Tuesday 20 December 2016

രമ്യം   21 -12 -2016
--------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------------
*"ഓം
പൂര്ണമദ: പൂർണമിദം
പൂര്ണാത് പൂർണമുദച്യതേ
പൂർണസ്യ പൂർണമാദായ
പൂർണമേവാവശിഷ്യതേ.

ഓം
ശാന്തിഃ  ശാന്തിഃ  ശാന്തിഃ "
 
1.
മുത്തച്ഛനിപ്പോഴും
മാധുര്യമായുള്ളിൽ
*കൊച്ചനേ! നിൻ ബാല-
രൂപം സുനന്ദനം!

നീ ബാലകൃഷ്ണനാ-
മുണ്ണിക്കിടാവായി
ലീലകളാടിയെൻ
ചിത്തമമ്പാടിയായ്!

മുത്തശ്ശി തൻ വിളി-
*"ഡാ" വിളി-തേന്മൊഴി
പാതിയാകുമ്പോഴേ
ചിത്തം കുളിർത്തു നീ-
യൊച്ചവെച്ചീടവേ,

കൈകാലടിച്ചും
മധുമലർചോരിവാ-
കണ്ണനന്നെന്നോണം-
കാട്ടിയെനുൺമയി-
ലമ്പാടിക്കള്ളന്റെ
ചേതോഹരം ചാരു-
രൂപം മെനയ് വതും,

ആ *വിശ്വരൂപമെ-
ന്നുള്ളിന്നദൃശ്യമാം
വിണ്ണിന്നപാരത
തന്നാത്മ-
സംഗീതധാരാമൃതത്തിൻ
ശ്രുതിയുണർത്തുന്നതും,

ഓരോ *നിമിഷവു-
മോരോ സുമന്ത്രണ-
മായെൻ
കിനാവിൽ
സുഗന്ധം പൊഴിവതും,

മുത്തച്ഛനോർമ്മതൻ
രത്നക്കുടുക്കയിൽ!

2.
മുത്തായി നിന്നിളം-
മുത്തമായ് നിൻ കര-
സ്പർശമാം നിർവൃതി-
യേകും നിരാമയ-
സത്യമായ്‌
നിത്യമായ്!

ഈ മഹാവിശ്വ-
മൊതുങ്ങുമനന്തമാം
ആത്മസ്വരൂപപ്രകാശ-
പ്രഹേളിക;
ഏതോ വരവർണചിത്ര-
ഭാവങ്ങളിൽ
എന്നനുഭൂതിയായ്
മാത്രാവിഹീനമായ്
തീർത്ഥമായന്വയമില്ലാ
*മഹാജ്ഞാനഭാവമായ്,
മാത്രമായ്!
രമ്യമായ്
അവ്യയപൂർണ്ണ-
സമ്പൂർണ്ണമായ്!

------------------------------------------   
കുറിപ്പ്
------------------
* ഉപനിഷദ് വാക്യം 
(Law of conservation of Energy)
* അവ്യയ് (എന്റെ ചെറുമകൻ
ആസ്‌ത്രേലിയയിൽ പിറന്ന്
അവിടെ വളരുന്നു )
*ഞങ്ങളുടെ സന്ദർശനവേളയിൽ
മുത്തശ്ശിയുടെ  "ഡാ" വിളികേട്ടാൽ
അവൻ ഇഴഞഞ് എത്തുമായിരുന്നു.(2012)
*വിശ്വരൂപദര്ശനം 
*കാലം നിമിഷത്തിന്റെ ഒഴുക്ക്
(Quantum Theory)
*അറിവ് (Knowledge)
---------------------------------------
dr.k.g.balakrishnan Amazon.com Author
Author of Bharatheeyakavitha"(English Poems)
Amazon.com International Publication  
21-12-2016

9447320801
drbalakrishnankg@gmail.com
-------------------------------------------------------
   











  
    
ഉത്സവമെന്ന സങ്കല്പം
---------------------------------------------
-------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------
20 / 12 / 16
-----------------------------------------------

1 . ഉത്സവപദത്തിന്റെ വാഗർത്ഥം
---------------------------------------------------

ഉത്സവമെന്ന പദത്തിന്റെ പൊരുൾ ആനന്ദം, സന്തോഷം, ആഘോഷം, ആഹ്‌ളാദം എന്നൊക്കെ. ക്ഷേത്രങ്ങളിൽ ആണ്ടുതോറും നിശ്ചിതദിവസം
കൊണ്ടാടിവരുന്ന ആഘോഷച്ചടങ്ങും ഉത്സവം തന്നെ. പിന്നെ ഓണവും പെരുന്നാളും തുടങ്ങി എത്രയോ ഉത്സവങ്ങൾ!

