Friday 5 February 2016


സ്വരബിന്ദു ഭാഗം 3
-------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-----------------------------------------------
1. നിറവ്
-----------------------------------------------

നിറവായ് നിലകൊള്ളും
നിത്യമേ നിനക്കായെൻ
നിറസംഗീതം സുരം
സത്യത്തിൻ സപ്തസ്വരം.

നീലമാമാഴകിന്റെ
ജാലമാം സാക്ഷാത്കാരം
പോലെയെന്നകംപൊരുൾ
രാഗമന്ത്രണം പെയ്കെ
*ആഴമേറിയ ഭവദ് -
രാഗമാമാഴിത്തട്ടിൽ
ആഴണം
ഞാനാം സത്യം;
നിത്യമേ!
നിരുക്തമേ!

രാവിതിൽ  സുരസ്വപ്നഗംഗയിൽ-
ക്കുളിച്ചീറൻ
മാറിയെത്തിയ പുലർ-
കാലകന്യയെപ്പോലെ
മാനസം മമ; നിത്യശോഭയിൽ;
നിതാന്തമാം
ശ്രീലകം തുറക്കുന്നു
മന്ത്രണം കേൾക്കാകുന്നു.

വീണതൻ രാഗസ്പന്ദം
വേണുവിൻ സ്വരനന്ദം;
പാണനാർ മൂളും നാടൻ-
ശീലിലെ സാന്ദ്രാനന്ദം
യമിതൻ തപം ചിന്താധാരയി-
ലുണർത്തിയ
നിമിഷപ്രകാശത്തിൻ
സൗരഭം പറത്തുന്നു.

ഭാരതം പാടിത്തന്ന
മാമുനി മഹാകവി
തോരണം ചാർത്തും *മഹാ-
വാക്യമെൻ പ്രാണസ്പന്ദം!

കവി ഞാനാനന്ദത്തേർ-
തെളിക്കും കാർവർണന്റെ
പവിഴച്ചൊടികളിൽ
പൂത്തതാം *സൌഗന്ധികം

ഇനിയും വീണ്ടും വീണ്ടും
 ആത്മാവിലാവാഹിക്കും
കിനിയും കണ്ണിൽ
കാതിൽ
ഗംഗതൻ സ്നേഹസ്പർശം!


*നാരായണഗുരു
*തത്ത്വമസി
*ഭഗവദ്ഗീത
----------------------------------------
സ്വരബിന്ദു 3
1.നിറവ്
ഡോ കെ ജി ബാലകൃഷ്ണൻ
6-2-2016
----------------------------------------------------

   















No comments:

Post a Comment