Wednesday 10 February 2016

3.ഏഴ്
------------------------------------
സത്യമായുണരുന്നു
നിത്യമായ് നിറയുന്നു
രക്തമായൊഴുകുന്നു
സപ്തമം നീയാകുന്നു.

വേണുവിൽ സ്വരമേഴായ്
വീണയിൽ കുളിർകാറ്റിൻ
ഗാനമായ്  നിലാച്ചേലിൽ
നിർമ്മലനിശ്വാസത്തിൽ
ആദിഗീതമായ് നാദ-
ബ്രഹ്മമായ് ത്രേതാഗ്നിയായ്
അമ്മയായ്
അമാനുഷദ്യുതിയായ്‌
നിരാകാര-
വെന്മയായ് ശ്രുതിയായും
താളവൈഭവമായും!

രാഗമായിരമായും
സാഗരത്തിരയായും
*നാഗത്തിൻ ചുരുളായും
*കാലമേഴായും പിന്നെ
ചക്രവാളമാമില്ലാ-
സ്വപ്നമായകം പൊരുൾ-
വക്രമായേതോ മായാ-
ജാലമായ് മറയുന്നു!

പാതിജീവിതം നിദ്ര;
പാതിരാവിരുൾ; പാതി-
കാതിലോതിയ മന്ത്രം
നിൻസ്വരം സ്പന്ദം നിത്യം!

അഴകേ, നീയാകുന്നു
സുസ്വരം സ്വരഭേദം
അഴകേ, നീതാൻ രാഗ-
സൗരഭം നിരാകാരം!

നിന്നിലെ സൗന്ദര്യത്തേൻ
നുകരാൻ; നിൻ മൗനത്തിൻ
സംഗീതസുധാരസം
നുണയാൻ *നിമിഷമായ്
*അയുതം വട്ടം കാല-
ചക്രമായ്‌ തിരിയുവാൻ
ഹൃദയം മിടിക്കുന്നു;
നീയെന്നിൽത്തുടിക്കുന്നു!

*അനന്തൻ
*ഏഴാം കാലം (സംഗീതം )
എഴാമിന്ദ്രിയം
*കാലം ഒരേ നിമിഷത്തിന്റെ
ആവർത്തനം
*അനന്തം
---------------------------------------------
3.ഏഴ്  11-2-2016
ഡോ കെ ജി ബാലകൃഷ്ണൻ
------------------------------------------------





  

No comments:

Post a Comment