Thursday, 8 June 2017

new book poem 9/ metasandesam/ 9-6-17

new book poem 9/ metasandesam  9-6-17
-----------------------------------------------
മേടസന്ദേശം  / 9-6-2017
==============================
ഡോ കെ ജി ബാലകൃഷ്ണൻ
----------------------------------------------------
വിഷു കഴിഞ്ഞു;
പുതുമഴ പെയ്തൊഴിഞ്ഞു;
മാമ്പഴമഴയൊതുങ്ങി; മഴ
കൊഴുകൊഴുത്തു;
തുടുതുടുത്തു;
തുടികൊട്ടിയാടുവാ-
നെടവമെത്തി; കവി-
ചിത്തമോ
മണിമുത്തുമാരിയിൽ
നൃത്തമാടി;
പുതുവൃത്തമാർന്നു;
മദമാർന്നു; മാമയിൽ
പുത്തനാം പീലിനീർത്തി;
കാമനകൾ പൂത്തു;
സന്ദേശകാവ്യരചനയിൽ
യക്ഷകാമുക-
നക്ഷരം പ്രതി
ദു:ഖരാഗമധുവുഴിഞ്ഞു;
ശാന്തമായ്
മനസാഗരം!പ്രകൃതി;
പിന്നെയും
ചിത്രരചനയിൽ!

2
എടവമെത്തുന്നു!
 ക്ഷിതി കുതിർക്കുന്നു
മഴയിലന്നമായ്;
മനതിൽ കാർവർണൻ
കുഴലുമായ് ജീവരാഗമൂതുന്നു!
------------------------------------------------------
മേടസന്ദേശം/ new book  poem 9
9-6-2017
---------------------------------------------------------


 




Tuesday, 6 June 2017

new book poem 8 mazhachinukkam / dr.k.g.balakrishnan 7-6-17

new book poem 8. mazhachinukkam / 7-6-2017
-----------------------------------------------------------
മഴച്ചിണുക്കം
-----------------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
------------------------------------------------------------
മഴ മുറുകുവതിൻ മുന്നെ
കൂടണയുവാനാമോയെ-
ന്നഴൽ;
കൂടെ
നിഴലായി
രാപ്പകൽ
നേരത്തേരിൽ
പുരോഗമനം;
ഒരേ ദിശ;
ഒരേ താളം;
പൂർവ്വകല്പിതം
പദചലനം വേഗം;
അനുസ്യൂതം;
പുഴയൊഴുകുവതിൻ 
ശ്രുതിയളവതി രമ്യം;
കിറുകൃത്യം;
മറുമൊഴിയില്ലാ പ്രമാണം;
നിറനിറവിന്നലാതചക്രം!

2.
മഴ മുറുകാം കനക്കാം;
പ്രളയപയോധിയൊരുക്കാം;
പല പല
വേഷവിധാനപ്പൊലിവിൽ-
കഥയാട്ടം;
കളിയാട്ടം തുള്ളാം!

3.
അറിവിനറുതിയില്ലെ-
ന്നരുളി ഗുരു;
ഗുരുവരുളതെനുരുവിടു-
ന്നനുനിമിഷം;
വെറുതെ വെറുതെയെന്നാം
മറുമൊഴിയിതുവഴി പാടി-
പ്പറന്നു നീങ്ങും
പറവയുടെ;
നിറനിറവിനുമതുതാ-
നെന്നുമാ
നിറചിരി;
മഴയുടെ മാലപ്പടക്കം!

4.
മഴ കൊഴുത്തു;
പഴയപടിതന്നെ  നേരം;
വേഗവും;
താളവും ലയവുമതേ
നിറവടിവി-
ലൊരു മിഴിവോളം;
കടുകുമണിയോളം;
പിശകുവരാതെ;
നിരന്തരം
പദചലനമിതേ
സത്യം ശിവം സുന്ദരം!
--------------------------------------------
മഴച്ചിണുക്കം / new book 8 7/6/17
---------------------------------------------






 

 



 

  



  

waves: avatharika - c. radhakrishnan

waves: avatharika - c. radhakrishnan: അവതാരിക സി.രാധാകൃഷ്ണൻ പലതരം കടലുകൾ ഉണ്ടല്ലോ.ആഴമുള്ളതും ഇല്ലാത്തതും, തിരയുള്ളതും ഇല്ലാത്തതും,നീലയും ചുവപ്പും, മഞ്ഞയായതും ആവാത്തതും. അ...

