Sunday 14 February 2016

ഭാ.3
4. മഴ

ഓരോ നിമേഷവും
പുതുമഴത്തുള്ളിയായ്
നേരായ് മലർമണം
തൂവുന്ന തെന്നലായ്
നിത്യമായ് നിത്യ-
നിദാനമായാനന്ദ-
ദുഗ്ദ്ധമാം പ്രേമസംഗീതം
പൊഴിയവെ,
ഇന്നുണരുന്നതും
ഇന്നലെയാവതും
പിന്നെയും പിന്നെയും
നാളെയുടെ നാമ്പുകൾ
നീയാം നിനവിൽ നിന്നാവിർഭവിപ്പതും

കാലം ചിരം കാവ്യമാല്യം കൊരുപ്പതും
ജാലം;
പ്രഭാമയം നവ്യം നിരന്തരം!

2.
വെള്ളിവെളിച്ചമായ്
ഉള്ളിലുമാറിലും
തിങ്ങും പ്രഭാതമേ!
സൗന്ദര്യപൂരമേ!
മന്ദ്രമധുരമാം
മന്ത്രധ്വനികളായ്
തന്ത്രവിധികളാ-
യെന്നുൾത്തുടിപ്പുകൾ
ഓരോ മഴത്തുള്ളി
തന്നിലും ചന്ദന-
ലേപസുഗന്ധം
പൊഴിയുന്നു രാഗമേ!

3.
ആകാശവീഥികൾ
തേടി പ്പറക്കുമെൻ
ചേതോവികാരങ്ങൾ
നിന്മൂക സാന്ത്വനം.

ഇന്നലെപ്പെയ്തതു-
മിന്നുപെയ്യുന്നതും
നാളെയായ് നേരം
നിരന്തരം പെയ് വതും
പെയ്യാതിരിപ്പതും
ആറു ഋതുക്കളിൽ
കാലമെഴുതുന്ന
ഭാവങ്ങൾ രാശികൾ
കോലം വരപ്പതും
നർത്തനം ചെയ് വതും
നാളെയായ് സ്വപ്‌നങ്ങൾ
പൂത്തുലയുന്നതും
വേണുവും വീണയും
രാഗം ചമച്ചേഴു
ലോകം രചിപ്പതും
പാലാഴി തീർപ്പതും!

4.
പാടുന്നു പൂങ്കുയി-
ലേതോ കിനാവായി
മാറുന്നു; കോരി-
ച്ചൊരിയുന്നു മാമഴ!
-----------------------------------------
4. മഴ
16-2-2016
--------------------------------------------  
















No comments:

Post a Comment