Friday 15 May 2015

Kili chilaykkunnu:

കവിത

ഡോ.കെ.ജി.ബാലകൃഷ്ണൻ
--------------------------------------------
കിളി ചിലയ്ക്കുന്നു:
ഷേക്സ്പിയർ പറഞ്ഞത്
------------------------------------------------

എന്നും
ബ്രാഹ്മമുഹൂർത്തത്തിൽ
മുറ്റത്തെ മൂവാണ്ടനിൽ
കിളി ഉണരും.
ചിലക്കും; പിന്നെയും പിന്നെയും:
"ഒരിക്കൽ വഞ്ചിച്ചവരെ
പിന്നെ
വിശ്വസിക്കരുത്."

കിളി
ചിലച്ചുകൊണ്ടെയിരിക്കും;
പിന്നെ,
നാടുണരുമ്പോൾ,
കിളി,
എങ്ങോട്ടോ പറന്നു പോകും.

ഇര തേടി ?
നേരമെന്ന നുണയുടെ
നേര് തേടി ?
ഉദയസൂര്യന്റെ
അരികിലേക്ക്‌,
അരുണിമയുടെ
മധുരം തേടി ?

പൂ വിരിയുന്നതിന്റെ
സാരം തേടി ?
ഇല കൊഴിയുനതിന്റെ
പൊരുൾ തേടി ?

കിനാവിന്റെ
നിറം തേടി ?
മണം തേടി ?

നിമിഷത്തിന്റെ
നൈർമല്യം തേടി ?
പുഴയുടെ
കാകളിയുടെ,
ഒഴുക്ക് തേടി ?

ഇളംകാറ്റിന്റെ
കുളിര് തേടി ?
ആകാശത്തിന്റെ
അറ്റം തേടി ?

അറിവ് തേടി ?

അറിവിന്റെ
മറുപുറം തേടി ?
കരളിലെ  നൊമ്പരത്തിന്റെ
ഉറവിടം തേടി ?

ആശ്വാസത്തിൻറെ
തലോടൽ തേടി ?

ജീവിതത്തിന്റെ
അതിര് തേടി ?

മഴയുടെ
ആരവം തേടി ?

മാമലയുടെ
എകരം തേടി ?

പുല്ലാംകുഴലിന്റെ
പാട്ട് തേടി ?
പാട്ടിന്റെ
ശ്രുതിയും
താളവും തേടി ?

കണ്ണുകളുടെ കറുപ്പ് തേടി ?
സത്യത്തിന്റെ വെണ്മ തേടി ?
ആനന്ദത്തിന്റെ മലർച്ചിന്ത് തേടി ?
അനുരാഗത്തിന്റെ തണൽ തേടി ?

നാളയെത്തേടി ?

കിളി ചിലക്കുന്നു :
ഷേക്സ്പിയർ പറഞ്ഞത്.
------------------------------------------------
dr.k.g.balakrishnan 9447320801
drbalakrishnankg@gmail.com
-------------------------------------------------
15-5-2015
--------------------------------------------------





No comments:

Post a Comment