Monday, 5 June 2017

avatharika - c. radhakrishnan

അവതാരിക

സി.രാധാകൃഷ്ണൻ

പലതരം കടലുകൾ ഉണ്ടല്ലോ.ആഴമുള്ളതും ഇല്ലാത്തതും,
തിരയുള്ളതും ഇല്ലാത്തതും,നീലയും ചുവപ്പും,
മഞ്ഞയായതും ആവാത്തതും.
അതുപോലെ കവിതയും പലതുണ്ട്.കടലെല്ലാം കടലായതു പോലെ
കവിതയും ആകാം. പക്ഷേ ശാന്തവും അഗാധവും ആയതാണ്
യഥാർത്ഥ സാഗരം,കവിതയും.

ഈ കവിതകൾ ശാന്തവും അഗാധവും ആകുന്നു. എന്നുവെച്ച് ഇവയിൽ
ശബ്ദമില്ല എന്നല്ല. ഉണ്ട്. പക്ഷേ ഒരു ഓങ്കാരധ്വനിയാണ്. കോലാഹലമില്ല,
ലയസംഗീതമാണ്. ഇവയിൽ ചലനം ഇല്ലെന്നല്ല. ഉണ്ട്. പ്രപഞ്ച സ്പന്ദനത്തിന്റെ
പ്രശാന്തമായ അലയിളക്കം.

ഉവ്വ്‌,അനുഭവങ്ങൾ ഇതിലേക്ക് നിപതിക്കുന്നു. പ്രാപ്യസ്‌ഥാനം അതാണല്ലോ.
അവിടെ ഓരോ അനുഭവത്തിനും അതിന്റെ തനിമയോടെ പരിലസിക്കാൻ
സൗകര്യമുണ്ടാവുന്നത് വല്ലാത്തൊരു സുഖം തന്നെ!

മലയാളകവിത ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു ഭാഷയാണ് ഇതെന്ന് പറഞ്ഞുകൂടാ. എങ്കിലും ഈ  ഇനത്തിലും താളത്തിലും തെളിമയിലും അത് മുമ്പുണ്ടായിട്ടില്ല. അതേ  സമയം ഇതൊരു പരീക്ഷണമല്ല. ഒരു വിളവെടുപ്പാണ്. കടയ്ക്കും കതിരിനും നല്ല കനം! ഇത് കേരളീയകവിത മാത്രമല്ല. ഭാതീയകവിതകൂടിയാണ്. ഇതിലൂടെ ഋഷിമാർ  നമ്മോട് സംസാരിക്കുന്നു. നമുക്ക്  വേണമെങ്കിൽ ഉറക്കം നടിച്ചു കിടക്കാം. ഉറക്കം നടിക്കുന്നവനെ ഉണർത്താൻ കഴിയില്ലെന്ന് പ്രമാണമുണ്ടെന്നു നാം കരുതുന്നു. എങ്കിൽ പക്ഷേ ഈ കവി അത് സമ്മതിച്ചു തരില്ല. ഞാൻ ഉണർത്താം എന്നുതന്നെയാണ് ഭാരതവാക്യം പോലും!

നമുക്കൊരു പാട്ട് ലോകത്തോട്  മുഴുവൻ പാടിക്കേൾപ്പിക്കാനുണ്ട്. അത് ഈ
യുഗത്തിന്റെ ആവശ്യമാണ്. പഠിച്ച്, പാടാനുള്ളത് പാടിത്തരികയാണ്
ഡോ.കെ.ജി. ബാലകൃഷ്ണൻ എന്ന ഈ അനുഗൃഹീതൻ.

ഞാൻ ഇതിനെ സന്തോഷത്തോടെ,
അഭിമാനത്തോടെയും,
ലോകസമക്ഷം സമർപ്പിക്കുന്നു.

