Friday 16 October 2015

സ്വരബിന്ദു- ഭാഗം-2
---------------------------------
3. കിരണം
---------------------------------
നിറം നിറഞ്ഞൊരീ
നിറവു താനല്ലോ
സ്വരം; സുനന്ദനം
പരം; ചിരം; സ്ഥിരം!

മധുരമന്ത്രണം;
നിരാമയം; രാഗ-
സുധാരസം സോമം;
പ്രഭാനിമജ്ജിതം!

ഒരേയൊരു കരു;
സ്വരം സുസൂക്ഷ്മമാം
നിരന്തരമായി-
നിറഞ്ഞൊഴുകുന്നു!

അതിൻ നിറം സ്വര-
സുഗന്ധമായെഴും
മതിയിൽ മാധുരി
പകർന്നു പാടുന്നു!

ചിരപുരാതനം
കഥ യിതെന്നുള്ളിൽ
സ്വരാക്ഷരങ്ങളായ്-
പ്പരിണമിക്കുന്നു!

ഒരു കിരണമായ്
ഒഴുകിയെത്തുന്നു;
നറുനിലാവായി-
ത്തഴുകിയോലുന്നു!

കളകളം പാടി
കരളുണർത്തുന്നു;
പുതുമായായകം
കുളിരണിയുന്നു!

പഴമയും പാതി
കഴിഞ്ഞ പാതയും
ഒഴിഞ്ഞ പാത്രവും
നിഴലുമില്ല പോൽ!

നിറവു മാത്രമീ
നിറം സനാതനം;
സ്വരകണംനിത്യം;
ശ്രവണമാധുരം!

നവം നവം നീല-
ഗഗനമാം
അകം പൊരുൾ-
*അറിവാകും
പ്രപഞ്ചമാധവം!

ഒരു കിരണമായു-
ണർന്നിരിക്കുന്നു;
*ഒരായിരമായി
നിര നിരക്കുന്നു!

 ജലാശയങ്ങളായ്;
മരുപ്രദേശമായ്;
സരളമായ് ഘോര-
വനാന്തരങ്ങളായ്;
ഹിമാലയങ്ങളായ്;
 മഹാനദങ്ങളായ്;
സകലമായ് നാദ-
സ്വരൂപധാരയായ്!
====================== 

കുറിപ്പ്
-------------- 
*നാരായണഗുരുദേവൻ
*അനന്തം (infinite)
---------------------------------------- 
 


 

 



No comments:

Post a Comment