ഇത് നമ്മൾ മലയാളികളുടെ കഥ. ഇനി ഭാരതവും ഭൂലോകം തന്നെയും കണക്കിലെടുത്താലോ? എന്തെന്ത് വൈവിധ്യങ്ങൾ, വൈചിത്ര്യങ്ങൾ! സ്വാഭാവികമായും മറ്റെല്ലാ കാര്യങ്ങളും പോലെ ഉത്സവങ്ങളുടെ രൂപഭാവഭാ വഭേദാദികളും ശതഗുണീഭവിക്കുന്നു!

2.  ഉത്സവസങ്കല്പത്തിന്റെ ആന്തരാർത്ഥം
-------------------------------------------------------------
ഉത്സവം ഒരു സമൂഹത്തിന്റെ സാംസ്‌കാരികഭാവം സുവ്യക്തമാക്കുന്നു.
അതിൽ അനുഷ്ഠാ നങ്ങൾ പലപ്പോഴും കിറുകൃത്യമായി പാലിക്കപ്പെട്ടുപോരുന്നതായി കാണാം. അങ്ങനെ നോക്കുമ്പോൾ ഉത്സവം
പാരമ്പര്യത്തിന്റെ,ചരിത്രത്തിന്റെ, കാലത്തിന്റെ,ദേശത്തിന്റെ എല്ലാം
ഒരു സൂചികയായി പരിണമിക്കുന്നതായി നമുക്കനുഭവപ്പെടുന്നു. അങ്ങനെ ഉത്സവത്തിന്റെ അകംപൊരുൾ ഒരു ദേശത്തിന്റെ തന്നെ കഥയുടെ ആവിഷ്കാരമായി തീരുന്നു!

3 നമ്മുടെ കേരളം
----------------------------------

ഓണം
-------------------
നമ്മുടെ കേരളത്തിന്റെ പൈതൃകമായി നാം ആസ്വദിച്ചനുഭവിക്കുന്ന ഓണം ജാതിമതഭേദമെന്യേ കൊണ്ടാടപ്പെടുന്നുവെന്ന് നമുക്കറിയാം. ഏകഭാവനയുടെ ഉദാത്തീകരണമത്രേ ഓണം. വിസ്തരിക്കുന്നില്ല. അത് നമ്മിലുണർത്തുന്ന സർവ്വലൗകികത അപാരമല്ലേ! മലയാളിത്തം ഇത്ര മാത്രം
ഒട്ടിച്ചേർന്നിട്ടുള്ള മറ്റേതൊരാഘോഷമാണ് നമുക്കുള്ളത്! ഓണണപ്പുടവ തരുന്ന ആനന്ദത്തിനും ആത്മസംതൃപ്തിക്കും അതിരുണ്ടോ! മുതിർന്നവരുടെ ഓർമകളിലെ പച്ചത്തരുത്തുകൾ അവയൊക്കെയല്ലേ! ഓണത്തിന്റെ സന്ദേശമോ! എത്ര ഉദാത്തമാണത്!
ഓണത്തെക്കുറിച്ച് കവിതഎഴുതാത്ത മലയാളകവിയുണ്ടോ!

വിഷു
----------------------
കണിയും കൈനീട്ടവും മലയാളിക്ക് മറക്കാനാവുമോ! പടക്കവും പൂത്തിരിയും ലാത്തിരിയും മനസ്സിൽ എന്നും വെളിച്ചം വിതറുന്നുണ്ടല്ലോ!

