്കണ്ണൻ പാഞ്ചജന്യം മുഴക്കി ശ്രീകൃഷ്ണനായി പരിണമിച്ച്  അധർമത്തിനെതിരെ പൊരുതുവാൻ തേർ തെളിച്ചതും നാണുഭക്തൻ ശ്രീനായണനായി അവതരിച്ച് വർണവിവേചനത്തിന്റെ വേരറുക്കുവാൻ വജ്റായുധം പ്രയോഗിച്ചതും നമുക്ക് പുതിയ അർത്ഥതലമൊരുക്കുന്നു.

ശ്രീഗുരുവായൂരപ്പൻ
----------------------------
കഥകൾ നമുക്കറിയാം. "മേല്പത്തൂരിന്റെ വിഭക്തിയെക്കാൾ പൂന്താനത്തിന്റെ ഭക്തി"യാണ് കണ്ണന് ഇഷ്ടമെന്നും നമുക്കറിയാം. ചരിത്രം കുറിച്ച ഗുരുവായൂർ സത്യാഗ്രഹവും നമുക്കോർക്കാം. അതിന്റെ ചരിത്രമാനവിക- മാനങ്ങളും നമുക്കിവിടെ ആ ദ്യുതിയോട്‌ കൂട്ടി വായിക്കാം.

ദൈവം എന്ന പ്രതിഭാസവും
ആധുനിക ശാസ്ത്രവും
------------------------------------------

  സത്യത്തിൽ ഗീത ഉദ്ഘോഷിക്കുന്നത് പ്രപഞ്ചസത്യമാണ്. സാക്ഷാൽ  ശാസ്ത്രമാണ് . ദൈവം ഒരു പ്രതിഭാസമാണ്. ആത്യന്തികമായി പ്രപഞ്ചം
ഊർജ്വ കണ നിർമിതമാണല്ലോ! എങ്ങും നിറഞ്ഞു നില്ക്കുന്നത്. അറിയുന്നതും അറിയാനാവാത്തതും.(ഡാർക്ക്‌ എനർജി). എന്നാൽ  ഏതോ
ഒന്ന്  ഉള്ളിനുള്ളിൽ അറിവ് മാത്രമായി പൂർണമായി സത്യമായി നിലകൊള്ളുന്നു. അതത്രേ പരമസത്യം. ആ നിത്യത്തിന്റെ അനുഭൂതിയാണ് കൃഷ്ണസങ്കല്പം. ആ ദിവ്യമായ പരമാനന്ദം മേല്പത്തൂർ നാരായണീയത്തിന്റെ പ്രഥമശ്ളോകത്തിൽ തന്നെ നമുക്ക് അനുഭവവേദ്യ- മാക്കുന്നുണ്ടല്ലോ!



      "സാന്ദ്രാനന്ദാവബോധാത്മകമനുപമിതം കാലദേശാവധിഭ്യ‍ാം
നിര്മുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിര്‍ഭാസ്യമാനം
അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരുപുരുഷാര്‍ത്ഥാത്മകം ബ്രഹ്മതത്ത്വം
തത്താവദ്ഭാതി സാക്ഷാദ് ഗുരുപവനപുരേ ഹന്ത! ഭാഗ്യം ജനാനാം."

രണ്ട് 
-------------- 
ശ്രീമദ്ഭാഗവതം
--------------------------- 
    ത്രികാലജ്ഞാനിയായ വ്യാസമഹർഷിയാൽ വിരചിതമായി ഭാരതത്തിന്‌ പൈതൃകമായി കൈവന്ന പുണ്യമാണല്ലോ ശ്രീമദ്ഭാഗവതം.ഭാരതീയചിന്തയുടെ സത്തയത്രേ ഈ മഹദ്ഗ്രന്ഥം. കൃഷ്ണകഥയും തത്ത്വചിന്തയും ശാസ്ത്രവും ഒന്നിക്കുന്ന ത്രിവേണി. ഒപ്പം ഉത്തമ സാഹിത്യകൃതിയും! ഋഷി കൃഷ്ണചരിതത്തിലൂടെ കാണിച്ചുതരുന്നത് ജ്ഞാനവും കർമ്മവും ഉപാസനയും തന്നെ.ഭാഗവതം പുരാണമാണ്. ഭാരതത്തിന്റെ ആത്മജ്ഞാനത്തിന്റെ സ്വർണഖനി. 

