Tuesday, 30 May 2017

new book poem 3, kettappura 30/5/17

new poem 3. കെട്ടാപ്പുര  30-5-17
---------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------------

ചോരുന്നു രാവും പകലുമെൻ
മൺ കൂര;
ചോർന്നൊലിക്കുന്നുവെൻ
പൊൻകിനാവും!

ഓലപ്പുരയിതു മേയുവാനാവാതെ
കാലം കടന്നുപോകുന്നുവല്ലോ!

ജാലം പറയും യമനുമെൻ ജീവന്
ലേലം വിളിക്കുന്നു;
കലികാലവൈഭവം!

ഉള്ളത്‌ ചൊന്നാലുറിയും
ചിരിക്കുമെന്നന്നെ
പറഞ്ഞു പിതാമഹന്മാർ!

ഇന്നത് ചോന്നാലറിയും
വിവരമെ-
ന്നെന്നേയറിഞ്ഞു
ബുധജനങ്ങൾ!

ഒന്നുമറിയാത്ത
ഭാവത്തിലങ്ങനെ
കണ്ണുമടച്ചു കഴിഞ്ഞു കൂടാൻ
അന്നേ വിധിച്ചു കഴിഞ്ഞുവോ
ഞങ്ങളെ
കോമരരാഷ്ട്രീയകാപട്യമേ!

2.
ഇത്തിരി
പച്ചയായ് ചൊന്നുപോയ്;
മാലിന്യ-
മെത്രയും വട്ടം കഴുകിയിട്ടും
ചിത്രമതിൽ വീണ
കന്മഷം പിന്നെയു-
മിത്തിരിക്കോളം തെളിഞ്ഞു
കാണും!

കേട്ടാപ്പുരയിതു
കെട്ടുവാനാവാതെ
നട്ടം തിരിയുന്നു
വോട്ടുകൂട്ടം!
------------------------------------------
കേട്ടാപ്പുര  new book poem 3.
30-5-2017
----------------------------------------------  


 




   






Monday, 29 May 2017

new book poem 2. mazhayocha. 30 5 17

മഴയൊച്ച new book poem 2. 30.5/17
--------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
----------------------------------------------------

മുത്തച്ഛനുണ്ടായിരുന്ന കാലം മഴ
യിത്രയുമുച്ചത്തിൽ പെയ്തിരുന്നോ!
നൃത്തച്ചുവടുകകളിത്രയും പാരുഷ്യ-
ചിത്രം വരച്ചു രസിച്ചിരുന്നോ!

ചിത്തിലിപ്പോഴുമാ മഴക്കാലത്തിൽ
തത്തിപ്പറന്നതിൻ സ്വപ്നരാഗം
ചിത്രവിപഞ്ചിതന്നിഴ മെനയും  വർണ്ണ-
ചിത്രമായ് മങ്ങാതെ പൂവിടുന്നോ!

രാവിലമ്മൂമ്മതൻ രാമായണക്കഥ
കാതിലിപ്പോഴും കതിരിടുന്നോ!
കാവിൽത്തളിരിടുമേഴിലംപാലയെൻ
നാവിൽ ഹരിശ്രീ കുറിച്ചിടുന്നോ!

മേലൂർ മനയിലെക്കൊമ്പന്റെ കൊലവിളി
നാലു ദിശയിലുമലയടിക്കെ,
"അർജ്ജുനൻ ഫൽഗുനൻ പാർത്ഥൻ കിരീടി"യാ-
യായിരമമ്പനവതരിക്കെ,
നാലുപാടും മഴ യേതോ നിശാചര-
ഭാവം പകർന്നു തൊഴിതൊഴിക്കെ,
കൂരിരുൾച്ചാർത്തിൽ മഴയുടെയാരവം
പാരിനെപ്പാടെ വിഴുങ്ങുമെന്ന
ഭാവത്തിൽ താളത്തിൽ കരിവേഷമാടുന്ന
നേരമ്മൂമ്മതൻ മാറിലൊരു കിളി-
ക്കുഞ്ഞായ് മയങ്ങിയ ബാല്യകാലം
ഉള്ളോർമ്മയായ്-
മഴയൊച്ചയിൽ മാധുരി;
ഉണ്മയായ്;
ഉണ്മ തൻ നേരിനു നേരായ്
സുഗന്ധമായ്!
------------------------------------------------------------
മഴയൊച്ച 30-5-17
new book poem 2.
---------------------------------------------------------------
    

 
  



     

Sunday, 28 May 2017

perumazha. Poem 1. new book. 2017 / 29/12.

