Tuesday, 10 October 2017

nbk 33 10/10/17

nbk 33/10-10-17
-----------------------------------------
പ്രതിസ്പന്ദം പുതുരാഗം
---------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------------------

മുരളികയൂതു-
മിളംകാറ്റിനെന്നും
പുതുരാഗമുള്ളിലു-
ണർത്തുവതാരെ-
ന്നറിയുവാനാവാതെ
ചിത്തം.

ഉഴലുന്ന നേരം,
തുണയായൊരുമൃദു-
മർമ്മരം
മുറ്റത്തെ
തേന്മാവിനധരത്തിൽ
നിന്നും!

പച്ചിലക്കൂട്ടങ്ങൾ
പാതിരാക്കാറ്റിൻറെ
ഉച്ചിയിലെന്തോ കുറിച്ചു.

അത്
പിറ്റേന്നു രാവിലെ
മക്ഷികം തേടുന്നു
അക്ഷമമക്ഷരം തോറും.

വിത്തു വിതക്കുന്നു;
പുത്തൻ കതിർക്കുല
നൃത്തം ചവിട്ടുന്നു;
കൊയ്യുന്നു.

കറ്റ മെതിക്കുന്നു
പത്തായം തീർക്കുന്നു.

ചിത്തം നിറയ്ക്കുന്നു;
ചിത്രം വരയ്ക്കുന്നു;
നേരം ചമയ്ക്കുന്നു;
കാലം ചിരിക്കുന്നു,
-----------------------------------------
nbk 33
10-10-17
-------------------------------------------



    

nbk 32/ oru thulli thelineer thalikkam / dr.k.g.balakrishnan 10-10.17

nbk 32/ oru thulli thelineer thalikkam / 10/10/2017
-------------------------------------------------------------
ഒരു  തുള്ളി തെളിനീർ തളിക്കാം
======================================
ഡോ കെ ജി ബാലകൃഷ്ണൻ
----------------------------------------------------------------

ഒരു മലർമൊട്ടായ് നിമിഷം,
ദിനമൊരു മാല്യമായ്,
കാലമായ്, കാവ്യമായ്‌,
കനകമല കയറുന്നു.

ഒരു തുള്ളി കണ്ണുനീരൊഴുകുന്നു,
ഗംഗയായ് പുതുജന്മമാളുന്നു.

തീർത്ഥത്തിൽ മുങ്ങുവോർ
പരശതം പുണ്യത്തി-
നർത്ഥം നുകരുന്നു;
വെണ്ണിലാപ്പട്ടിൽ പ്പൊതിഞ്ഞു
തന്നുള്ളിലെ
ഉണ്ണിക്കിടാവിനു പഞ്ചമം പാടുന്നു.

ഉണ്ണിയെക്കണ്ണനെന്നമ്മ വിളിക്കുന്നു;
മണ്ണിൽ തുരുതുരെ പൂമഴ പെയ്യുന്നു.

വിണ്ണിൽ തൂമുല്ല പൂക്കുന്നു;
താരാനികരങ്ങൾ
കണ്ണിൽ തെളിയുന്നു.

കാമിനീകാമുകക്കൂട്ടങ്ങൾ
രാപ്പകൽ
ഭൂമിയെ വട്ടം കറങ്ങുന്നു;
ഭൂമാതിനുള്ളം
നിരനിരെ
ചെന്താമരപ്പൂ
വിരിഞ്ഞു
വിൺപൊയ്കയായ്!

ഒരുതുള്ളി തെളിനീർ
തളിക്കാം  നമുക്കൊരു
മരതകപ്പട്ടും വിരിക്കാം!