മഹാഭാരതം 
------------------------ 
    മഹാഭാരതം ഇതിഹാസമത്രെ. ലോകസാഹിത്യത്തിൽ തന്നെ ഈ മഹദ്ഗ്രന്ഥത്തിനു സമശീർഷമായി മറ്റൊരു കൃതി ഇല്ല. ഭഗവദ്ഗീത മഹാഭാരതത്ത്തിലാണല്ലോ മുനി കൃഷ്ണനെക്കൊണ്ട് ഉപദേശിപ്പിച്ചത്. കൃഷ്ണനെന്ന യുദ്ധതന്ത്രജ്ഞനെ നമുക്കിവിടെ ദർശിക്കാം. ജീവിതത്തിന്റെ കൈപ്പുസ്തകമാണല്ലോ ഗീത.(സി രാധാകൃഷ്ണൻ ).
അതായത് കുരുക്ഷേത്രയുദ്ധം ജീവിതത്തെ പ്രതിനിധീകരിക്കുന്നു. ഓരോ കഥാപാത്രവും ഇന്നും നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു. ദൃഷ്ടാന്തങ്ങൾ നിരത്തുന്നില്ല. കഥാപാത്രങ്ങൾ പലപ്പോഴും നമ്മുടെ നിത്യസംഭാഷണങ്ങളിൽ ശൈലീരൂപേണ കടന്നുവരുന്നു.   

ഗീത
--------------- 
    ഭഗവദ്ഗീത ദർശനമാണ്;ശാസ്ത്രമാണ്‌. അറിവാണ്. പതിനെട്ട് അദ്ധ്യായങ്ങളിലായി ജീവിതവശങ്ങൾ എല്ലാം ചർച്ചചെയ്യപ്പെടുന്നു.
അപൌരുഷേയമായ അറിവുകൾ മുഴുവൻ സംഗ്രഹിക്കപ്പെട്ടി-  
 രിക്കുന്നു. 

കൃഷ്ണസങ്കല്പം
-------------------------- 
     നമ്മുടെ ഏറ്റവും ഉദാത്തമായ ഒരു സങ്കല്പമാണ് ശ്രീകൃഷ്ണസങ്കൽപം. 
കാരാഗൃഹത്തിൽ പിറന്ന യാദവബാലൻ.(പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയെ ഓർക്കുക.കിഴക്കുനിന്ന് പണ്ഡിതന്മാർ നക്ഷത്രത്തെ നോക്കി എത്തിയതും ഓർക്കുക.). അമ്പാടിയിൽ വളർന്ന ഉണ്ണിക്കണ്ണൻ. കാളിയമര്ദന- മാടിയവൻ.കുചേലന്റെ വയസ്യൻ. പിന്നെ ദ്വാരകാനാഥൻ. പാർഥസാരഥി.
 ഭാരതീയന് ഗുരുവായൂരിലെ സത്യസാന്നിധ്യം. 

ഭാരതീയകലകളിൽ കൃഷ്ണൻ 
------------------------------------- 
     ഭാരതത്തിൽ കണ്ണനില്ലാതെ കലയുണ്ടോ? സാഹിത്യത്തിൽ, സംഗീതത്തിൽ,നൃത്തത്തിൽ, ചിത്രത്തിൽ, ശില്പത്തിൽ! കൂടാതെ ജീവിതമെന്ന മഹാകലയിൽ! 

കവികൾ 
-------------- 
മലയാളത്തിൽ-  പൂന്താനം, ചെറുശ്ശേരി,എഴുത്തച്ഛൻ.
സംസ്കൃതത്തിൽ- മേല്പത്തൂർ. 
കണ്ണനെക്കുറിച്ച് കാവ്യമെഴുതാത്തവർ ചുരുക്കം. 
ജയദേവർ- ഗീതഗോവിന്ദം 
ഹിന്ദിയിൽ-
സൂർദാസ് 
മീര ഇവർ ഓർമയിൽ. 
                   
കഥകൾ
--------------- 
   ഉണ്ണിക്കണ്ണന്റെ കഥകൾ കേട്ടാണ് ഞങ്ങളുടെ തലമുറ വളർന്നത്. പുതുതലമുറയുടെ ജീവിതരീതികളും സാഹചര്യങ്ങളും മാറിയെങ്കിലും 
കൃഷ്ണകഥകൾ കുട്ടികൾ ഇഷ്ടപ്പെടുന്നു. എത്രയെത്ര കൃതികൾ! കഥാകാരന്മാർ!ഞങ്ങൾക്ക് ഈ കഥകൾ പറഞ്ഞുതന്നിരുന്നത് അമ്മൂമ്മ- യായിരുന്നു.അന്നത്തെ കൂട്ടുകുടുംബവ്യവസ്ഥയിൽ അത് സാധ്യമായിരുന്നു.അതവിടെ നില്ക്കട്ടെ. ഇന്നും കുട്ടികൾ കഥകൾ കേൾക്കാൻ തൽപരരാണ്‌. പറഞ്ഞുകൊടുക്കാൻ നമുക്ക് സമയമില്ലെന്നു മാത്രം!   