4.  ഇനിയും ആണ്ടറുതികൾ!
----------------------------------------
മലയാളിയുടെ ഉള്ളിൽ കുളുർമ വിതറുന്ന ഒരു നാട്ടുമൊഴിയാണ് ആണ്ടറുതി. ഒരാണ്ടിൽ ഒരിക്കൽ കൊണ്ടാടുന്നതെന്നർത്ഥം. എത്രയെത്ര  ആണ്ടറുതികൾ! പേരെടുത്തു പറയുന്നില്ല. എല്ലാം മാനവികത ഉദ്ഘോഷണം ചെയ്യുന്നു.

"വേല നാളെ ജഗത്തിനിന്നുത്സവ-
വേളയെന്നു" വിളംബരം ചെയ്യുന്നു.

5  പൂരങ്ങൾ. വേലകൾ
--------------------------------------------------------
ഒരു ദേശത്തിന്റെ ഉത്സവമാണ് പൂരം. തൃശൂർ പൂരം, ആറാട്ടുപുഴ പൂരം ഇങ്ങനെ. ഒരു ദേശം മുഴുവൻ അമ്പലപ്പറമ്പിൽ ഒത്തുകൂടുന്നു. ആഹ്ളാദിക്കുന്നു. ഒരു വഴി; ഒരു മൊഴി. നാനാത്വത്തിലെ ഏകത്വം. ആനന്ദലബ്ധിക്കിനിയെന്തുവേണം!

ഒരു കുടുംബം വക അമ്പലത്തിൽ  കൊല്ലം തോറും കൊണ്ടാടുന്ന ഉത്സവമാണ് വേല. കൈപ്പമംഗലത്തും (ലേഖകൻറെ ജന്മസ്ഥലം) ഉണ്ടായിരുന്നു  വേലകൾ (ഇന്നെല്ലാം ഉത്സവമാണ് -ഒരു ഗൗരവം വേണമല്ലോ!). കണ്ടങ്ങത്തെ വേല, കരിംപറമ്പിലെ വേല, മലയാറ്റിലെ വേല ഇങ്ങനെ. ഇന്നും ഇവയല്ലാം ഉത്സവങ്ങളായി ഗംഭീരമായി ആഘോഷിക്കപ്പെടുന്നു. (കുട്ടിക്കാലത്തെ രസത്തിന്റെ ഓർമ്മ നെഞ്ചിലേറ്റി ലാളിക്കാൻ ഇന്നും ഈ വേലകൾ എന്റെ ദൗർബല്യമാണ്!) പുതുതലമുറയുടെ ആവേശം ആസ്വദിച്ചും ബാല്യകാലം അയവിറക്കിയും ഞാൻ അങ്ങനെ ചുറ്റിനടക്കും.
(അല്പം കുടുംബ-നാട്ടുപുരാണം പറഞ്ഞുപോയി. ക്ഷമ.)

6.  ഉത്സവമെന്ന സങ്കല്പം
------------------------------
ഉത്സവമെന്ന ആശയം പുതിയതല്ലെന്നർത്ഥം. അത് ആദിമമനുഷ്യന്റെ കാലം മുതൽ നിലനിന്നിരുന്നുവെന്ന് വേണം കരുതാൻ. പല പഴമ്പാട്ടുകളിലും വേലയുടെയും ഉത്സവത്തിന്റെയും പരാമർശങ്ങൾ കാണാം. വടക്കൻപാട്ടിലെ "അല്ലിമലർക്കാവിലെ വേല" പ്രസിദ്ധമാണല്ലോ!
മനുഷ്യമനസ്സിൽ ഉത്സവസങ്കല്പം ജന്മനാ വേരോടിയിട്ടുണ്ടെന്നർത്ഥം. ഗുരുദേവൻ ഈ ആശയം തന്റെ പ്രവത്തനങ്ങളെ സുഗമമാക്കാൻ എത്ര തന്ത്രപൂർവമാണ് ക്ഷേത്രങ്ങളെയും ഉത്സവങ്ങളെയും ഉപയുക്തമാക്കിയത്!
ക്ഷേത്രത്തോട് അനുബന്ധിച്ച് ഒരു സമിതിയുണ്ടായി. ഒപ്പം ഒരുമയുണ്ടായി. ഉത്സവമുണ്ടായി. അങ്ങനെ "സംഘടിച്ചു ശക്തരാകുവിൻ!" എന്ന പ്രസിദ്ധമായ ആഹ്വാനം അനായാസേന നടപ്പാക്കുവാൻ ആ കര്മകുശലന്ന് കഴിഞ്ഞു! (അത് സ്വാതന്ത്ര്യസമരത്തിനും പിന്നീട് രാഷ്ട്രീയപ്പാർട്ടികൾക്കും വഴികാട്ടിയായത് ചരിത്രം).