പെരുമഴ  - new book poem 1.
-------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
------------------------------------------------
മഴ വന്നു മഴ വന്നു;
പാണന്റെ തുടിയായി;
വേലന്റെ നന്തുണി-
യിഴയുടെ മിടിപ്പായി;
കിളിയുടെ ചോടിയിലെ-
ച്ചോപ്പായി കരളിലെ-
യിനിപ്പായി;
മലയാളിമങ്കയുടെ 
നിറമാറിലാമോദ-
ക്കുളിരായി;
മദമായി മണമായി;
മധുരക്കിനാവായി;
പുതുമാരനെത്തുന്ന
ചേലായി
മഴ വന്നു.

2.
മഴ വന്നു;
കൊട്ടും കുരവയും
കേൾക്കായി;
ആനന്ദത്തിരയായി!
എങ്കിലും;
കവിയുടെയുള്ളിലെ-
ത്തീയാറാ-
നിനിയെത്ര
പെയ്യണം
മധുമഴ
മലർമഴ!
മാമഴ;
മനതാരിൽ നിറയുവാൻ
നേരിൻ പെരുമഴ! 
----------------------------------------------
29 / 12 / 17
ന്യൂ ബുക്ക് -1
---------------------------------------------









Monday, 15 May 2017

3.

കനവോളം
------------------------------------------

കനവിന് കടലാഴം
മുഴുവൻ നുകരണം
തനതാം സുകുമാരം
മധുരം മുകരണം!

അവിടെയനന്തമാം
നീലനിർമ്മമലവ്യോമ-
ച്ഛവിയായ്
നിരാകാര-
നിത്യത്തിൻ
നിറക്കൂട്ടിനുറവാ-
യാനുനിമിഷമുണരും
മഹാമന്ത്രപ്പൊരുളിൽ;
നിരാമായ-
മൗനസത്യത്തിൽ
വിരാജിക്കും 
സ്വരലയസൗഭഗം
നുണയണം!

2.
കനവാമെല്ലാമെല്ലാം!
മാനസസരോവരം
നിറയെ
സഹസ്രദളസുമം;
ഋഷിയുടെ
നാരായമുന കോറിയ
ചിത്രചിത്രണം;
സകലവും നുണ;
നേരൊന്നതിന്നോളം;
സർവ്വം!

3.
അവിടെ
സാക്ഷാൽ വാണീദേവി;
അറിവിൻ പൊൻവീണയി-
ലായിരം രാഗം;
സുരഭിലം;
പ്രണവധ്വനി;
നിത്യം!

അംബേ!
നീകനിഞ്ഞരുളുമീ-
*സൗന്ദര്യലഹരി!


കുറിപ്പ്
*ശ്രീശങ്കരൻ
------------------------------------------
25-9-16  ഭാരതഗീതം ഭാഗം 2
----------------------------------------------


Friday, 12 May 2017

ഭാ.ഗീ 50 2 / 5 / 17
അളവ്
-------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------
അറിവേനളവറിവീലയെൻ
പുരോഭാഗഗമനം;
അധോഭാഗപതനം;
മറിമായം!

ദിങ്മുഖം വൃത്താകാരം;
പൊയ്‌മുഖം മാത്രം; സത്യം
ഉണ്മയായ് വിരാജിക്കും
നിർമ്മലനിദർശനം!

ദുഷ്കരമതിൻ വർണനം;
ദിക്കുകൾ വെറും മിഥ്യ;
ചക്രമാമിതിൻ ഗതി-
യറിയാ ഭവം ഭവ്യം.!

2
ഇനിയും പാടാനുണ്ടാമറിയാം;
ഗതിയേതു ദിശയെന്നറിവീല;
ഇനിയും വഴി തേടി
അലയാൻ വിധിയത്രെ!

വെറുതെ
അളക്കുന്നു; അളവേതതിൻ
മാത്ര?
നിറവിന്നളവെഴാ
നിറവാരറിയുന്നു!

3.
നിറവിൽത്തെളിയുമൊരായിരം
തിരിവെട്ടം;
നിറമാലയായ്;
താരാജാലമായ്;
നീയാം നിത്യ-
സത്യമായറിവായു-
മറിവിൻ പൊരുളായും!