സംഗീതം 
----------------- 
  ഗുരുവായൂരപ്പനും ചെമ്പൈ ഭാഗവതരും തമ്മിലുള്ള ബന്ധം പ്രസിദ്ധമാണ്. അതുപോലെ എത്രയോ കലാകാരന്മാർ! 

കലകളുടെ ഉറവിടം 
--------------------------- 
എല്ലാ കലകളുടെയും ഉറവിടം മനസ്സാണ്. പക്ഷെ മനസ്സെന്ന ആറാം ഇന്ദ്രിയത്തിലെക്ക് അനുഭൂതി ഊറി വരുന്നത് ഏതോ ഉൾപ്പൊരുളിൽനിന്നാണെന്ന് 
സ്വാനുഭവത്തിൽ നിന്നുതന്നെ ഞാൻ അറിയുന്നു.ഭാരതീയ ഋഷി അത് പണ്ടേ പറഞ്ഞു. ഏഴാം ഇന്ദ്രിയമെന്ന ആശാൻ കവിത ഓർമ വരുന്നു.
കാവ്യകല എഴാം ഇന്ദ്രിയമാണെന്ന് മഹാകവി ആണയിടുന്നു. ഉണ്മയാണത്. ആ അറിവാണ് പരാവിദ്യ. ധ്യാനമാണ് സ്വയം അറിയാനുള്ള മാര്ഗം. കലയിലൂടെ അത് സാധ്യമാകുന്നു. കവി കാവ്യം രചിക്കുമ്പോൾ നർത്തകൻ നൃത്തം ചെയ്യുമ്പോൾ ഈ അനുഭവം ഉണ്ടാകുന്നു. ഋഷി തപം ചെയ്യുമ്പോൾ ഈ ഹർഷം കരഗതമാകുന്നു. ഗുരുവായൂർസന്ദർശനം ഈ ആനന്ദാതിരേകം പ്രദാനം ചെയ്യുന്നുവെന്ന് കലാകാരന്മാരും കവികളും സാക്ഷ്യപ്പെ-  ടുത്തുന്നു.അതുതന്നെ കൃഷ്ണസങ്കല്പത്തിന്റെ മാഹാത്മ്യം. 

ധ്യാനം
----------- 
ഭാരതീയഋഷിയുടെ അമൂല്യമായ ഈടുവെപ്പാണ് തപസ്സ്. "സന്തപിക്കുന്നത് തപസ്സെ"ന്നു യാസ്കൻ. വിഷയങ്ങളിൽനിന്നു മനസ്സിനെ നിവൃത്തിക്കാനായി ശരീരത്തെ ക്ളേശിപ്പിക്കലാണ് തപസ്സ്.തപസ്സാണ് മുനിക്ക് അപൌരുഷേയമായ അറിവ് പ്രദാനം ചെയ്തത് അതാണ് വേദം.
കവിതയും കലയും അതുതന്നെ. ഋഷി കവിയാകുന്നതും കവിത മന്ത്രമാകുന്നതും സ്വാഭാവികം. അകവും പുറവും ഒന്നാണെന്ന സത്യം ഋഷിക്ക് തെളിഞ്ഞു കിട്ടിയത് ധ്യാനത്തിലൂടെയത്രെ. ആദികാവ്യത്തിന്റെ സൃഷ്ടിയുടെ കഥ പ്രസിദ്ധമാണല്ലോ? മഹാഭാരതത്തിലാകട്ടെ ഗംഗയും ഹിമവാനും സൂര്യനും വായുവും അഗ്നിയും ഭൂമിയും അഷ്ടദിക്കുകളും മനുഷ്യരും പക്ഷിമൃഗാദികളും  മറ്റും  മറ്റും കഥാപാത്രങ്ങൾ! സാക്ഷാൽ മാജിക്‌ റിയലിസം! 

സാന്ദ്രാനന്ദം
--------------- 
ധ്യാനം നമ്മെ നയിക്കുന്നത് സാന്ദ്രാനന്ദമെന്ന നിത്യാനുഭൂതിയിലേക്കാണ്. ആ  ആത്മരതിവിശേഷം ഗുരുപവനപുരത്തിൽ നിറഞ്ഞു നിൽക്കുന്നത് ജനങ്ങളുടെ ഭാഗ്യമാണെന്ന് മേല്പത്തൂർ വർണിക്കുന്നു. കവികളും കലാകാരന്മാരും ശാസ്ത്രകാരന്മാരും തുടങ്ങി സർവരും ഈ ആനന്ദം ഗുരുവായൂർ സന്നിധിയിലെത്തി വണങ്ങി അനുഭവിച്ച് നിർവൃതിക്കൊള്ളുന്നു. 

