Friday 2 October 2015

കാവ്യം
-------------------
സ്വരബിന്ദു - ഭാഗം - 2
---------------------------------
ഒന്ന്
---------------------------------
പുലരി
----------------------------------
ആരേ വരുന്നത്!
നീരദപാളിയിൽ
നീരവമാരേ
വിളക്ക് വച്ചു!

ചാരേ 
ഒരായിരം വർണവിതാനങ്ങൾ
ആരേ
വിരചിച്ചു സാരചിത്രം!

ഈ നെയ് വിളക്കിൻ
വെളിച്ചം വിതറുന്ന
തേനൊളിയിന്നായ്‌
മിഴി തുറന്നു!

നാളെയായ് നാളയുടെ
നാളെയായ് നീളുന്നു
കാലം കവിതയാം
ജാലമായി!

ഓരോ നിമേഷവും
പൂവായുണരവേ
നേരായി നേരം 
നിര നിരന്നു!

നേരം പുലരുന്നു;
ഉള്ളം വിടരുന്നു;
നേരിനായ് നേരം
തിറ മെനഞ്ഞു.

അന്തിയോരോന്നിനും
 പുലരിയൊരെണ്ണമെ-
ന്നാരേയൊരക്ഷരം
കോറിയിട്ടു!
ഇന്നിന്റെ മാറിലും
നാളെയുടെ ചേലിലും
കണ്ണിനും  കാതിനു -
മീണമിട്ടു!

ആയിരം താമര
താരാനിരകളായ്
നീരിൽ നീരാട്ടിനായ്
തേരിറങ്ങി!

ആരിയം പാടത്ത്
കന്നിക്കതിർക്കുല
നേരിന് നേരായ-
യണി നിരന്നു!

പാരിലും വാനിലും
നീലനിലാവൊലി
കൂരിരുൾ പാടേ
തുടച്ചുനീക്കി-
തൂമലരമ്പെന്റെ
ലീലാവിലാസമായ്
ഭാതമേ! ഗീതമായ്
നീ മിഴിഞ്ഞു!

രാവ് നിരാലംബ-
മേതോ കിനാവായി
ദേവലോകത്തിൽ
വിരുന്നു പോയി!

പാടും പറവയും
വെള്ളിവെളിച്ചമായ്‌
നാടും നഗരവും
പാതിരാത്തിങ്കളും
കൂടും വെടിഞ്ഞു
പറന്നു പോയി!

നാളെയെത്തേടും
നിനവിൽ നിന്നെത്തുന്നു
നീലക്കുറിഞ്ഞിയായ്
പൂമ്പുലരി!

തേനായി മാമ്പൂവിൽ;
മാനായി മയിലായി;
പാണനാർ പാടുന്ന
പാട്ടിന്റെ ശീലായി;
പൈങ്കിളിപ്പെണ്ണിന്റെ
ചുണ്ടിന്റെ ചോപ്പായി;
കണ്ണിൻ കറുപ്പായി;
മെയ്യിൻ മിനുപ്പായി!

ഞാനായി നീയായി
നീയെന്ന ഞാനായി
ഞാനെന്ന നീയായി-
നമ്മളായി!

ഉള്ളിന്റെ യുള്ളിലെ
നീലക്കടമ്പിലെ-
ക്കണ്ണനാം 
കാർവർണ്ണനുണ്ണിയായി!

2.
രാവും പകലു-
മൊരേ ബിന്ദു
മെനയുന്ന
നിറമാലയാം
സ്വരസാന്ദ്രമീ
നിത്യത!

.പാടട്ടെ പാടട്ടെ
പാതിരാക്കാറ്റിന്റെ
പാടിപ്പതിഞ്ഞൊരി-
പ്പാട്ട് ഞാനും!
-------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
13-10-2015 - 9447320801
-------------------------------------------- 

 




 
   





 


 









  

 

No comments:

Post a Comment