4.
അകലെക്കാണാകുന്നു;
നിറദീപമായേതോ
കനവിൻ കമനീയ-
 ലയവിന്യാസം പോലെ!

അറിവമാനിതരം; മന്ത്രമധുരം;
നിനവായ് നിലകൊള്ളും
നീലമംബരം;രാഗമായിരം;
താളം;
പ്രേമഭരിതം; ഗംഗാധരം;
സത്യം ശിവം സുന്ദരം!

5.
പാലാഴിതിരകളി-
ലാലോലം;
ചിദാനന്ദപ്പൊരുളിൻ
പൂനിലാച്ചുരുളി-
ലാലേലിഖിതം;
മഞ്ജുളം!
--------------------------------------- 

Sunday, 30 April 2017

ഭാ.ഗീ ഭാഗം 2
49
ശരി
----------------------------
ഡോ കെ ജി ബാലകൃഷ്ണൻ
1-5-2017
--------------------------------------------

ഋഷിയുടെ മലർമിഴിയി-
ലൊരു
കിരണമെപ്പൊഴും
മഷിയുണങ്ങാതെ
മണമടങ്ങാതെ
ചിരസ്വരരൂപിയാം
ഓങ്കാരമന്ത്രമായ്!

അച്ചുണ്ടനക്കത്തി-
ലേഴ്‌ സ്വരങ്ങളും
സ്വച്ഛനിരാമയനിത്യമായ്;
മന്ദ്രമധുരരാഗസഹസ്രമായ്!

ഗംഗാതരംഗമായ്;
തീരാപ്രവാഹമായ്;
അംബാപ്രസാദമാം
ചിന്താവിലാസമായ്!

2.
ഒരു ശരി മാത്രമെന്നോതി
മഹാമുനി;
ഒരു നോക്കിൽ മാത്ര-
മൊതുങ്ങി മുഴുവനും!

ഈ സുരമൗനമെ-
ങ്ങാക്രോശമെങ്ങാം!

സ്വരധാരാപ്രവാഹമെങ്ങാം!
സഖേ!


കനകമാമല-
യേറി മണിമുത്തുകൾ
ഋക്കുകൾ;
സത്യമാമുക്തികൾ


നിത്യസൗന്ദര്യലഹരിയെങ്ങു-
ണ്മയെ-
യനുഭവിപ്പിക്കുന്നു?
ഇവിടെയല്ലാതെ;

ഗന്ധമല്ലാതെ;

ശ്രീശംഖമംഗളനാദമല്ലാതെ;
ഭാരതഗീതമല്ലാതെ!
-------------------------------------------------------

ശരി
dr.k.g.balakrishnan amazon.com author
1-5-17
----------------------------------------------------------

 







     






Tuesday, 25 April 2017

ഒഴുക്ക് 15-3-17
-----------------------------------
ഡോ.കെ.ജി. ബാലകൃഷ്ണൻ
--------------------------------------------- 

1.
തോണിയിലംബര-
മേറുവാനാവില്ല;
കോണിയിൽ സാഗരം
താണ്ടുവാനും!

പുത്തനുപാധിയെ-
ന്നാർത്തുവിളിക്കുന്നു;
പുത്തൻ മയനുടെ
ചിത്തരോഗം!

2.
ചിത്രമെഴുതുന്നു
നർത്തകൻ; നർത്തന-
മർത്ഥപൂർണം കവനം
രസമയം.

 ഋഷി പറഞ്ഞു നിനവിലും
കനവിലും
മഷിയുണങ്ങാതെ;
പകലുമിരവുമായ്;
നിറവുമാത്രമാ-
യുണരുമാനന്ദ-
പ്പൊരുളിൽ വീണതൻ
നിനദനിത്യമായ്
മരുവുമാകാശ-
പ്പെരുമ തേടുവാ-
നൊരു സ്വരം മാത്ര-
മഖിലമായ്;
പരമസത്യമായ്
പോരുമതിനെയാം
കവിതയെന്നുകവി;
സകലവും കവിത;
കലകളൊക്കെയു-
മതിൻ
വകതിരിവുകൾ;
കേവലം;
അറിവുതന്നെ;
നിറമാലയുഴിയുമീ
നിമിഷമേ
കർമ്മകാണ്ഡമേ! 
-----------------------------------------------
ഒഴുക്ക്
15-3-2015
indian poet dr.k.g.balakrishnan
Amazon.com Author
--------------------------------------------------