7. ഉത്സവസങ്കല്പത്തിന്റെ
ആത്മീയത
---------------------------------------

തീർച്ചയായും ഉത്സവസങ്കല്പത്തിൽ തികഞ്ഞ ആത്മീയതയുണ്ട്. അത് നാം ഇന്ന് വിവക്ഷിച്ചുപോരുന്ന അർത്ഥത്തിലല്ലെന്നു മാത്രം. ഇവിടെ സാമൂഹ്യമായ, സാംസ്കാരികമായ ആത്മീയതയാണ് ഞാൻ സൂചിപ്പിക്കുന്നത്.
ഒരുമ, ഏകത്വം തന്നെ വിഷയം. ഗുരുവെന്ന കര്മവിശാരദൻ  അത് പറയാതെ പറഞ്ഞു; കേരളമൊട്ടുക്കും പ്രാവർത്തികമാക്കി!

ഇവിടെയാണ് അരുവിപ്പുറം പ്രതിഷ്ഠയുടെ സൗന്ദര്യം! അതിന്റെ വിവിധമായ ഫലപ്രാപ്തികൾ കേരളവും ഭാരതവും (ലോകവും) ആയിരം വട്ടം ചർച്ച ചെയ്തിട്ടുള്ളതാണ്. പക്ഷെ അതിന്റെ ഈയൊരു തലം അതായത് അതുണർത്തുന്ന ക്ഷേത്രപ്രതിഷ്ഠയെന്ന ഒരുമയുടെ യുക്തി ഗുരുവിന്റെ കൂർമ്മബുദ്ധിയിൽനിന്ന് സ്ഫുരിച്ച വെള്ളിവെളിച്ചമത്രേ!

ഒരു ക്ഷേത്രം.ഒരു കർമസമിതി.
ഉത്സവം.
------------------------------------------
മേൽപ്പറഞ്ഞ മൂന്ന് ഘടകങ്ങളിലൂടെ  "സംഘടിച്ചുശക്തരാകുവാൻ" അടിച്ചമർത്തപ്പെട്ട കീഴാളവർഗത്തെ സജ്ജമാക്കുവാൻ എത്രമാത്രം അനായാസമായി ഗുരുദേവന് സാധിച്ചു! തത്ത്വമസിയുടെ കൃത്യമായ അർത്ഥം ഗുരു ഇതിലൂടെ പ്രാവർത്തികമാക്കി. വ്യക്തിയെന്ന തുള്ളി ക്ഷേത്രത്തിലേക്കൊഴുകുയെത്തി! ഒന്നായി ഉത്സവകാര്യങ്ങളിൽ അവർ സഹകരിച്ചു;മുഴുകി. സ്വാഭാവികമായും കൂട്ടായ്മ യുണ്ടായി; എല്ലാ തലങ്ങളിലും! ആ ക്ഷേത്രങ്ങളിലെല്ലാം കൃത്യമായി ഉത്സവതീയതികൾ നിശ്ചയിച്ചു. അതിപ്പോഴും കൊണ്ടാടപ്പെടുന്നു.

ഗുരുവിന്റെ ഈ ആശയം പിന്നീട് ആരൊക്കെ കടം കൊണ്ടില്ല!
ഇതു തന്നെ ഉത്സവ സങ്കല്പത്തിന്റെ അർത്ഥം!
-----------------------------------------------------------------------------------------------------------------
-----------------------------------------------------------------------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
------------------------------------------   











 





      

Thursday 15 December 2016

ശിക്ഷ  16 / 12 / 16
----------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
----------------------------------------------

1.
ഈയാണ്ട്
കവിയുടെ മുറ്റത്തെ മൂവാണ്ടൻ
പൂത്തതേയില്ലല്ലോ!