ഭാരതീയകവിത/കല  
-------------------- 
ഒരേ ഒരു കലയേ ഉള്ളു.അത് കവിതയാണ്. മറ്റുള്ളവയെല്ലാം അതിന്റെ പെരുക്കങ്ങളോ ഭേദങ്ങളോ മാത്രമാണെന്ന് ഭാരതീയചിന്ത അടിവരയിടുന്നു. ഭരതമുനി നാട്യശാസ്ത്രത്തിൽ 64 കലകളെ നിർവചിക്കുന്നു. എല്ലാം കവിത തന്നെ വിശാലമായ അർത്ഥത്തിൽ. പ്രകൃതിയുടെ ഓരോ നോക്കിലും വാക്കിലും കവിതയുണ്ടല്ലോ! സൃഷ്ടി തന്നെ കവിത(Poetry)- യാണല്ലോ? 

ഉള്ളവും ഉള്ളും
-------------------- 
ഉള്ളം ആറാമിന്ദ്രിയമായ മനസ്സാണ്. ഉള്ളാകട്ടെ ഉണ്മയും. അത് അവ്യയമത്രെ.പൂർണം. ആ പോരുളാണ് ഏഴാമിന്ദ്രിയം. അത് നിറവാണ് നിരഞ്ജനമാണ്. സയൻസിന്റെ "ഊർജസംരക്ഷണനിയമവും" മറ്റൊന്നല്ല. 
ഊർജകണങ്ങളുടെ ചലനാത്മകതയാണ് മഹാപ്രപഞ്ചമെന്നു ഉറപ്പിക്കുന്നതും സയൻസ് തന്നെ. ഇവിടെ നമുക്ക് കണാദമുനിയെ സ്മരിക്കാമല്ലൊ!

ഭാരതീയചിന്തയുടെ
പൗരാണികത  
ആധികാരികത 
സമഗ്രത 
---------------------------- 
ഇവ മൂന്നും ലോകം അംഗീകരിചിട്ടുള്ളതാണ്. കാലത്തെപ്പറ്റി ഭിന്നത ഉണ്ടെ ങ്കിലും പ്രാചീനത ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. ആധികാരികതയും സമഗ്രതയുമാകട്ടെ ആരെയും അത്ഭുതപ്പെടുത്തുന്നു.അതുകൊണ്ടുതന്നെയാണല്ലോ അവ വിവിധ ലോകഭാഷകളിലേക്ക് തർജമ ചെയ്യപ്പെട്ടിട്ടുള്ളത്.
ദർശനവും സയൻസും കവിതയും മനുഷ്യനും പ്രകൃതിയും മഹാപ്രപഞ്ചവും കാലവും എല്ലാം ചർച്ചക്ക് വിഷയീഭവിച്ചിരിക്കുന്നു. ഉള്ളവും ഉള്ളും ഉൾക്കാമ്പും (ഉണ്മ) അപഗ്രഥിക്കപ്പെട്ടിരിക്കുന്നു.ഈ നോട്ടം എന്നിലെ ശാസ്ത്രകുതുകിയിൽ,ഭിഷഗ്വരനിൽ,കവിയിൽ ഉണർത്തിയ ഭ്രാന്തിയോ സത്യമോ മിഥ്യയോ മായയോ ആണെന്റെ കവിത. 
അതുപോലെ എല്ലാ കലകളും കവിതകളും ആത്മസത്തയിൽ വിളയുന്നു.
അത് വെണ്മയിൽ വർണരാജി പോലെ എല്ലാവരിലും എല്ലാറ്റിലും കുടികൊള്ളുന്നു. ചിലരത് പങ്കുവയ്ക്കുന്നു.ആ പങ്കുവയ്പ്പ് തന്നെയത്രെ 
ഭാരതീയകവിതയും കലയും. ലോകത്തിലെ എല്ലാ സംസ്കാരങ്ങളും.
എല്ലാം ഏകമെന്നർത്ഥം. 

സൂചനകൾ മാത്രം 
------------------------------ 
ഇവ ചില ചിന്താശകലങ്ങൾ മാത്രമാണ്. ഇനിയും ഇനിയും ആഴത്തിൽ ചിന്തിക്കേണ്ട വിഷയങ്ങൾ. ഭാരതീയചിന്ത എന്ന പാരാവാരം ഇതാ നമ്മുടെ മുൻപിൽ. "ആഴമേറും നിൻ മഹസ്സമാഴി". 

"അതിൽ ഞങ്ങളാകവേ ആഴണം വാഴണം നിത്യം 
വാഴണം വാഴണം സുഖം!"
--------------------------------------------------------------------
 കൃഷ്ണൻ ഭാരതീയചിന്തയിൽ 
--------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ 
12-2-2016 
9447320801
drbalakrishnankg@gmail.com
------------------------------------------------        

  
              
                 

                  
         


                 

                

No comments:

Post a Comment