തുരുതുരെപ്പെയ്യുന്ന
മഴയിൽ നനഞ്ഞു
തിരമാല തീർക്കാം
മദിക്കാം!
---------------------------------------
ഒരു തുള്ളി തെളിനീർ തെളിക്കാം
10-10-17
nbk 31
---------------------------------------------------------










Monday, 9 October 2017

nbk 31/ 10-10-17/ dr.k.g.balakrishnan kandangath

nbk/31 /31-10-17
-------------------------------------
dr.k.g.balakrishnan
-------------------------------------
ചാറ്റൽമഴ നനഞ്ഞ്
-------------------------------------

ചാറ്റൽമഴ നനഞ്ഞും
നുണഞ്ഞും
കുളിരണിഞ്ഞും
ആറ്റക്കിളി.

ആരിയൻ-
കതിർമണിമധുരം
മതി നിറയെ.

മാരിവിൽ-
മലർമിഴികൾ,
പീലിച്ചുരുൾ
മുടിയിൽ കണ്ണൻ
വാരിവിതറും കാന്തി.

വേനൽമഴ കലിയിൽ;
തേനൊലി ചുരത്തും
പ്രേമമഴ.

ഇനിയും
വരിക സഖി
ഗാനമഴ തൂവി!
---------------------------------------
ചാറ്റൽമഴ നനഞ്ഞ്
nba 31 / 10-10-17
-----------------------------------------   

 




  

Monday, 2 October 2017

nbk 30 ragam /dr.k.g.balakrishnan


nbk 30 / 3/10/17
രാഗം
----------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
------------------------------------------------

"ലോകാഃ സമസ്താഃ സുഖിനോ ഭവന്തു"
  എന്നാരേ വചിച്ചു;
 പ്രാകാരമാരേയുടച്ചു!

അതിപ്പൊഴും
പാതിരാക്കാറ്റും
പതംഗവും
മേദിനിയും
സുരതാരാപഥങ്ങളും
പാടുന്നുവല്ലോ!

ഭാരതഗീതമതഷ്ടദിഗന്തങ്ങൾ
ചേതോഹരമാ-
യുണർത്തുന്നുവല്ലോ!

2.
ഋഷിയുടെയുള്ളിൽ
വിരിഞ്ഞ ചെന്താമര;
മഷിയുണങ്ങാ ചിര-
മക്ഷരസൗഭഗം;
ആരുടെയാത്മാവിൻ
ചാരുതയിൽ മുങ്ങി
നേരായ് നിറമാർന്നു!
മാതേ!
നമോസ്തുതേ!

3.
ആദിയുമന്തവുമില്ലാ
പ്രവാഹമായ്
ചേതനയിൽകുടി-
കൊള്ളും സുനന്ദമേ!
നാദമായ് നിത്യമായ്
നിത്യപ്രകാശമാം
ചേതോഹരമായ്
നിറയും നിരന്തമേ!
ഭേദമില്ലായ്മയിൽ
നിന്നുയിരിട്ടിടും
രാഗമേ!
നീയേ നിരന്തരമാം
ലയം!
--------------------------------------
രാഗം nbk 30  3/10/17
-----------------------------------------








Thursday, 28 September 2017

nbk 29. 28-9-2017 ambada njane! dr.k.g.balakrishnan

nbk 29 28/ 9/2017
അമ്പട ഞാനേ! ഞാനേ!
------------------------------------------

ഡോ കെ ജി ബാലകൃഷ്ണൻ
------------------------------------------

എന്മനം
വിറകൊൾവൂ!

നന്മതിന്മകളൊരേ
വെണ്മയിൽ
വരവർണ്ണ-
നിർമ്മലഭാവം പൂണ്ടും
പൂനിലാവൊളിയായും
തേങ്കനിക്കനാവായും
മാരിവിൽനിറമേഴു-
മെഴുതും
പൊലിവായും
പൊയ്‌മുഖം ചമയ്ക്കവേ!

ഇതികർത്തവ്യതാ-
മൂഡ്ഢനായ്;
വിമൂകനായ്;
നിലകൊൾവൂ
നിരാലംബം!