കവിയെന്നും തൊട്ടുതലോടിയിട്ടും
കവിതകേൾപ്പിച്ചു വണങ്ങിയിട്ടും
കവിപത്നി നിത്യം
കഥ പറഞ്ഞു
കുടിനീരരുളിപ്പരിചരിച്ചും
ഓരിലയിട്ടനാൾ തൊട്ട്
നിരന്തരം
അരുമക്കിടാവുപോ-
ലൂട്ടി വളർത്തിയ
മുറ്റത്തെ മൂവാണ്ടൻ
പരിഭവിച്ചോ!

2.
പോയാണ്ട്
മാമ്പഴക്കാലം
എൻ
*സുഹൃൽക്കവി
നിൻ
കനിവിൻ
മധുരമാതിഥ്യം
നുണഞ്ഞതോർക്കുന്നുവോ!

"ഇനിയും വരാം
വരും-
വർഷ"മെന്നോതി;
അനുഗ്രഹമേകിയ
സ്നേഹമുഹൂർത്ത-
മനഘം
മറന്നിതോ!

3.
ബ്രാഹ്മമുഹൂർത്തത്തി-
ലെന്നുമെന്നുണ്മയിൽ
സർഗ്ഗസംഗീതം പൊഴിയും
കിളികളോ-
ട്ടെന്തു ഞാൻ ചൊല്ലും!
നിൻ
രാഗാമൃതമിനി
യെങ്ങനെയെങ്ങനെ
നുകരുമെൻ ചേതന!

4.
താഴെ നിലംപറ്റി
ഭൂമാതിനോടൊട്ടി-
യേതോ കിനാക്കണ്ട്
മഞ്ഞും വെയിലും
നിലാവിൻ തലോടലും
താരാട്ടുശീലും നുകർന്നു
നീയുൾത്താരിൽ
ഏഴുസ്വരങ്ങളുമേഴുലയങ്ങളു-
മേഴുതാളങ്ങളുമേഴുതലങ്ങളും
തീർപ്പത്തറിയാതെ-
മുത്തയ്യയോട് പറഞ്ഞുപോയ്‌:
"ഇക്കൊമ്പ്
നീക്കിയാലോ!-
അതെൻ
കാറിന് കൂടുതലിടമേകുമല്ലോ!"

5
പിറ്റേന്ന് തന്നെ വിധി നടപ്പാക്കി
മുത്തയ്യ-
* * * * * *
ഇന്നു നീ
നിന്റെയുൾത്താപവും!
അല്ല!
ശിക്ഷയോ!
അല്ല!
പരിഭവം മാത്രമെ-
ന്നാശ്വസിക്കട്ടെ ഞാൻ!
----------------------------------------------------
--*കവി കെ ജി എസ്
-----------------------------------------------------
indian poet dr.k.g.balakrishnan Amazon.com Author
16-12-2016
----------------------------------------------------------------
 





   









      

"താ....... "  15-12-16
---------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
------------------------------------------------

"താ .......... " മുഴുമിക്കുന്നു
തായയെന്നും;
"താ..........."
തന്നെ ദേവി ശ്രീലക്ഷ്മിയും;
"താവഴി";
വന്നതും തായിൽ നിന്നേ,
"തൈ" കൺമിഴിപ്പതും
തായിൽ നിന്നേ!

2.

തായുണ്ട് താതനിൽ;
"താ.... " യുണ്ട് താമര-
ത്താരിൽ;
സരസ്വതീദേവിയും
ഭാരത-
ഭൂവിൻ പവിത്രമാം
പൂവിലും ചേലിലും!

3.
ഇത്രയുമെൻ ചിത്തലീലകൾ
നാൾവഴി;
താവഴി
തേടുവതാകാം!
അമ്മയരുളിയ
പാലൊളിച്ചന്ദ്രിക-
യുണ്മനുണയുവതാകാം!

