Wednesday 14 October 2015

സ്വരബിന്ദു : ഭാഗം-2
---------------------------------
2- പകൽ
-----------------------------------

പകൽ പോൽ സുവ്യക്തമീ-
നിറസായൂജ്യം;വാനിൽ
നിറയെ വെളിച്ചത്തിൻ
തിരുസംഗീതം ഭവ്യം!

അകലെ യേതോ കാട്ടു-
ചോല തൻ കളകളം;
സ്വഗതം; സുഗന്ധമായ്‌
മന്ദമാരുതൻ; ദൂതൻ!

പകലേ കാണാനാവൂ-
മധുരം ദിവാസ്വപ്നം;
പകലേ പകലവൻ
പകരൂ പ്രഭാപൂരം!

അറിവിന്നനന്തമാം
ആനന്ദക്കടൽ നീന്തി
വിരിവിൻ വിതാനങ്ങൾ
നുണയാൻ മിഴിക്കാവൂ!

നീലമാം നിറമായും
കാലമാം സ്വരമായും
ജാലമാം രാഗം-താനം-
പല്ലവിത്രയമായും!

വേണുവിൻ നിനദമായ്
വീണതൻ ക്വാണം ദിവ്യം;
സ്ഥാണുവിന്നമരത്വം;
പരമം പദന്യാസം!

നാളെയെത്തേടാനാവൂ;
താമരപ്പൂവിന്നാവൂ
വിടരാൻ- ഉൾപ്പൂവിനോ
നേരിനെപ്പുണരുവാൻ!

"അതുതാൻ ജ്യോതിസ്സെ"ന്ന്
ചൊന്നു പോൽ *ഗുരുദേവൻ;
അതുതാനഹസ്സെന്നെൻ
കരണം മന്ത്രിക്കുന്നു!

മധുരം മധുരമീ-
യണയാ വിളക്കെന്നും
സുഖദം ചിലമ്പൊലി-
പകലിൻ നിലാവൊളി!
----------------------------------------
* നാരായണഗുരുദേവൻ

ഡോ കെ ജി ബാലകൃഷ്ണൻ
9447320801- 14-10-2015
------------------------------------------------ 
 





   


    




No comments:

Post a Comment