കേവലമൊരു
നോക്കുകുത്തിയായ്;
അനങ്ങുവാനാവാത്ത
കട്ടിക്കരിങ്കൽസ്തംഭമായ്;
മിണ്ടാപ്രാണിയായ്!
ഞാൻ!

അമ്പട
ഞാനേ ഞാനേ!
സമ്മതിദായകൻ!
----------------------------------------------- 
nbk 29/അമ്പട ഞാനേ! ഞാനേ!
-----------------------------------------------










Tuesday, 19 September 2017

nbk 28 rappakal/pralayam 20-9-17 dr.k.g.balakrishnan

nbk 28
രാപ്പകൽ/ പ്രളയം   
----------------------
ഡോ കെ ജി ബാലകൃഷ്ണൻ
20/9/17
---------------------------------------------

1.
നിറമേഴുമൊളിതൂവും
നിറമെഴാപ്പൊരുളിന്റെ
നിറവായി നിലകൊള്ളും
സ്വരമെഴാ സ്വരമായി!

കറതീർന്ന കനിയായി
കനിവായി കരുണതൻ
നിറദീപം
മിഴിയുന്നു നിത്യമായി!

മഴയായി;
മലരായി;
മനമായി;
മണമായി;
മധുവായി;
മധുപന്റെ
ലീലയായി!

2.
തീരാതെ തീരാതെ
പേമഴ  പെയ്യുന്നു-
തോരാതെ തോരാതെ
വാമഴ പൊഴിയുന്നു.

(പുതുമഴപ്പെയ്ത്തിന്
തുടികൊട്ടിത്തുള്ളുമെൻ
ഹൃദയം പിടയ്ക്കുന്നുവല്ലോ.)          

പേമാരി
പൊയ്മുഖം നെയ്യുന്നു;
മലയുടെ ശിഖരം
പിളർക്കുന്നു.                                                                                  

കലികേറിത്തുള്ളുന്നു.

(കലികാല-
കളികാല-
കമനീയ-
ലീലാവിലാസം!)
-----------------------------------------------
രാപ്പകൽ nbk 28 20/9/17
dr.k.g.balakrishnan kandangath
------------------------------------------------


  


 
 

Saturday, 16 September 2017

nbk 27/ 17-9-17 lahari / dr.k.g.balakrishnan

ലഹരി
-------------------------
ഡോ കെ ജി ബാലകൃഷ്ണൻ
nbk 27 17-9-17
--------------------------------------------

പത്താം നിലയിലെ
മച്ചകത്തിൽ
ചെപ്പിലൊളിപ്പിച്ചു
വച്ചതാരാ-
ണുത്തരമുത്തമ-
സത്യമായും
ചിത്തത്തിൽ  നിത്യ-
സുഗന്ധമായുൻ-
മത്തമധുരമവ്യക്തമായും
സുപ്തസുദർശനചക്രമായും!

നേരമെന്നാരോ വിളിച്ചു കൂവി;
കാലമായ് ;
കാലനോ
കാവലാളായ്!

നേരം വെളുത്തും
കറുത്തും
നിരന്തരം
സാരമസാരം തിരമെനഞ്ഞു!

തിരവന്നു കരയെപ്പുണർന്നു
പാടും
സ്വരമേഴുമുണ്ടായി;
സ്വരരാഗസുധയായി;
കനകാംബരം പൂത്തു;
സുരകന്യമാരുടെ
പദകമലങ്ങളായ്;
മദനൃത്തമേളമായ്;
പദമാടി;
നിറമാർന്നു; നിറമാല
മിഴിയായി;
കാണുന്ന  കാഴ്ചയായി!

പകലായി പകലവനുണ്ടായി
രാവായിരുളായി;
പനിമതിയുണ്ടായി;
കനിവായി പൂനിലാവുണ്ടായി!

മനുജൻറെ
മനമെന്ന മാറിമായ-
മളവെഴാ നിലയെഴാ-
പ്പുതുപുതുലഹരിതൻ
നിലയമായി! 
---------------------------------------------