സി. രാധാകൃഷ്ണൻ,
 1- 6- 2017



Sunday, 4 June 2017

new book poem 7 / 5-6-17/ raamaricheththam

new book poem 7. 5/6/17/രാമാരിച്ചെത്തം
--------------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------------------------

രാമാരിച്ചെത്തം
---------------------------------------------------------

പാതി നൂറ്റാണ്ടിനപ്പുറം
പരതുമോർമ്മയുടെ
പഴമ്പുരാണം;
കഥ കേരളീയം;
അറബിക്കടലോരം;
അരങ്ങോ
ചേറ്റുവാ മണപ്പുറം.

2.
അവിടെ
നാട്ടോടുമേഞ്ഞ
 പുരാതനപൈതൃകമാം
നാലുകെട്ട്;
കർക്കിടകരാമഴ പൊടിപൂരം;
വിദുഷിയാമമ്മൂമ്മയുടെ
രാമായണം കഥ;
സുഖദമധുരമാമിളം
ചൂട്;
നടുമുറ്റം നിറഞ്ഞു
വിരിഞ്ഞു
കവിഞ്ഞു തെളിനീർമഴ;
തെക്കുപടിഞ്ഞാറൻ
നാടൻ മേളത്തഴക്കം.

3.
അവിടെമഴയിവിടെ മഴ;
രാപ്പകൽ മഴ;
അമ്പലക്കുളത്തിലും
ആല്മരച്ചോട്ടിലും
ആലുവാപുഴയിലും
തേന്മഴ മധുമഴ;
പ്രണയമഴ;
മലനാട്ടിൽ
നിറ നിറനിറയൊരുമയുടെ
പനിനീർമഴ!

4
ഓർമ്മയിലെ മഴയെവിടെ!
മലയാളമനസ്സിലെ
രാമഴച്ചെത്തമെവിടെ!
എവിടെയുമൊച്ച;
ഡെസിബെൽക്കനം
കണ്ടിക്കണക്കിൽ;
മോട്ടോർവണ്ടിപ്പെരുക്കം;
പുതുകവിതയുടെ
ഗതിയറിയാ
മലവെള്ളപ്പാച്ചിൽ;
എവിടെ മലയാളിയുടെ-
യൊരുമപ്പെരുമ?
ആതിഥ്യപ്പെരുമഴ?
നേർമഴ!
എളിമയുടെ
പൂത്തിരിമഴ!
നിറപുഞ്ചിരിമഴ?
ആനന്ദക്കണ്ണീർ മഴ!

5.
ഇന്നു ഞാനെഴുപതുകാരനാം
യുവകവി;
പാതിശതകമായ്
പരിശോധനക്കുഴൽ മൂളും
സ്വാസ്ഥ്യമസ്വാസ്ഥ്യക്കഥകേട്ട
കാതുടമ;
വ്യഥകേട്ട കരളുടമ;
പറയുവതു പേ!
പക്ഷെ; പക്ഷെ;
പറയാതിരിക്കുവതെങ്ങനെ!
(അല്ല!
പാടാതിരിക്കുവതെങ്ങനെ!
അന്നമ്മൂമ്മ പാടിത്തന്ന
നേർമൊഴി
രാമാരിച്ചെത്തം!)
------------------------------------------------
5-6-2017
രാമാരി ച്ചെത്തം
new book poem 7.
------------------------------------------------

























Wednesday, 31 May 2017

new book poem 6. mazhayarivu/ 1-6-2017

new book poem no.6 / മഴയറിവ്   1.6.17
------------------------------------------------------
മഴയറിവ്
------------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
------------------------------------------------------

വൃത്തം ശ്ലഥകാകളി;
മഴയുടെ;
ഭക്തിഭരിതം
രാമായണം കഥ.

ചിലവുരു
നൃത്തം ലാസ്യം;
നതോന്നത വാര്യരുടെ
കുചേലവൃത്തം സൗമ്യം;
ചിലനേരം കിരാതം
രൗദ്രം കഥകളി
നളചരിതം;
നമ്പ്യാരുടെ
കല്യാണസൗഗന്ധികം.

