Monday 5 June 2017

avatharika - c. radhakrishnan

അവതാരിക

സി.രാധാകൃഷ്ണൻ

പലതരം കടലുകൾ ഉണ്ടല്ലോ.ആഴമുള്ളതും ഇല്ലാത്തതും,
തിരയുള്ളതും ഇല്ലാത്തതും,നീലയും ചുവപ്പും,
മഞ്ഞയായതും ആവാത്തതും.
അതുപോലെ കവിതയും പലതുണ്ട്.കടലെല്ലാം കടലായതു പോലെ
കവിതയും ആകാം. പക്ഷേ ശാന്തവും അഗാധവും ആയതാണ്
യഥാർത്ഥ സാഗരം,കവിതയും.

ഈ കവിതകൾ ശാന്തവും അഗാധവും ആകുന്നു. എന്നുവെച്ച് ഇവയിൽ
ശബ്ദമില്ല എന്നല്ല. ഉണ്ട്. പക്ഷേ ഒരു ഓങ്കാരധ്വനിയാണ്. കോലാഹലമില്ല,
ലയസംഗീതമാണ്. ഇവയിൽ ചലനം ഇല്ലെന്നല്ല. ഉണ്ട്. പ്രപഞ്ച സ്പന്ദനത്തിന്റെ
പ്രശാന്തമായ അലയിളക്കം.

ഉവ്വ്‌,അനുഭവങ്ങൾ ഇതിലേക്ക് നിപതിക്കുന്നു. പ്രാപ്യസ്‌ഥാനം അതാണല്ലോ.
അവിടെ ഓരോ അനുഭവത്തിനും അതിന്റെ തനിമയോടെ പരിലസിക്കാൻ
സൗകര്യമുണ്ടാവുന്നത് വല്ലാത്തൊരു സുഖം തന്നെ!

മലയാളകവിത ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു ഭാഷയാണ് ഇതെന്ന് പറഞ്ഞുകൂടാ. എങ്കിലും ഈ  ഇനത്തിലും താളത്തിലും തെളിമയിലും അത് മുമ്പുണ്ടായിട്ടില്ല. അതേ  സമയം ഇതൊരു പരീക്ഷണമല്ല. ഒരു വിളവെടുപ്പാണ്. കടയ്ക്കും കതിരിനും നല്ല കനം! ഇത് കേരളീയകവിത മാത്രമല്ല. ഭാതീയകവിതകൂടിയാണ്. ഇതിലൂടെ ഋഷിമാർ  നമ്മോട് സംസാരിക്കുന്നു. നമുക്ക്  വേണമെങ്കിൽ ഉറക്കം നടിച്ചു കിടക്കാം. ഉറക്കം നടിക്കുന്നവനെ ഉണർത്താൻ കഴിയില്ലെന്ന് പ്രമാണമുണ്ടെന്നു നാം കരുതുന്നു. എങ്കിൽ പക്ഷേ ഈ കവി അത് സമ്മതിച്ചു തരില്ല. ഞാൻ ഉണർത്താം എന്നുതന്നെയാണ് ഭാരതവാക്യം പോലും!

നമുക്കൊരു പാട്ട് ലോകത്തോട്  മുഴുവൻ പാടിക്കേൾപ്പിക്കാനുണ്ട്. അത് ഈ
യുഗത്തിന്റെ ആവശ്യമാണ്. പഠിച്ച്, പാടാനുള്ളത് പാടിത്തരികയാണ്
ഡോ.കെ.ജി. ബാലകൃഷ്ണൻ എന്ന ഈ അനുഗൃഹീതൻ.

ഞാൻ ഇതിനെ സന്തോഷത്തോടെ,
അഭിമാനത്തോടെയും,
ലോകസമക്ഷം സമർപ്പിക്കുന്നു.

സി. രാധാകൃഷ്ണൻ,
 1- 6- 2017



No comments:

Post a Comment