വിണ്ണിലെത്താരക-
ളെണ്ണിയാൽത്തീരാതെ-
യെന്നിൽ-
ക്കുതൂഹലം തീർത്തോ!
മണ്ണിലൊരായിരം
വെണ്ണക്കൽ മാളിക---
കണ്ണിലും
വെണ്മലർ പൂത്തോ!
-----------------------------------------
indian poet dr.k.g.balakrishnan
Amazon.com Author
15-12-2016
-----------------------------------------




 












  

Wednesday 14 December 2016

രമണമൗനം 15-12-16
----------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------------------

1
ഇല്ല ഞാനടരിനില്ല;
സഹോദരാ!;
ഇല്ലയില്ല ഞാനടവിനും!

ഇവിടെയീ മണൽത്തരികൾ
മൂളുന്ന
കവിതയാണെനി-
യ്ക്കതുലമാധുരി!

വരിക സോദരാ!
വരിക! യെന്നമ്മ-
യാർക്കൊക്കെ
മറ്റമ്മ പോറ്റമ്മ!

ആണ്!
ആയിരുന്നില്ല!
നാളെയുമാകുമെങ്കിലും,
നീ
യെന്തിനെൻ തിരു-
മുറ്റമാകെ നിരന്തരം ശപ്ത-
രക്തധാരയിൽ
കുതിർത്തു മാനവ-
ചിത്തഭൂ
കലുഷമാക്കിടുന്നിതേ!

2.
ഇവിടെയാശ്രമവാടിയിൽ
കവിതതൻ
പുതിയ പൂ വിരിയിച്ചു
നവയുഗം തീർത്ത
മാമുനി

നിറവിതെന്നോതി;
അറിവുമാത്രമാണ-  
ഖിലമെന്നും
സകലമൊന്നിൻ
പിരിവ്; നൂറായ-
നന്തമെന്നും!
ഹൃദയഗ്രന്ഥിതൻ
തുടിയിതെന്നും!

3
പിന്നെ മുനി യൊന്നുകൂടി
ശില പാകി!
ഈ രമണ-
മൗനവും

ഗുണവിഹീനമാം
 വിഹഗവീക്ഷണം!
--------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author
15-12-2016
----------------------------------------------




 





രാധയുടെ പാട്ട്
---------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------------
15-12-2016
--------------------------------------------------

മുരളീരവമാരുടെ? ആരുടെ?
തിരയുവതെന്തിനേ!
അത്
മുരളീധരനുടെ!

കുഴൽവിളി കേൾക്കുന്നു!
അരികിൽനിന്നോ,
അതോ
പുഴയുടെയോള-
ച്ചൊടിയിൽനിന്നോ,
അല്ല
സരിഗമമൂളു-
മളിയിൽ നിന്നോ!

2
ഇളവെയിലേറ്റ്
കുണുങ്ങി നിൽക്കു-
മിളയുടെ പൂങ്കവിളിൾ-
ച്ചോപ്പിൽ നിന്നോ,

അല്ല!
എന്നുള്ളിലെ
നറുനിലാവൊളിയുടെ
ചുരുളിലെയൊരുകുഞ്ഞു-
നിനവിൽ നിന്നോ!

മലരൊളി തൂവും
കനവിൽ നിന്നോ
കരളിലെക്കാഞ്ചന-
ച്ചെപ്പിൽ നിന്നോ,
മരതകം പൂക്കുന്ന
കാവിൽ നിന്നോ,

അല്ല
മലയപ്പുലയന്റെ
മകളുടെ തെളിവാർന്ന
നയനപൊലിമ തൻ
അഴകിൽ നിന്നോ!

3
കുഴൽവിളി കേൾക്കുന്നു!
കുയിൽനാദമാണത്!
അഴകിയുണർത്തും
മധുരഗീതം!
അവളുടെ സ്വപ്‌നങ്ങൾ
ചിറകുവിടർത്തുന്ന
നവരാഗധാരതൻ
മൊഴിവഴക്കം!

3.
ഇനി
മുരളികയൂതുക കണ്ണനല്ല!
(മുരളീധരനല്ല!)
അത്
രാധികയൂതും
സ്വരസുഗന്ധം!

ജയജയഭാരത-
വിജയഗീതം!
--------------------------------------------
 രാധയുടെ പാട്ട്
----------------------------------------------
 indian poet dr.k.g.balakrishnan
amazon.com author
9447320801
drbalakrishnankg@gmail,com
15-12-2016
---------------------------------------------------













   


Monday 12 December 2016