2.
ശൃംഗാരം;
മധുരം;
രമണചന്ദ്രികയുടെ
 പ്രണയം;
കരുണയുടെ കാവ്യരസം;
പ്രേമസംഗീതപ്പൊലിമ;
മലയാളത്തിൻ
ലളിതമഞ്ജരീനിനാദം
പീയുടെ  തിരുവോണം;
ജിയുടെ
തിരുവോടക്കുഴുൽവിളി;
ഇനിയും നവനവരസമേറെ!
മഴയുടെ നടനം ഗംഭീരം!

3.
കവിയുടെ താളം; മേളം;
കവിതയുടെ താലപ്പൊലി;
ജീവിതരഥസാരഥിയെന്നും
പാർത്ഥസാരഥി;
പൂവിളിയുള്ളിൽ; പുതുപനീർ-
പ്പൂമണമെങ്ങും;
നിറമാല;
ലക്ഷം നെയ്ത്തിരി;
തെളിയുവത്
ഋഷിയുടെ മൂന്നാം
തിരുമിഴിയിൽ നിന്നേ!
 ഇത്
ഭാരതജനനിയുടെ പുണ്യം;
കർമ്മം;
ജ്ഞാനം; ധർമ്മം;
സത്യമാർഗം!
-----------------------------------------------
മഴയറിവ്-1-6-2017
new book poem 6,
------------------------------------------------








Tuesday, 30 May 2017

new poem 5 saumyam 31-5-17 dr kg balakrishnan

new book poem 5 31-5-17 സൗമ്യം
-----------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------
സൗമ്യം
----------------------------------------------

ഇനിയുമിനിയുമിതൊഴുകും
പാരാവാരപ്പരപ്പിലലിയും
കിനിയുമൊരു പുതുരാഗമാ-
യുദയമാളും; ക്രിയയിതു തുടരും
നേരമായ്;
നിറനിറവായ്;
നിത്യമായ്‌ നിലകൊള്ളും!

ഇനിയുമിനിയുമിതി
നരുണിമയിൽ
നീന്തിനീരാടി രൂപം
പലതരമാർന്ന്;
"കലകളറുപത്തിനാലും"
കളിച്ചും;
"പതിനാറായിരത്തെട്ടു"
വേഷം ചമച്ചും;
ഇനിയുമിതവതരിക്കും
ആയിരം പേരിലറിയു-
മോരേയൊരറിവിൻ
നിറമെഴാ നറുമണവടിവായ്
ശ്രീനിവാസാഖ്യമാകും!

ഇനിയുമിനിയു-
മിതൊരു വെറും
കനവിലൊളിയും
കാനലായ് ദൂരെ ദൂരെ;
അകലുമകലുമാശാ-
കനകഹരിണമായ്;
മാരിവില്ലായ്;
മനമഥനലീലയാടു-
മനന്തമായിതു തുടരും;
നിത്യമാം സത്യരൂപം
പുനരവതരിക്കു-
മിനിയും
കിറുകൃത്യമേ
കാലചക്രം!

2.
മുനിയരുളിയ
അറിവിൻ
നെയ്‌വിളക്കിന്നുമെന്നും
തനിമയൊടെ
തെളിമയൊടെ;
"ഹന്ത! ഭാഗ്യം ജനാനാ"-
മിതു സ്വരം ഭാരതീയം!
മധുരമധുരം; മാധുരം
കവിയുടെ ചൊടിയിൽ
കാവ്യമുല്ലേഖരമ്യം!
ഋഷിയുടെ മൊഴിവിൽ
സത്യസമ്പൂർണ്ണസൗമ്യം!

3.
എവിടെയെവിടെയുണ്ടിതുകണക്കേ
സുഗന്ധം
പൊഴിയുമൊരു ചിന്താസൗഭഗം
വേറെയേറെ-
പ്പരിമിതമല്ലാതുള്ള വെൺശോഭനീയം!
ഇനിയുമെവിടെ മൊഴിയൊന്നാശതൻ
രമ്യഹർമ്യം
പണിയുമിതുപോൽ
ധിഷണയിൽ
ഹൃത്തടത്തിൽ!
------------------------------------------------------------
  new book poem 5
 
31/5/2017 സൗമ്യം ഡോ .കെ.ജി.ബാലകൃഷ്ണൻ
----------------------------------------------------------------------